കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റമുലച്ചി എരിച്ച നാട്ടിൽ മൂന്ന് മുലച്ചി രാജ്ഞി - മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ.. ലിഡിയ ജോയ്

  • By Muralidharan
Google Oneindia Malayalam News

ലിഡിയ ജോയ്

ഇൻഫർമേഷൻ ടെക്നോളജിയിൽ പ്രോജക്റ്റ്‌ മാനേജറായി ജോലി ചെയ്യുന്ന ലിഡിയയുടെ ഇഷ്ടങ്ങളിൽ യാത്രകളും ഫോട്ടോഗ്രാഫിയും ബ്ലോഗിങ്ങും ഉൾപ്പെടുന്നു. #MeOnRoad എന്ന കോളത്തിലൂടെ ലിഡിയ അവരുടെ യാത്രാ കുറിപ്പുകൾ പങ്ക്‌ വയ്ക്കുന്നു..

ദീപാവലി പിറ്റേന്ന് മധുരയിലെ ഇടവഴികളിലൊക്കെയും കരിമരുന്നിന്റെയും മുല്ലപ്പൂവിന്റെയും മണങ്ങൾ ഇടകലർന്ന് തങ്ങി നിന്നു. തലേന്ന് പുലരുവോളം ആകാശത്ത് മഴവില്ല് വിരിയിച്ചു കൊണ്ട് വർണ്ണക്കുടകളും ഇടിമുഴക്കം പോലുള്ള പടക്കങ്ങളും മാലപടക്കങ്ങളും തോരാതെ പൊഴിയുന്നുണ്ടായിരുന്നു. നഗരം വൃത്തിയാക്കുന്ന നഗരസേവകരുടെ നീണ്ട ചൂലിന്റെ ഒച്ചയൊഴികെ നിശബ്ദമായ വഴികൾ. ഓർക്കാനാവാത്തയത്ര വട്ടം മീനാക്ഷി ക്ഷേത്രം കണ്ടിട്ടുണ്ടെങ്കിലും, മനസ്സിൽ നിൽക്കുന്ന ഓർമ്മകളിൽ ആകാശത്തോളം ഉയരം തോന്നിക്കുന്ന ഗോപുരങ്ങളും അവയിലെ പാർവതീ അവതാരങ്ങളും മാത്രമേയുള്ളൂ.

മല്ലികൈ മാനഗരിയും നായ്ക്കർ കൊട്ടാരവും.. മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ.. (മധുര യാത്രാവിവരണം ഭാഗം 1) മല്ലികൈ മാനഗരിയും നായ്ക്കർ കൊട്ടാരവും.. മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ.. (മധുര യാത്രാവിവരണം ഭാഗം 1)

ആറടിക്ക് മേലെ ഉയരവും ഗണപതിയുടെ ഉണ്ണിക്കുടവയറും ഒക്കെയുള്ള ഗൈഡിന്റെ പേര് മണികണ്ഠൻ എന്നായതും ഒരു കുസൃതിയാണെന്ന് തോന്നി, പേരു കൊണ്ട് ചേട്ടനും രൂപം കൊണ്ട് അനിയനുമായവൻ മീനാക്ഷി-സുന്ദരേശനെ കാണിക്കാൻ ഞങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നു. മീനാക്ഷി ക്ഷേത്രം ദീപാവലി കോലങ്ങളൊന്നും അഴിക്കാതെ തിരക്കൊഴിഞ്ഞ് അലസസുന്ദര നിശബ്ദതയിൽ ഏതോ രാഗവും കേട്ട് പ്രഭാതമാസ്വദിക്കുന്ന ദേവിയേ പോലെ.

കിഴക്കേ ഗോപുരം

കിഴക്കേ ഗോപുരം

മീനാക്ഷീ ക്ഷേത്രത്തിന് 3000 വർഷങ്ങൾക്ക് മേലെ പഴക്കം പറയുന്നുണ്ടെങ്കിലും ഇന്ന് കാണുന്ന ബ്രഹുത്തായ ക്ഷേത്രം പണിതതും ഒരു താമരയുടെ ആകൃതിയിൽ അതിന് ചുറ്റുമായി പുരാതന മധുരാ നഗരം പണിതീർത്തതും 16-ആം നൂറ്റാണ്ടിൽ വിശ്വനാഥ നായ്ക്കരാണ്. പതിനഞ്ച് ഏക്കറിലായി പതിനഞ്ച് ഗോപുരങ്ങളുമായി തലയുയർത്തി നിൽക്കുന്ന ഒരു ക്ഷേത്ര സമുച്ചയമാണ് മധുര മീനാക്ഷിയമ്മൻ കോവിൽ. കിഴക്കേ നടയിൽ രണ്ട് ഗോപുരങ്ങൾ ഉണ്ട്, വലുത് മീനാക്ഷിക്കും ചെറുത് സുന്ദരേശനും, ഇതും മധുരമീനാക്ഷിയുടെ മാത്രം പ്രത്യേകത. മീനാക്ഷീ ക്ഷേത്രം കാണാനെത്തുന്നവർ ആദ്യം ചുറ്റമ്പലവും പിന്നെ അകം കാഴ്ചകളും ആഡംബരങ്ങളും കണ്ടിട്ട് വേണം മീനാക്ഷിയെ കാണാൻ, അതിനും ശേഷമാണ് ശിവദർശനം, വാശി പിടിച്ച പെണ്ണ് തന്നെ.

