കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതിക്കുവേണ്ടി പ്രാര്‍ത്ഥനയും കണ്ണീരുമായി

Google Oneindia Malayalam News

Swathi Krishna
നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കണ്ണീരും സ്വാതിക്ക് വേണ്ടിയായിരുന്നു. മരണത്തിലേക്ക് വഴുതി വീണുകൊണ്ടിരുന്ന കൊച്ചുപെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ നീണ്ട 16 മണിക്കൂറുകളാണ് ഡോക്ടര്‍മാര്‍ കഠിനപ്രയത്‌നം ചെയ്തത്. ശസ്ത്രക്രിയ വിജയമായെങ്കിലും സ്വാതിയെന്ന പതിനാറുകാരിയുടെ ശരീരം പുതിയ കരളിനെ സ്വീകരിക്കുന്നുണ്ടോ എന്നരിയാന്‍ 48 മണിക്കൂറുകളെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സമയം ഞായറാഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ ചങ്കിടിപ്പോടെയാണ് പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നത്.

എറണാകുളം മാതാ അമൃതാനന്ദമയി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. പിറവം എടക്കാട്ടുവയല്‍ വട്ടപ്പാറ മങ്കടമുഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ സ്വാതി എന്ന പതിനാറുകാരിയാണ് ഗുരുതരമായ മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം നിലച്ചുപോയ നിലയില്‍ മരണത്തോട് മല്ലടിച്ചത്. കരള്‍ മാറ്റിയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകള്‍ അഴിയാന്‍ വൈകിയതോടെ സ്വാതിയുടെ നില ഗുരുതരമാവുകയായിരു്‌നനു.വെന്റിലേറ്ററിന്റെ സഹായത്തോടെ കഷ്ടിച്ചു ജീവതാളം നിലനിറുത്തിയിരുന്ന ഈ കൊച്ചുമിടുക്കിക്കു പിന്തുണയുമായി മാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകളും ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെയാണു നിയമത്തിന്റെ വാതായനങ്ങള്‍ തുറന്നത്.

മഞ്ഞപ്പിത്തം ബാധിച്ചു അതീവ ഗുരുതരാവസ്ഥയില്‍ കരളിന്റെയും ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്നു മൂന്നുദിവസം മുമ്പാണു സ്വാതിയെആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തരമായി കരള്‍ മാറ്റി വച്ചില്ലെങ്കില്‍ കുട്ടിയുടെ ജീവിതം തന്നെ അപകടത്തിലാവുമെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. വന്‍തുക ശസ്ത്രക്രിയക്ക് ചെലവഴിക്കാനാവാതെ നിസ്സഹായനായ കൃഷ്ണന്‍കുട്ടിയെയും കുടുംബത്തെയും സഹായിക്കാന്‍ നാട്ടുകാരും സ്‌കൂള്‍ അധികൃതരും സുമനസ്സുകളും ഒരുമിച്ചതോടെ പണം സംഘടിപ്പിക്കാമെന്ന ആത്മവിശ്വാസമുയര്‍ന്നു. മാതാവ് രാജിയുടെ കരള്‍ പകുത്തു നല്‍കാനായിരുന്നു ആദ്യം തീരുമാനമെടുത്തത്.

എന്നാല്‍ പരിശോധനയില്‍ രാജിയുടെ കരളില്‍ കൊഴുപ്പിന്റെ അളവ് കൂടുതലായതിനാല്‍ മറ്റൊരാളെ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നു രാജിയുടെ സഹോദരി കരള്‍ നല്‍കാന്‍ തയ്യാറായി. ഇതോടെയാണ് നിയമപ്രശ്‌നങ്ങളും തല പൊക്കിയത്. അവയവം ദാനം ചെയ്യുന്നത് മാതാപിതാക്കളല്ലാത്ത മൂന്നാമതൊരാളായതിനാല്‍ അതിന്റെ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു. കൂടാതെ തൊടുപുഴ ചെപ്പുകുളത്താണു കരള്‍ ദാതാവ് താമസിക്കുന്നത്. അവയവം ആവശ്യമുള്ള രോഗി എറണാകുളം ജില്ലയിലായതിനാല്‍ രണ്ട് ജില്ലാ കലക്ടര്‍മാരുടെയും അനുമതി വേണം. കൂടാതെ കരള്‍ നല്‍കുന്നയാള്‍ മെഡിക്കല്‍ ബോര്‍ഡില്‍ ഹാജരാവണമെന്ന നിയമവുമുണ്ടായിരുന്നു.

ശസ്ത്രക്രിയ അനിശ്ചിതമായി നീണ്ടതോടെ സ്വാതിക്കു പിന്തുണയുമായും മെഡിക്കല്‍ ബോര്‍ഡ് നിയമത്തിനെതിരെ വിമര്‍ശനവുമായി മാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകളിലൂടെ ആയിരങ്ങളും രംഗത്തെത്തി. തുടര്‍ന്നു ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ നിര്‍ദേശപ്രകാരം രാവിലെ കോട്ടയത്തു മെഡിക്കല്‍ ബോര്‍ഡിന്റെ അടിയന്തര യോഗം ചേര്‍ന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം വെള്ളിയാഴ്ച രാവിലെ തന്നെ അധികൃതരും സ്വാതിയുടെ ബന്ധുക്കളും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. കരള്‍ ദാനം ചെയ്യാമെന്നേറ്റ സ്വാതിയുടെ ഇളയമ്മയുടെ സമ്മതപത്രം മെഡിക്കല്‍ ബോര്‍ഡിനു മുന്നിലെത്തിയതോടെ തീരുമാനം പെട്ടെന്നായിരുന്നു.

സ്വാതിയെ എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്ക് അനുമതിയും നല്‍കി. വിലപ്പെട്ടൊരു ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ദിവസങ്ങളായി തയ്യാറെടുത്തു കഴിയുകയായിരുന്ന ഏഷ്യയിലെ ആദ്യത്തെ കരള്‍ മാറ്റി വക്കല്‍ ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ സുധീന്ദ്രനും സഹപ്രവര്‍ത്തകന്‍ ഡോ. ദിനേശുമടങ്ങുന്ന സംഘം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ശസ്ത്രക്രിയ ആരംഭിച്ചു. പതിനാറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണു സ്വാതിക്കു വേണ്ടി നടന്നത്.

വെളിയനാട് സെന്റ് പോള്‍സ് ഹൈസ്‌കൂളില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് സ്വാതി തുടര്‍പഠനത്തിനായി പിറവം എം കെ എം സ്‌കൂളിലെത്തിയത്. ഈ രണ്ടു സ്‌കൂളുകളിലെയും വിദ്യാര്‍ഥികളും എടക്കാട്ടുവയല്‍ ഗ്രാമവും അറിയപ്പെടാത്ത നൂറുകണക്കിനാളുകളും സഹായ ഹസ്തവുമായി ആശുപത്രിയിലെത്തിക്കൊണ്ടിരിക്കുകയാണ്. സ്വാതി ജീവിതത്തിലേക്കു മടങ്ങിവരുന്നതിനായി പ്രാര്‍ത്ഥനകളുമായി കാത്തിരിക്കുകയാണ് ഇവരെല്ലാം.

English summary
The Amrita Institute of Medical Sciences here, has said that the condition of Swathi Krishna, the 16-year old girl who had undergone a liver transplant surgery following organ failure, was improving.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X