കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ഹത നഷ്ടപ്പെട്ടവരുടെ ആഘോഷം: മാതൃഭൂമി ഒന്നാം പേജിലെ കരിതേപ്പിനെക്കുറിച്ച് സി നാരായണന്‍ എഴുതുന്നു!

  • By Desk
Google Oneindia Malayalam News

സി നാരായണന്‍

മാതൃഭൂമിയിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് കെ യു ഡബ്ലിയു ജെ ജനറല്‍ സെക്രട്ടറിയായ സി നാരായണന്‍.

സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പേരായി അച്ചടി ആരംഭിച്ച മാതൃഭൂമി പത്രം സത്യം സമത്വം സ്വാതന്ത്ര്യം എന്ന ഉന്നത മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും നിലനിര്‍ത്താനുമാണല്ലോ നിലനില്‍ക്കുന്നത്. ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം ആചരിക്കാന്‍ വാര്‍ത്തകളില്‍ കരിവാരിത്തേച്ച ഒന്നാം പേജുമായി മാതൃഭൂമി പുറത്തിറങ്ങിയത് വളരെ ഉചിതമായി. - മാതൃഭൂമിയുടെ വ്യത്യസ്തമായ ഒന്നാം പേജിനെക്കുറിച്ച് കെ യു ഡബ്ലിയു ജെ ജനറല്‍ സെക്രട്ടറിയും മാതൃഭൂമിയിലെ മുന്‍ മാധ്യമപ്രവര്‍ത്തകനുമായ സി നാരായണന്‍ എഴുതുന്നു...

ഇതാണാ കാരണം

ഇതാണാ കാരണം

കാരണം മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെടുകയോ വ്യക്തിപരമായ നാശനഷ്ടങ്ങള്‍ക്കിരയാകുകയോ ചെയ്ത സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി ആചരിക്കുന്ന ദിവസമാണ് ലോകപത്രസ്വാതന്ത്ര്യദിനം. അത് തമസ്‌കരണത്തിനെതിരായ, പത്രപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ സംഘശക്തിയുടെ സന്ദേശം നല്‍കുന്നതാണ്. കേരളത്തില്‍ മാതൃഭൂമിക്കു മാത്രമേ ഈ സന്ദേശം നല്‍കാനുള്ള അര്‍ഹത ഉള്ളൂ.

പത്രപ്രവര്‍ത്തകരോടാണ് ചോദ്യം

പത്രപ്രവര്‍ത്തകരോടാണ് ചോദ്യം

കരിതേപ്പ് എന്തായാലും പത്രമുതലാളിയുടെ പ്ലാനിങായിരിക്കും. പക്ഷേ എനിക്ക് ചോദിക്കാനുള്ളത് ആ സ്ഥാപനത്തിലെ ഭൂരിപക്ഷം വരുന്ന പത്രപ്രവര്‍ത്തകരോടാണ്. നിങ്ങള്‍ക്ക് കിട്ടുന്നത് എന്തുതരം സ്വാതന്ത്ര്യമാണ്. മുതലാളി നല്‍കുന്ന സ്വാതന്ത്ര്യമാണോ പത്രസ്വാതന്ത്ര്യം. അല്ല എന്നാണ് ഉത്തരമെങ്കില്‍ കുറച്ചു കൂടി കാര്യങ്ങള്‍ ഉണ്ട്. കഴിഞ്ഞ തവണത്തെ പ്രസ്‌ക്ലബ്ബ് തിരഞ്ഞെടുപ്പില്‍ പത്രമുതലാളി വിലക്കിയപ്പോള്‍ പേടിച്ച് മാതൃഭൂമിക്കാര്‍ ആരും വോട്ട് ചെയ്യാന്‍ പോയില്ല.

