കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് ലോയ കേസ്: അഭിഭാഷകരെ കോടതി അലക്ഷ്യത്തില്‍ കുരുക്കുന്നതിന് മുമ്പ്... എന്താണ് കോടതി അലക്ഷ്യം?

  • By പിടി മുഹമ്മദ് സാദിഖ്
Google Oneindia Malayalam News

പിടി മുഹമ്മദ് സാദിഖ്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പിടി മുഹമ്മദ് സാദിഖ് സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.

കോടതിയിലുള്ള കേസാണ്, ഒന്നും പറയാന്‍ പറ്റില്ല - രാഷ്ട്രീയക്കാരും മന്ത്രിമാരും പോലീസുദ്യോഗസ്ഥരും മാധ്യമങ്ങളും പലപ്പോഴും നേരിടുന്ന ഒരു പ്രശ്‌നമാണിത്. മിണ്ടിയാല്‍ കോടതി അലക്ഷ്യമാകുമോ എന്ന പേടി. അറിവില്ലായ്മ കൊണ്ട് വല്ലതുമൊക്കെ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ നിയമ നടപടികള്‍ നേരിടേണ്ടി വന്നവര്‍ മേല്‍പറഞ്ഞ സകല വിഭാഗത്തിലുമുണ്ട്. ഏറ്റവും ഒടുവില്‍ സി.ബി.ഐ ജഡ്ജ് ലോയയുടെ ദുരൂഹ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച പൊതുതാല്‍പര്യ ഹരജിക്കാരും അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരും വരെ കോടതി അലക്ഷ്യ നടപടിയുടെ വക്കിലെത്തി, തലനാരിഴക്ക് രക്ഷപ്പെട്ടു.

ഇന്ത്യയിലെ കോടതി അലക്ഷ്യ നിയമത്തില്‍ ഭേദഗതികള്‍ വരുത്തേണ്ടതില്ലെന്ന് ദേശിയ നിയമ കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തതിനു തൊട്ടുപിന്നെലെയാണ് രാജ്യത്തെ പ്രശസ്തരായ അഭിഭാഷകര്‍ പരമോന്നത നീതിപീഠം മുമ്പാകെ കോടതി അലക്ഷ്യത്തില്‍ പെട്ടത്. ആദര്‍ശ ശുദ്ധിയില്ലാത്ത അഭിഭാഷകരും ഹരജിക്കാരും നീതിന്യായ നടപടികളില്‍ അനിയന്ത്രിതമായി ഇടപെടുന്ന സാഹചര്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനു പിന്നാലെയാണ് രാജ്യം ഉറ്റുനോക്കിയ ഒരു കേസില്‍ ഹരജിക്കാരേയും അഭിഭാഷകരേയും കോടതിയലക്ഷ്യത്തിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിച്ചത്.

കോടതിയലക്ഷ്യനടപടികളില്‍ കുരുങ്ങുന്നത് ആര്?

കോടതിയലക്ഷ്യനടപടികളില്‍ കുരുങ്ങുന്നത് ആര്?

മാധ്യമങ്ങളും രാഷ്ട്രീയക്കാരുമാണ് സാധാരണ കോടതിയലക്ഷ്യനടപടികളില്‍ കുരുങ്ങുന്നത്. എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തോട് ചേര്‍ത്ത് ചര്‍ച്ച ചെയ്യുന്ന വിഷയമാണല്ലോ കോടതിയലക്ഷ്യം. ഭരണഘടനയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ വിലക്കുന്ന ന്യായയുക്തമായ നിയന്ത്രണങ്ങളില്‍ ഒന്നാണ് കോടതിയലക്ഷ്യ പ്രസ്താവനകളും ചെയ്തികളും. ലോയ കേസില്‍ ഹരജിക്കാരുടേയും അഭിഭാഷകരുടേയും നടപടികള്‍ കോടതി നടപടികള്‍ക്ക് അപകീര്‍ത്തികരവും പ്രഥമദൃഷ്ട്യാ ക്രിമിനല്‍ കോടതിയലക്ഷ്യവുമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് വിധിയില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.

