കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

  • By Staff
Google Oneindia Malayalam News

കാണ്‍പൂര്‍ : നാസര്‍ ഹുസൈന് തലയില്‍ കൈവയ്ക്കാനേ കഴിഞ്ഞുളളൂ. ബൗളര്‍മാര്‍ ഇതു തങ്ങളുടെ വിധിയെന്നു കരുതി സമാധാനിച്ചു. അല്ലാതെ അവര്‍ക്കൊന്നും ചെയ്യാനാകുമായിരുന്നില്ല. സേവാഗും സചിനും കൂടി അവരെ സ്റേഡിയത്തിന്റെ നാലുപാടും അടിച്ചോടിക്കുകയായിരുന്നു. 219 എന്ന വിജയ ലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ പിന്നിട്ടത് 29.4 ഓവറില്‍.

സേവാഗാണ് ആക്രമണം മുന്നില്‍ നിന്നു നയിച്ചത്. തന്റെ തനിപ്പകര്‍പ്പിന്റെ ബാറ്റിംഗ് സചിന്‍ അടങ്ങി നിന്ന് ആസ്വദിച്ചു. വെറും 36 പന്തില്‍ നിന്നും സേവാഗ് 50 തികയ്ക്കുമ്പോള്‍ ആക്രമണാത്മക ബാറ്റിംഗിന്റെ ആചാര്യന്‍ 35 ല്‍ എത്തിയിരുന്നതേയുളളൂ. സിദ്ദു പലപ്പോഴും പറയാറുളളതുപോലെ ഓട്ടോറിക്ഷയുടെ മീറ്റര്‍ പോലെയാണ് സ്കോര്‍ ബോഡ് പറന്നത്. ആദ്യത്തെ 100 പിറന്നത് 87പന്തില്‍.

62 പന്തില്‍ നിന്നും എണ്ണം പറഞ്ഞ 14 ബൗണ്ടറികളോടെ 82 റണ്‍സെടുത്ത സെവാഗാണ് മാന്‍ ഓഫ് ദി മാച്ച്. 66 പന്തില്‍ 13 ഫോറും ഒരു സിക്സുമടിച്ച് 87 റണ്‍സോടെ സചിന്‍ പുറത്താകാതെ നിന്നു. 26 റണ്‍സെടുത്ത ഗാംഗുലിയാണ് പുറത്തായ മറ്റൊരാള്‍. സ്നേപ്പിനെ ഉശിരന്‍ സിക്സിനു പൊക്കി സചിന്‍ വിജയമാഘോഷിച്ചപ്പോള്‍ 17 റണ്ണോടെ ദിനേശ് മോംഗിയ കൂട്ടിനുണ്ടായിരുന്നു.

മഴ മൂലം 39 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ടാണ് ടോസ് നേടിയത്. നൈറ്റും ട്രെസ്ക്കേത്തിക്കും ചേര്‍ന്ന് നന്നായിത്തന്നെ തുടങ്ങി. 14 ഓവറില്‍ സ്കോര്‍ 100 കടന്നു. 74 റണ്‍സെടുത്ത നിക്ക് നൈറ്റ് തകര്‍പ്പന്‍ ഫോമിലായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ബൗളിംഗ് ഹീറോ അഗാര്‍ക്കറിനാണ് ഏറെ പരിക്കേറ്റത്. അഞ്ച് ഓവറില്‍ 40 റണ്‍സ്. പക്ഷേ, തുടക്കം മുതലാക്കുന്നതില്‍ ഇംഗ്ലണ്ടിന്റെ മധ്യനിര ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ഗാംഗുലിയും ഹര്‍ബജനും കുംബ്ലെയും ബൗളിംഗിന്റെ താളം വീണ്ടെടുത്തതോടെ സന്ദര്‍ശകര്‍ 39 ഓവറില്‍ എട്ടു വിക്കറ്റിന് 218 ല്‍ ഒതുങ്ങി.

നന്നായി പൊരുതാമെന്ന വിശ്വാസത്തിലിറങ്ങിയ നാസര്‍ ഹുസൈന് തന്റെ ബൗളര്‍മാരെ അടിച്ചു ചതയ്ക്കുന്നത് കണ്ടുനില്‍ക്കേണ്ടി വന്നു. കണക്കു തീര്‍ക്കുമ്പോലെ സെവാഗ് ആന്‍ഡ്രൂ ഫ്ലിന്റോഫിനെ തല്ലിയൊതുക്കി. കഴിഞ്ഞ മത്സരത്തില്‍ ഫോറടിച്ചതിന് സെവാഗിനെ ഫ്ലിന്റോഫ് ചീത്ത വിളിച്ചിരുന്നു. ഈ അക്രമിയുടെ ഒരോവറില്‍ മൂന്നു ഫോറടിച്ചാണ് സെവാഗ് 50 തികച്ചത്.

ആ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 3-1ന്റെ നിര്‍ണായക ലീഡ് നേടി. അടുത്ത മത്സരം ജനവരി 31 വ്യാഴാഴ്ച ദില്ലിയില്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X