ഹരീരിയുടെ മനസ്സ് മാറി; രാജി സമര്‍പ്പണം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ലബനാന്‍ പ്രധാനമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

ബെയ്‌റൂത്ത്: രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ബെയ്‌റൂത്തില്‍ തിരിച്ചെത്തി ലബനാന്‍ പ്രധാനമന്ത്രി സാദ് ഹരീരി തന്റെ രാജി സമര്‍പ്പണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചു. നവംബര്‍ നാലിന് സൗദി അറേബ്യയില്‍ വച്ച് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച അദ്ദേഹം, നാട്ടില്‍ തിരിച്ചെത്തിയ ശേഷം പ്രസിഡന്റ് മൈക്കല്‍ ഔനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. രാജി സമര്‍പ്പിക്കാന്‍ പ്രസിഡന്റിനെ ചെന്നു കണ്ടപ്പോള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം മതി രാജിയെന്ന് അദ്ദേഹം തന്നെ ഉപദേശിച്ചതായും അത് താന്‍ സ്വീകരിച്ചതായും ഹരീരി പറഞ്ഞു. രാജിവയ്ക്കാനുണ്ടായ കാരണങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നായിരുന്നു പ്രസിഡന്റിന്റെ വാദം.

സാദ് ഹരീരി സൗദിയില്‍ തടവിലെന്ന് ലബനാന്‍ പ്രസിഡന്റും

സൗദിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഹരീരി രാജിവച്ചതെന്നും സൗദിയില്‍ വീട്ടുതടങ്കലിലാണെന്ന് അദ്ദേഹമെന്നും മൈക്കല്‍ ഔന്‍ നേരത്തേ ആരോപിച്ചിരുന്നു. സൗദിയില്‍ നിന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണിന്റെ ക്ഷണപ്രകാരം പാരിസിലേക്ക് പോയതിന് ശേഷം അവിടെ നിന്നാണ് ഹരീരി സ്വന്തം നാട്ടിലേക്ക് തിരിച്ചത്. റിയാദില്‍ വച്ച് സൗദിയുടെ ഔദ്യോഗിക ടി.വി ചാനലിലൂടെ രാജി പ്രഖ്യാപിച്ച ഹരീരി, ലബനാന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്റെ ഇടപെടലാണ് രാജിക്ക് കാരണമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയ്‌ക്കെതിരേയും രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ആയുധ ബലത്തില്‍ രാജ്യത്ത് എല്ലാം നിയന്ത്രിക്കുന്നത് ഹിസ്ബുല്ലയാണെന്നും രാജ്യത്തിനകത്തെ മറ്റൊരു രാജ്യമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹരീരി കുറ്റപ്പെടുത്തിയിരുന്നു. 

saadhariri

അതേസമയം, ലബനാനില്‍ വച്ച് രാജി പ്രഖ്യാപിച്ചാല്‍ മാത്രമേ അത് സ്വീകരിക്കൂ എന്ന നിലപാടിലായിരുന്നു ഭരണകൂടം. ഹരീരിയുടെ പാര്‍ട്ടിയായ ഫ്യൂച്ചര്‍ മൂവ്‌മെന്റും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അദ്ദേഹം ഉടന്‍ ലബനാനിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് അദ്ദേഹം ചൊവ്വാഴ്ച ഇവിടെയെത്തിയത്. ബുധനാഴ്ച നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിലും പ്രസിഡന്റിനൊപ്പം ഹരീരി പങ്കെടുത്തു. പ്രസിഡന്റ് മൈക്കല്‍ ഔന്‍ നേതൃത്വം നല്‍കുന്ന ഐക്യ സര്‍ക്കാരിന്റെ ഭാഗമാണ് സാദ് ഹരീരി. ഹിസ്ബുല്ലയുടെ രാഷ്ട്രീയ വിഭാഗവും സര്‍ക്കാരിന്റെ ഭാഗമാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Lebanon's Saad Hariri said on Wednesday he would hold off presenting his resignation as prime minister in response to a request from President Michel Aoun to allow more dialogue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്