കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മറ്റ് ഇടില്ല... പക്ഷേ, മരിച്ചാല്‍ രേഖയിലുണ്ടാകും ഹെല്‍മെറ്റ്; എല്ലാം കളികളാണ്... റോഡ് സുരക്ഷ!!

  • By Desk
Google Oneindia Malayalam News

ടിസി രാജേഷ്

സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ടിസി രാജേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പല വാർത്തകളും ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മാത്രം ഉടലെടുത്തിട്ടുണ്ട്.

പോലിസിന്റെ രേഖകള്‍ പ്രകാരം 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തിലുണ്ടായ 38470 റോഡപകടങ്ങളില്‍ 23 എണ്ണം മാത്രമാണ് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടമായി രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടു പേര്‍ മാത്രമാണ് മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ അപകടത്തില്‍ മരിച്ചത്. 29 പേര്‍ക്കു മാത്രമാണ് പരുക്കേറ്റിട്ടുള്ളത്.

എന്നിട്ടും നാം മദ്യപിച്ചു വാഹനമോടിക്കരുതെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു! മോശം റോഡോ മോശം കാലാവസ്ഥയോ വാഹനങ്ങളുടെ മോശം സ്ഥിതിയോ മൂലം ഒരപകടം പോലും ഉണ്ടായിട്ടില്ലെന്നുകൂടി അറിയുക. കേരളത്തിന്റെ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ യാഥാര്‍ഥ്യമെന്തെന്നതിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് വ്യക്തം.

മറച്ചുവയ്ക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

മറച്ചുവയ്ക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഓരോ അപകടങ്ങളെ സംബന്ധിച്ചുമുള്ള യാഥാര്‍ഥ്യങ്ങള്‍ മറച്ചുവയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് മദ്യപിച്ചും ഹെല്‍മറ്റ് ധരിക്കാതെയുമുള്ള റൈഡുകളില്‍ സംഭവിക്കുന്നത്. ഇന്‍ഷുറന്‍സ് എന്ന ഒറ്റക്കാര്യമാണ് ഇതിനു പിന്നിലുള്ളത്. യാഥാര്‍ഥ്യം മറച്ചുവയ്ക്കപ്പെട്ട് കോടതികളില്‍ എത്തിപ്പെടുന്ന കേസുകളില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടി വരുമ്പോള്‍ അതിന്റെ വിഹിതം ചെല്ലുന്നത് പലരുടെ കൈകളിലേക്കാണ്.

വക്കീല്‍ മുതല്‍ പോലീസ് വരെ

വക്കീല്‍ മുതല്‍ പോലീസ് വരെ

അപകടത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് തുകയുടെ പകുതി പോലും ലഭിക്കാറില്ലെന്നതാണ് വാസ്തവം. കേസ് വാദിക്കുന്ന വക്കീലും അന്വേഷിച്ച് അപകടത്തിനിരയായവര്‍ക്ക് അനുകൂലമായി രേഖകള്‍ എഴുതിത്തയ്യാറാക്കുന്ന പോലീസും കള്ളസാക്ഷി പറയുന്നവരും ഇന്‍ഷുറന്‍സ് കമ്പനിയിലെ ചില ഉദ്യോഗസ്ഥരുമെല്ലാം ഇതിലുള്‍പ്പെടും. അഴിമതിയെന്ന് പറയാമെങ്കിലും വൈകാരികമായ ചില ഘടകങ്ങളുപയോഗിച്ച് മറയ്ക്കപ്പെടുന്ന അഴിമതിയാണ് മോട്ടോര്‍ വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്നതിലുമെല്ലാം ഉണ്ടാകുന്നത്.

ഹെല്‍മറ്റ് വയ്ക്കാന്‍ മടി

ഹെല്‍മറ്റ് വയ്ക്കാന്‍ മടി

മദ്യപിച്ച് വാഹനമോടിക്കുന്നതും ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതുമെല്ലാം നമ്മുടെ നാട്ടില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. പക്ഷേ, ഇന്നും ആ നിയമങ്ങള്‍ പാലിക്കാന്‍ നല്ലൊരു പങ്ക് ആളുകള്‍ക്കും വിമുഖതയാണ്. ബൈക്ക് യാത്രക്കാരില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരില്‍ വിരലിലെണ്ണാവുന്നവര്‍ പോലും ഹെല്‍മറ്റ് ധരിക്കാറില്ല. പലപ്പോഴും ബൈക്ക് ഓടിക്കുന്നവരുടെ ശ്രദ്ധക്കുറവു മൂലം മറ്റേതെങ്കിലും വാഹനത്തിലിടിച്ച് ഉണ്ടാകുന്ന അപകടങ്ങളില്‍ കുറ്റക്കാരാകുന്നത് മറ്റേ വാഹനത്തിന്‍റെ ഡ്രൈവര്‍മാരായിരിക്കും. അപകടം സംഭവിച്ചത് അവരുടെ കുറ്റം കൊണ്ടല്ലെന്ന് നേരിട്ടു കണ്ട ആര്‍ക്കെങ്കിലും അറിയാമെങ്കിലും അവരതു പറയാന്‍ തയ്യാറാകാറില്ല. പോരാത്തതിന് അപകടത്തില്‍ പെട്ടവരോടുള്ള സഹതാപംകൂടി അപ്പോള്‍ കാര്യമായി പ്രവര്‍ത്തിക്കും.

മുരുകന്‍റെ കാര്യത്തില്‍ സംഭവിച്ചത്

മുരുകന്‍റെ കാര്യത്തില്‍ സംഭവിച്ചത്

ഏതാനും മാസം മുന്‍പ് തിരുനെല്‍വേലി സ്വദേശിയായ മുരുകന്‍ കൊല്ലത്ത് ബൈക്കപകടത്തില്‍പെടുകയും തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സ നിഷേധിക്കപ്പെട്ടതായി ആരോപണം ഉയരുകയും ചെയ്ത കേസ് നോക്കുക. പ്രാഥമികമായി ലഭിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ മുരുകന്‍ മദ്യപിച്ചിരുന്നു, ഹെല്‍മറ്റ് ധരിച്ചിരുന്നുമില്ല. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അന്ന് അപകടം ഉണ്ടായത്. ഇതില്‍ ഉള്‍പ്പെട്ട മറ്റു മൂന്നുപേര്‍ക്കും നിസ്സാര പരുക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മുരുകനാണോ ഒപ്പമുണ്ടായിരുന്ന ആളാണോ ബൈക്ക് ഓടിച്ചിരുന്നതെന്നറിയില്ല. അത്തരം കാര്യങ്ങളൊന്നും ഇത്തരം അപകടങ്ങളില്‍ പലപ്പോഴും വേണ്ടവിധത്തില്‍ രേഖപ്പെടുത്തപ്പെടാറില്ല. പക്ഷേ, മാധ്യമങ്ങളുണ്ടാക്കിയ വിവാദങ്ങളുടെ മാത്രം ബലത്തില്‍ സര്‍ക്കാര്‍ മുരുകന്റെ കുടുംബത്തിന് നല്‍കിയത് പത്തു ലക്ഷം രൂപയാണ്. ഇന്‍ഷുറന്‍സുകളുടെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്.

മറച്ചുവയ്ക്കപ്പെടുന്ന സത്യങ്ങള്‍

മറച്ചുവയ്ക്കപ്പെടുന്ന സത്യങ്ങള്‍

ബൈക്ക് അപകടങ്ങളില്‍ തലയ്ക്കു പരുക്കേല്‍ക്കുന്ന 99% കേസുകളിലും യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടാകില്ല. പക്ഷേ, പോലീസ് രേഖകളില്‍ അത് മറിച്ചായിരിക്കും. മദ്യപിച്ചിരുന്നുവെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായാലും കോടതിയിലെത്തുമ്പോള്‍ അതുണ്ടാകില്ല. അപകടമരണം സംഭവിച്ചവരുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധന നടത്തിയാണ് മദ്യപിച്ചിരുന്നോ എന്നു വ്യക്തമാക്കേണ്ടത്. മരിച്ചയാളിന്റെ ആമാശയത്തില്‍ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടാല്‍ മാത്രമാണ് പലപ്പോഴും ഇതു ചെയ്യുന്നത്. അത്തരമൊരു ഗന്ധമുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍ കുറിച്ചാല്‍ അവിടെ തീരും പരിശോധനകള്‍.

പിടിക്കപ്പെട്ടാല്‍ മാത്രം

പിടിക്കപ്പെട്ടാല്‍ മാത്രം

മദ്യപിച്ചു വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ശിക്ഷിക്കപ്പെടും. പക്ഷേ, സ്വയം അപകടത്തില്‍പെട്ടാല്‍ പലപ്പോഴും അതുണ്ടാകാറില്ല. മദ്യപിച്ചു വാഹനോടിച്ചതാണോ അപകടകാരണമെന്ന് ആരും പരിശോധിക്കാറില്ല. പരുക്കേറ്റയാളിന്റെ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടോയെന്ന് പരിശോധിക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ മറ്റൊരാളെ അപകടപ്പെടുത്തിയാല്‍ മാത്രമേ എന്തെങ്കിലും തരത്തിലുള്ള പരിശോധനകള്‍ നടക്കാറുള്ളു. അതാകട്ടെ പണത്തിന്റെ ബലത്തില്‍ പലപ്പോഴും തേഞ്ഞുമാഞ്ഞുപോകുകയും ചെയ്യും.

റോഡ് സുരക്ഷ അതോറിറ്റി

റോഡ് സുരക്ഷ അതോറിറ്റി

ഇന്ത്യയില്‍ റോഡു സുരക്ഷാ ചട്ടവും അതിന്‍പ്രകാരം ഒരു അതോറിറ്റിയും നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ മാതൃകയാകേണ്ട കാര്യമാണിത്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ആവശ്യമായ നടപടികളെടുക്കാനും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനുമാണ് ഇത്തരമൊരു അതോറിറ്റി രൂപീകരിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പും പോലീസും പൊതുമരമത്തും ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളാണ് പങ്കാളികള്‍. പക്ഷേ, കേരളത്തിലെ റോഡപടകങ്ങളും അപകട മരണ നിരക്കുകളുമെല്ലാം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത ഈ ചട്ടവും അതോറിറ്റിയുമൊക്കെ ഇന്നെത്തി നില്‍ക്കുന്നത് വല്ലൊത്തൊരവസ്ഥയിലാണ്. റോഡപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികളെടുക്കുമ്പോഴും അതോറിറ്റി വെറും നോക്കുകുത്തിയായി നിലനില്‍ക്കുന്നു. ഇതിനെ പുനരുജ്ജീവിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ചില ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം അതും വെറുതേയായി.

വെള്ളാനയായ അതോറിറ്റി

വെള്ളാനയായ അതോറിറ്റി

2007ലെ റോഡ് സേഫ്റ്റി ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട റോഡ് സുരക്ഷാ അതോറിറ്റിക്ക് ചട്ടപ്രകാരം ഓരോ വര്‍ഷവും ലഭിക്കേണ്ട വിഹിതം 100 മുതല്‍ 150 കോടി രൂപ വരെയാണ്. എന്നാല്‍, ഓരോ വര്‍ഷവും അഞ്ചു കോടി രൂപയുടെയെങ്കിലും പ്രവര്‍ത്തനങ്ങള്‍‌ നടത്തുന്നുണ്ടോ എന്ന് സംശയമാണ്. ഈ അതോറിറ്റി തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ക്ലബ്ബിനു മുന്നില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് പോലാണ് കാര്യങ്ങള്‍. കാശു പൊടിച്ചതല്ലാതെ അത് പ്രവര്‍ത്തിക്കുന്നേയില്ല. ഇന്നും സംസ്ഥാനത്തെ ഗതാഗത വകുപ്പിനു കീഴില്‍ ഒരു വെള്ളാനയെന്നോണമാണ് അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. ഗതാഗതരംഗത്തെ ഏതെങ്കിലും പരിഷ്കാരത്തിനോ മറ്റോ ഈ അതോറിറ്റിയുടെ അഭിപ്രായം പോലും ആരും ചോദിക്കാറില്ല. ചോദിച്ചാലും ഉപദേശം നല്‍കാന്‍ പറ്റിയവര്‍ ഉണ്ടായിരുന്നുമില്ല. ലഭ്യമായ ഫണ്ടുപയോഗിച്ച് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ റോഡപകടങ്ങളിലുള്‍പ്പെടെ ഗണ്യമായ കുറവുണ്ടാക്കാന്‍ സാധിക്കുമായിരുന്നുവെന്നതാണ് വാസ്തവം.

സര്‍ക്കാര്‍ ശ്രമിച്ചിട്ട് പോലും

സര്‍ക്കാര്‍ ശ്രമിച്ചിട്ട് പോലും

അതോറിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ 2017 ജനുവരിയില്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും അതിനായി ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പിനെ കണ്ടെത്താന്‍ ജിഒ(ഗവണ്‍മെന്‍റ് ഓര്‍ഡര്‍) ഇറക്കുകയും ചെയ്തിരുന്നു. ഒരു എക്സിക്യൂട്ടീവ് ഡയറക്ടറും നാല് ഡയറക്ടര്‍മാരും അടങ്ങുന്നതാണ് ഈ വിദഗ്ദ്ധ സംഘം. എല്ലാവരും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രൊഫഷണല്‍ യോഗ്യതയും പ്രവര്‍ത്തന പരിചയവുമുള്ളവര്‍. ലോക ബാങ്കിന്റെ ഫണ്ടും നിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് ഈ സംഘം പ്രവര്‍ത്തിക്കേണ്ടത്. തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ആഗസ്റ്റില്‍ ഇന്‍റര്‍വ്യൂ നടത്തി. ഒരു ഡയറക്ടര്‍ പോസ്റ്റ് ഒഴികെ ബാക്കി നാലിലും നവംബര്‍ മാസത്തില്‍ നിയമനവും നടത്തി. ഡോ. ടി ഇളങ്കോവന്‍ ആണ് എക്സിക്യൂട്ടീവ് ഡയറക്ടര്‍. യോഗ്യരായവരെ ലഭിക്കാതെ വന്ന ഒരു ഡയറക്ടര്‍ പോസ്റ്റിലേക്ക് വീണ്ടും അപേക്ഷ ക്ഷണിക്കുകയും കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും ഇന്‍റര്‍വ്യൂ നടത്തുകയും ചെയ്തു. ആളെ തീരുമാനിച്ചെങ്കിലും ഇതുവരെ നിയമന ഉത്തരവ് നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

