കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി അടക്കം എല്ലാവരും വഞ്ചിച്ചു; യാമിനി

Google Oneindia Malayalam News

Oomman Chandy
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഞ്ചിക്കുകയായിരുന്നുവെന്ന ആരോപണവുമായി മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചി രംഗത്തെത്തി. മകന്‍ ആദിത്യ കൃഷ്ണയ്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യാമിനി ഗണേശിനെതിരെയും ഉമ്മന്‍ചാണ്ടിയ്ക്കെതിരെയും ആരോപണം ഉയര്‍ത്തിയത്.

ഭര്‍ത്താവായ മന്ത്രി കെ ബി ഗണേഷ്‌കുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാനെത്തിയ മന്ത്രി ഷിബു ബേബിജോണിനെതിരെയുമാണ് യാമിനി ആരോപണങ്ങള്‍ നിരത്തിയത്. കഴിഞ്ഞ പതിനാറുവര്‍ഷമായി തന്നെ ഗണേഷ് കുമാര്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യാമിനി തങ്കച്ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ എഴുതി നല്‍കിയ പരാതി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മാത്രമല്ല പ്രശ്‌നം പരിഹരിക്കാന്‍ തനിക്ക് ഒരവസരം കൂടി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുക കൂടി ചെയ്തു.

ഗണേഷ്‌കുമാറിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ മുഴുവന്‍ സത്യമാണെങ്കിലും അദ്ദേഹത്തോട് താന്‍ പരാതി പറഞ്ഞിരുന്നില്ല. പി സി ജോര്‍ജ്ജ് പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണ്.

ഫെബ്രുവരി 22ന് ഗണേഷ്‌കുമാറിന്റെ അപ്പോയിന്റ്‌മെന്റ് എടുത്താണ് ഒരാള്‍ മന്ത്രി താമസിക്കുന്നിടത്തെത്തിയത്. ആദ്യം അയാള്‍ വീട്ടിലെത്തി തന്നോട് കാര്യങ്ങള്‍ പറഞ്ഞു. തന്റെ ഭാര്യയുമായി ഗണേഷിന് അവിഹിത ബന്ധമുണ്ടെന്നാണ് അയാള്‍ പരാതി പറഞ്ഞത്. പിന്നീട് മന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. താനും അയാളുടെ പിന്നാലെ ഗണേഷിന്റെ ഓഫീസിലെത്തി. വന്നയാള്‍ ഗണേഷിനോട് പൊട്ടിത്തെറിക്കുകയായിരുന്നു. തന്റെ ഭാര്യയെ എവിടെവച്ചാണ് കാറില്‍ കൊണ്ടുപോയതെന്നും ഏത് ഹോട്ടലിലാണ് ഇരുവരും കഴിഞ്ഞതെന്നും വ്യക്തമായി പറഞ്ഞപ്പോള്‍ തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് ഗണേഷ്‌കുമാര്‍ അയാളുടെ കാലില്‍ വീഴുന്നതാണ് താന്‍ കണ്ടത്. ഇത് കണ്ടുനില്‍ക്കാനാവാതെ പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയ്ക്ക് പുറത്തേയ്ക്ക് പോയി കുറെക്കഴിഞ്ഞ് വീണ്ടും തിരികെയെത്തി ഇതെക്കുറിച്ച് ഗണേഷിനോട് ചോദിച്ചപ്പോള്‍ ഓഫീസ് മുറി ഉള്ളില്‍ നിന്നും പൂട്ടി തലങ്ങും വിലങ്ങും തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും യാമിനി പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്നെ രക്ഷിക്കണമെന്ന് കരഞ്ഞുനിലവിളിച്ചിട്ടും ആരും അവിടേയ്ക്ക് എത്തിയില്ല. പിന്നീട് ഗണേഷ് മുറിയില്‍ നിന്ന് പുറത്തുപോവുകയും ഷൂട്ടിംഗിനെന്ന് പറഞ്ഞ് എറണാകുളത്തേയ്ക്ക് പോവുകയുമാണുണ്ടായത്.

