മോദിക്കെതിരെ ഇങ്ങനെയും പ്രതിഷേധിക്കാം; വ്യത്യസ്ത പ്രതിഷേധവുമായി കൊല്ലത്തെ ചായക്കടക്കാരന്‍

  • By: Nihara
Subscribe to Oneindia Malayalam

രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപ കറന്‍സി നോട്ട് പിന്‍വലിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ രാജ്യത്തെങ്ങും വന്‍പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കൈയ്യിലുള്ള കറന്‍സി നോട്ടുകള്‍ മാറിയെടുക്കുന്നതിനായി മണിക്കൂറുകളോളമാണ് ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരുന്നത്. സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത സാധാരണക്കാരാണ് മോദിയുടെ തീരുമാനത്തെത്തുടര്‍ന്ന് ഏറ്റവും ബുദ്ധിമുട്ടിയത്.

കറന്‍സി നിരോധത്തിനെതിരെ സംസ്ഥാനത്തെങ്ങും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തിനെതിരെ വ്യത്യസ്തമാര്‍ന്ന രീതിയിലാണ് കൊല്ലത്തെ ചായക്കടക്കാരന്‍ പ്രതിഷേധിക്കുന്നത്. കടയ്ക്കല്‍ സ്വദേശി യഹിയയുടെ മന്‍കി ബാത്ത് ഇതിനകം നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കേരള യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം അധ്യാപകനായ അഷ്‌റഫ് കടയ്ക്കലാണ് തന്റെ നാട്ടുകാരനായ യഹിയയുടെ പ്രതിഷേധത്തെക്കുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.

 മന്‍കി ബാത്ത്

മന്‍കി ബാത്ത്

ഹോട്ടല്‍ ജീവനക്കാരനായ യഹിയ രാപകല്‍ ഭേദമില്ലാതെ അധ്വാനിച്ച് സമ്പാദിച്ച 23,000 രൂപ മാറ്റിവാങ്ങാനാവാത്തതിന്റെ വിഷമത്തിലാണ്. സഹകരണ ബാങ്കില്‍ മാത്രം അക്കൗണ്ടുള്ള തനിക്ക് പണം നിക്ഷേപിക്കാനും മാറ്റിയെടുക്കാനും കഴിയില്ലെന്നറിഞ്ഞപ്പോള്‍ ആ പണം അടുപ്പിലിട്ട് കത്തിച്ചു കളഞ്ഞു.തല പകുതിയായി മൊട്ടയടിച്ച യഹിയ തന്റെ സമ്പാദ്യവും അധ്വാനവും ചാരമാക്കിയ മോദി അധികാരത്തില്‍ നിന്നിറങ്ങുന്നത് വരെ തലയില്‍ പാതി മുടി മാത്രമായിരിക്കുമെന്ന് ശപഥം ചെയ്തിരിക്കുകയാണ്.

തട്ടുകട

തട്ടുകട

അര്‍ധരാത്രിവരെ കച്ചവടം നടക്കാറുണ്ട് യഹിയയുടെ കടയില്‍. ഭക്ഷണം വെയ്ക്കുന്നതും വിളമ്പുന്നതുമെല്ലാം യഹിയ തന്നെയാണ്. കൈയിലുണ്ടായിരുന്ന 23000 രൂപ മാറിയെടുക്കുന്നതിനായി ബാങ്കില്‍ പോയെങ്കിലും നീണ്ട ക്യൂവില്‍ നില്‍ക്കാതെ കഴിയാതെ തിരിച്ചുവന്നു. പിന്നീടാണ് പൈസ അടുപ്പിലിട്ട് ചാരമാക്കിയത്.

സഹകരണ ബാങ്ക്

സഹകരണ ബാങ്ക്

സഹകരണ ബാങ്കില്‍ മാത്രമേ യഹിയയ്ക്ക് അക്കൗണ്ട് ഉണ്ടായിരുന്നുള്ളൂ. സഹകരണ ബാങ്കില്‍ പിന്‍വലിച്ച നോട്ടുകള്‍ മാറിയെടുക്കാനുള്ള സൗകര്യം ഇല്ല. കൈയിലുള്ള പണം നിക്ഷേപിക്കാനും കഴിഞ്ഞില്ല. സ്വകാര്യ ബാങ്കില്‍ നിന്ന് പണം മാറിയെടുക്കുന്നതിന് ശ്രമിച്ചുവെങ്കിലും ആരോഗ്യം അനുവദിച്ചില്ല. തളര്‍ച്ചയെത്തുടര്‍ന്ന് ആശുപത്രിയില്‍ പോയി. പിന്നീടാണ് നോട്ട് കത്തിച്ചു കളയാന്‍ തീരുമാനിച്ചത്

കള്ളപ്പണം

കള്ളപ്പണം കണ്ടെത്തുന്നതിനായി അതിസമ്പന്നരുടെ വീട്ടില്‍ റെയ്ഡ് നടത്തിയാല്‍പ്പേരെയെന്ന് യഹിയ ചോദിക്കുന്നു. നോട്ട് നിരോധനത്തെത്തുടര്‍ന്ന് കഞ്ഞികുടി മുട്ടിയ ദിവസ വേതനക്കാരെയും കൂലിപ്പണിക്കാരെയും മോദി മറന്നു. ജനങ്ങള്‍ മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നത് തനിക്ക് കാണണമെന്നും യഹിയ പറയുന്നു.

English summary
Mr Modiji you are wasted, my effort and savings said by a tea seller in Kollam here on Monday. Yahiya conducted a variety protest move.
Please Wait while comments are loading...