വ്യക്തിപരമായ അജണ്ടയില്ലെന്നും നീതിന്യായ വ്യവസ്ഥയയുടെ നിഷ്പക്ഷത സംരക്ഷിക്കാനാണ് നിയമനടപടിക്കൊരുങ്ങിയതെന്നും ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞിരുന്നെങ്കിലും, വാദം ആരംഭിച്ചപ്പോള്‍ അത് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു നേരയുള്ള മുഖംമൂടി ആക്രമണമാണെന്ന് വ്യക്തമായി. കോടതികളുടെ വിശ്യാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് ഹരജിക്കാരുടെയും അഭിഭാഷകരുടേയും നടപടിയെന്നും വിധിയില്‍ കുറ്റപ്പെടുത്തി.

പേരെടുത്ത് പറഞ്ഞ് തന്നെയാണ് വിമർശനം

പേരെടുത്ത് പറഞ്ഞ് തന്നെയാണ് വിമർശനം

ഹരജിക്കാരുടെ അഭിഭാഷകരായ ദുഷ്യന്ത് ദവേയേയും ഇന്ദിരാ ജയ്‌സിംഗിനേയും പ്രശാന്ത് ഭൂഷനേയും വിധിയില്‍ പേരെടുത്തു പറഞ്ഞു വിമര്‍ശിക്കുന്നുണ്ട്. ജഡ്ജിമാരെ ക്രോസ് വിസ്താരം ചെയ്യണമെന്നായിരുന്നു ദവേയുടെ ആവശ്യം. ജഡ്ജിമാരെ അദ്ദേഹത്തിനു വിശ്വാസമില്ല. ബോംബെ ഹൈക്കോടതിയിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ അദ്ദേഹം അധിക്ഷേപിച്ചു. ആ കമിറ്റിക്ക് കോടതി അലക്ഷ്യത്തിനു നോട്ടീസ് അയക്കാന്‍ കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ ആവശ്യമാണ് അഡ്വ. ഇന്ദിരാ ജയ്സിംഗും ഉന്നയിച്ചത്.

അന്വേഷണത്തിനിടെ ജഡ്ജിമാര്‍ നല്‍കിയ മൊഴികള്‍ സംശയാസ്പദമാണെന്നു വരെ അഡ്വ. വി. ഗിരിയോടൊപ്പം ഹാജരായ ജൂനിയര്‍ അഭിഭാഷകന്‍ പറഞ്ഞു കളഞ്ഞു. ഈ കേസ് പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജിമരെ പോലും അവര്‍ അധിക്ഷേപത്തില്‍ നിന്ന് ഒഴിവാക്കിയില്ല -വിധിയില്‍ പറയുന്നു. അഡ്വ. പ്രശാന്ത് ഭൂഷന്റെ വാക്കുകളും കോടതിയെ ചൊടിപ്പിച്ചു. കേസ് വാദം കേള്‍ക്കുന്ന ജസ്റ്റിസ് എ.എം. ഖാന്‍വില്‍കറും ജസ്റ്റിസ് ഡി.വൈ. ചന്ദ്ര ചൂഢും ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിമാരായിരുന്നുവെന്നും കേസില്‍ മൊഴി നല്‍കിയ ജഡ്്ജിമാര്‍ അവരുടെ പരിചയക്കാരാണെന്നുമാണ് പ്രശാന്ത് ഭൂഷന്‍ ആരോപിച്ചത്.

