സ്ഥലംമാറ്റ നടപടി റദ്ദ് ചെയ്യാൻ ഇരുപത്തിനാലോളം വിദ്യാർത്ഥികളെ അധ്യാപകർ പൂട്ടിയിട്ടു
ലഖ്നൗ; ഉത്തർ പ്രദേശിൽ രണ്ട് അധ്യാപകർ ചേർന്ന് 24ഓളം വിദ്യാർത്ഥികളെ സ്‌കൂളിന്റെ മേൽക്കൂരയിൽ പൂട്ടിയിട്ടതായി റിപ്പോർട്ട്. ലഖിംപൂർ ഖേരി ജില്ലയിലെ ബെഹ്‌ജാമിലുള്ള കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ആരോപണവിധേയരായ മനോരമ മിശ്ര, ഗോൾഡി കത്യാർ എന്നീ അധ്യാപകർക്കെതിരെ നടപടി സ്വീകരണിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രം ഗത്ത് വന്നിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും ലോക്കൽ പോലീസും ചേർന്ന് മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് കുട്ടികളെ മോചിതരാക്കിയത്. ശേഷം ഇവരെ ഹോസ്റ്റലിലേക്ക് മാറ്റി. അതേ സമയം ഈ അധ്യാപകർക്കെതിരെ അധികൃതർ നേരത്തെ സ്ഥലംമാറ്റ നടപടി സ്വീകരിച്ചിരുന്നു എന്നും. ഇതിൽ പ്രതിഷേധിച്ച് അധികാരികളെ സമ്മർദ്ദത്തിൽ ആക്കാനും സ്ഥലം മാറ്റ നടപടി റദ്ദ് ചെയ്യിക്കാനും ആണ് അധ്യാപകർ കുട്ടികളെ പൂട്ടിയിട്ടത് എന്നാണ് പ്രാധമിക നിഗമനം.

"അച്ചടക്കത്തിന്റെ അടിസ്ഥാനത്തിൽ ഈ അധ്യാപകരെ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലേക്ക് സ്ഥലം മാറ്റാനുള്ള ഉത്തരവ് റദ്ദാക്കാൻ ജില്ലാ അധികാരികളിൽ സമ്മർദ്ദം ചെലുത്താനാണ് അധ്യാപകർ ഇത്തരം തന്ത്രങ്ങൾ അവലംബിച്ചത്" ലഖിംപൂർ ഖേരിയിലെ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ ലക്ഷ്മികാന്ത് പാണ്ഡെ വെള്ളിയാഴ്ച പിടിഐയോട് പറഞ്ഞു. ഹോസ്റ്റൽ വാർഡൻ ലളിത് കുമാരിയാണ് കുട്ടികളെ പൂട്ടിയിട്ടിരിക്കുന്ന വിവരം ലക്ഷ്മികാന്ത് പാണ്ഡെയെയും ഗേൾ എജ്യുക്കേഷൻ ജില്ലാ കോഓർഡിനേറ്റർ രേണു ശ്രീവാസ്തവിനെയും വിവരം അറിയിച്ചത്. ഉടൻ തന്നെ ഇവർ സ്ഥലത്ത് എത്തി മണിക്കൂറുകളോളം ഇവിടെ ക്യാമ്പ് ചെയ്തു. പിന്നീട് ലോക്കൽ പോലീസിലെ വനിതാ ജീവനക്കാരെയും വിളിച്ചു വരുത്തി.
ആരോപണ വിധേയരായ മനോരമ മിശ്ര, ഗോൾഡി കത്യാർ എന്നീ അധ്യാപകർക്കെതിരെ ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ലക്ഷ്മികാന്ത് പാണ്ഡെ പറഞ്ഞു. സെക്ഷൻ 342 (തെറ്റായ തടങ്കൽ), 504 (സമാധാന ലംഘനത്തിന് കാരണമായ മനഃപൂർവ്വം അപമാനിക്കൽ), 336 (മനുഷ്യന്റെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന അശ്രദ്ധ) എന്നിവയാണ് ചാർജ് ചെയ്തിട്ടുള്ള വകുപ്പുകൾ. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ അന്വേഷണത്തിൽ അധ്യാപകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ സർവീസ് കരാർ അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications