കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണുങ്ങള്‍ വളര്‍ത്തുന്ന പെണ്ണുങ്ങള്‍.... ആണനുഭവങ്ങളെ കുറിച്ച് ധ്വനി ഷൈനിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

Google Oneindia Malayalam News

ധ്വനി ഷൈനി

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ് ധ്വനി ഷൈനി. ഇടുക്കി സ്വദേശിയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ വായനക്കാരുണ്ട് ധ്വനിയുടെ കുറിപ്പുകള്‍ക്ക്

കുനിഞ്ഞാൽ കുണ്ടിവെളിപ്പെടുത്തുന്ന കുഞ്ഞുടുപ്പിൽ നാണം മറയുന്നില്ലെന്നു തോന്നിയപ്പോഴാണ് ചഡ്ഡിയ്ക്കു പകരം ആങ്ങളയുടെ മുട്ടൊപ്പമുള്ള നിക്കറോരെണ്ണം ഫ്രോക്കിനടിയില്‍ എടുത്തിട്ടു ഞാന്‍ സ്കൂളില്‍ പോയത്. തോന്ന്യാസംചെയ്തതിനു മൂക്കുമുട്ടെ അടികിട്ടി എങ്ങിമോങ്ങിയപ്പോള്‍ ചേര്‍ത്ത് നിര്‍ത്തിയോരാളുണ്ട്. പിറ്റേന്ന് കൊക്കോക്കാ വിറ്റിട്ട് വരുമ്പോള്‍ പലനിറങ്ങളില്‍ പലജോടി നിക്കറുകളും ബനിയനും സമ്മാനിച്ച് ധൈര്യമായിട്ടോ നീയെന്ന് കണ്ണിറുക്കിക്കാണിച്ചു എന്റെയൊരു കൊച്ചച്ചന്‍.

ആകാശം മുട്ടെയുള്ള പേരമരത്തില്‍ നിന്നും എനിയ്ക്കുള്ള പങ്കു കിട്ടണമെങ്കിൽ ചൂളമടിയ്ക്കുകയോ സൈറ്റടിയ്ക്കുകയോ വേണമെന്ന്, വല്യമ്മച്ചീടെ വക്കാലത്തു വകവയ്ക്കാതെ നിര്‍ബന്ധം പിടിച്ചിരുന്നു മറ്റൊരു കൊച്ചച്ചൻ.

എന്തോ ഓളം മൂത്ത് മുറ്റത്തരികിലെ കപ്ലത്തിലേയ്ക്ക് ഓടിച്ചെന്നുകേറി അതുമൊടിച്ചോണ്ടു കയ്യാലക്കുഴിലേയ്ക്ക് നെഞ്ചുംകുത്തി വീണുകരയുന്ന എന്നെ പൊക്കിയെടുത്ത് അടുത്തുള്ള പ്ലാത്തിമാവിലേയ്ക്ക് കയറ്റിവിട്ടു പപ്പ.

കഠിനമതവിശ്വാസികളായ അമ്മവീട്ടുകാർ നെറ്റും പുതപ്പിച്ചെന്നെ വെളുപ്പിനത്തെ കുർബാനയ്ക്കുവിടുമ്പോൾ കവലയിലെ ചായക്കടയിൽ പിടിച്ചിരുത്തി നല്ല കുട്ടിയാവാൻ പള്ളിയിൽ പോകണമോ എന്നു വാദിച്ചുചിന്തിപ്പിച്ചിരുന്നു കുഞ്ഞു കൊച്ചച്ചൻ.

dhwani

കുടിയനായ പണിക്കാരൻ ദാവീദ് എന്റെകാലുവഴി വിരലിഴയിയ്ക്കുന്നതു കണ്ടുകൊണ്ടു കയറിവന്ന് മുറ്റത്തുനിന്നൊരു ഈറ്റതണ്ടെടുത്തുതന്നിട്ട് ദേഹത്തു കൈവയ്ക്കുന്നവരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നു പഠിപ്പിച്ചു മൂത്ത കൊച്ചച്ചൻ.

എല്ലാം എന്റെ പത്തുപതിനൊന്നു വയസ്സിനു മുൻപ് നടന്നവയാണ്. എൺപതുകളിൽ ഹൈറേഞ്ചിലെ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഇതൊന്നും സാധാരണമായിരുന്നില്ല.

