കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാല്‍ ദുരന്തത്തിന് കാല്‍ നൂറ്റാണ്ട്

  • By Staff
Google Oneindia Malayalam News

Bhopal a poisoned city 25 years on
ആയിരങ്ങളുടെ ജീവന്‍ കവര്‍ന്നെടുക്കുകയും തലമുറകളെ തീരാദുരിതങ്ങളിലേക്കും തള്ളിവിടുകയും ചെയ്ത ഭോപ്പാല്‍ വാതകദുരന്തത്തിന് ബുധനാഴ്ച കാല്‍ നൂറ്റാണ്ട് തികയുന്നു. 1984 ഡിസംബര്‍ രണ്ടിന് അര്‍ദ്ധരാത്രിയില്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യന്‍ ശാഖയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി ഫാക്ടറയില്‍ നിന്ന് ചോര്‍ന്ന മാരകമായ വിഷവാതകം ഭോപ്പാലിനെ മൃതനഗരമാക്കി മാറ്റുകയായിരുന്നു.

കീടനാശിനി പ്ലാന്റില്‍ നിന്നും ചോര്‍ന്ന മീഥൈല്‍ ഐസോ സയനേറ്റ് എന്ന വിഷവാതകമായിരുന്നു ദുരന്തത്തിലെ വില്ലന്‍. കൂട്ടക്കുരുതി അരങ്ങേറിയ കറുത്ത രാത്രിയില്‍ ഉറങ്ങാന്‍ കടന്ന ഭോപ്പാല്‍ ജനതയെ ഉണര്‍ത്തിയത് ഇരുട്ടിനും കാറ്റിനുമൊപ്പമെത്തിയ വിഷവാതകമായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ പിടഞ്ഞോടിയെങ്കിലും ആയിരങ്ങള്‍ തെരുവുകളില്‍ മരിച്ചുവീണു. ആ രാത്രിയില്‍ തന്നെ ഭോപ്പാല്‍ നഗരത്തില്‍ 2259 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പ്രാഥമിക കണക്ക്. എന്നാലിത് 3789 ആയി പിന്നീട് ഉയര്‍ന്നു. യഥാര്‍ത്ഥത്തില്‍ എണ്ണായിരത്തോളം പേരെങ്കിലും ദുരന്തത്തില്‍ നേരിട്ട് മരിച്ചിട്ടുണ്ടാവുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഏഴു ലക്ഷത്തിലേറെ ആയിരുന്നു ഭോപ്പാലിലെ അക്കാലത്തെ ജനസംഖ്യ.

ദുരന്തം നടന്ന് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇരുപതിനായിരത്തിലധികം പേരുടെ ജീവന്‍ വിഷവാതകം ഉള്ളിലെത്തിയതിന്റെ അനന്തരഫലമായി പൊലിഞ്ഞുപോയെന്നാണ് വിവിധ സംഘടനകള്‍ നടത്തിയ പഠനങ്ങളില്‍ നിന്നും വെളിപ്പെടുന്നത്. ഇന്നും അനേകായിരം പേര്‍ ഗുരുതരമായ രോഗങ്ങള്‍ബാധിച്ച് മരിച്ചു ജീവിച്ച് ഇവിടെ കഴിയുന്നുണ്ട്. ശരാശരി ആറായിരം പേരാണ് ഒരോ ദിവസം ആശുപത്രികളില്‍ ചികത്സയ്‌ക്കെത്തുന്നത്.

വിഷവാതക ദുരന്തത്തിന്റെ ദുരിതങ്ങള്‍ ഒരു ജനതയെ വേട്ടയാടുമ്പോള്‍ ദുരന്തത്തിന്റെ കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സണ്‍ ഇപ്പോഴും അമേരിക്കയില്‍ ആര്‍ഭാട ജീവിതം നയിക്കുകയാണ്. വാതക ദുരന്തം നടന്ന് നാലാം ദിവസം ആന്‍ഡേഴ്‌സനെയും കാര്‍ബൈഡിന്റെ ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും ഒട്ടേറെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ 25000 രൂപയുടെ ജാമ്യത്തുകയില്‍ പുറത്തിറങ്ങിയ ആന്‍ഡേഴ്‌സണ്‍ സ്വകാര്യവിമാനത്തില്‍ അമേരിക്കയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. ഉന്നതങ്ങളിലെ ഇടപെടലുകളായിരുന്നു ആന്‍ഡേഴ്‌സിന് അന്ന് തുണയായത്. കൊലപാതക കുറ്റത്തിന് ആന്‍ഡേഴ്‌സനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യയിലെ പല കോടതികളും വിധിച്ചെങ്കിലും അതൊന്നും ഈ കൊലയാളിയെ അലട്ടുന്നില്ല. നിയമത്തിന് മുമ്പില്‍ ആന്‍ഡേഴ്‌സനെ എത്തിയ്ക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയക്ക് ഒരു തീരാകളങ്കമായി അവശേഷിയ്ക്കുന്നു.

ദുരന്തത്തിന് ഇരയായവര്‍ക്ക് ലഭിച്ച നഷ്ടപരിഹാരത്തിന്റെ കാര്യം ഇതിലുമൊക്കെ വിചിത്രമാണ്. യൂണിയന്‍ കാര്‍ബൈഡുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ ദുരിതബാധിതര്‍ക്ക് യാതൊരു പങ്കുമില്ലായിരുന്നു. നഷ്ടപരിഹാരമായി ലഭിച്ച 470 മില്യണ്‍ ഡോളറില്‍ നല്ലൊരു ഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടത്തട്ടുകാരും പങ്കിട്ടെടുത്തു. നഷ്ടപരിഹാരം നല്‍കാന്‍ കാര്‍ബൈഡിന് ചെലവായത് വെറും ഇരുപത് ലക്ഷം ഡോളര്‍ മാത്രമായിരുന്നു എന്നത് മറ്റൊരു കാര്യം. അപകടത്തെ തുടര്‍ന്ന് കമ്പനിയ്ക്ക് 450 മില്യണ്‍ ഡോളര്‍ ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നു. ഭോപ്പാല്‍ ദുരന്തം ഇന്ത്യയിലെ മനുഷ്യ ജീവന്റെ വില തുലോം തുച്ഛമാണെന്ന് കൂടി നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നു. ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് ശരാശരി ഒരു ലക്ഷം രൂപയായിരുന്നു. അതും ഏറെനാളത്തെ നീതി യുദ്ധത്തിനൊടുവില്‍. അതേ സമയം 2001ലെ വേള്‍ഡ് ട്രേ‍ഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഏകദേശം 24 കോടി രൂപ വീതമാണ് ലഭിച്ചത്.

ലോകം കണ്ട ഏറ്റവും വലിയ വ്യവസായിക ദുരന്തത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ദുരന്ത സ്മരണകള്‍ ചുവരെഴുത്തുകളായി കാര്‍ബൈഡ് ഫാക്ടറിയുടെ ചുറ്റുമതിലില്‍ കാണാം. 'വഞ്ചനയുടെ കാല്‍ നൂറ്റാണ്ട്, കുറ്റകൃത്യത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍' എന്നിങ്ങനെയുള്ള ചുവരെഴുത്തുകള്‍ നീതി നിഷേധിയ്ക്കപ്പെട്ട ഒരു ജനതയുടെ വിലാപമായി മാറുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X