കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ ബിരുദത്തിന് വിലയുണ്ടോ?....

  • By Staff
Google Oneindia Malayalam News

റഷ്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും ബിരുദം നേടിയവരും ഇപ്പോള്‍ പ്രവേശനം നേടിയവരുമായ ആയിരക്കണക്കിന് പേര്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെതിരെ സമരത്തിനൊരുങ്ങുകയാണ്.

സമരത്തിന്റെ ഭാഗമായി മുന്‍ സോവിയറ്റ് യൂണിയനില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ (കാഗസ് -കെഎജിഎഎസ്എസ്) കഴിഞ്ഞ ദിവസം കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. വിദേശ ബിരുദത്തിനെതിരായ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിലപാട് പക്ഷപാതപരമാണെന്ന് രക്ഷിതാക്കള്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.

റഷ്യയില്‍ പോയി മെഡിക്കല്‍ ബിരുദമെടുത്ത 5,000 വിദ്യാര്‍ത്ഥികളില്‍ ആയിരം പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഏഴുവര്‍ഷം മെഡിസിന്‍ പഠിച്ചവര്‍ക്കാണ് റഷ്യയിലെ സര്‍വകലാശാലകള്‍ എംഡി ബിരുദം നല്കിയത്. ഇനി മുതല്‍ റഷ്യയില്‍ പോയി ബിരുദമെടുത്തവര്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ക്രീനിംഗ് ടെസ്റിന് വിധേയരാവണം. ഇതില്‍ വിജയിച്ചെങ്കില്‍ മാത്രമേ അവര്‍ക്ക് ഇന്ത്യയില്‍ ഡോക്ടര്‍മാരായി സേവനമനുഷ്ഠിക്കാന്‍ കഴിയൂ.

വിദേശങ്ങളില്‍ നിന്നും ബിരുദമെടുത്ത എല്ലാവരും പരിശോധനാ പരീക്ഷയില്‍ പങ്കെടുക്കേണ്ടതുണ്ടെങ്കിലും, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഈ തീരുമാനം റഷ്യയില്‍ പോയി ബിരുദമെടുത്തവര്‍ക്കെതിരായുള്ളതാണെന്ന് കാഗസ് ജനറല്‍ സെക്രട്ടറി ലാലു ജോസഫ് ആരോപിച്ചു.

1956ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം 2001ലാണ് ഭേദഗതി ചെയ്തത്. വേണ്ടത്ര വിദ്യാഭ്യാസയോഗ്യതകളില്ലാത്തവര്‍ വിദേശത്തുപോയി മെഡിക്കല്‍ ബിരുദം സമ്പാദിക്കുന്നത് തടയാന്‍ ലക്ഷ്യമാക്കിയായിരുന്നു ഈ നടപടി. എന്നാല്‍ റഷ്യയിലെ 29 അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങളില്‍ 2001-2002 വര്‍ഷക്കാലത്ത് പ്രവേശനം ലഭിച്ചവരെ ഈ പരിശോധനാ പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് കെഎജിഎഎസ്എസ് ആവശ്യപ്പെട്ടു. സപ്തംബര്‍ 28,29 തീയതികളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ദില്ലിയില്‍ നടത്തുന്ന പരീക്ഷ ബഹിഷ്കരിക്കാനും കെഎജിഎഎസ്എസ് ആലോചിക്കുന്നു. ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മാതൃകയിലായിരിക്കും പരീക്ഷ. പക്ഷെ ഇന്ത്യന്‍ സിലബസും റഷ്യയിലെ സിലബസും തമ്മിലുള്ള വ്യത്യാസം വിദ്യാര്‍ത്ഥികളെ കുഴക്കുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ പരീക്ഷ വളരെ വിഷമം പിടിച്ചതാണ്. റഷ്യയിലെ വിദ്യാര്‍ത്ഥികളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല ഈ പരീക്ഷ- റഷ്യയില്‍ മെഡിസിന് പഠിക്കുന്ന രണ്ട് മക്കളുടെ അമ്മ ഡോ. ത്രേസ്യ പറയുന്നു.

മെഡിക്കല്‍ കൗണ്‍സിലിന്റെ ഈ നടപടി അപ്രായോഗികമാണ്- റഷ്യയില്‍ ഏഴു വര്‍ഷത്തെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ് അന്‍വര്‍ പറയുന്നു.

റഷ്യയിലെ സ്ഥാപനങ്ങള്‍ക്ക് നിലവാരം പോരെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ പരാതി. മുന്‍ സോവിയറ്റ് യൂണിയനിലെ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള ബിരുദങ്ങള്‍ക്ക് അംഗീകാരം നല്കരുതെന്ന് 1997ല്‍ മെഡിക്കല്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഒരു ഉന്നതതല സമിതി റഷ്യയില്‍ സ്ഥിതിഗതികള്‍ നേരിട്ട് പഠിക്കാന്‍ പോയി. അവര്‍ തിരിച്ചുവന്ന ഉടന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം റദ്ദാക്കുകയായിരുന്നു- കെഎജിഎഎസ്എസിന്റെ മധ്യമേഖലാ ചെയര്‍മാന്‍ അബ്ദുള്‍ സലാം ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X