കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ സ്‌കൂളിന്‌ നേരെയും ബോംബാക്രമണം

  • By Staff
Google Oneindia Malayalam News

A man tries to pull the body of a child out of the rubble of a house that collapsed after an Israeli missile attack in Gaza City on Tuesday. The child died with 17 other members of the Al-Dayah extended family
ജറുസലം: പതിനൊന്ന്‌ ദിവസമായി തുടരുന്ന ആക്രമണത്തില്‍ ദുരിതത്തിലായ പാലസ്‌തീന്‍ ജനതയ്‌ക്ക്‌ സഹായമെത്തിയ്‌ക്കാനായി അതിര്‍ത്തി തുറക്കാമെന്ന്‌ ഒടുവില്‍ ഇസ്രായേല്‍ സമ്മതിച്ചു.

അന്തരാഷ്ട്ര സമ്മര്‍ദ്ദം ശക്തിയാര്‍ജ്ജിച്ചതിനെ തുടര്‍ന്നാണ്‌ ഇസ്രായേല്‍ ഇതിന്‌ വഴങ്ങിയത്‌. ആക്രമണം തുടങ്ങിയതിന്‌ ശേഷം ഇതാദ്യമായാണ്‌ വിട്ടുവീഴ്‌ചയ്‌ക്ക്‌ ഇസ്രായേല്‍ ഭരണകൂടം തയാറാകുന്നത്‌. പോരാട്ടം തുടങ്ങിയതോടെ ദുരിതത്തിലായ പാലസ്‌തീനികള്‍ക്ക്‌ ഭക്ഷണവും വെള്ളവും മരുന്നും ഇടനാഴി വഴി എത്തിയ്‌ക്കും.

എന്നാല്‍ ഇതിന്‌ വേണ്ടി കര്‍ശന നിബന്ധനകളാണ്‌ ഇസ്രായേല്‍ അധികൃതര്‍ മുന്നോട്ട്‌ വെച്ചിരിയ്‌ക്കുന്നത്‌. കൃത്യമായ സമയപരിധിയില്‍ മാത്രമേ ഇടനാഴി തുറക്കുകയുള്ളുവെന്ന്‌ അവര്‍ അറിയിച്ചിട്ടുണ്ട്‌.

അതിനിടെ അഭയാര്‍ത്ഥി കേന്ദ്രങ്ങളായ നാല്‌ യുഎന്‍ സ്‌കൂളുകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക്‌ പരിക്കുണ്ട്‌. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന്‌ നേരെ ഇസ്രായേല്‍ സേന ഷെല്ലുകള്‍ വര്‍ഷിയ്‌ക്കുകയായിരുന്നു.

സ്‌കൂള്‍ പരിസരത്ത്‌ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ റോയിട്ടര്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടുണ്ട്‌. ഇതോടെ ഡിസംബര്‍ 27ന്‌ ശേഷം നടന്ന ആക്രമണത്തില്‍ മരണം 620 കവിഞ്ഞു. യുദ്ധവിമാനങ്ങളും ടാങ്കുകളും ഉപയോഗിച്ച്‌ ചൊവ്വാഴ്‌ച പുലര്‍ച്ചെ നടത്തിയ ബോംബിങ്ങില്‍ 30 പാലസ്‌തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണം 11 ദിവസം പിന്നിട്ടതോടെ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗാസയില്‍ ജനജീവിതം ദുസ്സഹമായി. ഗാസ വൈകാതെ പട്ടിണിയുടെ പിടിയിലമരുമെന്ന്‌ യുഎന്‍ മുന്നറിയിപ്പ്‌ നല്‌കിയിട്ടുണ്ട്‌. ചൊവ്വാഴ്‌ചത്തെ ആക്രമണങ്ങളില്‍ നാല്‌ ഇസ്രായേല്‍ ഭടന്‍മാര്‍ കൊല്ലപ്പെട്ടു. സ്വന്തം ടാങ്കില്‍ നിന്നുള്ള വെടിയേറ്റാണ്‌ മൂന്ന്‌ പേരും മരിച്ചത്‌.

വെടിനിര്‍ത്തലിനുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ്‌ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്‌. യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം നടത്തിയ സമാധാനശ്രമങ്ങള്‍ ഇസ്രായേല്‍ തള്ളിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X