ഹൈടെക് തട്ടിപ്പുമായി ടാക്സി ഡ്രൈവര്‍മാര്‍; തട്ടിപ്പ് ഓല ആപ്പ് ഉപയോഗിച്ച്
മുബൈ: മൊബൈല്‍ ആപ്ലിക്കേഷനിലെ സാങ്കേതിക പിഴവ് ദുരുപയോഗം ചെയ്ത് ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം കൂടുതലായി ചേര്‍ത്ത് യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കി വരികയായിരുന്ന മൂന്ന് ഓല കാബ് ഡ്രൈവര്‍മാരെ മുബൈ പോലീസ് പിടികൂടി. നവംബര്‍ ആദ്യമാണ് ഇവര്‍ പിടിയിലായത്.ഒല ആപ്പിന്റെ പഴയ പതിപ്പിലെ ഈ പഴുത് നാല്‍പ്പതോളം ഡ്രൈവര്‍മാര്‍ ദുരുപയോഗം ചെയ്തതായി പോലീസ് പറയുന്നു.
അറസ്റ്റിലായ മൂന്ന് പേരില്‍ രാജേഷ് ആചാര്യ എന്ന ആളാണ് മുഖ്യ സൂത്രധാരന്‍. ഓല ആപ്പിന്റെ ഒരു അപാകത കണ്ടെത്തിയ ഇയാള്‍ കാര്‍ യാത്ര ചെയ്യുന്ന ദൂരം കൂടുതലായി ചേര്‍ക്കും വിധം കൃത്രിമം വരുത്തുകയായിരുന്നു, ഇതുവഴി യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കാന്‍ ഇവര്‍ക്ക് സാധിച്ചു.
കാറിന്റെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ ആപ്പിലുള്ള പിഴവാണ് ഡ്രൈവര്‍മാര്‍ പ്രയോജനപ്പെടുത്തിയത്. ഒരു ടാക്സി കാര്‍ പാലത്തിന് അടിയിലാണെങ്കിലും ജിപിഎസ് മാപ്പില്‍ പാലത്തിന് മുകളിലായാവും കാണിക്കുക. ഇത് മനസിലാക്കിയ ഡ്രൈവര്‍മാര്‍ കാര്‍ ഒരു വലിയ മേല്‍പ്പാലത്തിനടിയിലൂടെ പോവുമ്പോഴെല്ലാം ആപ്പ് ഓഫ് ആക്കിവെക്കും. പാലം മറികടന്നതിന് ശേഷം ഇടത്തോട്ടോ വിലത്തോട്ടൊ തിരിയുന്നതോടെ അവര്‍ ആപ്പ് വിണ്ടും ഓണ്‍ ചെയ്യും.
ഇതോടെ ആപ്ലിക്കേഷനിലെ മാപ്പ് കാര്‍ ഇതുവരെ പാലത്തിന് മുകളിലായിരുന്നു എന്ന് തെറ്റിദ്ധരിക്കപ്പെടും. പിന്നീട് കാര്‍ നിലവില്‍ നീങ്ങിക്കൊണ്ടിരുന്ന സ്ഥലത്തേക്ക് പാലത്തില്‍ നിന്നുള്ള ദീരം കണക്കാക്കും. ഇങ്ങനെ പുനര്‍നിര്‍ണയിക്കുന്ന വഴി ഡ്രൈവര്‍ യതാര്‍ഥത്തില്‍ സഞ്ചരിച്ച ദൂരത്തേക്കാള്‍ കൂടുതലുണ്ടാവും.
ദൈര്‍ഘ്യമേറിയ മുംബൈ വിമാനത്താവളം -പില്വേല് റൂട്ടിലാണ് ഈ ഡ്രൈവര്‍മാര്‍ യാത്ര തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുവഴി നിരവധി പാലങ്ങളും, മേല്‍പ്പാലങ്ങളും ഉള്ളതാണ് ഇതിന് കാരണം. ഡ്രെവര്‍മാര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് റൂട്ട് തിരഞ്ഞെടുക്കാന്‍ സഹായിച്ചിരുന്ന ആപ്പിലെ ഹോം ഓപ്ഷന് ഡ്രൈവര്‍മാര്‍ പ്രയോജനപ്പെടുത്തിയാണ് ഈ റൂട്ടില്‍ മാത്രം യാത്രക്കാരെ കണ്ടെത്തിയത്. ഈ ഓപ്ഷനില്‍ ഡ്രൈവര്‍മാര്‍ അവരുടെ ഹോം ലൊക്കേഷനായി പന്‍വേല്‍ നല്‍കും. ഇതുവഴി പന്‍വേല്‍ റൂട്ടിലുള്ള യാത്രകള്‍ മാത്രം ആപ്പിലൂടെ ലഭിച്ചു.
യാത്രക്കാര്‍ പരാതി പറയുമ്പോളെല്ലാം തങ്ങള്‍ക്ക് പണം നല്‍കാനും പരാതിയുണ്ടെങ്കില്‍ അത് കമ്പനിയോട് പറയാനുമാണ് ഡ്രൈവര്‍മാര്‍ പറഞ്ഞിരുന്നത്.
ഇങ്ങനെ കൃത്രിമം കാണിക്കുമ്പോള്‍ പന്‍വേലിലേക്ക് 610 രൂപയാണ് ചാര്‍ജ് എങ്കില്‍ ആപ്പില്‍ കാണിക്കുക 1240 എന്നായിരിക്കും. ഡിസംബര്‍ 2019 മുതല്‍ ഈ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പിടിയിലായ ഡ്രൈവര്‍മാര്‍ പറയുന്നത് എങ്കിലും അതിലേറെ കാലമായി ഇത് തുടരുന്നുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
ആപ്ലിക്കേഷനിലെ സാങ്കേതിക പ്രശ്നം താന്‍ കണ്ടെത്തിയതാണെന്ന് പ്രതി പറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. ആപ്ലിക്കേഷനിലെ ഒട്ടോ അപ്ഡ്റ്റഡ് ഓഫ് ചെയ്ത് വെച്ചതിനാല്‍ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്ന അപ്ഡേറ്റുകളൊന്നും ഇവരുടെ ആപ്പില്‍ വന്നിരുന്നില്ല.
വിമാനത്താവളത്തിന് പുറത്ത് നിന്നുള്ള ടാക്സി ഡ്രൈവര്‍മാരാണ് ഇങ്ങനെ ഒരു തട്ടിപ്പിന്റെ സൂചന പൊലീസിന് നല്‍കുന്നത്. തുടര്‍ന്ന് യാത്രക്കാര്‍ എന്ന വ്യജേന ടാക്സിയില്‍ കയറിയ പൊലീസുകാര്‍ തട്ടിപ്പുകാരെ പിടികൂടികയായിരുന്നു.