• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുല്ലപ്പള്ളി കെയർ ടേക്കർ പ്രസിഡണ്ട്, അതെന്ത് സംവിധാനമാണ്‌?' കോൺഗ്രസിനെതിരെ വിജയരാഘവൻ

തിരുവനന്തപുരം: കോൺഗ്രസിനെ നിശിതമായി വിമർശിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. ഹിന്ദു വർഗീയതയുമായും മുസ്ലിം വർഗീയതയുമായും ഒരുപോലെ സഹകരിച്ചാണ്‌ കോൺഗ്രസ്‌ പ്രവർത്തിക്കുന്നതെന്നും അതേക്കുറിച്ച് പാർട്ടിക്ക് ഒരു ഉത്കണ്ഠയും ഇല്ലെന്നും എ വിജയരാഘവൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ്‌ തോൽവി ഒരവസരമായി കണ്ട്‌ കസേര പിടിക്കാനുള്ള നീക്കങ്ങളും മറുനീക്കങ്ങളുമാണ്‌ ഇപ്പോൾ കോൺഗ്രസിൽ കാണുന്നത്‌ എന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.

1

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നയിക്കുന്ന യുഡിഎഫിനുണ്ടായ ദയനീയ പരാജയം പ്രതിപക്ഷ മുന്നണിയിലും ഘടക കക്ഷികളിലും വലിയ അന്തഃഛിദ്രത്തിന്‌ വഴിവച്ചിരിക്കുന്നു. ഇതു പ്രതീക്ഷിച്ചതാണ്‌. കോൺഗ്രസിന്റെ തോൽവിയെക്കുറിച്ച്‌ അശോക്‌ ചവാൻ കമ്മിറ്റി പഠിച്ചു കൊണ്ടിരിക്കുകയാണ്‌. കമ്മിറ്റിയുടെ നിഗമനങ്ങൾ എന്ന നിലയിൽ ചില കാര്യങ്ങൾ പുറത്തു വരുന്നുണ്ട്‌. എന്നാൽ, ഔദ്യോഗികമായി കമ്മിറ്റിയുടെ റിപ്പോർട്ട്‌ പുറത്തു വന്നിട്ടില്ല. വാർത്തകളിൽ നിന്ന്‌ മനസ്സിലാകുന്നത്‌, അശോക്‌ ചവാൻ കമ്മിറ്റിയുടെ പരിശോധനയുടെ ഊന്നൽ കോൺഗ്രസിലെ നേതൃത്വമാറ്റം കേന്ദ്രീകരിച്ചാണ്‌. അതിന്റെ ഭാഗമാകണം, പ്രതിപക്ഷ നേതാവായിരുന്ന രമേശ്‌ ചെന്നിത്തലയെ മാറ്റി മറ്റൊരാളെ എഐസിസി നിയോഗിച്ചത്‌.

2

ഇനി കെപിസിസി പ്രസിഡന്റിനെ മാറ്റാൻ പോകുന്നു. നിലവിലുള്ള പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പാർടി യോഗങ്ങളിലും മുന്നണി യോഗങ്ങളിലും പങ്കെടുക്കുന്നില്ല. താൻ കെയർ ടേക്കർ (കാവൽ) പ്രസിഡന്റാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. അതെന്തു സംവിധാനമാണ്‌? നൂറുവയസ്സ്‌ പിന്നിട്ട കോൺഗ്രസിന്‌ അപരിചിതമാണ്‌ കെയർ ടേക്കർ പ്രസിഡന്റ്‌ എന്ന ഏർപ്പാട്‌. കേരളത്തിൽ കോൺഗ്രസ്‌ തുടർന്നു വരുന്ന അവസരവാദ നയങ്ങൾ തിരുത്തുന്നതിനെക്കുറിച്ചുള്ള ഒരു ചർച്ചയും കോൺഗ്രസിൽ നടക്കുന്നതായി തോന്നുന്നില്ല. കോൺഗ്രസിന്റെ പ്രവർത്തനത്തിൽ ജനാധിപത്യം തിരിച്ചു കൊണ്ടു വരുന്നതിനെപ്പറ്റിയും ആലോചനയില്ല.