മാതൃഭൂമിയിലെ പത്രക്കാര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യം

മാതൃഭൂമിയിലെ പത്രക്കാര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യം

ജനാധിപത്യത്തില്‍ വോട്ടു ചെയ്യാന്‍ പൗരബോധമുണര്‍ത്തുന്ന പത്രമാണേ... മറക്കരുത്. എന്നിട്ട് ഇതാണ് മാതൃഭൂമിയിലെ പത്രക്കാര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യം. മുതലാളി തന്നാല്‍ വാങ്ങാം ഇല്ലെങ്കില്‍ മിണ്ടാതെ കൂടാം. ദശാബ്ദങ്ങളായി നല്‍കി വരുന്ന പെന്‍ഷന്‍ ഒരു സുപ്രഭാതത്തില്‍ നിര്‍ത്തലാക്കിയതായി പ്രഖ്യാപിച്ചപ്പോള്‍, ഒരു ഞരക്കം പോലും പ്രകടിപ്പിക്കാതെ, പറയുന്നിടത്ത് ഒപ്പിട്ട് തീരുമാനം പാസ്സാക്കിക്കൊടുത്ത യൂണിയന്‍ നേതാക്കള്‍ ഏത് സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നിലകൊണ്ടത് എന്നു പറയണം.

അപമാനകരമായ വാഗ്ദാനത്തിന് പോലും

അപമാനകരമായ വാഗ്ദാനത്തിന് പോലും

എന്തിന് അല്‍പം നാളുകള്‍ക്കു മുന്നേ, രണ്ട് മണിക്കൂര്‍ അധികം ജോലി ചെയ്തു തന്നാല്‍ മാത്രം കാന്റീന്‍ ഭക്ഷണം അനുവദിക്കാം എന്ന അപമാനകരമായ വാഗ്ദാനം വെച്ചു നീട്ടിയപ്പോള്‍ ഞങ്ങള്‍ എപ്പൊഴേ റെഡി എന്ന് പാദ നമസ്‌കാരം ചെയ്തവര്‍ ഏത് സ്വാതന്ത്ര്യത്തെയാണ് സംരക്ഷിക്കാന്‍ ഉദ്ദേശിച്ചത് എന്നും അറിയേണ്ടതല്ലേ സമൂഹത്തിന്.

എത്ര മഹത്തരമായ സ്വാതന്ത്ര്യം

എത്ര മഹത്തരമായ സ്വാതന്ത്ര്യം

മജീദിയ വേജ്ബോര്‍ഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ജേര്‍ണലിസ്റ്റുകളുടെ അഭിപ്രായ സ്വാതന്ത്ര്യം മാതൃഭൂമി ഉറപ്പാക്കിയത് അവരില്‍ 36 പേരെ ഈ പത്രത്തിന് മികച്ച സര്‍ക്കുലേഷനുള്ള മണിപ്പൂര്‍, ആസ്സാം, ത്രിപുര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടായിരുന്നല്ലോ. അവര്‍ അവിടെ ഒരു നല്ല ഇരിപ്പിടമോ, കിടപ്പിടമോ ഇല്ലാതെ നരകിച്ചപ്പോള്‍ അനുഭവിച്ച സ്വാതന്ത്ര്യമുണ്ടല്ലോ എത്ര മഹത്തരം.

സ്്നേഹമസൃണമായ മാധ്യമസ്വാതന്ത്ര്യം

സ്്നേഹമസൃണമായ മാധ്യമസ്വാതന്ത്ര്യം

പൂര്‍ണഗര്‍ഭിണിയായ ഒരു ജേര്‍ണലിസ്റ്റിനെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരം കഴക്കൂട്ടത്തുള്ള ഒരു പ്രാദേശിക ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റിയത്... പ്രാഥമിക സൗകര്യം പോലുമില്ലാത്ത ഒറ്റമുറിയിലേക്ക്. ആ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ പക്ഷേ സമ്മതിച്ചില്ല. ഇറക്കിയ ഉത്തരവ് പകല്‍ മായും മുമ്പേ മായ്ച്ചു കളയേണ്ടി വന്നു. സെക്കണ്ടരാബാദിലേക്ക് മാറ്റിയ ഒരു ജേര്‍ണലിസ്റ്റിന് ഓഫീസായി ഏര്‍പ്പാടാക്കിയത് ഒരു ഓയില്‍ കമ്പനിയുടെ ഗോഡൗണിലായിരുന്നു. സ്്നേഹമസൃണമായ മാധ്യമസ്വാതന്ത്ര്യം.