കോടതിയലക്ഷ്യത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു

കോടതിയലക്ഷ്യത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു

അവര്‍ ആ കേസ് വാദം കേള്‍ക്കുന്നതിനെ പ്രശാന്ത് ഭൂഷന്‍ ചോദ്യം ചെയ്തു. എന്നാല്‍ നിഷ്പക്ഷതക്കു വേണ്ടി ഈ ബെഞ്ചിലെ ജഡ്ജിമാര്‍ ആരും വിട്ടു നില്‍ക്കേണ്ടതില്ലെന്ന നിലപാടായിരുന്നു കോടതിക്ക്. ഇത്തരം ആരോപണങ്ങളുടെ പേരില്‍ കേസില്‍ന്നു വിട്ടുനില്‍ക്കാന്‍ ഒരു ജഡ്ജിക്ക് എളുപ്പം സാധിക്കും. പക്ഷേ, അങ്ങിനെ ചെയ്യുന്നത് ഔദ്യോഗിക ഉത്തരാവാദിത്തമൊഴിയുന്നതിനു തുല്യമാകും. മാത്രമല്ല, സുപ്രിം കോടതിയിലെത്തുന്ന അപ്പീലുകള്‍ മിക്കവാറും പ്രസ്തുതു ബെഞ്ചിലെ ജഡ്ജിമാര്‍ സേവനമനുഷ്ഠിച്ച ഹൈക്കോടതികളിലെ ജഡ്ജിമാരുടെ വിധികളിലാകും. ഹൈക്കോടതികളില്‍ തന്നെ പരിഗണിക്കപ്പെടുന്ന ഇന്‍ട്രാ കോര്‍ട്ട് അപ്പീലുകളുടെ കാര്യവും അങ്ങിനെ തന്നെ -പ്രശാന്ത് ഭൂഷന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായി ബെഞ്ച് പറഞ്ഞു.

ബോംബെ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാരുടെ വിശ്വാസ്യതക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹരജിക്കാരും അഭിഭാഷകരും നടത്തിയതെന്നും അതു വഴി കോടതി നടപടികളെ അവര്‍ അപകീര്‍ത്തിപ്പെടുത്തിയതായും വിധിയില്‍ വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ ക്രിമിനല്‍ കോടതിയലക്ഷ്യമാകുന്ന കേസാണിത്. എങ്കിലും ഈ കേസില്‍ ആര്‍ക്കുമെതിരെ കോടതിയലക്ഷ്യത്തിനു നടപടി സ്വീകരിക്കുന്നില്ലെന്ന ബെഞ്ച് വ്യക്തമാക്കി. ചിലര്‍ക്ക് അഹിതകരമാകുമെങ്കിലും നീതിപീഠം അതിന്റെ കടമ നിര്‍വഹിക്കണം. നിയമനടപടികളുടെ കരുത്ത് എന്നു പറയുന്നത് കോടതിയലക്ഷ്യനിയമങ്ങളെക്കുറിച്ച് ഭീതിയില്‍ അല്ല കിടക്കുന്നത്.

 സുപ്രീം കോടതി നിരീക്ഷിക്കുന്നത്...

സുപ്രീം കോടതി നിരീക്ഷിക്കുന്നത്...

കോടതി നടപടികളുടെ വിശ്വാസ്യത അതിന്റെ ധാര്‍മികമായ ആധികാരികതയുടെ (Moral Authority) അടിസ്ഥാനത്തിലാണ്. ആ ഒരു വിശ്വാസത്തില്‍ മാത്രമാണ് കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത്. പക്ഷേ, ജുഡീഷ്യറിക്കെതിരായ ഇത്തരം അധിക്ഷേപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യയിലെ ബാര്‍ അസോസിയേഷന്‍ ജാഗരൂകരായിരിക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു. ഹരജിക്കാരുടേയും അഭിഭാഷകരുടേയും നടപടികളില്‍ വിശ്വാസ്യതയുടെ അഭാവമുണ്ടെന്നും നിയമ നടപടികളെ അവര്‍ ദുരുപയോഗം ചെയ്തതായും നിരീക്ഷിച്ചുകൊണ്ടാണ് വിധിന്യായം അവസാനിക്കുന്നത്.

