നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ ദിലീപിന്റെ നീക്കം! ഹൈക്കോടതിയിൽ ഹർജി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: 2017 ഫെബ്രുവരിയിലാണ് കൊച്ചിയിലെ ഓടുന്ന വാഹനത്തില്‍ മലയാളത്തിലെ യുവനടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടിയുടെ ഡ്രൈവറായ മാര്‍ട്ടിനില്‍ തുടങ്ങി മലയാള സിനിമയിലെ സൂപ്പര്‍താരം ദിലീപിലെത്തി നിന്നു അന്വേഷണം. കേരളത്തെ നടുക്കിയ പീഡനക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു.

കേസിന്റെ വിചാരണ ഈ മാസം 14ന് തുടങ്ങാനിരിക്കുകയാണ്. 14ന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചിരുന്നു. അതിനിടെ വിചാരണ തടയുന്നതിന് വേണ്ടി ദിലീപ് പുതിയ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവുക എന്നതാണ് ദിലീപിന്റെ ലക്ഷ്യം എന്നാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ ഞെട്ടിച്ച കേസ്

രാജ്യത്തെ ഞെട്ടിച്ച കേസ്

കേരളത്തില്‍ മാത്രമല്ല, രാജ്യമൊട്ടാകെ നടുക്കമുണ്ടാക്കിയതാണ് പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം. ഒരു പക്ഷേ രാജ്യത്തെ തന്നെ ഏറ്റവും ആദ്യത്തെ റേപ്പ് കൊട്ടേഷനായിരുന്നു അത്. സ്ത്രീ സുരക്ഷയെപ്പറ്റി വലിയ ചോദ്യങ്ങളുയര്‍ത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും ഇരുമ്പഴിക്കുള്ളിലെത്തിക്കുക എന്നത് സര്‍ക്കാരിന്റെ അഭിമാന പ്രശ്‌നമായിരുന്നു. പള്‍സര്‍ സുനി അടക്കമുള്ള കൊട്ടേഷന്‍ സംഘത്തില്‍ നിന്നും അന്വേഷണം പോയത് മലയാളത്തിലെ ജനപ്രിയ നടനിലേക്ക്. കേരളത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ടാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ ജനപ്രിയ നടന്‍ എട്ടാം സ്ഥാനത്താണ് ഉള്ളത്.

വിചാരണ തടയാൻ

വിചാരണ തടയാൻ

85 ദിവസം ആലുവ സബ് ജയിലില്‍ അഴിയെണ്ണിക്കിടന്ന ദിലീപ് അഞ്ചാമത്തെ ശ്രമത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയത്. കര്‍ശന ഉപാധികളോടയാണ് ഹൈക്കോടതി നടന് ജാമ്യം അനുവദിച്ചത്. ഫാന്‍സ് നടനെ ആഘോഷമായിത്തന്നെ പുറത്ത് സ്വീകരിച്ചു. ദിലീപ് വീണ്ടും തന്റെ പുതിയ സിനിമകളുടേയും ബിസ്സിനസ്സിന്റെയും തിരക്കുകളിലേക്ക് മടങ്ങി. അതിനിടെയാണ് കേസില്‍ വിചാരണ ആരംഭിക്കാനുള്ള നീക്കങ്ങള്‍ കോടതി തുടങ്ങിയത്. വിചാരണ തടയുന്നതിന് വേണ്ടി ദിലീപ് രംഗത്ത് ഇറങ്ങിയിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

 ഹൈക്കോടതിയിൽ ഹർജി

ഹൈക്കോടതിയിൽ ഹർജി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം പതിനാലിന് കോടതി കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപിന്റെ ഈ നീക്കം. വിചാരണ നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പ്രത്യേകമായിട്ടാണ് ദിലീപ് നല്‍കിയിരിക്കുന്നത്. പ്രതി എന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍ പരിഗണിക്കണം എന്ന് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് താന്‍ ആവശ്യപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ല എന്നാണ് ദിലീപ് ഉയര്‍ത്തുന്ന പരാതി.

മുഴുവൻ രേഖകളും വേണം

മുഴുവൻ രേഖകളും വേണം

വിചാരണ തുടങ്ങുന്നതിന് മുന്‍പ് താന്‍ ആവശ്യപ്പെട്ട രേഖകള്‍ ലഭിക്കണമെന്നും അതിന് ശേഷം മാത്രമേ വിചാരണ തുടങ്ങാവൂ എന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പും മറ്റ് സുപ്രധാന രേഖകളും നേരത്തെ തന്നെ ദിലീപിന് കൈമാറിയിട്ടുള്ളതാണ്. എന്നാല്‍ അവ പോരെന്നും കേസിലെ സുപ്രധാന തെളിവുകളായ നടിയുടെ ദൃശ്യങ്ങളും വേണം എന്നുമാണ് ദിലീപിന്റെ ആവശ്യം. വിചാരണയ്ക്ക് മുന്‍പ് പൂര്‍ണമായ രേഖകള്‍ ലഭിക്കുക എന്നത് പ്രതിയുടെ അവകാശമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ നീക്കം. പോലീസ് കണ്ടെത്തിയ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

നാളെ പരിഗണിക്കും

നാളെ പരിഗണിക്കും

നേരത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാലീ ഹര്‍ജി കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറിയാല്‍ അത് ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കും എന്ന് പ്രോസിക്യൂഷന്‍ വാദിച്ചത് കണക്കിലെടുത്താണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നടന്റെ ഹര്‍ജി തള്ളിയത്. ഇതോടെ ദിലീപ് ഇതേ ആവശ്യം ഉന്നയിച്ച് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ളതും വിചാരണ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുന്നതുമായ ഹര്‍ജികള്‍ ഹൈക്കോടതി നാളെ പരിഗണിക്കും.

ദിലീപിന്റെ ആരോപണങ്ങൾ

ദിലീപിന്റെ ആരോപണങ്ങൾ

നടിയെ ആക്രമിച്ച കേസിലെ യഥാര്‍ത്ഥ ദൃശ്യങ്ങളോ മൊബൈല്‍ ഫോണോ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അവ ദിലീപ് വിദേശത്തേക്ക് കടത്തി എന്നാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളെ സംബന്ധിച്ച് ദിലീപ് ചില സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ടെന്നും അത് പോലീസ് എഡിറ്റ് ചെയ്ത് മാറ്റിയെന്നുമാണ് ദിലീപിന്റെ ആരോപണം. നടി കൂടി അറിഞ്ഞ് കൊണ്ടുള്ള ഒരു നാടകമാണ് പീഡനം എന്നാണ് ദിലീപ് മുന്നോട്ട് വെയ്ക്കുന്ന വാദം. എന്നാല്‍ ദൃശ്യങ്ങളെക്കുറിച്ച് ഇത്ര വിശദമായി പറയുന്ന ദിലീപിന് ആ ദൃശ്യങ്ങള്‍ എവിടെയെന്ന് അറിയാമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കേസിലെ രണ്ടാം പ്രതിയായ മാർട്ടിനും ദിലീപിന് സമാനമായ രീതിയിൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

ശകുന്തളയുടെ കൊലയാളിക്ക് പിന്നാലെ പോലീസ്.. സമ്പാദ്യമായ ലക്ഷങ്ങൾ കാണാനില്ല!

ഹസിൻ ജഹാനെ ബ്രെയിൻ വാഷ് ചെയ്തത് മുൻ ഭർത്താവോ? ഹസിന്റെ ആദ്യ ഭർത്താവ് പറയുന്നു!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Case: Dileep filed new petition in High Court asking to halt the trial procedure

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്