കോടനാട് എസ്‌റ്റേറ്റിന്റെ യഥാര്‍ഥ അവകാശി ഇദ്ദേഹം? എല്ലാം തട്ടിയെടുത്തു, ഞെട്ടുന്ന വെളിപ്പെടുത്തല്‍

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് വളരെ പ്രശസ്തമാണ്. വേനല്‍കാലത്ത് മദ്രാസില്‍ നിന്നു ഊട്ടിയിലെത്തുന്ന അവര്‍ നീലഗിരി മേഖലയിലെ ഈ എസ്റ്റേറ്റിലിരുന്നാണ് ഭരണം നടത്തിയിരുന്നത്. അടുത്തിടെ നിരവധി വിവാദങ്ങളില്‍ ഉയര്‍ന്നു കേട്ട ഈ എസ്റ്റേറ്റിന്റെ യഥാര്‍ഥ അവകാശി മറ്റൊരാളാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

എല്ലാം ജയലളിത അധികാരത്തിന്റെ തിളപ്പില്‍ ഭീഷണിപ്പെടുത്തി സ്വന്തമാക്കിയതാണെന്നാണ് ആരോപണം. ഭീഷണിക്കും എസ്റ്റേറ്റ് സ്വന്തമാക്കുന്നതിനും മുന്നില്‍ നിന്നത് തോഴി ശശികല ആയിരുന്നു. ഗുണ്ടകളെ വിട്ടും വിരട്ടിയും ആയിരം ഏകറോളം വരുന്ന എസ്‌റ്റേറ്റ് പൂര്‍ണമായി ജയലളിത സ്വന്തമാക്കുകയായിരുന്നുവത്രെ.

പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ്

എസ്റ്റേറ്റിന്റെ മുന്‍ ഉടമസ്ഥനായ ബ്രിട്ടീഷ് വംശജന്‍ പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദ വീക്ക് വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങള്‍ വിശദീകരിച്ചത്.

കോടികളുടെ സ്വര്‍ണങ്ങളും മറ്റു വസ്തുക്കളും

കോടനാട് എസ്‌റ്റേറ്റിന്റെ കാവല്‍ക്കാരന്‍ ഓം ബഹാദൂര്‍ കൊല്ലപ്പെട്ടതിന് ശേഷം എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും കത്തി നില്‍ക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. എസ്റ്റേറ്റിലെ ബംഗ്ലാവില്‍ കോടികളുടെ സ്വര്‍ണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

കമ്പനിക്ക് കീഴില്‍

നിലവില്‍ എസ്‌റ്റേറ്റ് ഒരു കമ്പനിക്ക് കീഴിലാണ്. പൂര്‍ണമായും ജയലളിതയുടെതല്ല. അതിന് മറ്റു ചില അവകാശികളുമുണ്ട്. തോഴി ശശികല, അവരുടെ സഹോദരഭാര്യ ഇളവരശി, കുടുംബത്തിലെ മറ്റു ചിലര്‍ എന്നിവരാണ് കമ്പനിയില്‍ വിഹിതമുള്ളവര്‍.

ജയലളിതയുടെ എസ്റ്റേറ്റ്

ജയലളിതയ്ക്ക് 3.13 കോടിയുടെ വിഹിതമാണുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ബാക്കിയെല്ലാം ശശികലയുടെയും ബന്ധുക്കളുടെയും പേരിലാണ്. എങ്കിലും ജയലളിതയുടെ എസ്റ്റേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു തരത്തില്‍ ശശികലയ്ക്കും സംഘത്തിനും ആ വിളിപ്പേര് ഒരു മറയായിരുന്നു.

 ക്രെയ്ഗ് പറയുന്നു

പിതാവ് വില്യം ജോണ്‍സ് 1975ലാണ് കോടനാട് എസ്‌റ്റേറ്റ് വാങ്ങിയതെന്ന് ക്രെയ്ഗ് പറയുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ സ്ഥലം തേയില തോട്ടമായി വികസിപ്പിക്കുകയായിരുന്നു. നിലവില്‍ എസ്റ്റേറ്റിന്റെ മതിപ്പുവില ഏകദേശം 1115 കോടി രൂപ വരും.