ന്യൂസ് എഡിറ്റര്‍ക്കും കിട്ടി ഈ സ്‌നേഹം

ന്യൂസ് എഡിറ്റര്‍ക്കും കിട്ടി ഈ സ്‌നേഹം

ബാംഗ്ലൂരിലേക്ക് ഓടിച്ച ഒരു ന്യൂസ് എഡിറ്ററുണ്ട്. വായില്‍ കൈയ്യിട്ടാല്‍ പോലും കടിക്കാത്ത അതീവ സാത്വികനായ ഒരു പാവം മനുഷ്യന്‍. പക്ഷേ അദ്ദേഹത്തിന് ആദര്‍ശത്തിന്റെ അസാരം അസ്‌ക്യത ഉണ്ട്. കമ്പനി നവതി ആഘോഷത്തിന് ഉപഹാരമായി നല്‍കിയ ഒരു വാച്ച് അദ്ദേഹം സ്വീകരിച്ചില്ല. എങ്കില്‍പ്പിന്നെ അദ്ദേഹത്തിന് ഇത്തിരി മാധ്യമസ്വാതന്ത്ര്യം കൊടുത്തു കളയാം എന്നു വിചാരിച്ചായിരിക്കാം ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഒരുള്‍ നാടന്‍ഗ്രാമമായ പെദപരിമി എന്ന ഒരു ഹള്ളിയിലേക്ക് വീണ്ടും സ്ഥലം മാറ്റി.

മിണ്ടാനും പറയാനും ഒരാള് പോലുമില്ല

മിണ്ടാനും പറയാനും ഒരാള് പോലുമില്ല


ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് ഈ സ്ഥലം കണ്ടെത്തിയതെന്ന് ദോഷൈകദൃക്കുകള്‍ പറയും. വിശ്വസിക്കരുത്. അവിടെ വന്‍ സൗകര്യമാണ്. ഇദ്ദേഹത്തിന് തെലുങ്ക് അറിയില്ല, അവിടെയുള്ള ഗ്രാമീണര്‍ക്ക് തെലുങ്കല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. പരമസുഖം. മഴ കിട്ടുന്നത് വളരെ കുറഞ്ഞ ഈ സ്ഥലത്ത് പകല്‍ മാത്രമല്ല രാത്രിയും ചുട്ടു പൊള്ളും. രാത്രി കിടന്നാല്‍ കടുത്ത ഉഷ്ണം മൂലം പുലര്‍ച്ചെ രണ്ട്-മൂന്ന് മണി കഴിഞ്ഞാലാണ് ഉറങ്ങാന്‍ കഴിയുക. രോഗം വന്നാല്‍ ഒരു ആസ്പത്രിയോ ഡോക്ടറോ ഇല്ല, ഉറ്റവര്‍ ആരും എവിടെയും ഇല്ല, മിണ്ടാനും പറയാനും ഒരാളുമില്ല.

മാധ്യമസ്വാതന്ത്ര്യത്തിനായുള്ള കരിതേപ്പ്

മാധ്യമസ്വാതന്ത്ര്യത്തിനായുള്ള കരിതേപ്പ്

അതീവ കഠിനമായ ജീവിതം തള്ളിനീക്കി ഈ പാവം മനുഷ്യന്‍ കഴിയുന്നു. ആന്ധ്രപ്രദേശിന്റെ, പത്തോ പന്ത്രണ്ടോ കൊല്ലത്തിനു ശേഷം രൂപം കൊള്ളാന്‍ പോകുന്ന തലസ്ഥാനം പണിയാനിരിക്കുന്ന അമരാവതിയുടെ എട്ടു പത്തു കിലോമീറ്റര്‍ അകലെയാണ് ഈ പെദപരിമി ഗ്രാമം. ഇദ്ദേഹത്തെ തലസ്ഥാന സ്പെഷല്‍ കറസ്പോണ്ടന്റായി നിയോഗിച്ചിരിക്കയാണ്.! ഇത്രയും നിര്‍ദ്ദയമായ മനുഷ്യാവകാശ ലംഘനം കാണിച്ചുകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യത്തിനായുള്ള കരിതേപ്പ്.

