Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്

പിതാവിന്റെ കോട്ട തിരിച്ചുപിടിക്കാൻ പാലായിൽ മകന്റെ പോരാട്ടം, മന്ത്രി മത്സരിക്കുന്നതിനാൽ വിഐപി പരിവേഷമുള്ള ഏറ്റുമാനൂർ, കേന്ദ്രമന്ത്രി കളത്തിലിറങ്ങിയ കാഞ്ഞിരപ്പള്ളി, ബിജെപി ടിക്കറ്റിൽ പൂഞ്ഞാറിൽ അച്ഛനും പാലായിൽ മകനും, കേരള കോൺഗ്രസുകൾ നേർക്കുനേർ പോരിടുന്ന ചങ്ങനാശ്ശേരി, സിപിഐയിൽ നിന്ന് കാവിപ്പടയിലേക്ക് കൊഴിഞ്ഞുപോയുണ്ടായ വൈക്കം... ഇങ്ങനെ രാഷ്ട്രീയ രസച്ചേരുവകൾ പാകത്തിനുചേർന്നിട്ടുണ്ട് കോട്ടയം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും. കേരള കോൺഗ്രസുകൾ വിജയ പരാജയങ്ങൾ നിർണയിക്കുന്ന ജില്ലയിൽ ഒരു സംവരണസീറ്റടക്കം ഒമ്പതു മണ്ഡലങ്ങളാണുള്ളത്.

കോൺഗ്രസിനും കേരള കോൺഗ്രസിനും ശക്തമായ വേരോട്ടമുള്ള കോട്ടയം ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണി മാറ്റത്തോടെയാണ് 2021ൽ ചരിത്രഗതി മാറ്റി ചുവപ്പ് പുതച്ചത്. മാണി വിഭാഗത്തിന്‍റെ മൂന്ന് എംഎൽഎമാരുടെ ബലത്തിൽ അഞ്ചു സീറ്റുമായി ഇടതായിരുന്നു കഴിഞ്ഞ തവണ മുന്നിൽ. സിപിഎമ്മിനും സിപിഐക്കും ഓരോ സീറ്റ് കിട്ടി. യുഡിഎഫിൽ കോൺഗ്രസ് രണ്ട്, കേരള കോൺഗ്രസ് ഒന്ന്, നാഷനലിസ്റ്റ് കോൺഗ്രസ് കേരള ഒന്ന് എന്നതാണ് സീറ്റ് നില. ഇത്തവണ വൈക്കത്തൊഴികെ സിറ്റിങ് എംഎൽഎമാരെല്ലാം രംഗത്തുണ്ട്.

udf

കോട്ടയത്തും പുതുപ്പള്ളിയിലും 'ഈസി വാക്കോവർ’ ആണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് 2011 മുതൽ കോട്ടയം പ്രതിനിധി. തുടർച്ചയായ നാലാം ജയം തേടിയിറങ്ങുന്ന ഇദ്ദേഹത്തിന്‍റെ എതിരാളി സിപിഎം സംസ്ഥാനസമിതി അംഗം അഡ്വ. കെ. അനിൽകുമാർ ആണ്. ബിഡിജെഎസിലെ പി. അനിൽകുമാറിനെ എൻഡിഎ കളത്തിലിറക്കിയിരിക്കുന്നു. പുതുപ്പള്ളിയിൽ സ്ഥാനാർഥി പ്രഖ്യാപനം വരുംമുമ്പേചാണ്ടി ഉമ്മൻ പ്രചാരണത്തിൽ അതിവേഗം ബഹുദൂരമെത്തി. കെ.എം. രാധാകൃഷ്ണനാണ് എൽഡിഎഫ് സ്ഥാനാർഥി. രവീന്ദ്രനാഥ് വാകത്താനം എൻഡിഎക്കുവേണ്ടി രംഗത്തുണ്ട്.

