• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണലാരണ്യത്തില്‍ വീണ്ടും ഒരോണം

  • By Staff

മോഹന്‍ കളരിക്കല്‍ , മസ്കറ്റ്

ഒരു നൂറ്റാണ്ടിനും, സഹസ്രാബ്ദത്തിനും ശേഷം, വീണ്ടും ഒരോണക്കാലം എത്തി. മാവേലിമന്നനും പ്രജകളെ സന്ദര്‍ശിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കണം. ഇവിടെ - ഈ പ്രവാസ ലോകത്തില്‍ ഓണമെത്തുന്നുണ്ടോ? ഈ ഊഷരഭൂമിയില്‍ എത്തുന്ന മാവേലിയുടെ മനസ്സില്‍, മലയാളികളെക്കുറിച്ചും മലയാണ്മയെക്കുറിച്ചും എന്തായിരിക്കും?വര്‍ഷങ്ങളുടെ തീഷ്ണതയില്‍ കരിഞ്ഞ മനസ്സുമായി ഇവിടെ കഴിയുന്നവര്‍. പൊള്ളുന്ന കാറ്റില്‍ കരുവാളിച്ച മുഖം കണ്ണാടിയില്‍ നോക്കി നെടുവീര്‍പ്പിടുന്നവര്‍. വ്യാകുലതകള്‍ തളംകെട്ടി നില്ക്കുന്ന മങ്ങിയ ഭാവിയിലേക്ക് കണ്ണുംനട്ട്, തന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യങ്ങളിലേക്കടുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍. വേര്‍പാടിന്റെ വ്യഥയില്‍ മനസ്സിന്റെ സമനിലതെറ്റി ഓണപ്പാട്ടിന്റെ ജതികള്‍ മറന്ന്, ദിക്കുകള്‍ നഷ്ടപ്പെട്ട് തെരുവിലലയുന്നവര്‍. കാണംവിറ്റും ഓണം ഉണ്ണാന്‍ മറന്നുപോയവര്‍. അതുകൊണ്ട് ഓണവും വിഷുവും ക്രിസ്തുമസ്സും പെരുന്നാളുമെല്ലാം അവര്‍ക്ക് ചിലപ്പോഴെങ്കിലും അന്യം നിന്നു പോകുന്നു.

മായാത്ത നാട്ടിലെ ഓണം

എങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഗ്രാമത്തിന്റെ ചൂരില്‍ കൊണ്ടാടിയ ഓണത്തിന്റെ ഓര്‍മ്മകള്‍ പ്രവാസികളുടെ മനസ്സില്‍ നിന്ന് മാറ്റാന്‍ കഴിയില്ല. ആര്‍പ്പുവിളിയുടെ ഈണവും വാനത്തുയര്‍ത്തിയ പട്ടത്തിന്റെ നിറവും, ഉടുത്ത ഓണക്കോടിയുടെ മണവും, അമ്മ വിളമ്പിത്തന്ന സദ്യയുടെ രുചിയും, എന്നും എപ്പോഴും ഒരു പ്രവാസിയുടെ ഓര്‍മ്മകളില്‍ എന്നും മായാതെ നില്ക്കും. നാട്ടിലെ അവധിക്കാലം തീര്‍ന്ന് എണ്ണപ്പാടങ്ങളിലേക്ക് പറക്കാന്‍ തുടങ്ങുന്ന നേരത്ത്, പടിയിറങ്ങുമ്പോള്‍ കണ്ട ദുശ്ശകുനത്തെ അവന്‍ എപ്പോഴും ശപിക്കുന്നുണ്ടാകും?