ശുദ്ധ അസംബന്ധമല്ലേ ഇത്

ശുദ്ധ അസംബന്ധമല്ലേ ഇത്

14 വര്‍ഷമായി പെന്‍ഡിങ് ആയ വേതനവര്‍ധന, അതും സ്റ്റാറ്റിയൂട്ടറിയായത്, ആവശ്യപ്പെട്ടതിന് പലരും ഭീകരരായി, കമ്പനിയെ തകര്‍ക്കുന്നവരായി. ഒരിക്കല്‍ അന്നത്തെ പ്രതിപക്ഷനേതാവ് ശ്രീ. വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു- കൊല്ലത്തില്‍ 500 കോടിയിലേറെ വരുമാനമുള്ള മാതൃഭൂമിയെ ഈ ഏതാനും പാവത്തുങ്ങള്‍ എന്ത് തകര്‍ക്കാനാണ്. ശുദ്ധ അസംബന്ധം.

ആരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ്

ആരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ്

വിരമിച്ച പത്രപ്രവര്‍ത്തകരുടെ ഗ്രാറ്റിവിറ്റിയും പി.എഫ്. കുടിശ്ശികയുമുള്‍പ്പെടെ നിയമവിരുദ്ധമായി പിടിച്ചെടുത്തതിനെതിരെ മാതൃഭൂമി നേരിടുന്ന കേസുകള്‍ പലതാണ്. ഇതൊക്കെ ആരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് എന്നറിയില്ല. മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകരെ നാടുകടത്തിയതും നിരന്തരം ദ്രോഹിക്കുന്നതും പ്രസിദ്ധീകരിച്ചതിന്റെ പക തീര്‍ക്കാന്‍ ഒരു ഓണ്‍ലൈന്‍ മീഡിയയെ പൊലീസിനെ ഉപയോഗിച്ച് പൂട്ടിക്കാനും നോക്കി.

പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചില്ലേ

പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചില്ലേ

ഒരു മാധ്യമസ്ഥാപനം തന്നെ മറ്റൊരു സ്ഥാപനത്തെ പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ച് പൂട്ടിക്കാന്‍ നടത്തിയ ഏറ്റവും ഹീനമായ ഈ നടപടിയെ ദ് ഹിന്ദു അതിന്റെ മുഖപ്രസംഗത്തില്‍ മാതൃഭൂമിയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയുണ്ടായിട്ടുണ്ട്. പത്രസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിന് കിട്ടുന്ന അംഗീകാരമായി വേണം ഇതൊക്കെ ചരിത്രം വിലയിരുത്തേണ്ടത്.

എത്രയെത്ര നാടുകടത്തലുകള്‍

എത്രയെത്ര നാടുകടത്തലുകള്‍

ഇംഫാലിലേക്ക് നാടുകടത്തിയ മാതൃഭൂമി ജേര്‍ണലിസ്റ്റ് അവിടുത്തെ ഒരു മാര്‍ക്കറ്റില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ നിന്ന് തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. ജീവനും കൊണ്ടോടിയ അദ്ദേഹത്തെ പിന്നീട് ബീഹാറിലേക്കാണ് പറഞ്ഞയച്ചത്. കൊല്ലത്തു നിന്നും മുംബൈ അവിടുന്ന് ആറുമാസം തികയും മുമ്പേ കൊല്‍ക്കത്ത, കോഴിക്കോടു നിന്ന് കൊല്‍ക്കത്ത അവിടുന്ന് നാഗാലാന്‍ഡ്, നാഗാലാന്‍ഡില്‍ നിന്നും ലഖ്നൗ, കോഴിക്കോട് നിന്നും നാഗാലാന്‍ഡ്, അവിടെ രണ്ടുവര്‍ഷം ഇട്ട ശേഷം തൃശ്ശൂര്‍, ആറു മാസം തികയുമ്പോളേക്കും മുംബൈ, തൃശ്ശൂരില്‍ നിന്നും അച്ചന്‍കോവില്‍ കാടുകള്‍, അവിടെ നിന്നും അഹമ്മദാബാദ്.....ഇങ്ങനെ എത്രയെത്ര നാടുകടത്തല്‍ പരമ്പരകള്‍...

