
എന്താണ് കെ സ്‌റ്റോര്‍..? മാവേലി സ്‌റ്റോറും കെ സ്‌റ്റോറും തമ്മില്‍ എന്താണ് വ്യത്യാസം? അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളുടെയും മുഖം മാറുന്നു. റേഷന്‍ കടകളെ കെ സ്‌റ്റോര്‍ എന്നാക്കി മാറ്റുന്ന കൂടുതല്‍ സേവനങ്ങള്‍ ഇതിന് കീഴില്‍ കൊണ്ടുവരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിങ്കളാഴ്ച ആരംഭിച്ച നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കെ - സ്റ്റോറുകള്‍ വഴി റേഷന്‍ വിതരണത്തോടൊപ്പം തന്നെ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാനും സാധിക്കും. ബാങ്കിങ് ഇടപാടും അക്ഷയ സേവന സൗകര്യവും ലഭ്യമാകുന്ന ഹൈടെക്ക് കേന്ദ്രങ്ങളാക്കി സംസ്ഥാനത്തെ റേഷന്‍ കടകളെ മാറ്റും എന്ന് നേരത്തെ തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. ഇപ്പോള്‍ ഇത് മുഖ്യമന്ത്രി നിയമസഭയില്‍ കൂടി അറിയിച്ചതോടെ റേഷന്‍ കടകള്‍ കെ സ്റ്റാറാകാന്‍ തയ്യാറെടുക്കുകയാണ്.

മുന്‍പ് മറ്റ് അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളില്‍ കെ- സ്റ്റോര്‍ നടപ്പാക്കും എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ തീരുമാന പ്രകാരം കേരളത്തിലെ എല്ലാ റേഷന്‍ കടകളെയും കെ സ്റ്റോര്‍ എന്ന് റീ-ബ്രാന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആവശ്യക്കാര്‍ക്ക് റേഷന്‍ കടകള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകുന്നതോടൊപ്പം റേഷന്‍ ഡീലര്‍മാര്‍ക്ക് കൂടുതല്‍ വരുമാനവും ലഭിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.

റേഷന്‍ കടയില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും കെ സ്റ്റോറില്‍ നിന്നും ലഭിക്കും. റേഷന്‍ കടകളെ മിനി സൂപ്പര്‍മാര്‍ക്കറ്റ് എന്ന രൂപത്തിലേയ്ക്ക് മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കില്‍ കേരളത്തിലെ ഗ്രാമ നഗര ഭേദമന്യേ ആളുകള്‍ക്ക് അവശ്യവസ്തുക്കള്‍ സ്വന്തം പ്രദേശത്ത് തന്നെ കിട്ടുന്ന തരത്തിലേക്ക് ഇത് മാറും. കെ സ്റ്റോര്‍ വരുന്നതോടെ സാധനങ്ങള്‍ വാങ്ങിയ ശേഷം ഡിജിറ്റല്‍ രൂപത്തില്‍ പണമിടപാട് നടത്താം.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്

കൂടാതെ ചെറിയ തരത്തില്‍ ബാങ്കിംഗ് ഇടപാട് നടത്താനും കെ സ്റ്റോര്‍ വഴി സാധിക്കും. ബാങ്കുമായി ബന്ധിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ് വഴി സ്വന്തം അക്കൗണ്ടില്‍ നിന്ന് കാര്‍ഡ് ഉടമകള്‍ക്ക് എ ടി എം മാതൃകയില്‍ പണം പിന്‍വലിക്കാം. പരമാവധി 5000 രൂപ വരെ ഇത്തരത്തില്‍ ഇവിടെ നിന്ന് പിന്‍വലിക്കാം. കേരളത്തില്‍ പലയിടത്തും ഉള്ള മാവേലി സ്‌റ്റോറുകളില്‍ നിന്ന് കെ സ്റ്റോറിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്.

കൂടാതെ എല്‍പിജി സിലിണ്ടറുകള്‍, മില്‍മ പാലുത്പന്നങ്ങള്‍ എന്നിവ കെ സ്‌റ്റോറുകളില്‍ നിന്ന് ലഭ്യമാക്കാനും ആലോചനയുണ്ട്. ഇതിനോടൊപ്പം മാവേലി സ്റ്റോറില്‍ നിന്ന് ലഭിക്കുന്ന 13 ഇനം സബ്‌സിഡി ഉല്‍പന്നങ്ങളും കെ സ്റ്റോറില്‍ നിന്ന് ലഭിക്കും. സംസ്ഥാനത്തെ 837 റേഷന്‍ കടയുടമകള്‍ ഈ മാറ്റത്തിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ആവശ്യമായ സൗകര്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അത്തരം ലൈസന്‍സികള്‍ക്ക് കെ-സ്റ്റോര്‍ അനുവദിക്കും.

അക്ഷയ സേവനങ്ങളും കെ സ്‌റ്റോറില്‍ ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കര്‍മ്മ പദ്ധതികളിലുള്‍പ്പെടുത്തിയാണ് കെ സ്‌റ്റോര്‍ പ്രഖ്യാപനം വന്നത്. കഴിഞ്ഞ മേയ് 20ന് ആദ്യ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് നീട്ടുകയായിരുന്നു.