കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി ആക്ടുകൊണ്ട് തോല്‍പിക്കാനാകുമോ ഓണ്‍ലൈന്‍ മാധ്യമങ്ങളെ?

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

എല്ലാ വിവരങ്ങളും വിരല്‍ തുമ്പിലെത്തുന്ന കാലമാണിത്. ഇന്റര്‍നെറ്റ് ജനകീയമായതോടെ എല്ലാം മറച്ചുവയ്ക്കാമെന്ന വ്യാമോഹമെല്ലാം തകര്‍ന്ന് തരിപ്പണമായിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയകള്‍ സജീവമായിക്കഴിഞ്ഞപ്പോള്‍ അധികാര സ്ഥാനങ്ങളെ പോലും മറിച്ചിടാന്‍ അവ പര്യാപ്തമായി.

പാരമ്പര്യത്തിന്റെ ഭാണ്ഡം പേറുന്നവരും പുതുതലമുറക്കാരും ആയ മാധ്യമങ്ങള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടാന്‍ മടിക്കാത്ത ഒരു ജനത ഉയര്‍ന്ന് വരുമ്പോള്‍ അവര്‍ക്കൊപ്പം വാര്‍ത്തകളുടെ വഴിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഉണ്ട്. കടുത്ത പാരമ്പര്യ വാദികള്‍ പോലും ഓണ്‍ലൈന്‍ മേഖലയില്‍ ശക്തി തെളിയിക്കാന്‍ ശ്രമിക്കുമ്പോഴും പത്രത്തിന്റേയോ ചാനലിന്റേയോ ഭാഗമല്ലാത്ത സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലുകളെ അംഗീകരിക്കാന്‍ അവര്‍ക്ക് മടിയാണ്. പലപ്പോഴും സത്യം തുറന്ന് പറയാന്‍ പാരമ്പര്യവും വ്യവസ്ഥിതിയും സമ്മര്‍ദ്ദങ്ങളും അവര്‍ക്ക് തടസ്സമാകുമ്പോള്‍, ഓണ്‍ലൈന്‍ ലോകത്ത് അങ്ങനെ ഒരു പ്രശ്‌നം തന്നെ ഇല്ല.

Online Newsportal

മുഖ്യധാര മാധ്യമങ്ങള്‍ പൂര്‍ണമായും തഴഞ്ഞ വാര്‍ത്തകള്‍ പുറം ലോകം കണ്ടത് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണെന്ന സത്യം ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. കിംസ് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണവും, പേരോട് സഖാഫിയുടെ വിവാദ പ്രസംഗവും, കല്യാണ്‍ ജുവല്ലേഴ്‌സിലെ സമരവും എല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രം.

അങ്ങനെയാകുമ്പോള്‍ ഇത്തരം മാധ്യമങ്ങളുടെ വായടക്കുക എന്നത് പ്രതിലോമ ശക്തികള്‍ക്കൊപ്പം തന്നെ മുഖ്യധാര മാധ്യമങ്ങളുടേയും ആവശ്യകതയാണ്. കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ വിദേശയാത്ര വാര്‍ത്തയാക്കിയ മറുനാടന്‍ മലയാളി അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഉണ്ടായ പോലീസ് നടപടിയും, ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മുഖ്യധാര മാധ്യമങ്ങളുടെ രീതിയും തന്നെയാണ് ഇതിന്റെ പ്രത്യക്ഷ തെളിവ്.

Online Portal 2

മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ഓഫീസിലെത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു എന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ അറസ്റ്റ് നടന്ന കാര്യം തനിക്ക് അറിയില്ലെന്നാണ് ഷാജന്‍ സ്‌കറിയ തന്നെ പറയുന്നത്. അറസ്റ്റിന്റേയും ജാമ്യം നല്‍കുന്നതിന്റേയും ഒരു നടപടിക്രമവും പാലിക്കാതെ നടന്ന സംഭവത്തില്‍ പോലീസ് ആര്‍ക്ക് വേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയരും.

2000 ല്‍ പാര്‍ലമെന്റ് പാസാക്കിയ ഐടി ആക്ടിന്റെ പിന്‍ബലത്തിലാണ് പോലീസിന്റെ നടപടി. 2008 ല്‍ ഈ നിയമത്തില്‍ ചില ഭേദഗതികളൊക്കെ വരുത്തി പരിഷ്‌കരിച്ചു. നിയമത്തിലെ 66 എ വകുപ്പ് പ്രകാരമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തികള്‍ നടത്തുന്ന വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേസെടുക്കുന്നത് പോലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പില്ലെന്നാണ് വിവരം. അതിന് ചില്ലറ നടപടിക്രമങ്ങളെങ്കിലും പാലിക്കേണ്ടതുണ്ട്.

Online Portal 3

ടോണി ചമ്മണിക്കെതിരെ ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട വേറൊരു കാര്യം. അതൊരു പക്ഷേ പരാതിക്കാരന്റെ താത്പര്യ പ്രകാരം ആകാമെന്ന് കരുതാം. ഈ കേസില്‍ പരാതിക്കാരന്‍ വെറുമൊരു സാധാരണക്കാരനല്ല എന്നതുകൊണ്ട് തന്നെ ഈ ഇരട്ടത്താപ്പും സംശയാസ്പദമാണ്.

സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണമായ കൊച്ചിയുടെ നഗരപിതാവും. അങ്ങനെയുള്ള വ്യക്തി ഇത്തരമൊരു പരിപാടിക്കിറങ്ങുമ്പോള്‍ അതിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പോലീസും മുഖ്യധാര മാധ്യമങ്ങളും ഇതില്‍ ഒരേ മനസ്സോടെ പങ്കാളികളാവുകയും ചെയ്യുന്ന സാഹചര്യവും വിലയിരുത്തപ്പെടണം. പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപം എന്ന രീതിയിലാണ് മിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത കൊടുത്തത് തന്നെ. അപ്പോള്‍ ആരോപണം ഉന്നയിച്ചലരെ അല്ല, അത് വാര്‍ത്തയാക്കിയവരെയാണ് ഭയം എന്ന് വ്യക്തം.

വിലക്കെടുക്കാന്‍ കഴിയാത്ത ചില മാധ്യമ രൂപങ്ങള്‍ ഉയര്‍ന്ന് വരുമ്പോഴുള്ള ആധിയാണ് പലര്‍ക്കും ഇപ്പോള്‍. വലിയ സന്നാഹങ്ങളോ പരസ്യത്തുകയുടെ പിന്‍ബലമോ ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകാവുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചിലപ്പോഴെല്ലാം വന്‍കിടക്കാര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതിനെ ചെറുക്കാന്‍ ഭരണകൂടത്തിന്റെ എല്ലാ സാധ്യതകളും അവര്‍ ഉപയോഗിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു തെഹല്‍ക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍.

എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും, എല്ലായിപ്പോഴും സത്യത്തിന് വേണ്ടി മാത്രം നില കൊള്ളുന്നവയാണെന്ന് പറയാനും കഴിയില്ല. വരുമാനം ഒരു പ്രശ്‌നമാകുമ്പോള്‍ പണ്ട്(ഇപ്പോഴും) ചെറുകിട പത്രങ്ങള്‍ ചെയ്തിരുന്ന ഭീഷണിയും ബ്ലാക്ക് മെയിലിങ്ങുമൊക്കെ പയറ്റുന്ന വാര്‍ത്താ പോര്‍ട്ടലുകളും ഇവിടെയുണ്ട്. മനോരമയുടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് ദേശീയ ഗെയിംസിന്റെ റണ്‍ കേരള റണ്ണിന്റെ നടത്തിപ്പ് കൊടുത്തതിന്റെ പേരില്‍ മാത്രം ഗെയിംസിനെതിരെ (അഴിമതിയും കെടുകാര്യസ്ഥതയും വേണ്ടുവോളം ഉണ്ടെങ്കിലും) വാര്‍ത്തകള്‍ പടച്ചുവിടുന്ന ദൃശ്യ-പത്രമാധ്യമങ്ങള്‍ക്കിടയിലെ പരല്‍മീനുകള്‍ മാത്രമാണ് അവയെന്ന് പറയേണ്ടിവരും.

കണ്ട് ശീലിച്ചിട്ടില്ലാത്ത വാര്‍ത്ത അവതരണ രീതികളെ എപ്പോഴും സമൂഹം വിമര്‍ശനാത്മകമായിട്ടാണ് സമീപിച്ചിട്ടുള്ളത്. ടെലിവിഷന്‍ വാര്‍ത്തകളും പരിപാടികളും ഇപ്പോഴും ആ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ടെങ്കിലും അവയെല്ലാം പരിചിതങ്ങളായിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരു പത്ത് വര്‍ഷം കൊണ്ട് പത്രങ്ങളുടെ തന്നെ കെട്ടിലും മട്ടിലും എത്രത്തോളം മാറ്റം ഉണ്ടായിട്ടുണ്ട്...?

Online Portal 4

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്താവതരണ ശൈലിയോട് സമൂഹത്തിന് ഇപ്പോഴുള്ള സമീപനവും സമാനമാണ്. എന്നാല്‍ വരും കാലത്തിന്റെ മാധ്യമം ഓണ്‍ലൈന്‍ തന്നെയാകും എന്ന് ഉറപ്പാണ്. അപ്പോള്‍ ഇപ്പോഴത്തെ മുഖ്യധാരക്കാര്‍ക്കെല്ലാം തന്നെ കൂലി എഴുത്തുകാരെന്നും, കോപ്പിയടിക്കാരെന്നും, പൈങ്കിളിക്കാരെന്നും ഒക്കെ വിശേഷിപ്പിക്കുന്ന ഓണ്‍ലൈനുകാരേയും കൂടെ കൂട്ടേണ്ടി വരും.

ഐടി ആക്ടിന്റെ 66 എ വകുപ്പുകൊണ്ടൊന്നും മാധ്യമങ്ങളുടെ വായ അടപ്പിക്കാനാവില്ല. ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ കേസെടുക്കുന്നത് പോലെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വ്യക്തികളിലേക്ക് ചുരുക്കാനും കഴിയില്ല.

English summary
Police act against online media in Tony Chammany case opens new discussion. Can anybody stop online journalism through IT Act?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X