കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഭാസിന്റെ മുത്തച്ഛനായി അഭിനയിക്കുന്നു, ആരുടെയും ഔദാര്യത്തിലല്ല ജീവിതമെന്ന് രാഘവന്‍

Google Oneindia Malayalam News

കൊച്ചി: സംവിധായകന്‍ വിനയന്‍ നേരത്തെ നടന്‍ രാഘവന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മകന്‍ ജിഷ്ണു ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് ഈ അവസ്ഥ ഉണ്ടാവില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പലരും രാഘവന്റെ അവസ്ഥ മോശമാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. സിനിമയില്‍ അദ്ദേഹത്തിന് അവസരങ്ങളില്ലെന്നായിരുന്നു പലരും പറഞ്ഞത്.

സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ വിശദീകരണവുമായി ഇപ്പോള്‍ രാഘവന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ പേരില്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് അദ്ദേഹം പറയുന്നു. അതില്‍ വിഷമമുണ്ടെന്നും രാഘവന്‍ വ്യക്തമാക്കി.

1

നിര്‍മാതാവ് ജോളി ജോസഫായിരുന്നു രാഘവന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് പറഞ്ഞത്. രാഘവന്‍ അടക്കമുള്ള താരങ്ങള്‍ ഇന്നത്തെ കാലത്ത് സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും, അവരെയും പരിഗണിക്കണമെന്നും ജോളി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ വേഷം ലഭിക്കാതെ ബുദ്ധിമുട്ടുകയല്ലെന്ന് രാഘവന്‍ പറയുന്നു. ഈ പ്രചാരണം വാസ്തവവിരുദ്ധമാണ്. താന്‍ ജീവിക്കുന്നത് ആരുടെയും കാരുണ്യത്താല്‍ അല്ലെന്നും രാഘവന്‍ പറഞ്ഞു. അതേസമയം തനിക്ക് സിനിമകള്‍ ഉണ്ടെന്നും ഇപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുന്നുണ്ടെന്നും രാഘവന്‍ വ്യക്തമാക്കി.

2

താന്‍ സിനിമയില്ലാതെ ബുദ്ധിമുട്ടുകയാണെന്ന വ്യാജ പ്രചാരണത്തില്‍ വിഷമമുണ്ട്. ഒരു സെല്‍ഫ് മെയ്ഡ് വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ ആരുടെയും കാരുണ്യത്തില്‍ അല്ല ജീവിക്കുന്നത്. ജീവിതത്തില്‍ എനിക്ക് ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ഈ പ്രായത്തിലും ഞാന്‍ ജോലി ചെയ്യുന്നുണ്ട്. സ്വന്തം കാര്യങ്ങള്‍ക്കായി തന്റെ മക്കളെ പോലും ആശ്രയിക്കാറില്ലെന്നും രാഘവന്‍ പറഞ്ഞു. ഒപ്പം തന്റെ പുതിയ സിനിമകള്‍ ഏതൊക്കെയാണെന്നും രാഘവന്‍ വെളിപ്പെടുത്തുന്നുണ്ട്.

3

താന്‍ നിലവില്‍ തെലുങ്കില്‍ പ്രഭാസിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലും അഭിനയിച്ചു. ഒരുപിടി മലയാള ചിത്രങ്ങളിലും ഞാനിപ്പോള്‍ അഭിനയിച്ച് വരുന്നുണ്ട്. ഇതിനൊപ്പം തന്നെ ഞാന്‍ നായകനായ ഒരു സിനിമയും വരാനുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. നിലവില്‍ യാതൊരു സാമ്പത്തിക പ്രതിസന്ധിയും എനിക്കില്ല. പറ്റാവുന്ന കാലത്തോളം താന്‍ അഭിനയിക്കുമെന്നും രാഘവന്‍ പറഞ്ഞു. നേരത്തെ രാഘവന്റെ കൃത്യനിഷ്ഠയെ കുറിച്ചെല്ലാം സംവിധായകന്‍ വിനയനും ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു.