പൊൻതാമരൈ കുളം

പൊൻതാമരൈ കുളം

കിഴക്കേ നടവഴി ടിക്കറ്റെടുത്ത് അകത്ത് കയറിയത് ‘പൊൻതാമരൈ‘ കുളത്തിന്റെ പടവുകളിലേയ്ക്കാണ്, ഇടത് വശത്ത് ഭസ്മക്കളത്തിന്റെ നടുക്ക് ഭസ്മത്തിലാറാടി ഒരു ഗണപതി ഇരുപ്പുണ്ട്. ഇദ്ദേഹമാണ് വിഭൂതി ഗണപതി, ഒരു പിടി വിഭൂതി വാരി അണിയിച്ചാൽ എല്ലാ പാപവും തീരുമെന്ന വിശ്വാസം കൊണ്ടാവും വല്ലാത്ത തിരക്ക്. മണികണ്ഠന്റെ സന്തോഷത്തിന് ഒരു പിടി ഭസ്മം ഗണപതിയെ അണിച്ചു. തൊട്ടത്ത് ഒരു സ്വർണ്ണത്താമര കൊത്തിയ ചതുരതളിക, അതിൽ നിന്ന് ശ്രീ കോവിലിന് നേരെ നോക്കിയാൽ എഴുന്ന് നിൽക്കുന്ന ഗോപുരങ്ങൾക്ക് ഇടയിലൂടെ മീനാക്ഷീ ശ്രീകോവിലിന്റെ സ്വർണ്ണഗോപുരം എല്ലാ അഴകോടെയും കാണാം.

പൊൻതാമരൈ കുളത്തിൽ പണ്ട് ഒരു പൊൻതാമര ഒഴുക്കിയിരുന്നു, അന്നത്തെ കാലത്ത് ഒരു കൃതിയുടെ മേന്മ നിശ്ചയിച്ചിരുന്നത് അത് ഈ താമരയ്ക്ക് മുകളിൽ വയ്ക്കുമ്പോൾ ജലത്തിന് മീതെ ഉയർന്ന് നിൽക്കുന്നുവോ എന്ന് നോക്കിയായിരുന്നു പോലും, തരം താണ കൃതികളും സൃഷ്ടികളും ജലത്തിലാഴ്ന്നും പോയിരുന്നു. തിരുവള്ളുവരുടെ തിരുവിളയാടൽ ഉയർന്നൊഴുകിയ സൃഷ്ടികളിൽ ഒന്നായിരുന്നുവെന്ന്. കുളം ചുറ്റികയറി ചെന്നത് "കിളിക്കൂണ്ട്" മണ്ഡപത്തിലേയ്ക്കാണ്, മധുരമീനാക്ഷിയുടെ പ്രിയപക്ഷിയാണ് പച്ചതത്ത. മീനാക്ഷിയെന്ന് എപ്പൊഴും ഉറക്കെ ചിലയ്ക്കുന്ന തത്തകളെ ഈ തൂണുകളിൽ തൂക്കിയിട്ടിരുന്നു പോലും.

