
'ഇത് ഏക്ദിൻ കാ ന്യൂസ്..ഇപിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം നിയപരമായി നിലനിൽക്കില്ല';എംവി ജയരാജൻ
കണ്ണൂർ; എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ മേൽ വധശ്രമത്തിന് കേസ്സെടുത്തു എന്ന് കോൺഗ്രസ്സുകാരും മാധ്യമങ്ങളും നുണപ്രചരണം നടത്തുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു സ്വകാര്യ അന്യായം ലഭിച്ചാൽ അതിന്റെ സ്വാഭാവിക നടപടിക്രമമാണ് പോലീസിനോട് അന്വേഷിക്കാൻ പറയുക എന്നത്.ക്രിമിനലുകളെ അന്ന് തടഞ്ഞില്ലായിരുന്നുവെങ്കിൽ മുഖ്യമന്ത്രി ആക്രമിക്കപ്പെടുമായിരുന്നു. അതുകൊണ്ട് തന്നെ നിയമപരമായി നിലനിൽക്കാത്തതാണ് ഇ.പി. ജയരാജൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കുക എന്ന ആവശ്യമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ഇപി ജയരാജന് നിലപാട് മാറ്റേണ്ടി വരും; ഇന്ഡിഗോയില് യാത്ര ചെയ്തില്ലെങ്കില് കഷ്ടപ്പെടേണ്ടി വരും!!

ഇ.പി. ജയരാജന്റെ മേൽ കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സുകാരനായ ഒരാൾ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്യുകയും സിആർപിസി 156(3) വകുപ്പ് പ്രകാരം പോലീസിനോട് അന്വേഷിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെടുകയുമാണുണ്ടായത്. സിആർപിസിയിൽ തന്നെ 200-ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിക്കൊണ്ട് മജിസ്റ്റീരിയൽ നടപടി എടുക്കണമെന്ന ആവശ്യം സ്വകാര്യ അന്യായത്തിൽ പരാതിക്കാരന് ഉന്നയിക്കാമായിരുന്നു. അത് ചെയ്തതുമില്ല. കെ.പി.സി.സി.പ്രസിഡന്റ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇ.പി. ജയരാജന്റെ മേൽ പിണറായി വിജയന്റെ പോലീസ് കേസെടുക്കുന്നില്ലെന്ന ആക്ഷേപമാണ് കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഉന്നയിച്ചുവരുന്നത്. എന്നിട്ട് ഇപ്പോൾ അതേ പോലീസിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കോൺഗ്രസ്സുകാരനായ പരാതിക്കാരൻ ആവശ്യപ്പെടുന്നത്. പരാതി തന്നെ വൈരുദ്ധ്യം നിറഞ്ഞതാണ്.

മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു സ്വകാര്യ അന്യായം ലഭിച്ചാൽ അതിന്റെ സ്വാഭാവിക നടപടിക്രമമാണ് പോലീസിനോട് അന്വേഷിക്കാൻ പറയുക എന്നത്. അതിനെയാണ് 'ഇ.പി. ജയരാജന്റെ മേൽ വധശ്രമത്തിന് കേസ്സെടുത്തു' എന്ന് കോൺഗ്രസ്സുകാരും നുണവാർത്തകൾ ചമക്കുന്ന മാധ്യമങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് മുമ്പ് സെക്രട്ടറിയേറ്റിൽ കാണാതായ ഫയൽ എ.കെ.ജി. സെന്റർ റെയ്ഡ് നടത്തി കണ്ടെത്തണമെന്ന് ഒരു സ്വകാര്യ അന്യായം കോൺഗ്രസ്സ് നേതാവ് ഫയൽ ചെയ്തപ്പോൾ ആ പരാതിയും പോലീസിലേക്ക് റഫർ ചെയ്യുകയാണുണ്ടായത്. അന്ന് വന്ന വാർത്ത 'എ.കെ.ജി. സെന്റർ റെയ്ഡ് നടത്താൻ കോടതി നിർദ്ദേശിച്ചു' എന്നായിരുന്നു. കല്ലുവെച്ച നുണയായിരുന്നു അതെന്ന് എ.കെ.ജി. സെന്ററിൽ ഇതുവരെ റെയ്ഡ് നടന്നില്ലെന്നതിലൂടെ മലയാളികൾക്ക് മനസ്സിലായി. വാർത്ത നൽകിയ മാധ്യമങ്ങൾ ഇതുവരെ ആ വാർത്ത പിൻവലിക്കുകയോ മാപ്പുപറയുകയോ ചെയ്തില്ല.