 ഇനി ഈയുള്ളവന്റെ കഥ

ഇനി ഈയുള്ളവന്റെ കഥ

സഹപ്രവര്‍ത്തകരെയെല്ലാം നാടുകടത്തിയപ്പോള്‍ മാതൃഭൂമി യൂണിയന്‍ സെക്രട്ടറിയായിരുന്ന എനിക്കെതിരെ വാള്‍ ഓങ്ങിവെച്ചു കാത്തിരുന്നു. പല അപവാദങ്ങള്‍, ആരോപണങ്ങള്‍, ഷോ കോസ് നോട്ടീസുകള്‍, അന്വേഷണ കമ്മീഷന്‍ നിയമിക്കുമെന്ന പല നോട്ടീസുകള്‍....എല്ലാം ചീറ്റിപ്പോയി. ഒടുവില്‍ ഒത്തുകിട്ടിയ നിസ്സാര സംഗതി. അമിത ഉല്‍കര്‍ഷേച്ഛുവായ ഒരു ന്യൂസ് എഡിറ്ററെക്കൊണ്ട് റിപ്പോര്‍ട്ട് എഴുതി വാങ്ങി സസ്പെന്‍ഡ് ചെയ്തു. സ്വന്തമായി ഫീസ് കൊടുത്ത് ഒരു വക്കീല്‍ക്കമ്മീഷനെ വെച്ച് ഇന്റേണല്‍ എന്‍ക്വയറി എന്ന പ്രഹസനം നടത്തി.

ഓരോരുത്തര്‍ക്ക് ഓരോ നീതി

ഓരോരുത്തര്‍ക്ക് ഓരോ നീതി

എനിക്ക് വക്കീലിനെ വെച്ച് വാദിക്കാന്‍ സമ്മതിച്ചില്ല. എന്നിട്ട് കുറ്റക്കാരനാണെന്നു കണ്ടെത്തി പുറത്താക്കി. എനിക്കെതിരെ റിപ്പോര്‍ട്ടെഴുതി നല്‍കിയ ന്യൂസ് എഡിറ്ററാണ് പിന്നീട് പ്രവാചക നിന്ദ വിവാദത്തില്‍ മാതൃഭൂമിക്ക് കോടിക്കണക്കിന് രൂപയുടെ റവന്യൂ-പരസ്യവരുമാനവും പതിനായിരക്കണക്കിന് സര്‍ക്കുലേഷനും മാനാഭിമാനവും എല്ലാം നഷ്ടമാക്കിയ വ്യക്തി. പക്ഷേ അയാള്‍ക്ക് ഒരു പോറലും ഉണ്ടായില്ല.

എന്താണിവരുടെ ധാര്‍മികത

എന്താണിവരുടെ ധാര്‍മികത

ജേര്‍ണലിസ്ററുകള്‍ സ്വന്തം അഭിപ്രായം നിര്‍ഭയം പറഞ്ഞതിന്റെ പേരില്‍ ഗില്ലറ്റിന്‍ ചെയ്യപ്പെട്ടപ്പോള്‍ കൈകൊട്ടിച്ചിരിക്കുകയും പരിഹസിക്കുകയും എരികയറ്റിക്കൊടുക്കുകയും പിന്നെ വേജ്ബോര്‍ഡ് ആനുകൂല്യങ്ങളെല്ലാം പറ്റിക്കൊണ്ട്, അതിനു വേണ്ടി ശബ്ദിച്ചവരെ തള്ളിപ്പറയുകയും ചെയ്തവര്‍ ചേര്‍ന്നാണ് ഇപ്പോള്‍ ഈ മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടിയെന്ന വ്യാജേനയുള്ള ഈ കരിതേപ്പിനും നേതൃത്വം എന്നു വേണം കരുതാന്‍. പറയൂ അവര്‍ക്ക് അതിനുള്ള അര്‍ഹതയുണ്ടോ... എന്താണിവരുടെ ധാര്‍മികത... സഹജീവിസ്നേഹം..

