• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സുഗതകുമാരി നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച ഏറ്റവും വലിയ കവി: ടി.പത്മനാഭൻ

  • By Desk

കണ്ണൂർ: നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച ഏറ്റവും വലിയ കവിയാണ് സുഗതകുമാരിയെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. താൻ ഏറെ ആദരിച്ച കവയത്രിയാണവർ. ഒട്ടേറെ കഥകളിൽ അവരെ കുറിച്ചും കവിതകളെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. വ്യക്തിപരമായി നന്നായി അറിയാം. കവി എന്നതിനപ്പുറം കേരളം കണ്ട ഏറ്റവും മികച്ച ആക്ടിവിസ്റ്റ്, പ്രകൃതി സ്നേഹി എന്നീ നിലകളിലും സുഗതകുമാരി ഏറെ ശ്രദ്ധനേടി. മരണത്തിൽ ഖേദിച്ചു കൊണ്ട് രാഷ്ട്രീയക്കാർ അലമുറയിടുന്നതു കണ്ട് തനിക്ക് കരയണോ ചിരിക്കണോ എന്നറിയില്ലെന്നും ടി പത്മനാഭൻ അനുശോചനത്തിൽ കണ്ണൂരിൽ പറഞ്ഞു.

ബെംഗളൂരു രാത്രികാല കർഫ്യൂ: സമയം പരിഷ്കരിച്ച് സർക്കാർ, 24 മുതൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ

ഇതിനിടെ പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു.

സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും 'പെണ്‍കുഞ്ഞ് 90' പോലെയുള്ള കവിതകളില്‍ നീറിനിന്നു. 'സാരേ ജഹാം സെ അച്ഛാ' എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു.

പിതാവ് ബോധേശ്വരന്റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ കവിതകളിലൂടെ മലയാളത്തിന്റെ യശസ്സുയര്‍ത്തി. പ്രകൃതിയെക്കുറിച്ചും അതിലെ സമസ്ത ജീവജാലങ്ങളെക്കുറിച്ചും ഉള്ള കരുതല്‍ അവരുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചുനിന്നു.

മലയാളഭാഷയ്ക്കു മുതല്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വരെയുള്ള സമരമുഖങ്ങളില്‍ അവരുണ്ടായിരുന്നു. നിരാലംബരായ പെണ്‍കുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസികളുടെയുമൊക്കെ നാവായി അവര്‍ നിലകൊണ്ടു. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ മാതൃകാപരമായി ഇടപെട്ടു. അഭയ പോലൊരു സ്ഥാപനമുണ്ടാക്കി നിരാധാരരായ സ്ത്രീകള്‍ക്ക് ആശ്വാസമേകിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു

മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാളായി നിലകൊണ്ടപ്രിയപ്പെട്ട സുഗതകുമാരിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കൊ വിഡ് മഹാമാരി നമ്മുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെക്കൂടി കവര്‍ന്നെടുത്തിരിക്കുന്നത് ഏറെ ദുഃഖകരമാണ്.

കവയിത്രി, പ്രകൃതി സംരക്ഷക, ഭാഷാസംരക്ഷക, നിരാലംബരുടെസംരക്ഷക എന്നീ നിലകളില്‍ പ്രശംസനീയമായപ്രവര്‍ത്തനങ്ങള്‍ നടത്തിയ അവര്‍ സ്ത്രീകളുടെ സുരക്ഷ, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവക്ക് വേണ്ടിയും ശക്തമായി നിലകൊണ്ടു. വനിതാ കമീഷന്റെ ആദ്യത്തെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.

രാത്രിമഴ, അമ്പലമണി, പാവം മാനവഹൃദയം, മുത്തുച്ചിപ്പി തുടങ്ങി നിരവധി കവിതകളിലൂടെ ആധുനിക കവിതയെ അടയാളപ്പെടുത്തിയ സാഹിത്യകാരിയായിരുന്നു. പരിസ്ഥിതി, സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍, ബാലാവകാശങ്ങള്‍ എന്നിവ കവിതയിലും സാമൂഹ്യ വ്യവഹാരങ്ങളിലും കൊണ്ടുവരുന്നതില്‍ സുഗതകുമാരിയുടെ പങ്കു വലുതാണ്.

കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ്. ജീവിതാവസാനംവരെ കാടിനും പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി അവര്‍ നിലകൊണ്ടു. പൊതുജീവിതത്തിലെ ഉന്നതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എക്കാലവും ശ്രദ്ധിച്ചു. അഭയ എന്ന സ്ഥാപനം നിരാലംബരായ നിരവധി പേര്‍ക്ക് അഭയം നല്‍കി.

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ രൂപീകരണം മുതല്‍ ഭരണസമിതി അംഗമായി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര്‍ മാസികയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു.സൈലന്റ് വാലി സംരക്ഷണ സമരത്തിന്റെ മുന്‍നിരയില്‍ അവര്‍ ഉണ്ടായിരുന്നുവെന്നും എ.കെ ബാലൻ പറഞ്ഞു.

English summary
T Padmanabhan remembers Poet Sugathakumari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X