ആദ്യത്തെ ഓണം

ഇവിടെ ഈ മരുഭൂമിയിലും ഓണമെത്തുന്നുണ്ട്. തൃക്കാക്കരയപ്പന്‍ പടിയില്‍ ഇല്ലെങ്കിലും, ഓണത്തുമ്പികള്‍ പാറിയില്ലെങ്കിലും, ഓണത്തിന്റെ അലകള്‍ ഒരു പരിധി വരെ പ്രവാസികള്‍ക്കും വന്നു ചേരുന്നു. ഈ മരുഭൂമിയില്‍ 22 വര്‍ഷം മുമ്പ് വന്നിറങ്ങുമ്പോള്‍ അനുഭവിച്ച ഓണം ഇന്നും മനസ്സിലുണ്ട്. മായാതെ. അത് ഭ്രാന്തുപിടിപ്പിക്കുന്ന അനുഭവമായിരുന്നു. നഗരം കാണുന്നതിന്റെ പകപ്പു വിട്ടുമാറിയിട്ടില്ലാത്ത തനി നാട്ടിന്‍പുറത്തുകാരന്‍ പയ്യന്‍ ഒരു പച്ചപ്പുമില്ലാത്ത ഈ മണല്‍ക്കാടിനു നടുവില്‍ എന്തുചെയ്യും? . ഗ്രാമവും ഗ്രാമത്തിന്റെ സ്നേഹോഷ്മളതകളും ചുറ്റിലുമില്ലാതെ കടന്നു വന്ന ആ ഓണത്തിനോട് പിണക്കം തോന്നി. അന്ന് മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ചുറ്റിലും ഉയര്‍ന്നു നില്ക്കുന്ന നരച്ച മലകള്‍ കണ്ടപ്പോള്‍ പൊട്ടിക്കരയാന്‍ തോന്നി. ഇപ്പോഴും ഒമാനിലെ മുറികളിലെവിടെയൊക്കെയോ ആദ്യമായി വന്നെത്തിയ ചെറുപ്പക്കാരും അരികത്തില്ലാത്ത നാടിനെ ഓര്‍ത്ത് തേങ്ങുന്നുണ്ടാകണം. വെറും മുഖം പരിചയമുള്ളവരുമായി ഒത്തുചേര്‍ന്നായിരുന്നു ആദ്യത്തെ ഓണം കൂടിയത് . ഉച്ചയ്ക്ക് സദ്യയുണ്ണാറായപ്പോള്‍ സങ്കടം കൂടിവന്നു. ഉടനെ ടെലിഫോണ്‍ ബൂത്തിലേക്ക് ഓടി. ബൂത്തില്‍ എന്നെപ്പോലെ ഫോണിന് വേണ്ടി ക്യൂനില്ക്കുന്ന അനേകം ചെറുപ്പക്കാരെ കണ്ടു. വീട്ടുകാരെയും അടുത്ത സ്നേഹിതന്‍മാരെയും വിളിച്ചു കുറെ നേരം സംസാരിച്ചപ്പോള്‍ ആശ്വാസമായി.പക്ഷെ മുറിയില്‍ മടങ്ങിയെത്തിയപ്പോള്‍ വീണ്ടും സങ്കടം കൂടിവന്നു. അത് ഒടുവില്‍ കരച്ചിലായി. കവിളിലൂടെ ഒഴുകി കണ്ണീര്‍ തറയില്‍ വീണു.

മറുനാടന്‍ മലയാളിയുടെ ഓണം

പിന്നീട് ഓരോ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മനസ്സിന്റെ കരുത്തുകൂടിവന്നു. ഈ മരുഭൂമിയിലും നാടിന്റെ ഓര്‍മ്മകളുമായി ജീവിക്കുന്ന ഒരു പാടു മനുഷ്യരുണ്ടെന്ന് തിരിച്ചറിഞ്ഞു. അവരെല്ലാം ചേര്‍ന്ന് നഷ്ടപ്പെട്ട നാടിനെ ഈ മരുഭൂമിയിലേക്കു പറിച്ചു നടാന്‍ ശ്രമിയ്ക്കുന്നുണ്ട്. ക്രമേണ ആ വലിയ മലയാളിക്കൂട്ടത്തിലൊരാളായി മാറിയപ്പോള്‍ ഒറ്റപ്പെടലിന്റെ കനം കുറഞ്ഞുവന്നു. ഇവിടെ ഓണത്തിന് മതമില്ല. അപരിചിതമായ നാട്ടില്‍ മലയാളികളുടെ ഒത്തുചേരലാണ് നടക്കുന്നത്. ഹിന്ദുക്കളായവര്‍ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഓണത്തിന് ക്ഷണിക്കുന്നു. ക്ലബുകളും ഓണം ആഘോഷിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓണം മറക്കാന്‍ ആവില്ല. ജഗതി ശ്രീകുമാറായിരുന്നു കഴിഞ്ഞവര്‍ഷത്തെ അതിഥി. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ സത്നംജിത് സിംഹും അദ്ദേഹത്തിന്റെ ഭാര്യയും മുഖ്യാതിഥികളായി എത്തിയിരുന്നു. ഔദ്യോഗിക പരിപാടികള്‍ കഴിഞ്ഞ് ജഗതി അന്ന് വീട്ടില്‍ സദ്യയുണ്ടാക്കാനായി കൂടെച്ചേര്‍ന്നു. ഈ വര്‍ഷം നടന്‍ മധുവാണ് എത്തുന്നത്.