 തമസ്‌കരണത്തിന്റെ പ്രതീകമാണോ ഇത്

തമസ്‌കരണത്തിന്റെ പ്രതീകമാണോ ഇത്

അടിയന്തിരാവസ്ഥക്കാലത്ത് പത്രങ്ങള്‍ പ്രതിഷേധിച്ചതില്‍ അന്തസ്സുണ്ടായിരുന്നു, എന്നാല്‍ ഇന്ന്് ഇത്തരം അഭ്യാസം എത്ര പരിഹാസ്യമായിത്തീര്‍ന്നിരിക്കുന്നു എന്നുള്ള കെ.ആര്‍.ഇന്ദിരയുടെ പ്രതികരണം തൊട്ട് സാമൂഹ്യമാധ്യമങ്ങളിലെ രൂക്ഷവിമര്‍ശനങ്ങള്‍ ആര്‍ക്കെങ്കിലും നേര്‍ബുദ്ധി ഉദിപ്പിക്കുമോ. തമസ്‌കരണത്തിന്റെ പ്രതീകമാണോ ഈ കരിതേപ്പ്....

പുകഴ്ത്തിയത് കാര്യമറിയാതെ

പുകഴ്ത്തിയത് കാര്യമറിയാതെ

ബഹുമാന്യനായ ശ്രീ. എന്‍.എസ്. മാധവന്‍, താങ്കള്‍ ഈ ഗിമ്മിക്കിനെ പുകഴ്ത്തിയത് കാര്യമറിയാതെയാണ്. അര്‍ഹതയുള്ളവര്‍ ആദര്‍ശം പറയുമ്പോഴാണ് അത് മാതൃകാപരമാകുന്നത് എന്നത് താങ്കളോട് ഞാന്‍ പറഞ്ഞുതരേണ്ട കാര്യമല്ല. ഹൃദയശൂന്യമായ പിന്‍ചരിത്രം തമസ്‌കരണം കൊണ്ട് മറച്ച് സമൂഹത്തിനു മുന്നില്‍ മഹത്വം പറയുന്നവരെ ഒറ്റപ്പെടുത്താന്‍ താങ്കളെപ്പോലുള്ളവര്‍ തയ്യാറാകണം.

പത്രസ്വാതന്ത്ര്യദിനത്തിന്റെ യഥാര്‍ഥ മുദ്രാവാക്യം

പത്രസ്വാതന്ത്ര്യദിനത്തിന്റെ യഥാര്‍ഥ മുദ്രാവാക്യം

കാപട്യത്തിനും ഇരട്ടത്താപ്പിനും നല്‍കുന്ന ലൈക്കും പ്രശംസയും ചരിത്രത്തിനു മുന്നില്‍ നമ്മെ പരിഹാസ്യരാക്കും. അഭിപ്രായസ്വാതന്ത്ര്യത്തിനായി നട്ടെല്ല് പണയം വെക്കാതെ ജീവിക്കുന്ന സഹചാരികള്‍ക്കു വേണ്ടിയാണീ ദിനം. പത്രസ്വാതന്ത്ര്യദിനത്തിന്റെ യഥാര്‍ഥ മുദ്രാവാക്യം അന്വര്‍ഥമാക്കിയ പെദപരിമിയിലെയും നാഗാലാന്‍ഡിലെയും മണിപ്പൂരിലെയും ലഖ്നൗവിലെയും ജീവിതങ്ങള്‍ക്ക് പ്രണാമം.

English summary
C Narayanan Facebook post on World Press Freedom Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X