കോടതിയെ അപകീര്‍ത്തിപ്പെടുത്തല്‍ (Scandaling the court) ക്രിമിനല്‍ കുറ്റമാകുന്ന കോടതിയലക്ഷ്യത്തിലെ പ്രധാനപ്പെട്ട വകുപ്പാണ്. 1971 ലെ കോടതിയലക്ഷ്യ നിമയത്തില്‍ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന്റെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് ബി.എസ്. ചൗഹാന്‍ ചെയര്‍മാനായ നിയമ കമ്മീഷനെ ചുമതലപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ ഭേദഗതി വരുത്തേണ്ടെന്നാണ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര നിയമ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കോടതിയുടെ നിര്‍ദേശങ്ങളും വിധികളും ബോധപൂര്‍വം അനുസരിക്കാതിരിക്കുക എന്നു മാത്രമാക്കി നിര്‍വചനം പരിമിതപ്പെടുത്തേണ്ടതുണ്ടോ എന്നാണ് കമ്മീഷന്‍ പരിശോധിച്ചത്.

എന്താണ് കോടതിയലക്ഷ്യം?

എന്താണ് കോടതിയലക്ഷ്യം?

കോടതിയലക്ഷ്യ നിയമത്തിന്റെ രണ്ടാം വകുപ്പാണ് കോടതിയലക്ഷ്യത്തെ നിര്‍വചിക്കന്നത്. രണ്ടു തരം കോടതിയലക്ഷ്യമുണ്ട്. ക്രിമിനലും സിവിലും. കോടതി ഉത്തരവുകള്‍ ബോധപൂര്‍വം അനുസരിക്കാതിരിക്കുകയോ കോടതിമുമ്പാകെ സമര്‍പ്പിച്ച പ്രതിജ്ഞ ബോധപൂര്‍വം ലംഘിക്കുകയോ ചെയ്യുന്നതാണ് സിവില്‍ കോടതിയലക്ഷ്യം. ക്രിമിനല്‍ കോടതിയലക്ഷ്യം കുറേക്കൂടി വിസ്തൃതമാണ്. മൂന്നു തരത്തിലുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ അതുപോലുള്ള മറ്റു പ്രവൃത്തികള്‍ ചെയ്യുകയോ ചെയ്താല്‍ ക്രിമിനല്‍ കോടതിയലക്ഷ്യമാകും.

ഇവയാണ് ആ മുന്നു കാര്യങ്ങള്‍: 1. കോടതിയെ അപകീര്‍ത്തിക്കപ്പെടുത്തുകയോ (Scandalising the court) അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുക, അല്ലെങ്കില്‍ കോടതിയുടെ ആധികാരികതയെ തരംതാഴ്ത്തുകയോ തരംതാഴ്ത്താന്‍ ശ്രമിക്കുകയോ ചെയ്യുക,
2. കോടതി നടപടികളെ എതിര്‍ക്കുകയോ അതില്‍ ഇടപെടുകയോ അല്ലെങ്കില്‍ അതിനു ശ്രമിക്കുകയോ ചെയ്യുക,
3. നീതി നടപ്പാക്കുന്നതില്‍ മറ്റ് ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ ഇടപെടാന്‍ ശ്രമിക്കുകയോ ചെയ്യുക, തടസ്സപ്പെടുത്തുകയോ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുക.
ഈ മുന്നു കാര്യങ്ങള്‍ക്കിടയാക്കുന്ന വല്ലതും പ്രസിദ്ധീകരിക്കുന്നത് ക്രിമിനല്‍ കോടതിയലക്ഷ്യമാകും. അത് എഴുതിയാലും പറഞ്ഞാലും കുറ്റം.

പരിശോധിക്കേണ്ടതുണ്ട്...

പരിശോധിക്കേണ്ടതുണ്ട്...