3

ഹിന്ദു വർഗീയതയുമായും മുസ്ലിം വർഗീയതയുമായും ഒരുപോലെ സഹകരിച്ചാണ്‌ കോൺഗ്രസ്‌ പ്രവർത്തിക്കുന്നത്‌. അതിനെക്കുറിച്ചും ഉൽക്കണ്‌ഠ കാണുന്നില്ല. ചുരുക്കത്തിൽ കോൺഗ്രസിന്റെയും മുന്നണിയുടെയും ദയനീയ പരാജയത്തിന്‌ ഇടയാക്കിയ പ്രശ്‌നങ്ങളിലേക്ക്‌ പോകാൻ നേതൃത്വത്തിന്‌ താൽപ്പര്യമില്ല. തെരഞ്ഞെടുപ്പ്‌ തോൽവി ഒരവസരമായി കണ്ട്‌ കസേര പിടിക്കാനുള്ള നീക്കങ്ങളും മറുനീക്കങ്ങളുമാണ്‌ ഇപ്പോൾ കാണുന്നത്‌. കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ്‌ നടന്നിട്ട്‌ മൂന്നു പതിറ്റാണ്ട്‌ കഴിഞ്ഞു. കോൺഗ്രസിലെ യുവതലമുറയ്‌ക്ക്‌ സംഘടനാ തെരഞ്ഞെടുപ്പ്‌ കേട്ടറിവ്‌ മാത്രമായിരിക്കും. എന്നിട്ടും ഈ പാർടിയെ "ജനാധിപത്യകക്ഷി' എന്നാണ്‌ വലതുപക്ഷ മാധ്യമങ്ങൾ കരുതലോടെ വിളിക്കാറുള്ളത്‌.

4

സംഘടനാ തെരഞ്ഞെടുപ്പ്‌ അവസാനിച്ചിട്ട്‌ മൂന്ന്‌ പതിറ്റാണ്ടായെങ്കിൽ കോൺഗ്രസിന്‌ ജനാധിപത്യം നഷ്ടപ്പെട്ടിട്ട്‌ അതിലും ഏറെയായി. ജവാഹർലാൽ നെഹ്‌റുവിന്റെ കാലശേഷം, ഇന്ദിര ഗാന്ധിയാണ്‌ കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക്‌ വന്നത്‌. അതോടെ, ആ പാർടിയിൽ ജനാധിപത്യം ഇല്ലാതായി. ജനാധിപത്യ ഉള്ളടക്കം നഷ്ടപ്പെട്ട പാർടിക്ക്‌ വൈകാതെ രാഷ്ട്രീയ നയവും ഇല്ലാതായി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം പിടിക്കാനുള്ള അവസരവാദ നയങ്ങളാണ്‌ പതിറ്റാണ്ടുകളായി കോൺഗ്രസ്‌ തുടരുന്നത്‌. കഷ്ടപ്പെടുന്ന ജനങ്ങളെക്കുറിച്ചുള്ള കരുതൽ ഉപേക്ഷിച്ച്‌ കോൺഗ്രസ്‌ സമ്പന്നരുടെ താൽപ്പര്യം സംരക്ഷിക്കാൻ തുടങ്ങി. അതാണ്‌ സാമ്പത്തിക ഉദാരവൽക്കരണത്തിൽ എത്തിയത്‌.

