കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു വര്‍ഷത്തിനുള്ളില്‍ വിരമിക്കും: ഐ.എം. വിജയന്‍

  • By Staff
Google Oneindia Malayalam News

12 വര്‍ഷമായി ഞാന്‍ ദേശീയതലത്തില്‍ കളി തുടരുന്നു. 90 മുതല്‍ ദേശീയ ടീമില്‍ അംഗവുമാണ്. ഇത്രയും കാലം ദേശീയതലത്തില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഇനി യുവനിര വളര്‍ന്നുവരട്ടെ - വിജയന്‍ വിശദീകരിച്ചു.

ഏപ്രില്‍ എട്ട് ഞായറാഴ്ച ബാംഗ്ലൂരിലെ കണ്ഠീരവ സ്റേഡിയത്തില്‍ യുഎഇക്കെതിരെ നടന്ന മത്സരത്തില്‍ സബ്സ്റിറ്റ്യൂട്ടായാണ് വിജയന്‍ ഇറങ്ങിയത്. എന്നാല്‍ 71ാം മിനിറ്റില്‍ കരുത്തരായ യുഎഇയുടെ വലയിലേക്ക് ബൈച്ചൂങ് ഭൂട്ടിയ പന്ത് തട്ടിയിട്ട് അട്ടിമറി സൃഷ്ടിക്കുമ്പോള്‍ ആ നീക്കത്തിന്റെ ബഹുമതി മുഴുവന്‍ ഐ.എം. വിജയനായിരുന്നു. പെനാല്‍റ്റി ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് യുഎഇ ഡിഫന്‍ഡര്‍മാരുടെ കാലുകള്‍ക്കിടയിലൂടെ വിജയന്‍ നല്‍കിയ പാസ്സാണ് ഗോളില്‍ കലാശിച്ചത്.

ആ നിമിഷത്തെ വികാരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിജയന് നൂറു നാവ്: രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ അങ്ങനെയാണ്. കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യയില്‍ അവസാന 20ലെത്തുക എന്നത് ചെറിയ കാര്യമല്ല. കളിക്കളത്തില്‍ നമ്മള്‍ എന്തുചെയ്യുന്നു എന്ന് അനേകം കണ്ണുകള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ നിര്‍ണായകമായ ഗോളിന് തുടക്കം കുറിക്കുക എന്നത് ചില്ലറകാര്യമല്ല.

അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍

യുഎഇയെ തോല്പിക്കാനാകുമെന്ന് നേരത്തെ കരുതിയിരുന്നോ..?

യുഎഇ ഗ്രൂപ്പിലെ കരുത്തരായ ടീമാണ്. അതിനാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ തന്ത്രങ്ങളുമായാണ് ഞങ്ങള്‍ ഇറങ്ങിയത്. കൂടാതെ ഇതിനു മുമ്പ് ഏഷ്യാകപ്പില്‍ യുഎഇയുമായി കളിച്ച പരിചയവും ഞങ്ങള്‍ക്കുണ്ടായിരുന്നു. അന്ന് ഒരു ഗോളിനു മുന്നിട്ടു നിന്നശേഷം അവസാന പത്തു മിനിറ്റില്‍ നമ്മള്‍ രണ്ട് ഗോളുകള്‍ വഴങ്ങി തോല്‍ക്കുകയായിരുന്നു. ആ പിഴവ് ഇവിടെ ആവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. അവസാന നിമിഷം യുഎഇ പൊരുതിയെങ്കിലും ഞങ്ങള്‍ വിട്ടുകൊടുത്തില്ല.

യെമനും ബ്രൂണെമായുള്ള മത്സരത്തെ എങ്ങനെ നോക്കിക്കാണുന്നു..?

ഗ്രൂപ്പിലെ കരുത്തരായ യുഎഇയെ തോല്പിച്ചതോടെ ഞങ്ങളെല്ലാം വളരെ ആത്മവിശ്വാസത്തിലാണ്. ഇതേ ടീംസ്പിരിറ്റോടെ കളിച്ചാല്‍ യെമനെയും ബ്രൂണെയെയും എളുപ്പത്തില്‍ കീഴടക്കാന്‍ സാധിക്കും.

വിജയന്‍ വര്‍ഷങ്ങളായി ഫുട്ബോള്‍ രംഗത്തുണ്ടല്ലോ..?

ശരിയാണ്. കഴിഞ്ഞ 12 കൊല്ലമായി ഞാന്‍ ദേശീയ ഫുട്ബോള്‍ രംഗത്തുണ്ട്. 90 മുതല്‍ ദേശീയടീമിലും. ഇത്രയും കാലം ദേശീയ രംഗത്ത് നിറഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.

എന്നാല്‍ ഇനി യുവനിരക്ക് മാറിക്കൊടുക്കേണ്ട സമയമായി. യുഎഇക്കെതിരായ മത്സരത്തില്‍ അതിനാലാണ് ഞാന്‍ സബ്സ്റിറ്റ്യൂട്ട് ബെഞ്ചിലായത് (തീരുമാനം കോച്ചിന്റേതായിരുന്നെങ്കിലും). ഇനി രണ്ടു വര്‍ഷം കൂടി ദേശീയ ഫുട്ബോള്‍ രംഗത്തുണ്ടാകും. അതിനു ശേഷം വിരമിച്ച് ക്ലബ് ഫുട്ബോളിലേക്കും ഐ.എം. വിജയന്‍ ഫുട്ബോള്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിലേക്കും ഒതുങ്ങും.

ഫുട്ബോള്‍ ഫൗണ്ടേഷനിലൂടെ വിജയന്‍ ലക്ഷ്യമാക്കുന്നതെന്താണ്...?

ഫൗണ്ടേഷന്‍ ഇതുവരെ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഇനിയും പണമിറക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുമെന്ന് കരുതുന്നു. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പു സമയമായതുകൊണ്ട് ഇതൊന്നും നടന്നേക്കില്ല. സമയം വരുമ്പോള്‍ ആലോചിക്കാം. ഇതിനു വേണ്ട സ്ഥലവും കിട്ടിയിട്ടില്ല.

നല്ല ഒരു മൈതാനവും ഹോസ്റല്‍ സൗകര്യവും ഉള്ള ഫുട്ബോള്‍ അക്കാദമി ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്. തല്‍ക്കാലം കേരളത്തിലെ 30 കുട്ടികളെ വെച്ചായിരിക്കും അക്കാദമി തുടങ്ങുക. ഹോസ്റല്‍ സൗകര്യംവരുന്നതോടു കൂടി വിവിധ സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ സാധിക്കും. ഇംഗ്ലണ്ട് പോലുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഫുട്ബോള്‍ വിദഗ്ധരെക്കൊണ്ട് ക്ലാസെടുപ്പിക്കാനും ഉദ്ദേശ്യമുണ്ട്. വിദേശ രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ അവസരം നല്‍കുക എന്നതാണ് അക്കാദമിയുടെ മറ്റൊരു ലക്ഷ്യം.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X