വാണിജ്യതലസ്ഥാനത്ത് ആരവമുയര്‍ത്തി പി. രാജീവ്; നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, പ്രചരണത്തിന് ദേശീയ നേതാക്കളെത്തും
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.രാജീവിന്റെ ആദ്യഘട്ട പൊതുപര്യടനത്തിന് വാണിജ്യതലസ്ഥാനമായ എറണാകുളം നഗരത്തില്‍ ആവേശകരമായ സമാപനം. തുറന്ന ജീപ്പിലെ സ്ഥാനാര്‍ഥി പര്യടനം എറണാകുളം നിയോജക മണ്ഡലത്തിലെ കലാഭവന്‍ റോഡില്‍ പണിക്കശേരി പറമ്പില്‍ കൊച്ചി നഗരസഭ മുന്‍ മേയറും സെന്റ് ആല്‍ബര്‍ട്ട്സ് കോളെജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ. മാത്യൂ പൈലി ഉദ്ഘാടനം ചെയ്തു.
രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പായി മാറുകയാണ് പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പെന്നും ഇക്കുറി വോട്ടര്‍മാര്‍ക്കൊരു തെറ്റുപറ്റിയാല്‍ പിന്നീട് ഒരിക്കലും തിരുത്താനാകാത്ത തലത്തിലേക്ക് എത്തിച്ചേരുമെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ മേലുള്ള അടിയായും കേരളത്തിലെ ജനപക്ഷ സര്‍ക്കാരിനുള്ള ഐക്യദാര്‍ഢ്യമായും സമ്മതിദാന അവകാശം മാറണമെന്നും അതിന് പി.രാജീവ് വിജയിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.സി.സന്‍ജിത്ത് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് എറണാകുളം ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി.എം.ദിനേശ് മണി, സിപിഐ ജില്ലാ സെക്രട്ടറി പി.രാജു, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ.ജേക്കബ്, ജില്ലാ കമ്മിറ്റി അംഗം എം.അനില്‍കുമാര്‍, ജെഡിഎസ് ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ്ജ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.പി.രാധാകൃഷ്ണന്, സിപിഎം എറണാകുളം ഏരിയ സെക്രട്ടറി പി.എന്‍ സീനുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരത്തിനുള്ളില്‍ കരിത്തല കോളനി, കാരിക്കാമുറി, സൗത്ത് റെയില്‍വേ സ്റ്റേഷന്, വെള്ളേപ്പറമ്പ്, പടിയാത്തുകുളം, പള്ളിപ്പറമ്പ്, പൂക്കാരന് മുക്ക്, എസ്ഡി ഫാര്‍മസി കവല എന്നിവിടങ്ങളില്‍ വിഷുക്കണി ഒരുക്കിയും സെല്‍ഫികളെടുത്തും സിന്ദൂരമാലകള്‍ ചാര്‍ത്തിയും നേന്ത്രക്കുലകളും പഴവര്‍ഗ്ഗങ്ങള്‍ നല്‍കിയും പ്രിയനേതാവിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

പുതുതലമുറ വോട്ടര്‍മാര്‍ക്കിടയില്‍ തരംഗമായി പി രാജീവ്
പൊതു തിരഞ്ഞെടുപ്പിന്റെ ചൂരും ചൂടും പടര്‍ന്ന ക്യാമ്പസുകളില്‍ ആവേശത്തിരയിളക്കി പി രാജീവ് എത്തി. മണ്ഡലം പര്യടനത്തിന്റെ തിരക്കിനിടയില്‍ എറണാകുളം ലോ കോളേജിലും തേവര സെക്രഡ് ഹാര്‍ട്ട് കോളേജിലുമാണ് ഇന്നലെ രാജീവ് പുതുതലമുറ വോട്ടര്‍മാരെ കാണാനും അവര്‍ക്ക് മുന്നില്‍ മനസ് തുറക്കാനുമെത്തിയത്. പൂര്‍വവിദ്യാര്‍ഥിയായ പി. രാജീവിനെ ലോകോളേജ് വിദ്യാര്‍ഥികള്‍ ശിങ്കാരിമേളത്തോടെ വരവേറ്റു. കോളേജ് കവാടത്തില്‍ വിദ്യാര്‍ഥികള്‍ രക്തഹാരമണിയിച്ച് സ്വീകരിച്ച പി രാജീവിനെ വരവേല്‍ക്കാന്‍ അധ്യാപകരുമുണ്ടായിരുന്നു. വിദ്യാര്‍ഥികളുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി അധ്യാപകരോടൊപ്പം കോളേജ് ഓഫീസിലെത്തിയ രാജീവിനെ പ്രിന്‍സിപ്പാള്‍ പ്രഫ. കെ.ആര്‍ രഘുനാഥ് വരവേറ്റു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന ഓര്‍മകളുറങ്ങുന്ന ലോകോളേജിന്റെ ഇടനാഴികളിലൂടെ നടന്ന അദ്ദേഹം പുതിയ തലമുറയുടെ ഇടയിലേക്ക് കുശലാന്വേഷണവുമായി ഇറങ്ങിച്ചെന്നു.