ഈ നിര്‍വചനത്തില്‍ ഭേദഗതി വരുത്തി, കോടതി വിധികളും നിര്‍ദേശങ്ങളും ബോധപൂര്‍വം അനുസരിക്കാതിരിക്കല്‍ എന്നു മാത്രമാക്കണോ എന്നാണ് നിയമ കമ്മീഷന്‍ പരിശോധിച്ചത്. അതായത് നിര്‍വചനത്തില്‍നിന്നു ക്രിമിനല്‍ കോടതിയലക്ഷ്യം എടുത്തു കളയുക. ഭേദഗതി വരുത്തേണ്ടെന്നു ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന്‍ ന്യായങ്ങള്‍ നിരത്തുന്നുണ്ട്.

സുപ്രിം കോടതി ഈയിടെ പ്രസിദ്ധീകരിച്ച ഒരു കണക്കു പ്രകാരം രാജ്യത്തെ ഹൈക്കോടതികളില്‍ 568 ക്രിമിനല്‍ കോടതിയലക്ഷ്യ കേസുകളും 96,310 സിവില്‍ കോടതിയലക്ഷ്യ കേസുകളും കെട്ടിക്കിടക്കുന്നുണ്ട്. ഒറീസയിലാണ് ഏറ്റവും കുടുതല്‍ ക്രിമിനല്‍ കോടതിയലക്ഷ്യ കേസുകളുള്ളത് -104. സിവില്‍ കോടതിയലക്ഷ്യ കേസുകളുള്ളത് അലഹാബാദ് ഹൈക്കോടതിയിലും -25,370. കഴിഞ്ഞ ഏപ്രില്‍ 10 വരെ സുപ്രിം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 683 സിവില്‍ കോടതിയലക്ഷ്യ കേസുകളും 15 ക്രിമിനല്‍ കോടതിയലക്ഷ്യ കേസുകളുമാണ്.

ഇംഗ്ലണ്ട് മോഡല്‍ ഇങ്ങനെയാണ്

ഇംഗ്ലണ്ട് മോഡല്‍ ഇങ്ങനെയാണ്

കോടതിവിധികളും നിര്‍ദേശങ്ങളും ബോധപൂര്‍വം ധിക്കരിക്കുന്നവരുടേയും കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതുപോലുള്ള പ്രവൃത്തികളിലൂടെ നീതിനടത്തിപ്പില്‍ ഇടപെടുകയും ചെയ്യുന്നവരുടെ വര്‍ധനവാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രവണത അംഗീകരിക്കാവുന്നതല്ലെന്നും കോടതിയലക്ഷ്യ നിയമത്തിന്റെ പ്രസക്തിയാണ് ഇത് സൂചിപ്പിക്കുന്നതെന്നും നിയമ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ ഇംഗ്ലണ്ടില്‍ കോടതിയലക്ഷ്യ നിമയത്തില്‍ മാറ്റം വരുത്തി, കോടതികളെ അപകീര്‍ത്തിപ്പെടുത്തുന്ന വകുപ്പ് എടുത്തു കളഞ്ഞിട്ടുണ്ട്.

കോടതികളെ അപകീര്‍ത്തിപ്പെടുത്തുന്നത് അവിടെ ഇപ്പോള്‍ കോടതിയലക്ഷ്യമല്ല. ഇംഗ്ലണ്ടിലും വെയില്‍സിലും വളരെ മുമ്പേ തന്നെ, അതായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരായ നിയമം ഉപയോഗശൂന്യമായിപ്പോയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (1931) രണ്ടു കേസുകള്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയത്. കാലങ്ങളായി ഉപയോഗിക്കപ്പെടാത്ത ഒരു നിയമം, ആ കാരണം കൊണ്ടു തന്നെ ഇംഗ്ലണ്ടില്‍ അപ്രസക്തമായിരുന്നു.