വലിയ വിദ്യാഭാസയോഗ്യതകളോ മതവിശ്വാസമോ മോടിയുള്ള ഉപചാരമര്യാദകളോ ഒന്നുമില്ലാത്ത ഏഴാങ്ങളമാരും ഒരു പെങ്ങളുമുള്ള കുടുംബത്തിലെ ആദ്യത്തെ കൊച്ചുമകളാണ് ഞാൻ. എന്റെ പതിനാലു വയസ്സുവരെ ഞാൻ കഴിഞ്ഞുള്ളവരെല്ലാം ആൺകുട്ടികൾ.

സ്നേഹത്തിൽ പോലും ഒരല്പം നാട്യമുള്ള അമ്മവീട്ടുകാരുമായുളള വടംവലിയിൽ പെട്ടുപോയിട്ടുണ്ടെങ്കിലും, ഈ തനിപ്പച്ച ആണുങ്ങൾ എന്റെ മനസ്സിലിട്ടുതന്ന ധൈര്യത്തിനും ആത്മവിശ്വാസത്തിനും കരുണയ്ക്കും സ്നേഹത്തിനും പകരം വയ്ക്കാൻ ഒന്നുമില്ല.

അവരാരും അമ്മയെയും ഒറ്റപെങ്ങളേയും കൊണ്ട് ഉടുമുണ്ടു കഴുകിയ്ക്കുന്നതു കണ്ടിട്ടില്ല. മീൻ വെട്ടുന്നതും കപ്പ വേവിയ്ക്കുന്നതും പെങ്ങളുടെ മാത്രം പണിയാണെന്ന് ചിന്തിച്ചിട്ടില്ല. പാറയും തോടും കടന്നു കുടിവെള്ളം കോരാൻ പെങ്ങളുടെ കൂടെ ഒരാളെങ്കിലും ഉണ്ടാവും.

തിരക്കുള്ള കൊയ്ത്തുമെതി രാത്രികളിൽ പണിക്കാർക്കൊപ്പം നിന്നു കറ്റചവിട്ടുന്നതു കണ്ടിട്ടുണ്ട്.

Dhwani

പുരമെഴുകാനും തയ്ക്കാനും അടുക്കളത്തോട്ടം നടത്താനും മമ്മി പഠിപ്പിച്ചപ്പോൾ, കാലാചെത്താനും പശുവിൻപാൽ കറക്കാനും ചീട്ടുകളിയ്ക്കാനും എന്നെ പഠിപ്പിയ്ക്കാൻ പപ്പ മറന്നില്ല. കോളേജിൽ പോകും മുൻപ് തിരക്കിട്ടു മുൻവശം മുറ്റം തൂക്കുമ്പോഴേയ്ക്കും പിറകുവശം മുറ്റം ആങ്ങള വൃത്തിയാക്കിയിട്ടുണ്ടാവും.

ഇരുപതാം വയസ്സിൽ പഠനത്തിനായും പിന്നെ ജോലിയ്ക്കായും ഞാൻ ഒറ്റയ്ക്കു നാടുവിടുമ്പോൾ ഒരിയ്ക്കലും ഒരു ട്രെയിനിൽ പോലും കയറിയിട്ടില്ലാത്ത ഈ ആണുങ്ങൾ പരിഭ്രമിച്ചുകണ്ടില്ല. ജോലിയും ഉത്തരവാദിത്വങ്ങളും അർമാദങ്ങളുമായി മുപ്പത്തൊന്നാം വയസ്സുവരെ അവിവാഹിതയായി കഴിഞ്ഞു നാട്ടുനടപ്പുതെറ്റിച്ചപ്പോൾ എന്റെ തീരുമാനങ്ങളെ സംശയിയ്ക്കാത്തതും ഇവരേ ഉള്ളായിരുന്നു.