5

അതോടൊപ്പം, അഴിമതിയും വളർന്നു. രാജ്യത്ത്‌ ബിജെപിയുടെ വളർച്ചയ്‌ക്കും കേന്ദ്രത്തിൽ ഈ വർഗീയകക്ഷി അധികാരത്തിൽ എത്തുന്നതിനും ഇടയാക്കിയത്‌ കോൺഗ്രസിന്റെ അവസരവാദവും മൃദുഹിന്ദുത്വ സമീപനവും കോർപറേറ്റ്‌ അനുകൂല സാമ്പത്തിക നയങ്ങളുമാണ്‌. ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തെ കടപുഴക്കിയെറിയുന്നതിനുള്ള ദേശീയ പ്രസ്ഥാനത്തിന്‌ നേതൃത്വം കൊടുത്ത പാർടിയാണ്‌ കോൺഗ്രസ്‌. ദേശീയ പ്രസ്ഥാനത്തിന്റെ മഹത്തായ മൂല്യങ്ങളിൽ പ്രധാനം ജനങ്ങളെ ഒരുമിപ്പിച്ച്‌ നിർത്തുക എന്നതായിരുന്നു. മതത്തിനും ജാതിക്കും അതീതമായി ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്താൻ ദേശീയ പ്രസ്ഥാനത്തിന്‌ കഴിഞ്ഞു.

6

മതനിരപേക്ഷമായ ആ കാഴ്‌ചപ്പാട്‌ കോൺഗ്രസ്‌ എന്നോ ഉപേക്ഷിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും കോൺഗ്രസിൽ തർക്കങ്ങളുണ്ടായിരുന്നു. ആ ചേരിതിരിവുകൾക്ക്‌ ആശയപരമായ അടിസ്ഥാനമുണ്ടായിരുന്നു. വാശിയേറിയ തെരഞ്ഞെടുപ്പുകളും ഉണ്ടായിട്ടുണ്ട്‌. 1939ൽ ത്രിപുരിയിൽ (മധ്യപ്രദേശ്‌) നടന്ന എഐസിസി സമ്മേളനവും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നടന്ന തെരഞ്ഞെടുപ്പും കോൺഗ്രസ്‌ ചരിത്രത്തിലെ പ്രധാന ഏടാണ്‌. അതുവരെ കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ വലിയ മത്സരമൊന്നും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തിന്‌ വീറും വേഗവും കൂട്ടണമെന്നും ബഹുജനങ്ങളെ വലിയ തോതിൽ അണിനിരത്തി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ ത്രിപുരി സമ്മേളനത്തിൽ സുഭാഷ്‌ ചന്ദ്രബോസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായി.

7

കോൺഗ്രസിലെ ഇടതുപക്ഷത്തിന്റെ പിന്തുണ സ്വാഭാവികമായും സുഭാഷിനായിരുന്നു. എന്നാൽ, സുഭാഷിനെ അംഗീകരിക്കാൻ ഗാന്ധിജി തയ്യാറായില്ല. അദ്ദേഹം അബുൾ കലാം ആസാദിന്റെ പേര്‌ നിർദേശിച്ചു. എന്നാൽ, സുഭാഷിനെതിരെ മത്സരിക്കാൻ ആസാദ്‌ വിസമ്മതിച്ചു. അദ്ദേഹം പിന്മാറി. എന്നിട്ടും ഗാന്ധിജി വഴങ്ങിയില്ല. അദ്ദേഹം ആന്ധ്രയിൽ നിന്നുള്ള പട്ടാഭി സീതാരാമയ്യയെ സ്ഥാനാർഥിയാക്കി. തെരഞ്ഞെടുപ്പിൽ സുഭാഷ്‌ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു. എന്നാൽ, ഫലത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളാൻ ഗാന്ധിജിക്ക്‌ കഴിഞ്ഞില്ല. "പട്ടാഭിയുടെ പരാജയം എന്റെ പരാജയം' എന്നു പറഞ്ഞ്‌ അദ്ദേഹം പരസ്യ പ്രസ്‌താവന ഇറക്കി.