കോടനാട് ടീ എസ്‌റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ്

മികച്ച വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ കോടനാട് ടീ എസ്‌റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. ക്രെയ്ഗിന്റെ പിതാവ്, മാതാവ്, നാല് സഹോദരിമാര്‍ എന്നിവരായിരുന്നു ഉടമസ്ഥര്‍.

ജയലളിതയ്ക്ക് താല്‍പ്പര്യം

ജയലളിതയ്ക്ക് എസ്‌റ്റേറ്റ് വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് 1992ലാണ് അറിഞ്ഞത്. ഒരു ഭാഗം വില്‍ക്കാന്‍ തങ്ങള്‍ക്കും സമ്മതമായിരുന്നു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുണ്ടായിരുന്നതിനാലാണ് ഒരു ഭാഗം വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ക്രെയ്ഗ് പറയുന്നു.

മൊത്തമായി വില്‍ക്കേണ്ടി വന്നു

എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം 906 ഏകറും മൊത്തമായി വില്‍ക്കാന്‍ നിര്‍ബന്ധിതരായി. കിട്ടിയത് വെറും 7.6 കോടി രൂപ. അതിനേക്കാള്‍ വിലമതിക്കുന്ന ഒന്നായിരുന്നു എസ്‌റ്റേറ്റ്. പക്ഷേ ഭീഷണിപ്പെടുത്തിയും പോലീസിനെയും കാണിച്ചും എല്ലാം അവര്‍ സ്വന്തമാക്കുകയായിരുന്നുവെന്നാണ് ക്രെയ്ഗ് പറയുന്നത്.

ആധാരമോ രേഖകളോ നല്‍കിയില്ല

വില്‍പ്പനയ്ക്ക് തെളിവായി ആധാരമോ മറ്റു രേഖകളോ നല്‍കിയിരുന്നില്ല. ശശികലയുടെ ബിനാമികളെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. പതിയെ പഴയ ബോര്‍ഡ് അംഗങ്ങള്‍ പുറത്താവുകയും ചെയ്തു.

ശശികലയാണ് എല്ലാം

അഞ്ചുതവണ വിഷയവുമായി ബന്ധപ്പെട്ട ജയലളിതയെ കണ്ടു. കാര്യമുണ്ടായില്ല. ശശികലയാണ് എല്ലാം നിയന്ത്രിച്ചിരുന്നത്. നിലവിലെ വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയ്യന്‍, വ്യവസായികളായ പി രാജരത്‌നം, എന്‍പിവി രാമസാമി ഉദയര്‍ എന്നിവര്‍ വഴിയാണ് ശശികല സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്.

ഗുണ്ടകളുടെ മര്‍ദ്ദിച്ചു

മൊത്തമായി വില്‍ക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇക്കാര്യം ഞങ്ങള്‍ അവരെ അറിയിച്ചു. എന്നാല്‍ ഒരു ദിവസം രാത്രി വാഹനത്തില്‍ നിറയെ ഗുണ്ടകള്‍ വന്ന് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. രക്ഷപ്പെടാനിയിരുന്നു പോലീസ് നല്‍കിയ നിര്‍ദേശം.

ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ഒടുവില്‍ മൊത്തം നഷ്ടമായതിന് ശേഷവും സര്‍ക്കാര്‍ വക ഉപദ്രവങ്ങള്‍ തുടര്‍ന്നു. നിരവധി തവണ ആദായ നികുതി വകുപ്പിന്റെ റെയ്ഡുണ്ടായി. മറ്റു രാഷ്ട്രീയ നേതാക്കളെ സമീപിച്ചെങ്കിലും രാഷ്ട്രീയം കളിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും ക്രെയ്ഗ് പറയുന്നു. നിലവില്‍ ബെംഗളൂരുവില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി കമ്പനി നടത്തുകയാണ് ക്രെയ്ഗ്.

English summary
Kodanadu Estate Ownership Controversy Again
Please Wait while comments are loading...