• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണം പൊടുന്നനെ ഉണ്ടായതല്ല; പദ്ധതി നിർത്തിവെക്കില്ലെന്നും മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണം പൊടുന്നനെ ഉണ്ടായ ഒരു സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടര്‍ച്ചയായ ആക്രമണ പരമ്പരയുടെ ഒരു ഭാഗം മാത്രമായിരുന്നു ഇത്. ഒരു നാടിനെയും ജനങ്ങളെയും സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ സ്ഥിതിയാണിത്. ഇത്തരം അക്രമങ്ങള്‍ ഒരു ജനാധിപത്യ സംവിധാനത്തിലും അനുവദിക്കപ്പെട്ടുകൂടാ. ഇപ്പോള്‍ ഏകപക്ഷീയമായ ആക്രമണങ്ങളാണുണ്ടായത്. പോലീസിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് അത് ഏറ്റുമുട്ടലിലേക്ക് പോകാതിരുന്നത്, മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

'തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് സമരസമിതി ലംഘിച്ചതിനാല്‍ കേസ് എടുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായാണ് ഏതാനും വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സഭാ നേതാക്കള്‍ എതിര്‍ കക്ഷികളാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തില്ലെന്ന് കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഹര്‍ജിയിലെ റെസ്‌പോണ്‍ഡന്റ് നമ്പര്‍ 9 മുതല്‍ താഴോട്ടുള്ളവരെയാണ് പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. സമരാഹ്വാനം ചെയ്തവരില്‍ ചിലരെ മാത്രം കേസില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുകയില്ലല്ലോ. വ്യക്തികളുടെ മുഖം നോക്കിയല്ല രാജ്യത്തെ നിയമവും കോടതിയും പ്രവര്‍ത്തിക്കുന്നത്.

ക്രമസമാധാനപാലനം പോലീസിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണ്. നിയമം കയ്യിലെടുക്കുന്നവരെ പോലീസിന് നിയന്ത്രിച്ചേ മതിയാകൂ. പ്രകോപന പ്രസംഗങ്ങള്‍ മുതല്‍ കടലില്‍ ബോട്ട് കത്തിക്കുന്നതുവരെയുള്ള പ്രതിഷേധ രീതി നമ്മള്‍ കണ്ടു. പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥികളെയും ആംബുലന്‍സില്‍ പോയിരുന്നവരെയും തിരുവനന്തപുരം നഗരത്തില്‍ തടയുന്ന സ്ഥിതിയുണ്ടായി. ഗര്‍ഭിണികളെ വരെ തടഞ്ഞുവച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാര്‍ച്ച് നടത്തി ബോട്ട് കത്തിക്കാനാണ് ഒരു ഘട്ടത്തില്‍ ഒരുങ്ങിയത്. അത് നടക്കാതെ വന്നപ്പോള്‍ കടലിലിട്ട് ബോട്ട് കത്തിച്ചു.

ലത്തീന്‍ സഭ പൊതുവെ നമ്മുടെ സംസ്ഥാനത്തിന്റെ വികസന കാര്യത്തിലും മറ്റ് സാമൂഹ്യ വിഷയങ്ങളിലും വളരെ അനുഭാവ പൂര്‍വ്വമായ നിലപാട് സ്വീകരിക്കുന്ന സഭയാണ്. സര്‍ക്കാരുമായും ഊഷ്മളമായ ബന്ധമാണ് സഭയ്ക്കുള്ളത്. എല്ലാ പുരോഹിത ശ്രേഷ്ഠന്മാരുമായും സര്‍ക്കാര്‍ പല ഘട്ടങ്ങളില്‍ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ലത്തീന്‍ സഭയുടെ പൊതുനിലപാടല്ല വിഴിഞ്ഞം സമരസമിതിയുടേതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. സമര നേതൃത്വത്തിലുള്ള ചിലരെ നയിക്കുന്നത് ഏതെങ്കിലും ബാഹ്യ ശക്തികളാണോ എന്ന് സംശയിക്കേണ്ടിവരും. സഭയുടെ പൊതുനിലപാടിന് വിരുദ്ധമായി പോകുന്ന ഇത്തരം ആളുകള്‍ ആരുടെ നാവായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സ്വാഭാവികമായും ജനങ്ങള്‍ക്ക് സംശയം തോന്നും.

പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. വിഴിഞ്ഞം പദ്ധതി പൊതുമേഖലയില്‍ ആരംഭിക്കണമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്. അന്നത്തെ സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അത് തുടരട്ടെ എന്ന നിലപാട് സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ ഇതുപോലുള്ള പ്രധാന പദ്ധതികളില്‍ വിരുദ്ധ തീരുമാനമുണ്ടാകുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല. നമ്മുടെ നാടിന്റെ വിശ്വാസ്യതയെത്തന്നെ അത് ബാധിക്കും. നിക്ഷേപകരെ പിന്തിരിപ്പിക്കും. അതുകൊണ്ടാണ് നിഷേധാത്മക സമീപനം വേണ്ട എന്ന് തീരുമാനിച്ചത്. ഇപ്പോള്‍ 6 വര്‍ഷം പിന്നിട്ടു. നല്ല പുരോഗതി പദ്ധതി നിര്‍വ്വഹണത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവെക്കുന്നത് അസാദ്ധ്യമാണ്.

ഏറെ പ്രശ്‌നങ്ങളും വെല്ലുവിളികളും സധൈര്യം നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. തീരമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍ കിവരുന്നത്. സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ അവയും പരിഗണിക്കും. മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ സംയമനത്തോടെയാണ് സര്‍ക്കാരും പോലീസും കൈകാര്യം ചെയ്യുന്നത്. ഒരുതരത്തിലും മത്സ്യത്തൊഴിലാളി മേഖലയില്‍ സംഘര്‍ഷമുണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഏതുവിധേനയും സംഘര്‍ഷമുണ്ടാക്കണമെന്ന രീതിയില്‍ നടന്ന പ്രവര്‍ത്തനങ്ങളെ കാണാതിരിക്കാനാവില്ല. ചിലരുടെ പ്രവര്‍ത്തനം സദുദ്ദേശത്തോടെയല്ലായെന്നും ചിലര്‍ക്കെങ്കിലും സങ്കുചിത രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതും കാണേണ്ടതുണ്ട്.

ഇത് നാടിനെയും ഇവിടത്തെ ജനങ്ങളെയാകെയും ബാധിക്കുന്ന ഒരു വിഷയമാണ്. കഴിഞ്ഞ ദിവസം പോലീസ് കാണിച്ച സംയമനവും ക്ഷമയും മാതൃക തന്നെയാണ്. നാടിനെ സ്‌നേഹിക്കുന്ന എല്ലാവരും ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിനു പുരോഗതി അന്യമായിക്കൂടാ. സമാധാനത്തിനു ഭംഗവും വന്നുകൂടാ. ഈ രണ്ടു ലക്ഷ്യങ്ങളും ഒരേ സമയം നേടണമെങ്കില്‍ സമചിത്തതയോടെയുള്ള നിലപാട് എല്ലാവരും എടുക്കേണ്ടതുണ്ട്.

ഈ ആഗസ്ത് 16 മുതലാണ് തുറമുഖനിര്‍മ്മാണത്തിനെതിരെ അതിന്റെ കവാടത്തില്‍ ഉപരോധ സമരം നടന്നുവരുന്നത്. സമരത്തെ തുടര്‍ന്ന് തടസ്സപ്പെട്ട നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് തടസ്സമില്ല എന്ന് സമര സമിതി നേതാക്കള്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിര്‍മ്മാണം പുനരാരംഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിയ്ക്കാന്‍ കരാര്‍ പ്രകാരം സര്‍ക്കാരും ബാധ്യസ്ഥമാണ്. നവംബര്‍ 26 ന് രാവിലെ 11 മണിയോടെ നിര്‍മ്മാണത്തിനാവശ്യമായ പാറയുമായി വന്ന ലോറികള്‍ സമരാനുകൂലികള്‍ തടഞ്ഞു. കോടതിയില്‍ നല്‍കിയ ഉറപ്പിനും കോടതി നിര്‍ദേശത്തിനും വിരുദ്ധമായ നടപടിയായിരുന്നു ഇത്. അവിടെ സമരസമിതി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

