കട്ടിലിന്റെ കാല്‍ പൊട്ടിയ നിലയില്‍, ചെവികളില്‍ നീലിച്ച പാടുകള്‍; ഷഹന നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് കുടുംബം
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നടിയും മോഡലുമായ ഷഹനയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍. ഷഹനയുടെ ചെവികളില്‍ അടി കിട്ടിയ പോലുള്ള നീലിച്ച പാടുകള്‍ ഉണ്ടെന്നാണ് മാതാവ് പറയുന്നത്. പറയുന്നത്. രണ്ട് കൈക്കും പൊട്ടലുമുണ്ട്. കഴുത്തിലും വിരല്‍ കൊണ്ട്കുത്തിയ പോലുള്ള പാടുകളുണ്ടെന്നും ഉമ്മ ഉമൈബ പറയുന്നു. ഷഹനയുടെ മൃതദേഹം കിടന്ന മുറിയില്‍ അടിപിടി നടന്നതിന്റെ സൂചനയായി കട്ടിലിന്റെ കാല് പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ജനലില്‍ നേരിയ പ്ലാസ്റ്റിക് കയര്‍ ഉണ്ടായിരുന്നു.
ഷഹനയുടെ മരണം ആത്മഹത്യയാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ പാടുകളും മുറിവുകളുമുണ്ട്. വിശദമായ അന്വേഷണത്തിനായി ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കും. ഷഹനയെ ഭര്‍ത്താവ് സജ്ജാദ് മര്‍ദ്ദിക്കാറുണ്ടെന്ന് ഉമ്മ ഉമൈബ കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടുകാരും ഉപദ്രവിക്കാറുണ്ടെന്നാണ് ഉമ്മ പറയുന്നത്. കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.
'പ്രോസിക്യൂട്ടറെ അതിജീവിത എങ്ങനെ തെരഞ്ഞെടുക്കും, അവള് ആരെ വിശ്വസിക്കും'? സിന്സി അനില്

വിവാഹം കഴിഞ്ഞ ശേഷം മകളുടെ ജീവിതം ദുരിത പൂര്‍ണമായിരുന്നു എന്നാണ് ഉമൈബയും ഷഹനയുടെ മറ്റ് ബന്ധുക്കളും പറയുന്നത്. കല്യാണം കഴിഞ്ഞ് കോഴിക്കോട്ട് തിരിച്ചെത്തിയ ശേഷം മകളെ തടങ്കലിലിട്ട പോലെയാണ് പാര്‍പ്പിച്ചിരുന്നത്. 25 പവന്‍ സ്വര്‍ണം സജ്ജാദിന്റെ വീട്ടുകാര്‍ ചോദിച്ചുവാങ്ങി എന്നാണ് ഷഹനയുടെ ബന്ധുക്കള്‍ പറയുന്നത്. മകളെ കാണാന്‍ ഉമെബയും മറ്റ് ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും സജ്ജാദിന്റെ കുടുംബം അനുവദിച്ചിരുന്നില്ല. ഏഴ് മാസം മുന്‍പാണ് ഉമൈബ അവസാനമായി സജ്ജാദിന്റെ കക്കോടിയിലെ വീട്ടില്‍ എത്തിയത്. അന്നും അവര്‍ മകളെ കാണാന്‍ അനുവദിച്ചിരുന്നില്ല.

അതിനിടെ സജ്ജാദ് ലഹരിക്കടിമയാണെന്ന തരത്തിലുള്ള സൂചനകളും പുറത്തവരുന്നുണ്ട്. ഇന്നലെ രാത്രിയോടെ സജ്ജാദിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് സജ്ജാദിനെതിരെ ചുമത്തിയിരിക്കുന്നത്. സജ്ജാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷഹനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ചെറുവത്തൂരിലേക്കു കൊണ്ടുപോയിരിക്കുകയാണ്.

ഷഹനയെ ഭക്ഷണം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടാണ് സജ്ജാദ് ഉപദ്രവിച്ചത്. ഷഹനയെ കൊന്ന് കളയുമെന്ന് സജ്ജാദ് ഭീഷണിപ്പെടുത്തിയിരുന്നതായി ഉമൈബ പറഞ്ഞിട്ടുണ്ട്. സജ്ജാദിന്റെ പീഡനത്തില്‍ പൊറുതി മുട്ടി ഒരുതവണ ഷഹന പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലേക്ക് പോയിരുന്നു. എന്നാല്‍ സജ്ജാദിന്റെ സുഹൃത്തുക്കള്‍ പിന്തുടര്‍ന്നെത്തി പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

ബന്ധു വഴിയാണ് സജ്ജാദിന്റെ വിവാഹാലോചനയെത്തിയത്. സജ്ജാദിന് ഖത്തറില്‍ ജോലിയുണ്ട് എന്നാണ് അന്ന് പറഞ്ഞിരുന്നതെന്നും ഷഹനയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, വിവാഹ ശേഷം സജ്ജാദ് ഗള്‍ഫിലേക്ക് പോയിട്ടില്ല. വിവാഹ ശേഷമാണ് ഷഹന മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. മോഡലിംഗിലൂടെ ലഭിക്കുന്ന പണമെല്ലാം സജ്ജാദ് ഭീഷണിപ്പെടുത്തി കൈക്കലാക്കിയിരുന്നു. ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത 'ലോക്ഡൗണ്‍' എന്ന തമിഴ് സിനിമയിലും ചില കന്നഡ മലയാളം സിനിമികളിലും ഷഹന ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ജൂവലറി പരസ്യത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലമായി ലഭിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് സജ്ജാദ് പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തര്‍ക്കമുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഈ ഫെബ്രുവരി 26-നാണ് പറമ്പില്‍ ബസാറിലേക്ക് ഇരുവരും താമസം മാറ്റിയത്. ഷഹനയും സജ്ജാദും തമ്മില്‍ പ്രശ്നങ്ങളുണ്ടാവാറുണ്ടെന്നാണ് ക്വാര്‍ട്ടേഴ്‌സ് ഉടമ പറയുന്നത്.
മുക്കുത്തി കണ്ടില്ലാന്ന് ഇനി പറയരുത്; തുരുതുരാ മുക്കുത്തി ചിത്രങ്ങളുമായി ഷഫ്‌ന