മസ്കറ്റിലെ മലയാളി ക്ലബുകള്‍

മസ്കറ്റില്‍ അംഗീകാരമുള്ള രണ്ടു മലയാളി ക്ലബുകളാണ് ഉള്ളത്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ലേബലിലാണ് ഈ രണ്ടു ക്ലബുകളും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്-മലയാളം വിംഗും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് - കേരളാ വിംഗും. ഇതില്‍ മലയാളം വിംഗാണ് മസ്കറ്റിലെ ഏറ്റവും പഴയ മലയാളികളുടെ ക്ലബ്. ഞങ്ങള്‍ ഇവിടെ മൂന്നു ദിവസത്തെ പരിപാടിയാണ് ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുക. ഇതില്‍ മൂന്നാംദിവസം ഗംഭീര ഓണസദ്യയോടു കൂടിയാണ് അവസാനിക്കുക. ഓണത്തിന്റെ ഭാഗമായി കലാപരിപാടികളും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. മത്സരങ്ങളില്‍ വിജയികളാകുന്ന കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും സമ്മാനങ്ങള്‍ നല്കുകയും ചെയ്യുന്നു. കേരളത്തില്‍ നിന്നും കലാകാരന്‍മാരെ വരുത്തും.

അവിവാഹിതരുടെ ഓണം

മലയാളികള്‍ നടത്തുന്ന അനേകം ചെറിയ റസ്റോറന്റുകള്‍ മസ്കറ്റിലുണ്ട്. ഈ റസ്റോറന്റുകളില്‍ പ്രത്യേക ഓണസദ്യയൊരുക്കും. പ്രത്യേകം തയ്യാറാക്കിയ രുചിയേറിയ ഓണവിഭവങ്ങള്‍ വാഴയിലയിലാണ് വിളമ്പുക . ഒരു ഓണസദ്യയ്ക്ക് ഏകദേശം 250 രൂപയാണ് വില. അവിവാഹിതരായ ചെറുപ്പക്കാരിലധികം പേരുടെയും ഓണസദ്യ ഈ റസ്റോറന്റുകളില്‍ നിന്നാണ്. ഈ അവിവാഹിതര്‍ക്കിടയിലാണ് യഥാര്‍ത്ഥത്തില്‍ ഓണത്തിന്റെ പച്ചപിടിച്ച ഓര്‍മ്മകള്‍ നിലനില്ക്കുന്നത്. അവരില്‍ നിരവധി പേര്‍ ഓണസദ്യ റസ്റോറന്റുകളില്‍ നിന്നു വാങ്ങി മുറിയില്‍ കൊണ്ടുവന്ന് ഒരുമിച്ചിരുന്നു കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. താല്ക്കാലികമായി അവിവാഹിതരുടെ മുറികളും ഓണസദ്യയുടെ മണവും ഓര്‍മ്മകളുടെ തണുപ്പും നിറഞ്ഞ്, ഒരു മലയാളി വീടായി മാറുന്നു. ഇടയ്ക്കെങ്കിലും വിരഹം മറന്ന്, വിതുമ്പുന്ന മനസ്സിന്റെ വാതായനം തുറന്ന് ഒരു ഉത്സവക്കാലത്തിന് വേണ്ടി കാത്തിരിക്കുന്ന പ്രവാസികള്‍ ലോകത്തിന്റെ ഏതുമൂലയിലായാലും, ജാതിയും മതവും ഒക്കെ മാറ്റിവച്ച് ഓണം ആഘോഷിക്കുന്നുണ്ടാകണം.

lok-sabha-home

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more