കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം: യുഎസ് തന്ത്രം പാളിപ്പോയി

  • By Staff
Google Oneindia Malayalam News
War on Iraq
വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡിന്റെ യുദ്ധതന്ത്രങ്ങള്‍ക്കെതിരെ അമേരിക്കയില്‍ രോഷം പുകയുന്നു. സിഐഎ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് വൃത്തങ്ങളാണ് റംസ്ഫീല്‍ഡിനെതിരെ ആരോപണം ചൊരിയുന്നത്. ഇറാഖിന്റെ ശക്തി കുറച്ചുകാണുകയായിരുന്നു റംസ്ഫീല്‍ഡ്.

പെന്റഗണിന്റെ ഉന്നതര്‍ നല്കിയ ഉപദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ഇറാഖിനെതിരായ യുദ്ധത്തിന് തിരക്ക് കൂട്ടിയെന്നതാണ് റംസ്ഫീല്‍ഡിനെതിരായ ഒരു ആരോപണം. ദി ന്യൂയോര്‍ക്കര്‍ മാസിക ഉള്‍പ്പെടെ ഒരു പിടി യുഎസ് മാധ്യമങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് റംസ്ഫീല്‍ഡ് പ്രതിക്കൂട്ടിലായത്. കൂടുതല്‍ കരസേനാശക്തിയുടെയും ആയുധങ്ങളുടെയും പിന്‍ബലത്തോടെ മാത്രമേ ഇറാഖിനെ ആക്രമിക്കാവൂ എന്നാണ് പെന്റഗണിന്റെ ഉന്നതര്‍ റംസ്ഫീല്‍ഡിന് നല്കിയ ഉപദേശം. എന്നാല്‍ ഈ ഉപദേശം അദ്ദേഹം അവഗണിച്ചു.

തുര്‍ക്കിയിലൂടെ സൈന്യത്തിന് ഇറാഖിലേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചശേഷം മതി ആക്രമണം എന്നും പെന്റഗണ്‍ മേധാവികള്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ തുര്‍ക്കിയുടെ അനുമതി ലഭിക്കും മുമ്പ് യുദ്ധം തുടങ്ങാന്‍ റംസ്ഫീല്‍ഡ് ഉത്തരവിട്ടു.

സാങ്കേതികവിദ്യയ്ക്ക് മാത്രം പ്രാധാന്യം നല്കിയുള്ള യുദ്ധതന്ത്രമാണ് റംസ്ഫീല്‍ഡ് തയ്യാറാക്കിയത്. എന്നാല്‍ ഇത് കൊണ്ട് മാത്രം ഇറാഖിനെ നശിപ്പിക്കാന്‍ കഴിയില്ലെന്ന് യുഎസിലെ മുന്‍ സൈനിക മേധാവികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതും റംസ്ഫീല്‍ഡ് തള്ളി.

സഖ്യസേന ഇറാഖില്‍ വന്‍ സൈനിക മുന്നേറ്റമാണ് നടത്തുന്നതെന്ന റംസ്ഫീല്‍ഡിന്റെ അവകാശവാദം ശരിയല്ലെന്നും മുതിര്‍ന്ന യുഎസ് സൈനികോദ്യോഗസ്ഥര്‍ പറയുന്നു. ഇപ്പോള്‍ തന്നെ യുഎസ് സൈന്യം പ്രതിസന്ധിയിലാണ്. ഗള്‍ഫ് മണലാരണ്യത്തിലെ കാലാവസ്ഥ യുദ്ധം നീണ്ടുപോയാല്‍ യുഎസ് സൈനികരെ തളര്‍ത്തും. ടോമഹോക് മിസ്സിലിന് വന്‍ചെലവാണ്. ഇപ്പോള്‍ തന്നെ 6,000ല്‍ പരം ടോമഹോക് മിസ്സിലുകള്‍ ഉപയോഗിച്ചു കഴിഞ്ഞതായി പറയുന്നു. കൃത്യമായി ലക്ഷ്യത്തില്‍ പതിക്കുന്ന പ്രിസിഷന്‍ ബോംബുകളുടെ ശേഖരവും കുറഞ്ഞുതുടങ്ങി. യുഎസ് ടാങ്കുകളില്‍ പലതും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് കൂടുതല്‍ സൈന്യം എത്തിയതിന് ശേഷമേ ആക്രമണം നടത്താനാവു എന്ന് വന്നത്. അക്കാരണത്താലാണ് തെക്കന്‍ ഇറാഖില്‍ നിന്നും ബാഗ്ദാദിലേക്കുള്ള സൈനികമുന്നേറ്റം തല്ക്കാലം നിര്‍ത്തിവച്ചതും.

ഇറാഖിന്റെ എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കാനുള്ള ആര്‍ത്തിയാണ് റംസ്ഫീല്‍ഡിനെ ഇത്തരം തെറ്റുകളിലേക്ക് നയിച്ചതെന്നും ആരോപണം ഉയരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X