8

അതോടെ, സുഭാഷിന്‌ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമായി. സുഭാഷിന്റെ ഇടതുപക്ഷ നയങ്ങളോടായിരുന്നു ഗാന്ധിജിക്ക്‌ എതിർപ്പ്‌. രണ്ടുമാസം കഴിഞ്ഞപ്പോൾ സുഭാഷ്‌ ചന്ദ്രബോസ്‌ രാജിവച്ചു. പിന്നീട്‌ അദ്ദേഹം കോൺഗ്രസ്‌ വിട്ട്‌ ഫോർവേഡ്‌ ബ്ലോക്ക്‌ രൂപീകരിച്ചു എന്നത്‌ ചരിത്രം. ദേശീയതലത്തിൽ എന്നപോലെ ഇടതുവലത്‌ ആശയങ്ങൾ തമ്മിലുള്ള സംഘട്ടനം കേരളത്തിലെ കോൺഗ്രസിലുമുണ്ടായിരുന്നു. കോൺഗ്രസിന്റെ വലതുപക്ഷ നയങ്ങളെ നേരിടാനാണ്‌ ഇ എം എസിന്റെയും പി കൃഷ്‌ണപിള്ളയുടെയും എ കെ ജിയുടെയും നേതൃത്വത്തിൽ കോൺഗ്രസിനകത്ത്‌ കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ ഗ്രൂപ്പ്‌ പ്രവർത്തിച്ചത്‌. കോൺഗ്രസിൽ ഇടതുപക്ഷ ആഭിമുഖ്യമുള്ള ആദരണീയനായ നേതാവായിരുന്നു മുഹമ്മദ്‌ അബ്ദുറഹിമാൻ.

9

അദ്ദേഹം നേതൃപദവിയിലേക്ക്‌ വരുന്നതിനെ വലതുപക്ഷം പല്ലും നഖവും ഉപയോഗിച്ച്‌ എതിർത്തിരുന്നു. 1936ൽ പൊന്നാനിയിൽ നിന്ന്‌ കെപിസിസിയിലേക്ക്‌ മത്സരിച്ച അബ്ദുറഹിമാനെ വലതുപക്ഷ കോൺഗ്രസുകാർ ദയനീയമായി പരാജയപ്പെടുത്തി. വിജയിച്ച സ്ഥാനാർഥി പി കൃഷ്‌ണ പണിക്കർക്ക്‌ 160 വോട്ട്‌ കിട്ടിയപ്പോൾ അബ്ദുറഹിമാന്‌ ലഭിച്ചത്‌ വെറും ആറ്‌ വോട്ട്‌. വലതുപക്ഷവും കോൺഗ്രസ്‌ സോഷ്യലിസ്‌റ്റുകാരുമായുള്ള ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരുന്നു. 1938ൽ ജനുവരിയിൽ കോഴിക്കോട്ട്‌ നടന്ന സമ്മേളനത്തിൽ ഇടതുപക്ഷ പിന്തുണയോടെ മുഹമ്മദ്‌ അബ്ദുറഹിമാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ കമ്മിറ്റിയുടെ സെക്രട്ടറിയായി വന്നത്‌ ഇ എം എസ്‌ നമ്പൂതിരിപ്പാട്‌.

10

മുഹമ്മദ്‌ അബ്ദുറഹിമാൻ പ്രസിഡന്റും ഇ എം എസ്‌ സെക്രട്ടറിയുമായ കെപിസിസി എങ്ങനെയാണ്‌ പ്രവർത്തിച്ചതെന്ന്‌ കോൺഗ്രസുകാർ മനസ്സിലാക്കുന്നത്‌ നന്നായിരിക്കും. പാർടി ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നു. അവരുടെ ആവലാതികൾ കേട്ടു. മുനിസിപ്പാലിറ്റി, ഡിസ്‌ട്രിക്ട്‌ ബോർഡ്‌, മന്ത്രിസഭ എന്നീ തലങ്ങളിൽ പരാതികൾ പരിഹരിച്ച്‌ ജനങ്ങൾക്ക്‌ ആശ്വാസമേകാൻ ശ്രമിച്ചു. വാർഡ്‌തോറും വില്ലേജ്‌തോറും പ്രൈമറി കോൺഗ്രസ്‌ കമ്മിറ്റികൾ രൂപീകരിച്ചു. വ്യാപകമായി വായനശാലകൾ സ്ഥാപിച്ചു. ജനങ്ങളിൽ രാഷ്ട്രീയ അവബോധമുണ്ടാക്കാൻ ആഴ്‌ചതോറും സ്‌റ്റഡി ക്ലാസ്‌ സംഘടിപ്പിച്ചു. ബ്രിട്ടീഷ്‌ ഭരണത്തിനെതിരായും ജന്മിമാരുടെ ചൂഷണത്തിന്‌ എതിരായും ജനങ്ങളെ അണിനിരത്തുന്നതിന്‌ ആ കമ്മിറ്റിക്ക്‌ വ്യക്തമായ കർമപരിപാടി ഉണ്ടായിരുന്നു. എന്നാൽ, വലതുപക്ഷക്കാർ ഇതിൽ നിന്നൊക്കെ മാറി നിൽക്കുകയാണുണ്ടായത്‌.

