മഹാപ്രളയത്തിന് ഒരാണ്ട്; വീട്ടമ്മക്ക് സമ്മാനിച്ച പശുവിനെ കാണാന്‍ ഒരു വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥികളും അധ്യാപകരുമെത്തി, മാതൃകയായി ഡോണേറ്റ് എ കൗ പദ്ധതി!
കല്‍പ്പറ്റ: മാനന്തവാടി എടവക ഗ്രാമപഞ്ചായത്തിലെ എള്ളുമന്ദം ചേര്‍ക്കോട് കോളനിയിലെ ശാന്തയുടെ ഉപജീവനമാര്‍ഗം പശുവളര്‍ത്തലായിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ പശുവിനെ നഷ്ടപ്പെട്ടതോടെ ശാന്തയുടെ ജീവിതം ചോദ്യചിഹ്നമായി മാറുകയായിരുന്നു. ഇത്തരത്തില്‍ ഒരുപാട് പേര്‍ അന്നം നല്‍കിയിരുന്ന പശുക്കളെ നഷ്ടപ്പെട്ടവര്‍ ജില്ലയിലുണ്ടായിരുന്നു ഈ സാഹചര്യത്തിലാണ് കല്‍പ്പറ്റ ക്ഷീര വികസന വകുപ്പ് ഓഫീസര്‍ വി.എസ് ഹര്‍ഷയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഡോണേറ്റ് എ കൗ ക്യാംപയിനു തുടക്കം കുറിക്കുന്നത്.
അഴിമതി പണം ജനങ്ങള്‍ക്ക് തിരിച്ച് കൊടുത്ത് തൃണമൂല്‍ നേതാവ്, മനം മാറ്റത്തിന് കാരണം മമതാ ബാനര്‍ജി
പ്രളയത്തെ തുടര്‍ന്ന് ഉപജീവന മാര്‍ഗമായ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് പതിയെ ഈ പദ്ധതി ആശ്വാസമായി മാറി. ഉപജീവനമാര്‍ഗം വഴിമുട്ടിയ ശാന്തക്ക് സുല്‍ത്താന്‍ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പശുവിനെ വാങ്ങി നല്‍കിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ അമ്പത്തിയാറായിരം രൂപയോളം ചെലവഴിച്ചാണ് വിദ്യാര്‍ത്ഥികള്‍ കറവപശുവിനെ വാങ്ങി നല്‍കിയത്.
പ്രളയത്തിന് ഒരു വയസ് തികയുമ്പോള്‍ സമ്മാനിച്ച പശുവിനെ കാണാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വീണ്ടുമെത്തി. ശാന്തയുടെ ഏഴിലും ആറിലും പഠിക്കുന്ന മക്കളായ നകുലനും നിവേദും കുട്ടികള്‍ നല്‍കിയ പശുവിന് അമ്മിണിക്കുട്ടിയെന്ന് പേരുമിട്ടു. അമ്മിണിക്കുട്ടിയെ കാണാന്‍ അപ്രതീക്ഷിതമായി വിദ്യാര്‍ത്ഥികളും അധ്യാപകരുമെത്തിയപ്പോള്‍ ശാന്തയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. രണ്ടുകുട്ടികള്‍ക്കും അമ്മയ്ക്കുമൊപ്പം ചേര്‍ക്കോട് ആദിവാസി കോളനിയിലെ കൊച്ചു വീട്ടില്‍ താമസിക്കുന്ന ആ കുടുംബം ഇന്ന് പ്രളയത്തിന്റെ ഓര്‍മകളെ അതിജീവിച്ചു കഴിഞ്ഞു.
ഇന്ന് ശരാശരി 22 ലിറ്റര്‍ പാല്‍ ഇവര്‍ സൊസൈറ്റിയില്‍ നല്‍കുന്നുണ്ട്. ഇതോടെ ഉപജീവനമാര്‍ഗത്തിന് മറ്റൊന്നിനെയും ആശ്രയിക്കേണ്ട സാഹചര്യവും ഇല്ലാതായി. നന്ദിയോടെയും കടപ്പാടോയുമാണ് ശാന്ത വിദ്യാര്‍ത്ഥി സംഘത്തെ യാത്രയാക്കിയത്. അധ്യാപകരായ ശുഭാങ്ക്, നവീന്‍ പോള്‍, സുനിത ഇല്ലത്ത്, വി.എസ് ദീപ, വിദ്യാര്‍ത്ഥികളായ അജയ് വി.റജി, അഖില്‍ പി.നാഥ്, എം.എസ് അഭിഷേക്, ആര്‍ദ്ര സുരേന്ദ്രന്‍, അബിത മാത്യൂസ്, അജിന ഷെറിന്‍ എന്നിവരാണ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും പശുവിനെ കാണാനെത്തിയത്.