കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിവാസല്‍: യുഡിഎഫില്‍ അസ്വാരസ്യം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതി നവീകരണവുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടാത്തത് ഭരണകക്ഷിയായ യുഡിഎഫില്‍ അസ്വാരസ്യമുണ്ടാക്കുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലവാലിന് വൈദ്യുത പദ്ധതി നവീകരണത്തിന് കരാര്‍ കൊടുക്കുന്നത്. കരാര്‍ കൊടുത്തതിന് പ്രതിഫലമായി കണ്ണൂരില്‍ 103 കോടി രൂപ മുതല്‍മുടക്കി മലബാര്‍ കാന്‍സര്‍ ആശുപത്രി തുറക്കുമെന്നും കാനഡ കമ്പനി ഉറപ്പു നല്‍കിയിരുന്നു.

യുഡിഎഫ് സര്‍ക്കാരാണ് ഈ കരാറിന് തുടക്കമിട്ടതെങ്കിലും പിന്നീട് വന്ന ഇടതുമുന്നണി സര്‍ക്കാരാണ് ആശുപത്രി നിര്‍മ്മാണം കൂടി ചേര്‍ത്ത് കരാര്‍ കമ്പനിക്ക് നല്‍കിയത്. പിണറായി വിജയന്‍ നടത്തിയ കാനഡ സന്ദര്‍ശനത്തിനിടയിലാണ് ഈ ധാരണയിലെത്തിയത്.

ആശുപത്രി നിര്‍മ്മിക്കുന്ന കാര്യം കാനഡ കമ്പനിയുമായുള്ള കരാറില്‍ ഇല്ലെന്നും ആശുപത്രിക്ക് വേണ്ടി മുതല്‍മുടക്കാന്‍ കഴിയില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെന്നും അടുത്തിടെ വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ വ്യക്തമാക്കിയതോടെയാണ് അഴിമതി വിവാദം ഉടലെടുത്തത്. വന്‍നിരക്കിലാണ് കാനഡ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നായിരുന്നു പ്രധാന ആരോപണം.

എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ച ശേഷമാണ് കരാറിലെ സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിച്ചതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. കാനഡയിലെ വിവിധ വികസന ഏജന്‍സികളില്‍ നിന്നും ആശുപത്രിക്കു വേണ്ടി പണം സ്വരൂപിക്കാമെന്ന് എസ്എന്‍സി ഉറപ്പു നല്‍കിയിരുന്നുവെന്നും അത് നടപ്പാക്കിക്കേണ്ട ചുമതല ഇപ്പോഴത്തെ സര്‍ക്കാരിനാണെന്നും വിജയന്‍ പറയുന്നു.

വിവാദം ചൂടുപിടിച്ചതോടെ അന്വേഷണം നടത്താമെന്ന് വൈദ്യുതി മന്ത്രി ഉറപ്പുനല്‍കി. എന്നാല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് 36 യുഡിഎഫ് എംഎല്‍എമാര്‍ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് പരാതി നല്‍കി. പക്ഷെ മുഖ്യമന്ത്രിയും ഇതുവരെ അന്വേഷണത്തിന് ഉത്തരവിട്ടില്ല. ഇത് സഹകരണ മന്ത്രിയും സിഎംപി നേതാവുമായ എം.വി. രാഘവനുള്‍പ്പെടെയുള്ളവരെ അലോസരപ്പെടുത്തുന്നു.

ഇക്കാര്യത്തില്‍ നടപടിയെടുക്കരുതെന്ന് ഭരണകക്ഷിയായ മുസ്ലിംലീഗ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സിപിഎമ്മിലെ ഇ.കെ. നായനാര്‍ വിഭാഗവും പിണറായി വിജയന്‍ വിഭാഗവും മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവും തമ്മിലുള്ള ഒരു ധാരണയുടെ പുറത്താണ് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്ന് ചില കേന്ദ്രങ്ങള്‍ കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X