കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത; പ്രതിയുടെ 2 സുഹൃത്തുക്കള്‍ മരിച്ച നിലയില്‍
കാസര്‍കോട്: കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പോലീസ് തിരയുന്ന പ്രതിയുടെ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍. വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഫ്‌ളോര്‍മില്‍ ജീവനക്കാരനായ നായ്ക്കാപ് സ്വദേശി ഹരീഷിനെ വീട്ടിലേക്ക് വരുന്ന വഴിയില്‍ വച്ച് ചിലര്‍ വെട്ടിക്കൊന്നിരുന്നു.
ബൈക്കില്‍ വരുമ്പോഴായിരുന്നു ആക്രമണം. മില്ലിലെ ജീവനക്കാരനായ ശ്രീകുമാറാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ പിടികൂടിയിട്ടില്ല. ഒളിവിലാണ്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. മറ്റു ചിലരുടെ സഹായമില്ലാതെ പ്രതി കൊലപാതകം നടത്തില്ലെന്നും പോലീസ് കരുതുന്നു.
ഇതിനിടെയാണ് ശ്രീകുമാരിന്റെ സുഹൃത്തുക്കളായ റോഷന്‍, മണികണ്ഠന്‍ എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ഹരീഷിനെ കൊന്ന സംഭവത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ശ്രീകുമാറിനൊപ്പം തിങ്കളാഴ്ച ഇരുവരും കാറില്‍ പോയിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെയും പിടികൂടാന്‍ പോലീസിന് പദ്ധതിയുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ന് വൈകീട്ട് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
ഹരീഷിന് തലയിലും കഴുത്തിലുമാണ് വെട്ടേറ്റത്. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തിരുന്നു. എന്നാല്‍ കത്തി ഉപയോഗിച്ചല്ല ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു. ആറ് മാസം മുമ്പാണ് ഹരീഷ് വിവാഹിതനായത്. പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതിയുടെ സുഹൃത്തുക്കള്‍ മരിച്ച സാഹചര്യത്തില്‍ സംഭവത്തിലെ ദുരൂഹത ഏറുകയാണ്.
ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്