വെറുതേ ആയിപ്പോയ നിയമനം

വെറുതേ ആയിപ്പോയ നിയമനം

മാത്രമല്ല, നിയമനം ലഭിച്ച സാങ്കേതിക വിദഗ്ദ്ധരാകട്ടെ ആവശ്യമായ സൗകര്യങ്ങളോ ഒന്നും ലഭിക്കാത്തതിനാല്‍ വേറേ ജോലി അന്വേഷിച്ചു തുടങ്ങിയെന്നാണ് കേട്ടത്. മൂന്നു വര്‍ഷത്തേക്കായിരുന്നു ഇവരുടെ നിയമനം. മൂന്നു വര്‍ഷം കൊണ്ട് കേരളത്തിലെ റോഡ് സുരക്ഷയില്‍ മലമറിക്കാനൊന്നും പറ്റില്ലെങ്കിലും എന്തൊക്കെ ചെയ്യാനാകുമെന്നും എന്തൊക്കെ ചെയ്യണമെന്നും നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമായിരുന്നു. പക്ഷേ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും നിസ്സഹകരണവും മൂലം ലോക ബാങ്കും ഇപ്പോള്‍ ഇതിലത്ര ശ്രദ്ധ നല്‍കുന്നില്ലെന്നാണ് സൂചന.

കാട്ടിലെ തടി, തേവരുടെ ആന

കാട്ടിലെ തടി, തേവരുടെ ആന

ആരാന്റെ തടി, തേവരുടെ ആന എന്നതാണ് സ്ഥിതി.
റോഡ് സുരക്ഷാ ചട്ടവും നിയമവും സ്ഥാപനവുമൊക്കെയുള്ള ഏക സംസ്ഥാനമെന്ന് കേരളത്തെ പറയാമെന്നല്ലാതെ എന്തു ചെയ്യാന്‍! നമ്മുടെ റോഡുകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിക്കൊണ്ടേയിരിക്കും. അപകടം വന്നിട്ട് സഹായങ്ങള്‍ ലഭ്യമാക്കുന്നതിലും എത്രയോ നല്ലതാണ് അപകടമുണ്ടാകാതെ നോക്കുകയെന്നത്. അപകടത്തില്‍പെട്ട് അരയ്ക്കു കീഴ്പോട്ട് തളര്‍ന്ന് കിടക്കുന്ന ഒരാള്‍ക്ക് എത്ര പണം നല്‍കിയാലും അത് ഒന്നിനും തികയില്ല. മരിച്ചവരുടെ കുടുംബത്തിന്റെ സ്ഥിതിയും അതൊക്കെയാണ്. പക്ഷേ, നമുക്കിഷ്ടം അപകടമുണ്ടായശേഷം സഹായിക്കുകയാണ്, അപകടമുണ്ടാകാതെ നോക്കുകയല്ല. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയും മൊബൈലില്‍ സംസാരിച്ചും മദ്യപിച്ചുമെല്ലാം വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. പലയിടത്തും ഗതാഗതലംഘനങ്ങള്‍ക്ക് പോലീസുകാര്‍ സാക്ഷികളായി നില്‍ക്കുന്നത് കാണാം. റോഡെന്നത് ഇന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല, മറ്റുള്ളവരെറോഡില്‍ മാനിക്കാനും നാം പഠിച്ചിട്ടില്ല. നിയമങ്ങള്‍ക്കൊപ്പം തീവ്രമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അതിനാവശ്യമാണ്.

കുട്ടികള്‍ പ്രേമിക്കുമെന്ന പേടിയോ.... എന്തിനാണ് നമുക്ക് വെവ്വേറെ ആണ്‍- പെണ്‍ പള്ളിക്കൂടങ്ങള്‍?കുട്ടികള്‍ പ്രേമിക്കുമെന്ന പേടിയോ.... എന്തിനാണ് നമുക്ക് വെവ്വേറെ ആണ്‍- പെണ്‍ പള്ളിക്കൂടങ്ങള്‍?

സിനിമയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക്....അഭിപ്രായസ്വാതന്ത്ര്യം സിനിമാനിരൂപണത്തിന് ബാധകമല്ലേ?സിനിമയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക്....അഭിപ്രായസ്വാതന്ത്ര്യം സിനിമാനിരൂപണത്തിന് ബാധകമല്ലേ?

English summary
How Kerala playing with Road Safety... TC Rajesh writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X