കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമന്റിനു പിന്നാലെ ക്വാറി-ക്രഷര്‍ മേഖലയിലും സമരം

Google Oneindia Malayalam News

Construction
സിമന്റ് വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരത്തിനൊപ്പം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്രഷര്‍ ആന്റ് ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കും തുടങ്ങി. സമരത്തെ തുടര്‍ന്ന് കേരളത്തിലെ ക്വാറികളും ക്രഷറുകളും നിശ്ചലമായി. ക്വാറികളും ക്രഷറുകളും അടച്ചിട്ട് ഉല്‍പ്പാദനവും വിപണനവും വിതരണവും നിര്‍ത്തിവെച്ചുകൊണ്ടാണ് അനിശ്ചിതകാല സമരം നടത്തുന്നത്.

സിമന്റ് മൊത്ത വിതരണക്കാര്‍ നവംബര്‍ പത്ത് മുതല്‍ സമരം തുടങ്ങിയതോടെ ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ സിമന്റ് ലഭ്യത തീരെ കുറഞ്ഞു. ഇതിനാല്‍ നവംബര്‍ 16 മുതല്‍ ചെറുകിട സിമന്റ് വ്യാപാരികളും കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുകയാണ്. ഇതോടെ കേരളത്തില്‍ നിര്‍മ്മാണ മേഖല പരിപൂര്‍ണമായി സ്തംഭിക്കും.

ജിയോളജി പെര്‍മിറ്റ് പുനസ്ഥാപിക്കുക, കരിങ്കല്ല് ഉല്‍പാദിപ്പിക്കുന്ന വ്യവസായങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുക, കരിങ്കല്ല്, ചെങ്കല്ല്, മണല്‍ എന്നിവയെ ഖനി നിയമത്തില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ക്രഷര്‍ ആന്റ് ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സമരം നടത്തുന്നത്. കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനം പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാന്‍ ക്രഷര്‍ ആന്റ് ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്.

ക്വാറി, ക്രഷര്‍ ലൈസന്‍സ് പുതുക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ സമ്മതപത്രം നിര്‍ബന്ധമാക്കിയത് സംസ്ഥാനത്തെ ചെറുകിട ക്വാറി ഉടമകളെയും ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കോഡിനേഷണന്‍ കമ്മിറ്റി നേതാക്കളുടെ വാദം. കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് അഞ്ച് ഹെക്ടറില്‍ കുറഞ്ഞ സ്ഥലത്ത് ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് ലഭിക്കില്ല. കേരളത്തില്‍ അഞ്ച് ഹെക്ടറില്‍ കുറഞ്ഞ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതാണ് ഭൂരിപക്ഷം ക്വാറികളും. കേന്ദ്രനിയമം അതേപടി നടപ്പിലാക്കിയാല്‍ വിരലില്‍ എണ്ണാവുന്നവ ഒഴികെ മറ്റെല്ലാ ക്വാറികളും ക്രഷറുകളും പൂട്ടേണ്ടിവരും. ഈ സാഹചര്യത്തില്‍ ക്വാറി, ക്രഷര്‍ ഉടമകള്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കിന് നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് ഓള്‍ കേരള കരിങ്കല്‍ ക്വാറി അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു
മണല്‍ക്ഷാമം രൂക്ഷമായതോടെ കേരളത്തിലെ കോണ്‍ക്രീറ്റ് ജോലികള്‍ ഏറെക്കുറെ നിലച്ചമട്ടാണ്. കഴിഞ്ഞ സര്‍ക്കാര്‍ വേണ്ടെന്നുവെച്ച വാറ്റ് നിയമം വീണ്ടും ബാധകമാക്കുകയും സിമന്റിനെ നോട്ടിഫൈഡ് ഉല്‍പന്നത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതാണ് സിമന്റ് വ്യാപാര മേഖലയിലെ സ്തംഭനാവസ്ഥക്ക് കാരണം.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയേയും നിര്‍മ്മാണത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതനിലവാരത്തേയും പ്രത്യക്ഷമായി സഹായിക്കുന്ന നിര്‍മ്മാണ മേഖലയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണല്‍ക്ഷാമം നിര്‍മ്മാണ മേഖലയെ സ്തംഭനത്തിലാക്കിയിട്ടുണ്ട്. കരിങ്കല്‍ ക്വാറികള്‍ അടച്ചിടുകയും സിമന്റ് വിതരണ മേഖലയില്‍ അനിശ്ചിതകാല സമരം ആരംഭിക്കുകയും ചെയ്തതോടെ നിര്‍മ്മാണ മേഖല പൂര്‍ണമായും സ്തംഭനത്തിലായിരിക്കുകയാണെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
The construction sector in the district has come to a grinding halt with the availability of all key building materials, including cement, crushed stone, sand and bricks, are severely hit by indefinite strikes called by various trade and construction industry associations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X