 പാകിസ്ഥാനിലെ കാര്യം തമാശയാണ്

പാകിസ്ഥാനിലെ കാര്യം തമാശയാണ്

പാകിസ്താനിൽ 2013ല്‍ കോടതിയലക്ഷ്യ നിയമം ഭേദഗതി ചെയ്തു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും കോടതിയെ വിമര്‍ശിക്കാമെന്നു വ്യവസ്ഥ വെച്ചു. മാത്രമല്ല, കോടതിയെ അപകീര്‍ത്തിപ്പെടത്തല്‍ എന്ന വാചകം മാറ്റി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തല്‍ (Scandalising Judge) എന്നുമാക്കി. അതായത് ഇഷ്ടമില്ലാത്ത വിധി പറയുന്ന ജഡ്ജിയെ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും വിമര്‍ശിക്കാം.

പാകിസ്ഥാന്‍ സുപ്രിം കോടതി പക്ഷേ, ഈ ഭേഗതി ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞു റദ്ദാക്കി(Baz Muhammed Kakake V. Federation of Pakistan). കാരണം പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 204 ക്ലോസ് രണ്ട് പ്രകാരം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നവരെ ശിക്ഷിക്കാന്‍ കോടതിക്ക് അധികാരമുണ്ട്.

ഇന്ത്യയിലെ കാര്യം അങ്ങനെയല്ല

ഇന്ത്യയിലെ കാര്യം അങ്ങനെയല്ല

ഇന്ത്യയില്‍ പക്ഷേ, ഇംഗ്ലണ്ടിലെ സ്ഥിതിയല്ലെന്നാണ് സുപ്രിം കോടതി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നു നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇംഗ്ലണ്ടില്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തല്‍ കോടതിയലക്ഷ്യ നിമയത്തില്‍നിന്നു ഒഴിവാക്കിയെങ്കിലും അത്തരം കേസുകളില്‍ ശിക്ഷിക്കാന്‍ അവിടെ പബ്ലിക് ഓര്‍ഡര്‍ ആക്ട് ,1986, കമ്മ്യൂണിക്കേഷന്‍ ആക്ട് 2003 എന്നിവ നിലവിലുണ്ട്. ഇന്ത്യയില്‍ ഈ നിര്‍വചനം എടുത്തു കളഞ്ഞാല്‍ നിയമത്തില്‍ വലിയൊരു വിടവ് സൃഷ്ടിക്കപ്പെടുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു വസ്തുത, ഇന്ത്യന്‍ ഭരണഘടനയുടെ 129, 215 അനുഛേദങ്ങള്‍ പ്രകാരം ഉപരി കോടതികള്‍ക്ക് കോടതിയലക്ഷ്യത്തിനു ശിക്ഷിക്കാന്‍ അധികാരമുണ്ട്. ആര്‍ട്ടിക്കിള്‍ 142 ക്ലോസ് രണ്ട് പ്രകാരവും സുപ്രിം കോടതിക്ക് കോടതിയലക്ഷ്യം അന്വേഷിക്കാനും ശിക്ഷിക്കാനും അധികാരമുണ്ട്.

പാകിസ്താനിൽ സംഭവിച്ചത് പോലെയാകരുത്

പാകിസ്താനിൽ സംഭവിച്ചത് പോലെയാകരുത്

അതുകൊണ്ടു ക്രിമിനല്‍ കോടതിയലക്ഷ്യ നിമയത്തില്‍ ഭേദഗതി വരുത്തിയാലും ഇക്കാര്യത്തില്‍ കോടതികളുടെ അധികാരം ഇല്ലാതാകുന്നില്ല. ഏഴാം ഷെഡ്യൂളില്‍ സുപ്രിം കോടതിയുടെ അധികാരപരിധി സംബന്ധിച്ചു (കോടതി അലക്ഷ്യമുള്‍പ്പെടെ) നിമയനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിനു അധികാരം നല്‍കുന്നുണ്ട്.

