പുതുവൈപ്പിലെ സമരം; പ്രശ്നം അവസാനിപ്പിക്കാൻ 'ഫോർമുല'യുമായി പിണറായി,തിരുവനന്തപുരത്ത് സർവകക്ഷി യോഗം
പാചക വാതക പ്ലാന്റിന്റെ നിർമ്മാണം നിർത്തിവെയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നാട്ടില്ലെന്ന് സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: പുതുവൈപ്പിലെ ഐഒസി പാചക വാതക പ്ലാന്റിനെതിരെയുള്ള സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം ജൂൺ 21 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം.
പുതുവൈപ്പ് സമരസമിതിയുടെ മൂന്ന് പ്രതിനിധികൾ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വരാപ്പുഴ മെത്രോപ്പൊലീത്തയുടെ രണ്ട് പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റ്, ഐഒസി ഉദ്യോഗസ്ഥർ, പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ത്രിതല പഞ്ചായത്തംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

പാചക വാതക പ്ലാന്റിന്റെ നിർമ്മാണം നിർത്തിവെയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നാട്ടില്ലെന്ന് സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്. സമരക്കാർക്കെതിരെ നടത്തിയ അതിക്രമത്തിലും ലാത്തിച്ചാർജ്ജിലും പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമിതി നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടും.
അതേസമയം, പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കോടതി വിധിയാകും സർക്കാർ ചർച്ചയിൽ ഉയർത്തിക്കാട്ടുക. പോലീസിനെതിരെ നടപടി സ്വീകരിച്ച് പ്ലാന്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കോടതിയുടെ പരിഗണനയ്ക്ക് വിടുക എന്നതാകും യോഗത്തിൽ മുഖ്യമന്ത്രി സ്വീകരിക്കാനിടയുള്ള അനുരഞ്ജനശ്രമമെന്നാണ് സൂചന.












Click it and Unblock the Notifications