തുറമുഖ വിരുദ്ധര്‍ തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ മുന്നണിയുടെ സമരപ്പന്തലിലേയ്ക്ക് മാര്‍ച്ച് നടത്തി. അതിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ സമരപ്പന്തല്‍ പൊളിച്ചു. ആ സംഭവത്തില്‍ സമാധാനത്തിനായി ഇടപെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സമീപ വീടുകളിലെ ജനാലകള്‍ തുറമുഖ വിരുദ്ധര്‍ കല്ലെറിഞ്ഞ് നശിപ്പിച്ചു.
മുല്ലൂര്‍ പനവിള ക്ഷീരോത്പാദക സഹകരണ സംഘത്തിലെ കമ്പ്യൂട്ടര്‍, മില്‍ക്ക് ടെസ്റ്റിങ്ങ് യന്ത്രം, ഉപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവ നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തുറമുഖ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ 8 കേസുകളും, ജനകീയ മുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ 1 കേസും ഉള്‍പ്പെടെ ആകെ 9 കേസുകള്‍ അന്ന് വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു.

കേസുകളില്‍ ഒന്നില്‍ പ്രതിയായ ചരുവിള കോളനി സ്വദേശിയെ അടുത്ത ദിവസം ഉച്ചയ്ക്കും മറ്റൊന്നില്‍ പ്രതികളായ നാലുപേരെ വൈകീട്ടും സിറ്റി ഷാഡോ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ 5 പ്രതികളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സന്ധ്യയോടെ സ്ത്രീകള്‍ ഉള്‍പ്പെടെ ആദ്യം 100 പേരും തുടര്‍ന്ന് ജനക്കൂട്ടവും വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ വളഞ്ഞു. 3 പോലീസ് ജീപ്പുകള്‍, 2 ബസ് എന്നിവ ഉള്‍പ്പെടെ 5 പോലീസ് വാഹനങ്ങളും, 2 കെഎസ്ആര്‍ടിസി ബസ്സുകളും, കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ ഒരു കാറും, നിരവധി ബൈക്കുകളും നശിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.

വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി സ്റ്റേഷനിലെ സാധനങ്ങളും കേസ് രേഖകളും നശിപ്പിച്ചു. ആക്രമണത്തില്‍ കോവളം പോലീസ് സ്റ്റേഷന്‍ പ്രൊബേഷണറി ഇന്‍സ്‌പെക്ടര്‍ ലിജോ പി. മണിയുടെ വലത് കാലിന് പൊട്ടലുണ്ടായി. കെ എ പി സി പി ഓ പ്രവീണിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി കൊണ്ടു പോകുന്നത് തടഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ അക്ഷരാര്‍ത്ഥത്തില്‍ ബന്ദികളാക്കി. സംഭവമറിഞ്ഞ് എത്തിയ സിറ്റി ഡിസിപി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. തടിച്ചുകൂടിയ അക്രമിസംഘം അവിടെ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. പോലീസ് അസാമാന്യമായ ആത്മ നിയന്ത്രണവും ക്ഷമയും കാണിച്ചത് മൂലമാണ് അവിടെ വലിയ തോതില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.

സംഭവത്തില്‍ 54 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ആകെ പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം പ്രൊബേഷണറി എസ് ഐ യെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി. സ്ഥലത്തെ വ്യാപാരസ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ മുന്‍കൂട്ടി തകര്‍ക്കുകയോ കേടുവരുത്തുകയോ ചെയ്തിട്ടുണ്ട്. അക്രമത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് സിസിടിവി ക്യാമറ ആസൂത്രിതമായി നശിപ്പിച്ചത്. കോടതി വിധി ധിക്കരിച്ചു അക്രമസമരം നടത്തുക, വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം നടത്തുക, പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു നശിപ്പിക്കുക, ക്രമസമാധാനം പാലിക്കാന്‍ എത്തിയ പോലീസുദ്യോഗസ്ഥരെ മാരകമായ രീതിയില്‍ ആക്രമിക്കുക, പോലീസ് വാഹനങ്ങള്‍ തകര്‍ക്കുക, മണിക്കൂറുകളോളം തെരുവില്‍ അഴിഞ്ഞാടുക ഇതാണ് സമരത്തിന്റെ പേരില്‍ അവിടെ ഉണ്ടായത്.