11

പിന്നീട്‌, ജനാധിപത്യ ഉള്ളടക്കം പൂർണമായി ഉപേക്ഷിച്ച്‌, കേരളത്തിലെ പുരോഗമന ആശയപരിസരം തകർക്കാനാണ്‌ വിമോചന സമരകാലം മുതൽ വിവിധ അവസരവാദ കൂട്ടുകെട്ടുകൾ ഉണ്ടാക്കി കോൺഗ്രസ്‌ ശ്രമിച്ചത്‌. എല്ലാ വർഗീയതയോടും ജീർണതകളോടും സന്ധിചെയ്‌ത കോൺഗ്രസ്‌ വ്യക്തിത്വമില്ലാത്ത ഒരു രാഷ്ട്രീയ പാർടിയായി ചുരുങ്ങി. കോൺഗ്രസും കൂട്ടാളികളുമുണ്ടാക്കിയ പ്രതിലോമ സഖ്യങ്ങളെ അതിജീവിക്കാൻ കഴിഞ്ഞ വളർച്ച കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടായിരിക്കുന്നു. ഈ മാറ്റം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വ്യക്തമായി. തെരഞ്ഞെടുപ്പ്‌ തോൽവിയിൽനിന്നും ചരിത്രത്തിൽനിന്നും പാഠങ്ങൾ പഠിക്കാൻ കോൺഗ്രസ്‌ തയ്യാറാകണം.

cmsvideo
  താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല
  12

  കടുത്ത വലതുപക്ഷ നയങ്ങളും വർഗീയ പാർടികളുമായുള്ള കൂട്ടുകെട്ടും കോൺഗ്രസിനെ കൂടുതൽ തകർച്ചയിലേക്കേ നയിക്കുകയുള്ളൂ. പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ഉടനെ വി ഡി സതീശൻ നടത്തിയ ചില പ്രസ്‌താവനകൾ തെറ്റുതിരുത്തലിന്റെ സൂചനയായിട്ടാണ്‌ നാം കണ്ടതെങ്കിലും നിയമസഭയിൽ പഴയതിന്റെ തുടർച്ചയാണ്‌ കാണാനായത്‌. നിയമസഭാ സാമാജികരെ ജാതിമത കണ്ണിലൂടെ നോക്കിക്കാണാനാണ്‌ പ്രതിപക്ഷം ശ്രമിച്ചത്‌. പഴയ രീതിയിൽത്തന്നെയാണ്‌ കോൺഗ്രസ്‌ നീങ്ങുന്നതെന്ന സൂചനകളാണ്‌ ഇതിൽനിന്ന്‌ വ്യക്തമാകുന്നത്‌. ഹൈക്കമാൻഡിൽനിന്ന്‌ കിട്ടുന്ന നിയമന ഉത്തരവിലൂടെ പാർടി സ്ഥാനങ്ങൾ പങ്കുവയ്‌ക്കുന്ന കോൺഗ്രസ്‌ കൂടുതൽ തകർച്ചയിലേക്കുതന്നെയാണ്‌ നീങ്ങാൻ പോകുന്നത്‌'.

  English summary
  CPM acting Secretary A Vijayaraghavan against Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X