4

വിനയന്‍ തന്നെ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടില്‍ രാഘവന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടായിരുന്നു കുറിപ്പ് ഇട്ടത്.
ചിത്രത്തിന്റെ ഏഴാമത് ക്യാരക്ടര്‍ പോസ്റ്ററാണിതെന്ന് പറഞ്ഞാണ് വിനയന്‍ ഇത് പങ്കുവെച്ചത്. ആദരണീയനായ നടന്‍ രാഘവേട്ടന്‍ അഭിനയിക്കുന്ന ഈശ്വരന്‍ നമ്പൂതിരിയുടെ കഥാപാത്രത്തെയാണ് ഇന്ന് അവതരിപ്പിക്കുന്നത്. ഈശ്വരന്‍ നമ്പുതിരി തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രധാന ഉപദേശക പ്രമുഖനായിരുന്നു. അസാദ്ധ്യ പണ്ഡിതനും ആരെയും നിയന്ത്രിക്കാന്‍ തക്ക ആജ്ഞാശക്തിയുമുള്ള ഈശ്വരന്‍ നമ്പുതിരിയെ കണ്ടാല്‍ ഒ. ചന്തുമേനോന്റെ പ്രസിദ്ധ നോവലായ ഇന്ദു ലേഖയിലെ സൂരി നമ്പുതിരിപ്പാടിനെ ഓര്‍മ്മിപ്പിച്ചേക്കാം.

5

പക്ഷേ അതിലുമൊക്കെ ഉപരി ആ കാലഘട്ടത്തിന്റെ അധികാര മേധാവിത്വം പരമാവധി ഉപയോഗിച്ച്.. പടത്തലവന്‍മാരെ പോലും വിരല്‍ തുമ്പില്‍ നിര്‍ത്താന്‍ പോന്ന ചാണക്യനായിരുന്നു ഈശ്വരന്‍ നമ്പൂതിരി. വലിയ യുദ്ധ തന്ത്രങ്ങള്‍ മെനയാന്‍ പോലും ഈശ്വരന്‍ നമ്പൂതിരിയുടെ ബുദ്ധി കടമെടുക്കുന്ന നാട്ടില്‍ ധീരനായ പോരാളിയും സാഹസികനുമായ ആറാട്ടുപുഴ വേലായുധച്ചേകവര്‍ക്ക് കിട്ടിയ പ്രാധാന്യവും അംഗീകാരവും നമ്പുതിരിയ്ക്ക് ഒട്ടും ദഹിക്കുന്നതായിരുന്നില്ല.

6

എഴുപതുകളിലെ മലയാള സിനിമയുടെ നായകന്‍ രാഘവേട്ടന്‍ ഈശ്വരന്‍ നമ്പൂതിരിയെ അവതരിപ്പിക്കുന്നു എന്നതാണ് ആ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും പുതുമയും.. ഈ കഥാപാത്രത്തിലൂടെ തന്റെ അഭിനയ സിദ്ധിയുടെ വേറൊരു തലം രാഘവേട്ടന്‍ നമ്മെ കാണിച്ചു തരുന്നുണ്ടെന്നും വിനയന്‍ കുറിച്ചു. അതേസമയം രാഘവന്‍ ചേട്ടന് ഇപ്പോള്‍ അധികം അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് വിനയന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ പ്രായത്തിലും ഏത് യുവതാരത്തേക്കാളും അഭിനയത്തിന്റെ കാര്യത്തില്‍ ഊര്‍ജസ്വലനനാണ് രാഘവന്‍. അദ്ദേഹം അഭിനയിക്കുന്ന രീതിയൊക്കെ കണ്ടാല്‍ അദ്ഭുതപ്പെട്ട് പോകുമെന്നും വിനയന്‍ പറഞ്ഞിരുന്നു.

7

ജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങളെ നേരിട്ട മനുഷ്യനാണ് രാഘവന്‍. അത്തരം പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം എന്നോട്ട് സംസാരിച്ചിട്ടുമുണ്ട്. ജിഷ്ണുവിന്റെ വിയോഗത്തെ നേരിട്ടതും അതിനെ അതിജീവിക്കാന്‍ മാനസികമായി ശേഷി കണ്ടെത്തിയതിനെ കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞിരുന്നു. നമ്മള്‍ ഈ സ്ഥാനത്തായിരുന്നെങ്കില്‍ തളര്‍ന്നുപോകുമായിരുന്നു. അദ്ദേഹം ഇപ്പോഴും അതിനോടൊക്കെ പൊരുതി നില്‍ക്കുകയാണ്. കൈവിട്ട് പോകാവുന്ന മനസ്സിനെ അദ്ദേഹം തിരിച്ചുപിടിച്ചു. അത്രയേറെ വേദന ഉള്ളിലുള്ളപ്പോള്‍ ചുറ്റും ഉള്ളവരിലേക്ക് അത് പകരാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ടെന്നും വിനയന്‍ പറഞ്ഞു.

English summary
actor raghavan clarifies on doesnt get enough chances in malayalam cinema, his reply goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X