പോലീസ് സ്റ്റേഷന്‍ ആക്രമണം പൊടുന്നനെ ഉണ്ടായ ഒരു സംഭവമല്ല. ജൂലായില്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 8 ന് കാല്‍നട യാത്രക്കാരെയും വാഹനങ്ങളെയും തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് സമരം മാറിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന നിലയുണ്ടായി. ആഗസ്റ്റ് 20 ന് പോലീസിന്റെ ബാരിക്കേഡുകളും ഫൈബര്‍ ലാത്തികളും ഹെല്‍മെറ്റുകളും നശിപ്പിക്കുന്ന അനുഭവമുണ്ടായി. ആഗസ്റ്റ് 22 ന് തുറമുഖ നിര്‍മ്മാണ സ്ഥലത്തേക്കുള്ള പൂട്ട് ബലമായി പൊട്ടിച്ച് പോര്‍ട്ടിനകത്തെ ടവറില്‍ അതിക്രമിച്ചു കയറി. തൊട്ടടുത്ത ദിവസം വീണ്ടും പോര്‍ട്ടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറുകയും കസേരകളും ഹാലജന്‍ ലൈറ്റുകളും നിശിപ്പിക്കുകയുണ്ടായി. ആഗസ്റ്റ് 31 ന് അവിടെയുണ്ടായിരുന്ന ലോറിയുടെ ഗ്ലാസ് തകര്‍ത്തു. സെപ്റ്റംബര്‍ 1 ന് പോലീസിന്റെ ഡ്രോണ്‍ തകര്‍ത്തു. ഒരു പോലീസുകാരന് പരിക്കേല്‍പ്പിച്ചു. ബാരിക്കേഡുകള്‍ അടക്കമുള്ള പൊതുമുതല്‍ നശീകരണം ഒരു പതിവാക്കി മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ 9 ന് വനിതാ പോലീസുകാരെ ആക്രമിക്കുകയും പ്രധാന റോഡില്‍ ഷെഡ് കെട്ടി പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തു. ഒക്‌ടോബര്‍ 10 ന് പോലീസിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ ആക്രമിച്ചു. ഇതിനെല്ലാം പുറമെയാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചും ബോട്ടുകത്തിക്കല്‍ അടക്കമുള്ള പദ്ധതിയും അരങ്ങേറിയത്.

വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേത് തുടര്‍ച്ചയായ ആക്രമണ പരമ്പരയുടെ ഒരു ഭാഗം മാത്രമായിരുന്നു എന്നതാണ് ഇതിനര്‍ത്ഥം. തുറമുഖ പദ്ധതിക്കെതിരായ സമരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അണിചേര്‍ന്നിട്ടില്ല എന്നത് ശ്രദ്ധിക്കണം. മാധ്യമങ്ങളും പദ്ധതിയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നവരല്ല. സമരവുമായി ബന്ധപ്പെട്ട് അക്രമണങ്ങള്‍ ഉണ്ടാകില്ലായെന്ന് സമരസമിതി മന്ത്രിസഭാ ഉപസമിതിക്കു മുമ്പാകെ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ രമ്യമായും നിയമത്തിന്റെ ചട്ടക്കൂടിനകത്തും പരിഹരിക്കണം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആ പ്രക്രിയയില്‍ പങ്കാളികളാകാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സമൂഹത്തില്‍ അസ്വസ്ഥതെയുടെയും വിദ്വേഷത്തിന്റെയും തീപ്പൊരികള്‍ വീഴാനിടയുള്ള പ്രകോപനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് തുറമുഖ വിരുദ്ധ സമരക്കാരോട് അഭ്യര്‍ത്ഥിക്കുന്നു',മുഖ്യമന്ത്രി പറഞ്ഞു.

'സ്പെഷ്യൽ വ്യക്തികൾക്ക് എന്തുമാകാലോ'; നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കെതിരെ മമത ബാനർജി'സ്പെഷ്യൽ വ്യക്തികൾക്ക് എന്തുമാകാലോ'; നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കെതിരെ മമത ബാനർജി

ഗുജറാത്തിൽ പോളിംഗ് കുത്തനെ കുറഞ്ഞു; നേട്ടം ആർക്ക്? കണക്ക് കൂട്ടലുകളുമായി പാർട്ടികൾഗുജറാത്തിൽ പോളിംഗ് കുത്തനെ കുറഞ്ഞു; നേട്ടം ആർക്ക്? കണക്ക് കൂട്ടലുകളുമായി പാർട്ടികൾ

English summary
Vizhinjam Project Will Not Stopped Says CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X