സിപിഎമ്മിന്‍റെ ഏക സീറ്റായ ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവൻ രണ്ടാം ജയം തേടിയിറങ്ങുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ടുനൽകിയ സീറ്റിൽ കോൺഗ്രസ് ജില്ല അധ്യക്ഷൻ നാട്ടകം സുരേഷാണ് സ്ഥാനാർഥി. എൻഡിഎയുടേത് ട്വന്‍റി 20 പ്രതിനിധി ആതിര ഡി. നായരും. വൈക്കത്തെ രണ്ടു തവണ ചുവപ്പിച്ച സിപിഐയുടെ മുൻ എംഎൽഎ കെ. അജിത്ത് ഇത്തവണ എൻഡിഎ സ്ഥാനാർഥിയാണ്. 2016 മുതൽ എംഎൽഎ ആയിരുന്ന സി.കെ. ആശ മത്സരത്തിനില്ല. സിപിഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. പ്രദീപ് ആണ് സീറ്റുറപ്പിക്കാൻ പോരാടുന്നത്. തലയാഴം പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. ബിനിമോനാണ് യുഡിഎഫ് സ്ഥാനാർഥി.

കേരള കോൺഗ്രസ് എം പ്രതിനിധിയും സിറ്റിങ് എംഎൽഎയുമായ അഡ്വ. ജോബ് മൈക്കിൾ ചങ്ങനാശ്ശേരിയിൽ രണ്ടാമൂഴം തേടുമ്പോൾ ജോസഫ് ഗ്രൂപ്പിലെ വിനു ജോബിനെയാണ് എതിരിടാൻ യുഡിഎഫ് നിയോഗിച്ചത്. എൻഎസ്എസ് ആസ്ഥാനമടക്കം സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽ ബിജെപി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണ മേനോനാണ് എൻഡിഎ സ്ഥാനാർഥി.

2006 മുതൽ കടുത്തുരുത്തിയെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസിലെ മോൻസ് ജോസഫിനെ നേരിടാൻ മാണി ഗ്രൂപ്പിലെ നിർമല ജിമ്മിയെ ആണ് എൽഡിഎഫ് രംഗത്തിറക്കിയത്. ബിഡിജെഎസ് കോട്ടയം ഈസ്റ്റ്‌ ജില്ല പ്രസിഡന്റ്‌ സുരേഷ് ഇട്ടിക്കുന്നേൽ എൻഡിഎക്കായി രംഗത്തുണ്ട്. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെയാണ് ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന കാഞ്ഞിരപ്പള്ളിയിൽ ഇറക്കിയിരിക്കുന്നത്. സിറ്റിങ് എംഎൽഎ ഡോ. എൻ. ജയരാജ് എൽഡിഎഫിനായും കോളജ് അധ്യാപകൻ പ്രഫ. റോണി കെ. ബേബി യുഡിഎഫിനായും അങ്കത്തട്ടിലുണ്ട്.

പി.സി. ജോർജിന്‍റെ മണ്ഡലമായ പൂഞ്ഞാറിനെ കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ഇടതുപക്ഷത്തെത്തിച്ചത്. ഇത്തവണ ഇരുവരും വീണ്ടും ഏറ്റുമുട്ടുമ്പോൾ പി.സി. ജോർജ് ബിജെപിയിലെത്തിയിട്ടുണ്ട്. അഡ്വ. എം.ജെ. സെബാസ്റ്റ്യനാണ് യുഡിഎഫ് സ്ഥാനാർഥി.

കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും സൂപ്പർ സ്റ്റാർ മണ്ഡലമായ പാലാ തന്നെയാണ് ജില്ലയിലെ ഹോട്ട് സ്​പോട്ട്. ഇത്തവണ പിതാവിന്റെ കോട്ട തിരികെ പിടിക്കാൻ കെ.എം. മാണിയുടെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ. മാണി ഉൾപ്പെടുന്ന ത്രികോണമത്സരമാണ് പാലായെ ആവേശത്തിലാക്കുന്നത്. നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടി അധ്യക്ഷൻ മാണി സി. കാപ്പനാണ് യുഡിഎഫ് സ്ഥാനാർഥി. പി.സി. ജോർജിന്‍റെ മകനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജിനെയാണ് എൻഡിഎ കളത്തിലിറക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+