കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ മന്ത്രിയായി ആന്റണി തുടര്‍ന്നേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: പുതിയ മന്ത്രിസഭയിലെ വകുപ്പുകളുടെ വീതംവെപ്പ് സംബന്ധിച്ച് ദില്ലിയില്‍ തിരക്കിട്ട കൂടിയാലോചന. കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ പ്രണബ് മുഖര്‍ജി, എകെ ആന്റണി, പി ചിദംബരം, കപില്‍ സിബല്‍, കമല്‍നാഥ് എന്നിവര്‍ പുതിയ മന്ത്രിസഭയിലും തുടരുമെന്നാണ് സൂചന.

വിദേശകാര്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ധനവകുപ്പ് പ്രണബിന് നല്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയെ ധനവകുപ്പ് ഏല്പിയ്ക്കണമെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ താത്പര്യം. എന്നാല്‍ ഈ നീക്കത്തെ കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ല.

പ്രതിരോധ വകുപ്പ് മന്ത്രി പദവിയില്‍ ആന്റണി തുടരുമെന്നാണ് അറിയുന്നത്. വകുപ്പിനെ ആരോപണമുക്തമാക്കി നിലനിര്‍ത്തുകയെന്ന പാര്‍ട്ടിയുടെ ലക്ഷ്യമാണ് ആന്റണിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നത്.

പ്രണബിന് സ്ഥാനചലനം സംഭവിയ്ക്കുകയാണെങ്കില്‍ തന്ത്രപ്രധാനപരമായ വിദേശകാര്യ ചുമതല ആര്‍ക്കായിരിക്കുമെന്ന ചര്‍ച്ചകളും ഇന്ദ്രപ്രസ്ഥത്തില്‍ സജീവമാണ്. മുന്‍വാണിജ്യ മന്ത്രി കമല്‍നാഥിന്റെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ വിദേശകാര്യമന്ത്രാലത്തിന്റെ ചുമതല ഏല്പിയ്ക്കുമെന്ന് കരുതുന്നവരും കുറവല്ല. എന്നാല്‍ തരൂരിന് ക്യാബിനറ്റ് പദവി നേരിട്ട് നല്കുന്നതിനെ എതിര്‍ക്കുന്നവരും പാര്‍ട്ടിയ്ക്കുള്ളിലുണ്ട്.

അങ്ങനെയാണെങ്കില്‍ തരൂരിന് വിദേശകാര്യ വകുപ്പിലെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം നല്കാനാണ് സാധ്യത.
ആഭ്യന്തര മന്ത്രി സ്ഥാനം ചിദംബരം തന്നെ നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടുണ്ട്. വാണിജ്യ മന്ത്രി പദവിയില്‍ നിന്ന് കമല്‍നാഥ് മാറുകയാണെങ്കില്‍ കപില്‍ സിബലോ ജയറാം രമേഷോ തത്സ്ഥാനത്തേക്ക് പരിഗണിയ്ക്കപ്പെട്ടേക്കാം.

അതിനിടെ പ്രധാനപ്പെട്ട ക്യാബിനറ്റ് പദവികള്‍ക്കുള്ള യുപിഎ ഘടകകക്ഷികളുടെ സമ്മര്‍ദ്ദം തുടരുകയാണ്. ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാം പല സുപ്രധാന വകുപ്പുകളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് 200ലധികം സീറ്റ് നേടിയ സാഹചര്യത്തില്‍ ഇവരുടെ സമ്മര്‍ദ്ദം എത്രത്തോളം ഫലിയ്ക്കുമെന്ന് കണ്ടു തന്നെ അറിയണംയ

കേരളത്തില്‍ നിന്ന് എകെ ആന്‍റണി, ഡോ ശശി തരൂര്‍, ഇ അഹമ്മദ് എന്നിവര്‍ക്കൊപ്പം മുല്ലപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനത്തിനു സാധ്യത കല്പിയ്ക്കപ്പെടുന്നുണ്ട്. കെവി തോമസ്, പിസി ചാക്കോ എന്നിവരും മന്ത്രിസ്ഥാനം ലക്ഷ്യമിടുന്നുണ്ടെങ്കിലും ആന്‍ണിക്കു താത്പര്യമുണ്ടെന്നതാണു മുന്‍ കേന്ദ്ര കൃഷി സഹമന്ത്രിയായിരുന്ന മുല്ലപ്പളളിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X