ശബരിമലയിലെ മദ്യവില്പന തടയണം
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള വഴിയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വില്പന നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിയമസഭാ പരിസ്ഥിതിസമിതി നിര്‍ദേശിച്ചു.
ജോര്‍ജ് എം. മാത്യു ചെയര്‍മാനായുള്ള സമിതിയുടെ റിപ്പോര്‍ട്ട് ഒക്ടോബര്‍ 29 തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. തീര്‍ഥാടന പ്രദേശത്ത് യാചകവൃത്തി നിരോധിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
ചെറിയാനവട്ടത്തും ഉപ്പുപാറയിലും മദ്യവും മയക്കുമരുന്നും ധാരാളമായി ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മദ്യവില്പനയുമായി ബന്ധപ്പെട്ട് ഏഴ് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. ശബരിമലയും പരിസരപ്രദേശങ്ങളും തീര്‍ത്തും മദ്യമുക്തമായി നിലനിര്‍ത്താന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു.
എക്സൈസ്, പൊലീസ്, വനം വകുപ്പുകളും ദേവസ്വം ബോര്‍ഡും സംയുക്തമായി ശബരിമലയുടെ വിശുദ്ധി നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധരെ നേരിടേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പമ്പയില്‍ നിന്നും സന്നിധാനത്തേക്കും എരുമേലിയില്‍ നിന്ന് സന്നിധാനത്തേക്കുമുള്ള വഴികളില്‍ സമ്പൂര്‍ണ യാചക നിരോധനം ഏര്‍പ്പെടുത്താനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.ശബരിമലയും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ അയ്യപ്പസേവാ സംഘം പോലുള്ള സന്നദ്ധസംഘടനകള്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. പ്രാഥമികാവശ്യങ്ങള്‍ക്കായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും നിലയ്ക്കലില്‍ ഒരു സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് വികസിപ്പിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.