എന്നാല്‍ ഈ അധികാരത്തിന്റെ പരിധി എത്രമാത്രമാണെന്ന് പല കേസുകളിലായി സുപ്രിം കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്. അത്തരം നിയമനിര്‍മാണങ്ങള്‍ കോടതിയലക്ഷ്യ കേസുകളുടെ നടപടിക്രമങ്ങള്‍ നിശ്ചയിക്കുന്നതിലും നിര്‍വചിക്കുന്നതിലും ഒതുങ്ങണം. ഭരണ ഘടന നല്‍കുന്ന അധികാരം പാര്‍ലമെന്റിനു നിയമനിര്‍മാണത്തിലൂടെ എടുത്തു കളയാന്‍ പറ്റില്ല. അതാണ് പാകിസ്ഥാനില്‍ സംഭവിച്ചത്.

ലോയ കേസില്‍ സംഭവിച്ചത്...

ലോയ കേസില്‍ സംഭവിച്ചത്...

കോടതി അലക്ഷ്യ നടപടിയുടെ ഭീഷണിയില്‍ അല്ല ജുഡീഷ്യറിയുടെ കരുത്തു നിലനില്‍ക്കേണ്ടതെന്നു പറഞ്ഞാണ് ലോയ കേസില്‍ അഭിഭാഷകര്‍ക്കും ഹരജിക്കാര്‍ക്കുമെതിരെ നടപടി ഒഴിവാക്കിയത്. എന്നാല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍, കോടതിയോടും അതിന്റെ ആധികാരിതയോടുമുള്ള ഭയവും ബഹുമാനവും ഇല്ലാതാകുമെന്നാണ് നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോയ കേസില്‍ കോടതിയലക്ഷ്യ കേസില്‍ കുടുങ്ങാതെ അഭിഭാഷകര്‍ രക്ഷപ്പെട്ടത് കോടതിയുടെ കാരുണ്യം കൊണ്ടാണ്. എല്ലാ നിയമങ്ങളും ദുരുപോയഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളവയാണ്. വിവാദമാകുന്ന കേസുകളിലും കോടതി നടപടികളിലും ഏതുതരത്തില്‍ ഇടപെടാന്‍ പറ്റുമെന്ന വലിയ ചോദ്യം അവശേഷിപ്പിച്ചു കൊണ്ടാണ് ജസ്റ്റിസ് ലോയ കേസില്‍ സുപ്രിം കോടതി വിധി പറഞ്ഞിരിക്കുന്നത്. റിവ്യൂ ഹരജി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹരജിക്കാര്‍. അതും നിരസിക്കപ്പെട്ടാല്‍ തിരുത്തല്‍ ഹരജി സമര്‍പ്പിക്കുമെന്നും ഹരജിക്കാരില്‍ ഒരാളും ബോംബെ ലോയേഴേസ് അസോസിയേഷന്‍ പ്രസിഡന്റുമായ അഹമ്മദ് അബ്ദി അറിയിച്ചിട്ടുണ്ട്.

ബലാത്സംഗം: ഇരയുടെ പേരില്‍ ഒരുപാട് കാര്യങ്ങളുണ്ട്.. എന്താണ് ഐപിസി 228എ? മാധ്യമപ്രവർത്തകരും അറിഞ്ഞിരിക്കണം.. പിടി മുഹമ്മദ് സാദിഖ് എഴുതുന്നു ബലാത്സംഗം: ഇരയുടെ പേരില്‍ ഒരുപാട് കാര്യങ്ങളുണ്ട്.. എന്താണ് ഐപിസി 228എ? മാധ്യമപ്രവർത്തകരും അറിഞ്ഞിരിക്കണം.. പിടി മുഹമ്മദ് സാദിഖ് എഴുതുന്നു

English summary
What is contempt of court and its punishment? PT Muhammed Sadik writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X