കോളേജിലെത്തി പ്രചാരണം
കോളേജിന്റെ മുറ്റത്ത് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത പി. രാജീവ്, ഇന്ത്യന്‍ ഭരണഘടനയും പാര്‍ലമന്ററി ജനാധിപത്യവും നീതിന്യായ സംവിധാനങ്ങളും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കേണ്ടതിന്റെ അനിവാര്യത നിയമവിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. പരീക്ഷാച്ചൂടിനിടയിലേക്കാണ് തേവര എസ്.എച്ച് കോളേജ് ക്യാമ്പസിലേക്ക് സ്ഥാനാര്‍ഥിയെത്തിയത്. താളമേളങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ഥികളും അധ്യാപകരും അദ്ദേഹത്തെ സ്വീകരിച്ചു. കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ അദ്ദേഹം അധ്യാപകരുമായി ആശയവിനിമയം നടത്തി. ഉച്ചതിരിഞ്ഞ് നടക്കുന്ന പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ പഠനത്തിന് ഇടവേള നല്‍കി പി. രാജീവിന് പനിനീര്‍പുഷ്പങ്ങള്‍ സമ്മാനിച്ച് ക്യാമ്പസിന്റെ സ്നേഹമറിയിച്ചു. എല്ലാവരും ഒരുമിച്ചുനിന്ന് കൂട്ട സെല്‍ഫിയെടുത്താണ് പി. രാജീവിനെ സെക്രഡ് ഹാര്‍ട്ട് ക്യാമ്പസ് യാത്രയാക്കിയത്.

പ്രചാരണത്തിന് ദേശീയ നേതാക്കളെത്തുന്നു
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. രാജീവിന്റെ പ്രചാരണത്തിനായി സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് എസ്. രാമചന്ദ്രന്‍പിള്ള, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡണ്ട് സുഭാഷണി അലി എന്നിവരടക്കമുള്ള നേതാക്കളെത്തുന്നു. സീതാറാം യെച്ചൂരി ഏപ്രില്‍ രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക് തൃപ്പൂണിത്തുറയിലും വൈകീട്ട് ആറു മണിക്ക് എറണാകുളും രാജേന്ദ്രമൈതാനിയിലും പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ എട്ടിന് എറണാകുളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. വൈകീട്ട് വൈപ്പിനിലും കൊച്ചിയിലും വൈപ്പിനിലും പറവൂര്‍ മൂത്തകുന്നത്തുമാകും പിണറായി പങ്കെടുക്കുന്ന പ്രചാരണ യോഗങ്ങള്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 8ന് കളമശേരി, വൈപ്പിന്‍, പറവൂര്‍ മണ്ഡലങ്ങളില്‍ പ്രസംഗിക്കും.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഏപ്രില്‍ 10ന് വൈകീട്ട് വൈപ്പിനിലും കൊച്ചിയിലും പ്രചാരണയോഗങ്ങളില്‍ പ്രസംഗിക്കും. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള ഏപ്രില്‍ 11ന് രാവിലെ കൊച്ചിയിലും വൈകീട്ട് എറണാകുളത്തും തൃക്കാക്കരയിലും പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. സുഭാഷിണി അലി ഏപ്രില്‍ 16ന് വൈപ്പിനിലും തൃക്കാക്കരയിലും പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യും. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് 17ന് എറണാകുളത്തും കളമശേരിയിലും പ്രസംഗിക്കും. എം.എ ബേബി 14ന് വൈപ്പിനിലും കൊച്ചിയിലും പ്രസംഗിക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥനാര്‍ഥി പി. രാജീവ് നാളെ (മാര്‍ച്ച് 30) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെയാണ് പി. രാജീവ് പത്രിക സമര്‍പ്പിക്കുക. വൈകീട്ട് 6ന് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതു മുന്നണിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ ചര്‍ച്ചാ യോഗത്തില്‍ പി. രാജീവ് പങ്കെടുക്കും. ഐ.എം.എ ഹാളില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പങ്കെടുക്കും. ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചായിരിക്കും പ്രകടന പത്രികക്ക് അന്തിമ രൂപം നല്‍കുക.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