തോട്ടയിട്ടുപൊട്ടിച്ചു മീൻപിടിയ്ക്കുമ്പോൾ ആളുകൾ പറഞ്ഞ തെറികേട്ട് കുട്ടിയായ എന്നെ ഓടിച്ചുവിട്ട മമ്മിയെ വിലക്കി, തെറിയിൽ ആണും പെണ്ണുമില്ല, ഒരർത്ഥവും സ്ഥാനവുമില്ലാത്ത വാക്കുകളാണെന്നു പറഞ്ഞു തന്നതീയാണുങ്ങളാണ്. (ഓഫ്: പറയുന്ന രീതിയാണ് അതിനെ കോപിയ്ക്കാനും സ്നേഹിയ്ക്കാനും ഉതകുന്നതാക്കുന്നത് എന്നെനിയ്ക്ക് പിന്നീട് തോന്നിയിട്ടുമുണ്ട്. എന്നാൽ ചിലതൊക്കെ പെണ്ണിനുമാത്രം നേരെ പ്രയോഗിയ്ക്കുന്നതു കണ്ടിട്ടുണ്ട്! സ്പാനിഷുകാർ അവരുടെ സർവ്വനാമങ്ങളെയും ഒരു ലോജിക്കുമില്ലാതെ ആണും പെണ്ണുമാക്കുന്നതു പോലെ! അവരുടെ കിനാവിൽ നിഘണ്ടു ആണും കംപ്യൂട്ടർ പെണ്ണുമാണ്. എന്നാലിവിടെ രണ്ടു തെറിപറഞ്ഞേക്കാം എന്നു വിചാരിയ്ക്കണ്ട. അത്രയ്ക്ക് അടുപ്പമോ പിണക്കമോ ആരോടുമില്ല. തെറിയെന്നല്ല, അന്യായമെന്തു കണ്ടാലും വെട്ടിക്കളയും കുട്ടപ്പാ!)

Dhwani

ഇങ്ങനെയുള്ള പൊതു ഇടങ്ങളിൽ മുതൽ തൊഴിൽസ്ഥലങ്ങളിൽ വരെ, തളർത്തുന്നതിനേക്കാളധികം വളർത്തുന്ന അനേകം ആണുങ്ങൾ വന്നും പോയുമിരിയ്ക്കുന്നു. ഇന്നിപ്പോൾ, തെറ്റുചെയ്‌തെന്നു മനസ്സിലായാൽ മുട്ടുകുത്തി നിന്നെന്നോടു ക്ഷമ ചോദിയ്ക്കാൻ ജാള്യതയില്ലാത്ത ഒരു ഭർത്താവുമുണ്ട് ജീവിതത്തിൽ.

ആൺപെൺഅവസ്ഥകളിലെ അന്തരം കുട്ടികൾ ആദ്യമായി മനസ്സിലാക്കുന്നതു കുടുംബത്തിൽ വച്ചാണ്. പെൺകുട്ടികൾ സംരക്ഷിയ്ക്കപ്പെടുന്നതിനൊപ്പം ആൺകുട്ടികളെപോലെ ആത്മാഭിമാനവും സ്വാശ്രയബോധമുള്ളവരുമാകട്ടെ. വഴങ്ങാനുള്ള നൈസർഗിക കഴിവിനൊപ്പം കടുക്കാനും പഠിയ്ക്കട്ടെ. സ്നേഹവും അടിമത്തവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കട്ടെ. അവനവനെ നുള്ളിമുറിയ്ക്കാതെ തള്ളാനും കൊള്ളാനും അറിയട്ടെ. അവനവന്റെ കുടുംബത്തിലെ, ജീവിതത്തിലെ പെണ്ണുങ്ങളെ ബഹുമാനിയ്ക്കുന്ന, കരുതുന്ന, പ്രാപ്തിയാക്കുന്ന ആണുങ്ങൾക്കുള്ള സ്ഥാനം പാവാടതാങ്ങലെന്ന പദത്തിൽ ഒതുങ്ങുന്നതല്ല. അതിലുപരി അവരുടെ മേന്മ ജന്മഗുണമാണെന്നു പറയാം.

ആണുങ്ങളെക്കാളേറെ സ്വാധീനിച്ച പെണ്ണുങ്ങളുണ്ട് ജീവിതത്തിൽ. അതൊന്നും മറക്കാതെ തന്നെ, ഒരു ഇസത്തിന്റെയും ഭാഗമാകാതെ, ലളിതമായി പറഞ്ഞാൽ ഇപ്പോൾ നിലവിലുള്ള സാമൂഹികസ്ഥിതികളിൽ പെണ്ണുങ്ങളെ/പെൺകുട്ടികളെ വളർത്തുന്നതിലും തളർത്തുന്നതിലും ആണുങ്ങൾക്ക്/ആൺകുട്ടികൾക്ക് വലിയ പങ്കുണ്ട്. ഈ വിഷയത്തിൽ പ്രവർത്തിയ്ക്കുന്ന മിക്ക അന്താരാഷ്ട്രസംഘടനകളും ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ സമയവും വിഭവങ്ങളും പാടവവും ഈ വഴി തിരിച്ചു വിടുന്നുമുണ്ട്.

English summary
Dhwani Shyni writes about her lovely and supporting experiences with men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X