തൃക്കാക്കരയിൽ സ്ഥാനാർത്ഥിത്വം തള്ളാതെ ഉമ തോമസ്; തീരുമാനിക്കേണ്ടത് ഹൈക്കമാന്റ്
തിരുവനന്തപുരം; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം തള്ളാതെ അന്തരിച്ച മുൻ എം എൽ എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് അക്കാര്യം ഹൈക്കമാന്റാണ് തിരുമാനിക്കേണ്ടതെന്ന മറുപടിയാണ് ഉമ നൽകിയത്. മത്സരിക്കുന്നതിനെ കുറിച്ച് കൂടുതൽ ആലോചിച്ച് തിരുമാനിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നുവെന്നാരോപിച്ച് ഫ്രണ്ട്‌സ് ഓഫ് പി ടി ആന്റ് നേച്ചര്‍ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ച ശേഷമായിരുന്നു സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉമയുടെ മറുപടി.

തൃക്കാക്കരയിൽ സ്ഥാനാർത്ഥി ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുന്നതിനിടയിലാണ് ഉമ തോമസ് ഇന്ന് ആദ്യമായി പൊതുവേദിയിലെത്തിയത്. വേദിയിൽ വിഷയത്തിൽ ശക്തമായ പ്രതികരണമായിരുന്നു ഉമ നടത്തിയത്. കേസിൽ പോലീസ് തലപ്പത്ത് ഉണ്ടായ മാറ്റം പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമാണെന്നും പിടി തോമസ് ഉണ്ടായിരുന്നെങ്കിൽ നടിക്കൊപ്പം ഉറച്ച് നിൽക്കുമായിരുന്നുവെന്നും അവർ പറഞ്ഞു.
ഇതിന് പിന്നാലെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങൾ ഉമയോട് ചോദ്യം ഉയർത്തിയത്. ഇതിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട വിഷയത്തില്‍ ഹൈക്കമാന്റാണ് തീരുമാനം എടുക്കേണ്ടതെന്നായിരുന്നു ഉമ നൽകിയ മറുപടി. ഇക്കാര്യത്തില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനമെടുക്കും. ആദ്യം തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ് എന്നും ഉമ തോമസ് പറഞ്ഞു. പിടി തോമസിന്റെ മരണത്തിന് പിന്നാലെ തന്നെ തൃക്കാക്കരയിൽ ഉമയുടെ പേരുകൾ ചർച്ചയായിരുന്നു. അന്ന് താൻ മത്സരത്തിന് ഇല്ലെന്ന നിലപാടായിരുന്നു ഉമ പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ മത്സരിക്കില്ലെന്ന് അവർ തീർത്തു പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. ഇതോടെ തൃക്കാക്കരയിൽ ഇക്കുറി കോൺഗ്രസിനായി ഉമ തന്നെ രംഗത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തേ കെ പി സി സി അധ്യക്ഷൻ കെ സുധാകരനും മറ്റ് പാർട്ടി നേതാക്കളും സ്ഥാനാർത്ഥിയായി ഉമയെ പരിഗണിക്കുന്നുണ്ടെന്ന കാര്യം അവരുടെ വസതിയിൽ എത്തി അറിയിച്ചിരുന്നു. ഇപ്പോൾ പൊതുവേദിയിൽ ഉമയെ എത്തിച്ചതിന് പിന്നിൽ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കോൺഗ്രസിന്റെ കോട്ടയായ തൃക്കാക്കരയിൽ ഉമ മത്സരിക്കുകയാണെങ്കിൽ യാതൊരു അട്ടിമറിയും ഇത്തവണ സംഭവിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ട്. ഉമ മത്സരിച്ചാൽ സഹതാപ തരംഗം വോട്ടാകുമെന്നാണ് പാർട്ടി പ്രതീക്ഷ.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടി തോമസിന്റെ വ്യക്തിപ്രഭാവം ഒന്നുകൊണ്ട് മാത്രമാണ് കോൺഗ്രസ് മണ്ഡലത്തിൽ വിജയിച്ചതെന്നാണ് സി പി എം നിലപാട്. ഇത് തിരുത്തിക്കുറിക്കാനും തൃക്കാക്കര തങ്ങളുടെ കോട്ടയാണെന്ന് ഉറപ്പിക്കാനുമുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് മെനയുന്നത്.

അതേസമയം ഉമ തോമസ് മത്സരിക്കുന്നതിനോട് പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. പാർട്ടിയിൽ ശക്തരായ നേതാക്കൾ ഉണ്ടെന്നിരിക്കെ ഉമയെ കെട്ടിയിറക്കേണ്ടെന്നാണ് ഇവരുടെ നിലപാട്. തർക്കം രൂക്ഷമായാൽ ഉമയ്ക്ക് പകരം മറ്റ് പേരുകൾ ഉയർന്നേക്കാം. നിലവിൽ കെ പി സി സി ജനറൽ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്. നിർവാഹക സമിതി അംഗം ജയ്സണ്‍ ജോസഫ്, ഡി സി സി പ്രസിഡന‍്റ് മുഹമ്മദ് ഷിയാസ്, യു ഡി എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്‍റേഷന്‍ എന്നിവരുടെ പേരുകളാണ് ചർച്ചയിൽ ഉള്ളത്.

അതേസമയം ഉമയെ കോൺഗ്രസ് രംഗത്തിറക്കിയാൽ സി പി എം ആരെ മത്സരിപ്പിക്കുമെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. നേരത്തേ എം സ്വരാജ് സ്ഥാനാർത്ഥിയായേക്കുമെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായി എം. സ്വരാജിനെ ചുമതലപ്പെടുത്തിയോടെ അത്തരം അഭ്യൂഹങ്ങൾക്ക് വിരാമമായി. ഉമയ്ക്ക് എതിരായി വനിതാ സ്ഥാനാർത്ഥി ഇറങ്ങുമോയെന്നുള്ള ചർച്ചകളും ഉണ്ട്.