വിലക്കിനിടെ പച്ചക്കൊടി വീശി സൌദി: പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് അനുമതി!!
റിയാദ്: ഇന്ത്യയിൽ നിന്നുള്ള വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വിമാന സർവീസുകൾ പുനസ്ഥാപിച്ച് സൌദി അറേബ്യ. സൌദിയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മാത്രമാണ് നിലവിൽ അനുമതിയുള്ളത്. കൊറോണ വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്കും സൌദി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളിലേക്കുള്ള സർവീസ് പുനരാരംഭിച്ചിട്ടില്ല.
47272 രൂപ കൈക്കലാക്കി കേന്ദ്രം; ജിഎസ്ടിയില് കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോര്ട്ട്

സർവീസ് ഇന്ത്യയിലേക്ക്
സൌദിയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ കൊണ്ടുവരുമെങ്കിലും ഇന്ത്യയിൽ നിന്ന് സൌദിയിലേക്ക് യാത്രക്കാരെ കൊണ്ടുപോകില്ലെന്ന് എയർ ഇന്ത്യയും ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്രസർക്കാരിന് കീഴിലുള്ള വന്ദേഭാരത് സർവീസിന് കീഴിൽ എയർ ഇന്ത്യ വിമാനങ്ങൾ ഇന്ത്യയിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നത് തുടരുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് രാജ്യങ്ങൾക്ക് വിലക്ക്
കൊറോണ വൈറസ് വ്യാപനം വേഗത്തിലായതോടെ ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ബുധനാഴ്ചയാണ് സൌദി അറേബ്യ വിലക്കേർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് വിമാന കമ്പനികൾക്ക് സൌദി അറിയിപ്പ് നൽകുകയായിരുന്നു. എന്നാൽ എത്ര കാലത്തേയ്ക്കാണ് വിമാനങ്ങൾക്കുള്ള വിലക്ക് നിലനിൽക്കുകയെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിട്ടില്ല.

വിലക്ക് തുടരും
സൌദി അറേബ്യ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ സെപ്തംബർ 24 മുതൽ ഇന്ത്യൻ വിമാന കമ്പനികൾക്ക് സൌദിയിലേക്ക് സർവീസ് നടത്താൻ കഴിയില്ല. കൊറോണ വൈറസ് വ്യാപനം തടയാൻ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കിയതോടെ എയർഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ കമ്പനികളാണ് സൌദിയിലേക്ക് കുറച്ച് മാസങ്ങളായി ചാർട്ടേഡ് സർവീസുകൾ നടത്തി വരുന്നത്. നേരത്തെ കൊറോണ വൈറസ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഒക്ടോബോർ രണ്ട് വരെ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ്ങും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

സർക്കാർ ക്ഷണമുള്ളവർക്ക്
കഴിഞ്ഞ 14 ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങൾ സന്ദർശനം നടത്തിയ ആരെയും സൌദി സന്ദർശിക്കാൻ അനുവദിക്കില്ലെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാർ ക്ഷണമുള്ളവർക്ക് മാത്രമാണ് ഇക്കാര്യത്തിൽ സൌദി ഇളവ് നൽകുന്നത്. കൊറോണ വൈറസ് ഭീതിയെത്തുടർന്നാണ് നീക്കം. കൊറോണ വൈറസ് വ്യാപനത്തിൽ ലോകത്ത് രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് ഇതുവരെ 58,18,570 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്കും അടുക്കുകയാണ്.