'ഉച്ചഭാഷിണികൾ നീക്കം ചെയ്യും', ബാൽ താക്കറെയുടെ വീഡിയോ ട്വീറ്റ് ചെയ്ത് രാജ് താക്കറെ
മുംബൈ: മസ്ജിദുകളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യുമെന്നും പൊതു സ്ഥലങ്ങളിലെ നിസ്കാരങ്ങൾ തടയും എന്നും ആവർത്തിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. അന്തരിച്ച ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പഴയ പ്രസംഗം ട്വീറ്റ് ചെയ്തുകൊണ്ടാണ് രാജ് താക്കറെ തന്റെ നിലപാട് വ്യക്തമാക്കിയത്. നേരത്തെ ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളി കേൾപ്പിക്കുന്ന പള്ളികൾക്ക് മുൻപിൽ ഹനുമാൻ കീർത്തനങ്ങൾ കേൾപ്പിക്കണമെന്ന് താക്കറെ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് രാജ് താക്കറെയുടെ പുതിയ ട്വീറ്റ്. നേരത്തെ മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണികൾക്കെതിരായി രാജ് താക്കറെ ഔറംഗബാദിൽ നടത്തിയ പ്രസംഗത്തിൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര പോലീസ് ഡയറക്ടർ ജനറൽ രജനീഷ് സേത്ത് പറഞ്ഞിരുന്നു. അതേ സമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയുടെയും ശരദ് പവാറിന്റെയും സമ്മർദ്ദത്തിലാണെന്നും അതിനാലാണ് ഉച്ചഭാഷിണിക്കെതിരെ തീരുമാനമെടുക്കാൻ കഴിയാത്തതെന്നും രാജ് താക്കറെയുടെ ട്വീറ്റിനോട് പ്രതികരിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
അന്തരിച്ച ബാൽ താക്കറെയും അദ്ദേഹത്തിന്റെ തത്വങ്ങളും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മറന്നുകൊണ്ടിരിക്കുകയാണെന്നും പൂനവല്ല പറഞ്ഞു. ഹിന്ദുത്വ, വീർ സവർക്കർ, രാമക്ഷേത്രം എന്നിവയിൽ ഉദ്ധവ് വിട്ടുവീഴ്ച ചെയ്തു. റോഡുകളിൽ ആസാൻ നമസ്‌കാരത്തിനും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള വാങ്ക് വിളിയിലും ബാൽ താക്കറെ കർക്കശക്കാരനായിരുന്നെന്നും അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു. അതിനിടെ, ഇന്ന് രാവിലെ മുംബൈയിലെ ചാർകോപ് ഏരിയയിലെ പള്ളിക്ക് സമീപം എംഎൻഎസ് പ്രവർത്തകർ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിച്ച് പ്രതിഷേധിച്ചു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയകളിൽ വൈറലാണ്.
ഒരു എംഎൻഎസ് പ്രവർത്തകൻ ഹനുമാൻ ചാലിസ വായിക്കുമ്പോൾ ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് കാവി പതാക ഉയർത്തുന്നത് ഈ വിഡിയോയിൽ കാണാം. ഈ സമയത്ത് അടുത്തുള്ള പള്ളിയുടെ ഉച്ചഭാഷിണിയിൽ നിന്ന് 'ആസാൻ' കേൾക്കാനും സാധിക്കും. മെയ് 4 മുതൽ മസ്ജിദുകൾക്ക് മുകളിലുള്ള ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് രാജ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെ താക്കറെക്കെതിരെ ഔറംഗബാദ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. " ഉച്ചഭാഷിണിയിൽ ആസാൻ മുഴങ്ങുന്നത് നിങ്ങൾ കേൾക്കുകയാണെങ്കിൽ, അവിടെ ഹനുമാൻ ചാലിസ ഉച്ചഭാഷിണിയിൽ പ്ലേ ചെയ്യണമെന്ന് എല്ലാ ഹിന്ദുക്കളോടും ഞാൻ അഭ്യർത്ഥിക്കുന്നു, അപ്പോഴാണ് ഈ ഉച്ചഭാഷിണികളുടെ ബുദ്ധിമുട്ട് അവർക്ക് മനസിലാകു" എന്നായിരുന്നു രാജ് താക്കറെയുടെ വാക്കുകൾ.