'ഒമൈക്രോൺ ഉപവകഭേദം വെല്ലുവിളി'; കുട്ടികൾക്കുള്ള വാക്സിൻ വിതരണത്തിന് മുൻഗണനയെന്നും പ്രധാനമന്ത്രി
ദില്ലി; രാജ്യത്ത് കൊവിഡ് പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചാത്യ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കാൻ കാരണമായ ഒമൈക്രോൺ ഉപവകഭേദം വലിയ വെല്ലുവിളിയാണ് തീർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിളിച്ച് ചേർത്ത കൊവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
'മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാൻ നമ്മുക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടാകുന്നുണ്ട്.നമ്മൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. കൊവിഡ് ഇപ്പോഴും വെല്ലുവിളിയാണെന്ന കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികൾ എത്രയും വേഗം കൊവിഡ് വാക്സിൻ നൽകും. ഇതിനായി സ്‌കൂളുകളിൽ പ്രത്യേക പരിപാടികൾ നടത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ശാസ്ത്രജ്ഞരും വിദഗ്ധരും ദേശീയവും ആഗോളവുമായ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് കൂട്ടായ സമീപനത്തോടെ എല്ലാവരും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
രാജ്യത്തെ 96% മുതിർന്നവർക്കും കോവിഡ്-19 വാക്‌സിൻ ആദ്യ ഡോസ് നൽകിയിട്ടുണ്ട് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണ്. 15 വയസ്സിനു മുകളിൽ പ്രായമുള്ള 85% പൗരന്മാർക്കും വാക്സിൻ രണ്ടാം ഡോസും നൽകിയിട്ടുണ്ട്. കൊറോണയിൽ നിന്ന് സ്വയം രക്ഷിക്കാനുള്ള ഏറ്റവും വലിയ കവചമാണ് വാക്സിൻ എന്ന കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.