ഗണേഷ്‌കുമാറുമായി അവിഹിതബന്ധമുള്ള സ്ത്രീ തന്റെ മകന്റെ സഹപാഠിയുടെ അമ്മയാണ്. അവര്‍ തന്റെ സൃഹൃത്തുകൂടിയാണ്. താന്‍ എല്ലാവരാലും വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും യാമിനി പറഞ്ഞു.

ഇതെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി പറയാന്‍ പോയത്. എഴുതി നല്‍കിയ പരാതി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ത്യയാറായില്ല. തനിക്ക് പ്രശ്‌നം പരിഹരിക്കാന്‍ ഒരവസരം തരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അച്ഛനും സഹോദരന്മാരുമില്ലാത്ത താന്‍ മുഖ്യമന്ത്രിയെ ഒരച്ഛനെപ്പോലെ കരുതിയാണ് അദ്ദേഹം പറഞ്ഞത് കേട്ടത്. എന്നാല്‍ അദ്ദേഹവും തന്നെ വഞ്ചിക്കുകയായിരുന്നു.

വീണ്ടും പരാതിയുമായി ചെന്നെങ്കിലും താന്‍ പറയുന്നത് കേള്‍ക്കാനോ നല്‍കിയ പരാതി വായിച്ചുനോക്കാനോ മുഖ്യമന്ത്രി തയ്യായറായില്ല. അദ്ദേഹത്തെ വിശ്വസിച്ചത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ മനസിലായി. പ്രശ്‌നത്തിനിടെ മധ്യസ്ഥനായെത്തിയ ഷിബു ബേബിജോണും തന്നെ തെറ്റിദ്ധരിപ്പുക്കുകയായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ വഞ്ചിച്ചപ്പോഴാണ് താന്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലെത്താന്‍ തയ്യാറായതെന്നും യാമിനി വ്യക്തമാക്കി.

പതിനാറുവര്‍ഷമായി താന്‍ തിരന്തരം ശാരീരിക പീഡനം അനുഭവിക്കുകയാണ്. ഗണേഷിന്റെ മര്‍ദ്ദനത്തില്‍ പരുക്കേല്‍ക്കുമ്പോള്‍ തന്നെ പലപ്പോഴും ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത് ഗണേഷിന്റെ സഹോദരി ഭര്‍ത്താവ് ബാലകൃഷ്ണന്‍ ഐ എ എസാണ്. ഗണേഷിന്റെ സഹോദരി ബിന്ദുവിനും അച്ഛന്‍ ബാലകൃഷ്ണപിള്ളയ്ക്കും ഇക്കാര്യമെല്ലാം നന്നായി അറിയാം. അച്ഛന്‍ എല്ലാക്കാലത്തും തന്റെയൊപ്പമായിരുന്നു. മക്കളുടെ ഭാവി സുരക്ഷിതമാക്കാനും തനിക്ക് നീതി ലഭിക്കാനും വേണ്ടിയാണ് ഇപ്പോള്‍ എല്ലാക്കാര്യങ്ങളും തുറന്നുപറയുന്നത്.

ഗാര്‍ഹികപീഡനവും പരസ്ത്രി ബന്ധവും അടക്കം എല്ലാവകുപ്പുകളും ചേര്‍ത്ത് ഗണേഷ്‌കുമാറിനെതിരെ പരാതി നല്‍കും. മുമ്പും ഇക്കാര്യങ്ങള്‍കൊണ്ടാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. ജസ്റ്റീസ് ഡി ശ്രീദേവിയുടെ മധ്യസ്ഥതയിലാണ് അന്ന് ഒരുമിച്ച് പോകാന്‍ തീരുമാനിച്ചത്. അത് തെറ്റായ തീരുമാനമായിപ്പോയെന്ന് മനസിലായെന്നും യാമിനി പറഞ്ഞു.

English summary
Ganesh Kumar's wife Yamini Tankachi alleges domestic violence, says Oommen Chandy has let her down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X