നടി സുമലത ബിജെപിയിലേക്ക്? നേതാക്കളുമായി ചർച്ച നടത്തി.. മാണ്ഡ്യയിൽ കോൺഗ്രസിന് തലവേദന
ബെംഗളൂരു; കർണാടക നിലനിർത്താൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് അമിത് ഷാ. ഭരണം നഷ്ടപ്പെടാതിരിക്കണമെങ്കിൽ ചിട്ടയായ പ്രവർത്തനങ്ങളും പദ്ധതികളും നടപ്പാക്കണമെന്നാണ് അമിത് ഷാ സംസ്ഥാന ഘടകത്തിന് നൽകിയ നിർദ്ദേശം. പ്രബല സമുദായങ്ങൾ കേന്ദ്രീകരിച്ച് വോട്ടുറപ്പാക്കാനുള്ള തന്ത്രങ്ങൾ മെനയാനും ബി ജെ പിയിലേക്ക് ചേരാൻ തയ്യാറായി നിൽക്കുന്ന മറ്റ് പാർട്ടികളിലെ നേതാക്കളെ വേഗത്തിൽ പാർട്ടിയിൽ എത്തിക്കാനുള്ള നിർദ്ദേശവും ഷാ നൽകിയിട്ടുണ്ട്.
ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് മുൻപ് ചില പ്രമുഖർ ഉൾപ്പെടെയുള്ള എതിർകക്ഷി നേതാക്കൾ ബി ജെ പിയിലേക്ക് എത്തുമെന്ന് പറയുകയാണ് റവന്യൂ മന്ത്രി ആർ അശോക. മാണ്ഡ്യ എം പിയും നടിയുമായ സുമലത അംബരീഷ് ഉൾപ്പെടെയുള്ളവർ ബി ജെ പിയിലേക്ക് എത്തുമെന്നാണ് അശോക മാധ്യമങ്ങളോട് പറഞ്ഞത്. അമിത് ഷായുടെ കർണാടക സന്ദർശത്തിനിടെ ഈ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജെ ഡി എസ് കോട്ടയായ മാണ്ഡ്യയിൽ നിന്നും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയം കാഴ്ച വെച്ച നേതാവാണ് സുമലത. കർണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയായിരുന്നു സുമലത പരാജയപ്പെടുത്തിയത്. 1, 25, 876 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സുമലത നേടിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു സുമലത മത്സരിച്ചത്. സുമലതയുടെ ഭർത്താവായിരുന്നു അംബരീഷിന്റെ മണ്ഡലമായിരുന്നു മാണ്ഡ്യ. ഇവിടെ മത്സരിക്കാൻ അവർ താത്പര്യം പ്രകടിപ്പിച്ചപ്പോൽ അന്ന് ജെ ഡി എസ് നേതാവ് കുമാരസ്വാമി മകന് വേണ്ടി കോൺഗ്രസ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെടുകയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സുമലത
ബി ജെ പി പിന്തുണയോടെയായിരുന്നു സുമതല മത്സരിച്ചിരുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സുമലത ബി ജെ പിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം അവർ തള്ളി. എന്നാൽ മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ അവർ ബി ജെ പി ക്യാമ്പിനോട് അടുക്കുകയാണെന്നാണ് വിവരം. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് സുമലത. മാത്രമല്ല അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മകൻ അഭിഷേകിനെ മത്സരിപ്പിക്കാനും അവർക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സുമലതയുടെ വിജയത്തിന് പിന്നിൽ ബി ജെ പിയുടെ പിന്തുണ നിർണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് അവർ ബി ജെ പിയിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണം.

മാണ്ഡ്യയിൽ സുമലതയെ പാർട്ടി ടിക്കറ്റിൽ മത്സരിപ്പിക്കണമെന്ന താത്പര്യം കോൺഗ്രസിനുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിൽ ചേരുന്നതിനോട് അവർക്ക് താത്പര്യമില്ലെന്നാണ് സൂചന. അതേസമയം അഭിഷേകിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെങ്കിൽ സുമലതയോട് പാർട്ടിയിൽ ചേരാൻ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് അവരോട് അടുത്ത വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നത്. എന്തായാലും കാത്തിരുന്ന് കാണാം എന്ന നിലപാടിലാണ് സുമലതയെന്നാണ് അവരോട് അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

അതിനിടെ തിരഞ്ഞെടുപ്പിനോട് അടുത്ത് ജെ ഡി എസിൽ നിന്നും കൂടുതൽ നേതാക്കൾ ബി ജെ പിയിൽ ചേരുമെന്ന് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നുണ്ട്. ജെ ഡി എസിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാണ്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും പാർട്ടിക്ക് മുന്നേറാൻ സാധിക്കാത്തതിൽ പല നേതാക്കളും അതൃപ്തിയിലാണെന്നാണ് വിവരം. സാഹചര്യം അനുകൂലമായാൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയേക്കുമെന്നാണ് റിപ്പോർട്ട്.