ലക്ഷ്മി നായര്‍ക്ക് ഒരു ചുക്കും സംഭവിച്ചില്ല; രാജിയും വച്ചില്ല... വാഴപ്പിണ്ടിയും സാമ്പാറും ബാക്കി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ലോ അക്കാദമി സമരം തീര്‍ന്നു എന്ന ആശ്വാസത്തിലാണ് സര്‍ക്കാര്‍. സമരം തങ്ങള്‍ വിജയിപ്പിച്ചു എന്ന് എഐഎസ്എഫ്, കെഎസ് യു, എബിവിപി സഖ്യം അവകാശപ്പെടുന്നു. തങ്ങള്‍ക്ക് കിട്ടിയതിനേക്കാള്‍ വലിയ ഉറപ്പുകളൊന്നും ഇപ്പോഴും കിട്ടിയിട്ടില്ലെന്ന് എസ്എഫ്‌ഐ പരിഹസിക്കുന്നു.

എന്തൊക്കെ പറഞ്ഞാലും ഈ മൂന്ന് കൂട്ടര്‍ക്കും ആശ്വസിക്കാനുള്ള വകയൊന്നും ലോ അക്കാദമിയുടെ വിഷയത്തില്‍ ഇപ്പോഴും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് പറയാം. കാരണം ലക്ഷ്മി നായര്‍ക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നത് തന്നെ.

നെട്ടെന്ന് വാഴപ്പിണ്ടിയാക്കിയെന്ന ചീത്തപ്പേര് എസ്എഫ്‌ഐക്ക് കിട്ടിയെന്ന ഗുണം മാത്രമേ ഈ സമരം കൊണ്ട് ഉണ്ടായിട്ടുള്ളൂ. എന്നാല്‍ അന്ന് എസ്എഫ്‌ഐക്ക് കിട്ടിയതിനേക്കാള്‍ വലിയ ഉറപ്പുകളൊന്നും ഒടുക്കം കിട്ടുകയും ചെയ്തില്ല.

ലക്ഷ്മി നായര്‍ രാജിവയ്ക്കണം

ലോ അക്കാദമി പ്രിന്‍സിപ്പാളായിരുന്ന ലക്ഷ്മി നായര്‍ രാജിവയ്ക്കണം എന്നായിരുന്നു എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം. രാജിയില്ലാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഉറുപ്പിച്ച് പറഞ്ഞവരാണ്.

എസ്എഫ്‌ഐ പിന്‍മാറിയപ്പോള്‍

രാജി ആവശ്യത്തില്‍ നിന്ന് പതുക്കെ പിന്‍മാറിയത് ആദ്യം എസ്എഫ്‌ഐ ആയിരുന്നു. അഞ്ച് വര്‍ഷത്തേക്ക് പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ മാറ്റി നിര്‍ത്താമെന്ന ഉറപ്പ് കിട്ടിയതോടെ എസ്എഫ്‌ഐക്കാര്‍ സമരത്തില്‍ നിന്ന് പിന്‍മാറി.

വാഴപ്പിണ്ടിയെന്ന് ചീത്തപ്പേര്

സമരത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് എസ്എഫ്‌ഐക്കാര്‍ക്ക് വാഴപ്പിണ്ടിയെന്ന ചീത്തപ്പേര് കിട്ടിയത്. നട്ടെല്ല് പണയം വച്ചാണ് എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചത് എന്നായിരുന്നു പരിഹാസം.

രാജിവരെ സമരമെന്ന്

എസ്എഫ്‌ഐ പിന്‍മാറിയപ്പോള്‍ സമരം ശക്തമാക്കിയത് എഐഎസ്എഫ്, കെഎസ് യു, എബിവിപി, എംഎസ്എഫ് സഖ്യമായിരുന്നു. ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നായിരുന്നു വാദം. എന്നിട്ടെന്തുണ്ടായി!!!

സാമ്പാര്‍ മുന്നണി എന്ന ചീത്തപ്പേര്

സാമ്പാര്‍ മുന്നണി എന്ന ചീത്തപ്പേരാണ് സമരം തുടര്‍ന്ന് പോയ മറ്റുള്ളവര്‍ക്ക് കിട്ടിയത്. വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടായ തീര്‍പ്പിലും ലക്ഷ്മി നായരുടെ രാജി ഉണ്ടായില്ല.

രാജിവച്ചിട്ടേ ഇല്ല...

താന്‍ രാജി വച്ചിട്ടില്ലെന്നാണ് ലക്ഷ്മി നായര്‍ ഇപ്പോഴും പറയുന്നത്. അക്കാര്യം ലോ അക്കാദമി ഡയറക്ടറും ലക്ഷ്മിയുടെ പിതാവും ആയ നാരായണന്‍ നായരും വ്യക്തമാക്കിയിട്ടുണ്ട്.

കാമ്പസില്‍ പ്രവേശിക്കുമോ?

ലക്ഷ്മി നായര്‍ക്ക് ലോ അക്കാദമി കാമ്പസില്‍ പ്രവേശിക്കുന്നതിന് വിലക്കൊന്നും ഇല്ല. അതുകൊണ്ട് തന്നെ ഭരണപരമായ കാര്യങ്ങള്‍ക്ക് വേണ്ടി അക്കാദമിയില്‍ പോകാന്‍ തടസ്സവും ഇല്ല.

ഒറ്റ വ്യത്യാസം മാത്രം

പ്രിന്‍സിപ്പാള്‍ ആയി കാമ്പസ്സില്‍ കയറാന്‍ പറ്റില്ല. അധ്യാപികയായി ക്ലാസ്സ് എടുക്കാനാവില്ല ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യത്തില്‍ നേരിട്ട് ഇടപെടാനാവില്ല. ഇതാണ് ഇപ്പോഴത്തെ ഒത്തുതീര്‍പ്പില്‍ വന്ന കാര്യങ്ങള്‍.

ജാതിപറഞ്ഞ് അധിക്ഷേപിച്ചത്

ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നും ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് ഹോട്ടലിലെ മേശ തുടപ്പിച്ചെന്നും ലക്ഷ്മി നായര്‍ക്കെതിരെ പരാതിയുണ്ട്. ആ പരാതികളില്‍ എന്തെങ്കിലും നടപടിയുണ്ടാക്കാന്‍ പോലും സമരക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല.

ലക്ഷ്മി നായര്‍ തിരിച്ചെത്തുമോ?

തത്കാലത്തേക്ക് മാറി നില്‍ക്കുന്നു എന്നാണത്രെ ഇപ്പോഴും ലക്ഷ്മി നായര്‍ പറയുന്നത്. അതിനര്‍ത്ഥം അധികം വൈകാതെ തന്നെ അവര്‍ ലോ അക്കാദമിയുടെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തേക്ക് തിരിച്ചെത്തില്ലേ എന്നും സംശയിക്കുന്നവരുണ്ട്.

English summary
Law Academy Issue: Lakshmi Nair didn't resign from Principal Post.
Please Wait while comments are loading...