കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ അക്കാദമി ചര്‍ച്ച പരാജയം; വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചയില്‍ നിന്ന് മന്ത്രി ഇറങ്ങിപ്പോയി

ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടക്കവെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇറങ്ങിപ്പോയി.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടക്കവെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇറങ്ങിപ്പോയി. അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റി നിര്‍ത്താമെന്ന് മാത്രമാണ് ഇന്നത്തെ ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

അഞ്ചുവര്‍ഷത്തേക്ക് മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കില്ല. അക്കാദമിക് കാര്യങ്ങളില്‍ നിന്ന് ലക്ഷ്മി നായരെ പൂര്‍ണമായും ഒഴിവാക്കണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. വിഷയത്തില്‍ തര്‍ക്കം തുടരവെയാണ് മന്ത്രി ഇറങ്ങിപ്പോയത്. കോളജ് മാനേജ്‌മെന്റും പ്രിന്‍സിപ്പാളിനെയും കോളജിനെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ചര്‍ച്ചക്ക് ശേഷം പുറത്തുവന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

ചര്‍ച്ച തീരും മുമ്പേ മന്ത്രി എഴുന്നേറ്റു

ഞങ്ങള്‍ ഇരിക്കുമ്പോഴാണ് മന്ത്രി ഇറങ്ങിപ്പോയത്. മാനേജ്‌മെന്റിനെ ആവശ്യം ഞങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മന്ത്രി ശ്രമിച്ചു. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ കേള്‍ക്കാന്‍ മന്ത്രി തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ പഠിപ്പ് തുടങ്ങാന്‍ അവസരമുണ്ടാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത് മാനേജ്‌മെന്റിന്റെ ആവശ്യമാണ്. മന്ത്രി അതിന് വേണ്ടി സംസാരിച്ചപ്പോഴാണ് തങ്ങളുടെ ആവശ്യം ഉന്നയിച്ചത്. ഈ സമയം മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ചര്‍ച്ച പ്രഹസനം

വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പ്രഹസനമായിരുന്നുവെന്ന് കെഎസ് യു നേതാവ് വി എസ് ജോയ് പറഞ്ഞു. മന്ത്രി മാനേജ്‌മെന്റിന്റെ വക്കീലായി സംസാരിച്ചു. മന്ത്രി വിളിച്ച ചര്‍ച്ചയില്‍ നിന്ന് മന്ത്രി തന്നെ ഇറങ്ങി പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കില്ല

ലക്ഷ്മി നായരെ നീക്കണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. അവരെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കില്ല. അവര്‍ രാജി വച്ച് പോകുന്നില്ലെങ്കില്‍ മാനേജ്‌മെന്റ് പുറത്താക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് നടപടി സ്വീകരിക്കണം. പ്രിന്‍സിപ്പാളിനെതിരേ നടപടി സ്വീകരിക്കാന്‍ പര്യാപ്തമായ ആരോപണങ്ങള്‍ നിലവിലുണ്ടെന്നും സമരക്കാര്‍ പറഞ്ഞു.

നിരവധി ആരോപണങ്ങള്‍

ദളിത് പീഡനം നടന്നു. വിദ്യാര്‍ഥികളെ പീഡിപ്പിച്ചു. ഭൂമി ക്രമവിരുദ്ധമായി ഉപയോഗിച്ചു. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് പ്രിന്‍സിപ്പാളിനെതിരേ ഉയര്‍ന്നത്. ഇക്കാര്യം സര്‍വകലാശാല ഉപസമിതി അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. എന്നിട്ടും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും സമരക്കാര്‍ ചോദിച്ചു.

തിങ്കളാഴ്ച കെഎസ്‌യു മാര്‍ച്ച്

സര്‍വകലാശാലയും സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളും നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സിന്റിക്കേറ്റ് യോഗത്തിലേക്ക് കെ എസ്‌യു മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ക്ലാസ് തുടങ്ങാന്‍ സാധിക്കില്ല. സമരം നടക്കുകയാണ്. ഏക പക്ഷീയമായി ക്ലാസ് തുടങ്ങാന്‍ അനുവദിക്കില്ല. പ്രശ്‌നപരിഹാരം കാണാതെ ഈ വര്‍ഷം മുഴുവന്‍ തുറക്കാന്‍ സാധിക്കില്ലെന്നും കെഎസ്‌യു വ്യക്തമാക്കി.

പ്രശ്‌നം തീരുമെന്ന് പ്രതീക്ഷിച്ചു

പുതുതായി ഒരു നിര്‍ദേശവും ചര്‍ച്ചയില്‍ വന്നില്ല. പ്രശ്‌നം തീരുമെന്ന് പ്രതീക്ഷിച്ചിരുന്നു. സമരം അവസാനിപ്പിച്ച് മാനേജ്‌മെന്റുമായി സഹകരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. പ്രതിഷേധം കണക്കിലെടുക്കാതെ മന്ത്രി ഇറങ്ങിപ്പോവുകയായിരുന്നു. മന്ത്രി പ്രതീക്ഷ നല്‍കാതെ ഇറങ്ങിപ്പോയത് സര്‍ക്കാര്‍ വിഷയത്തോട് സ്വീകരിക്കുന്ന സമീപനമാണ് വ്യക്തമാവുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

മന്ത്രിക്കെതിരേ എഐഎസ്എഫ്

വിദ്യാര്‍ഥി സംഘടനാ നേതാക്കളും സമരത്തിലുള്ള കോളജിലെ വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളുമാണ് വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. മന്ത്രി ഇറങ്ങിപ്പോയത് അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് പ്രതിനിധികള്‍ പറഞ്ഞു.

ലക്ഷ്മി നായര്‍ നന്നായിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍

അഞ്ചു വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്ന് പറയുന്നത് ശരിയല്ല. അവര്‍ മുമ്പ് മൂന്ന് വര്‍ഷം മാറിനിന്നിട്ടുണ്ട. തിരിച്ചുവന്നിട്ടും അവര്‍ക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്ന് മാനേജ്‌മെന്റ്

തിങ്കളാഴ്ച മുതല്‍ ക്ലാസ് തുടങ്ങുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം വൈസ് പ്രിന്‍സിപ്പാളിന് ചുമതല നല്‍കിയിട്ടുണ്ട്. എല്ലാ വിദ്യാര്‍ഥി സംഘടനകളുമായും ആലോചിച്ചാണ് തീരുമാനത്തില്‍ എത്തിയതെന്നും അവര്‍ വ്യക്തമാക്കി.

പോലിസ് സംരക്ഷണം തേടും

ക്ലാസ് തുടങ്ങാന്‍ ആവശ്യമെങ്കില്‍ പോലിസ് സംരക്ഷണം തേടാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ലക്ഷ്മി നായര്‍ക്ക് മറ്റൊരു ചുമതലയും നല്‍കിയിട്ടില്ല. ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വം തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഭരണസമിതിയില്‍ ഭിന്നത

ലോ അക്കാദമി ഭരണസമിതിയില്‍ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ലക്ഷ്മി നായര്‍ രാജിവച്ചില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് ചെയര്‍മാന്‍ കെ അയ്യപ്പന്‍ പിള്ള മുന്നറിയിപ്പ് നല്‍കി. അക്കാദമിക്ക് മുന്നിലെ ബിജെപിയുടെ സമരപന്തലില്‍ എത്തിയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

English summary
Law academy talk with Student collapsed, Education Minister C raveendranath walked out from the reconciliation talk. students alleged that Minister stand with management.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X