'ഏക്ദിൻ കാ ന്യൂസി'ന് വേണ്ടിയുള്ള പരാതി എന്ന നിലയിലാണ് കോൺഗ്രസ്സുകാർ തന്നെ കോടതിയെ സമീപിച്ചത്. നേരത്തെ പോലീസിന് ഈ പരാതി കോൺഗ്രസ്സുകാർ നൽകിയിരുന്നു. പോലീസ് അന്വേഷണവും നടത്തി. ഇ.പി. ജയരാജനോ ഗൺമാനോ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റോ വിമാനത്തിൽ ആരെയും വധിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അവസരോചിതമായി മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത ക്രിമിനലുകളെ തടയുകയായിരുന്നു എന്നുമാണ് അനേ്വഷണത്തിൽ കണ്ടെത്തിയത്. 19 ക്രിമിനൽ കേസുകളിലെ പ്രതി അടക്കമുള്ളവരെ മുഖ്യമന്ത്രിയെ വധിക്കാനായി വിമാനത്തിലയക്കാൻ ഗൂഢാലോചന നടത്തിയവർ തമ്മിലടിച്ചപ്പോൾ ഗൂഢാലോചനയും ആസൂത്രണവും നടത്തിയതടക്കം പുറത്തുവന്നുകഴിഞ്ഞു.

കോൺഗ്രസ് ഗുണ്ടകൾ അക്രമികളും, ഇ.പി. ജയരാജൻ അടക്കമുള്ളവർ അക്രമികളെ തടഞ്ഞുകൊണ്ട് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ എത്തിയവരുമാണെന്ന് ഏവർക്കും ബോധ്യമായതാണ്. അക്രമത്തെ തടയുന്നത് ഒരിക്കലും ക്രിമിനൽ കുറ്റമല്ല, സ്വയം സംരക്ഷണമാണ്. ക്രിമിനലുകളെ അന്ന് തടഞ്ഞില്ലായിരുന്നുവെങ്കിൽ മുഖ്യമന്ത്രി ആക്രമിക്കപ്പെടുമായിരുന്നു. അതുകൊണ്ട് തന്നെ നിയമപരമായി നിലനിൽക്കാത്തതാണ് ഇ.പി. ജയരാജൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കുക എന്ന ആവശ്യം. കോടതി പോലീസിലേക്ക് അയച്ച കോൺഗ്രസ്സുകാരന്റെ പരാതി എഫ്.ഐ. സ്‌റ്റേറ്റ്‌മെന്റായി കണക്കാക്കുന്നത് സ്വാഭാവിക നടപടിയാണ്.
ദിലീപ് കേസ്;'പൾസർ സുനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് തെളിയിച്ചാൽ അക്കാര്യം എളുപ്പം';പ്രകാശ് ബാരെ

മുഖ്യമന്ത്രി സെഡ് പ്ലസ് സുരക്ഷാ കാറ്റഗറിയിൽ പെടുന്നയാളാണ്. അദ്ദേഹത്തിന്റെ ഗൺമാന്റെ ചുമതലയാണ് അക്രമികളെ തടയുക എന്നത്. അതിൻമേൽ കേസെടുക്കണമെന്ന് കോൺഗ്രസ്സുകാർക്കല്ലാതെ മറ്റാർക്കും വാദിക്കാനാവില്ല. നാൽപാടി വാസുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുധാകരൻ അന്ന് പറഞ്ഞത് തന്റെ ഗൺമാനാണ് വെടിവെച്ചത് എന്നാണ്. അത് തന്നെ രക്ഷിക്കാനാണ് എന്നാണ്. അന്നാ വാദം ഉന്നയിച്ച സുധാകരനാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ് കൊടുക്കാൻ 'സ്വന്തം കുട്ടികളോട്' നിർദ്ദേശിച്ചത്. അതുകൊണ്ടാണ് ഇത് കേസല്ലെന്നും 'ഏക് ദിൻ കാ ന്യൂസ്' മാത്രമാണെന്നും പറയുന്നത്.