രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ 3,000 കടന്നു..39 മരണം..ദില്ലിയിൽ സജീവ കേസുകൾ 5000ത്തിലേക്ക്
ദില്ലി; രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കൊവിഡ് കേസുകളിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 39 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം 5,23,693 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 16,980 പേരാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.04 ശതമാനം പേരാണ്. രോഗമുക്തി നിരക്ക് 98.74 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,563 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,25,28,126 ആയി. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.66% ആണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.61 ശതമാനവും. രാജ്യത്ത് ഇതുവരെ 83.64 കോടി പരിശോധനകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 4,97,669 പരിശോധനകളാണ്.
അതേസമയം ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 188.40 കോടി (1,88,40,75,453) പിന്നിട്ടു. 2,31,86,439 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് സർക്കാർ പത്രകുറിപ്പിൽ പറഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2.78 കോടി യിലധികം (2,78,64,432) കൗമാരക്കാര്‍ക്ക് വാക്സിൻ ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 192.85 കോടിയോടടുത്ത് (1,93,04,24,025) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 19.58 കോടിയിലധികം (19,58,22,570) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കൊവിഡ് ഉയരുന്നു; രാജ്യതലസ്ഥാനത്ത് ആശങ്ക
ദില്ലിയിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1367 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വർധനവാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന കൊവിഡ് സ്ഥിരീകരണ നിരക്ക് 4.50 ശതമാനമാണ്. സജീവ രോഗികൾ 4832 ആണ്.
ദില്ലിയിൽ ഇതുവരെ 18,78,458 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 26,170 ആയി. ചൊവ്വാഴ്ച 30,346 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. അതേസമയം കൊവിഡ് ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കും.