കിളിങ്കൂണ്ട് മണ്ഡപം

കിളിങ്കൂണ്ട് മണ്ഡപം

മണികണ്ഠ കൃപ കൊണ്ട് സ്പെഷ്യൽ പാസിലും സ്പെഷ്യൽ എന്റ്രി കിട്ടി പത്ത് മിനിട്ടിനുള്ളിൽ പുറത്ത് കടന്നപ്പോൾ കുടുംബ ബന്ധങ്ങൾ കൊണ്ടുള്ള ഇളവുകളൊക്കെയാവാം എന്ന് ഓർത്ത് പോയി. ഈ മണ്ഡപത്തിനെ അഷ്ടശക്തി മണ്ഡപം എന്ന് വിളിക്കുന്നു, പാർവതിയുടെ എട്ട് അവതാരങ്ങളും പിന്നെ പുരാണങ്ങളിലെ പല കഥാപാത്രങ്ങളും ഉപദൈവങ്ങളുമായി പേരില്ലാത്ത ഒറ്റനേകം കഥാപാത്രങ്ങൾ അവിടെ കല്ലിൽ വിരിഞ്ഞിരിക്കുന്നു. മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ഒരു പ്രതിമ ഇവിടെ കാണാം, ഒരു ഗർഭിണിയായ യുവതിയുടേത്, വിശ്വാസികളായ ഗർഭിണികൾ ഈ വിഗ്രഹത്തിൽ നെയ്യൊഴിക്കുകയും നെയ്യും കുങ്കുമവും കലർന്ന കൂട്ട് നിറവയറിൽ പുരട്ടുകയും ചെയ്താൽ സുഖപ്രസവമാണത്രേ ഫലം, ഫലപ്രാപ്തിയുണ്ടായവർ പേരില്ലാത്ത പുള്ളത്താച്ചി അമ്മന് പാവാട കെട്ടുന്നു.

2006-ൽ നടന്ന മഹാകുംഭാഭിഷേകത്തിന്റെ ഭാഗമായി ക്ഷേത്രം കുറെ നവീകരിച്ചിരുന്നു, പെയിന്റ് കൊണ്ടൂള്ള പുതിയ ചിത്രങ്ങളുടേയും പച്ചക്കറി ഡൈ കൊണ്ടൂള്ള പഴയ ചിത്രങ്ങളൂടേയും വ്യത്യാസം കാട്ടിതന്നപ്പോൾ പഴയവയ്ക്കാണ് മിഴിവ് കൂടുതൽ എന്ന് തോന്നിപോയി. 360 ഡിഗ്രിയിൽ എവിടെ നിന്ന് നോക്കിയാൽ നേരെ കാണുന്ന ശിവലിംഗമായിരുന്നു പുതിയ ചിത്രങ്ങളിലെ ഒരു കൺകെട്ട് വിദ്യ, 3D പെയ്ന്റിങ്ങിന്റെ ഒരു മനോഹര മായാജാലം. അഷ്ടശക്തി മണ്ഡപത്തിൽ നിന്ന് കടന്നെത്തുക കംബത്തടി മണ്ഡപത്തിലേയ്ക്കാണ്. പണ്ട് ഈ പ്രദേശം കദംബവനമായിരുന്നു പോലും, ഒരു സ്വംഭൂശിവലിംഗം കണ്ടെത്തിയതിനേത്തുടർന്നാണ് ഇവിടൊരു ശിവക്ഷേത്രം പണിതത് എന്ന് ഐതീഹ്യം, ഒറ്റക്കല്ലിലെ അതിഭീമൻ നന്തിയും എട്ടടിയുള്ള ദ്വാരപാലകന്മാരും ഒക്കെ സുന്ദരേശനായി ഇവിടെ വാഴുന്ന ശിവന്റെ ശ്രീകോവിലിന് കാവൽ നിൽക്കുന്നു.

നൃത്തത്തിന്റെ ദൈവം കൂടിയാണല്ലോ ശിവൻ, നടനമാടുന്ന ശിവരൂപമാണ് നടരാജൻ. നൃത്തം ചെയ്യുന്ന ശിവന് സംരക്ഷണത്തിന്റെ ലാസ്യഭാവവും നിഗ്രഹത്തിന്റെ താണ്ഡവഭാവവും ഉണ്ടാവാറുണ്ട്, മീനാക്ഷീ ക്ഷേത്രത്തിലെ മറ്റൊരു അപൂർവ്വ ശില്പമാണ് വലത് കാലുയർത്തി ലാസ്യനൃത്ത ഭാവത്തിൽ നിൽക്കുന്ന നടരാജവിഗ്രഹം, ശിവഭക്തനായ രാജശേഖരപാണ്ഡ്യൻ ഒരിക്കൽ ഇഷ്ടദേവനെ തൊഴാൻ എത്തിയപ്പോൾ തന്റെ പരാതികൾ പറയാതെ എത്രകാലമായി ശിവനിങ്ങനെ ഇടംകാലുയർത്തി നിൽക്കുന്നു, പാവത്തിന് എത്ര ബുദ്ധിമുട്ടുണ്ടായിരിക്കും എന്ന് വേദനിക്കുകയും ഭക്തമനസ്സ് കണ്ട ശിവൻ ഇടത് പാദം തറയിലമർത്തി വലത്പാദം ഉയർത്തുകയും ചെയ്തു പോലും, അങ്ങനെ ശിവൻ നൃത്തം ചെയ്ത മണ്ഡപത്തിനെ "കാൽ മാറി ആടിയ പാതാളം" എന്ന് വിളിക്കപ്പെട്ടു.

മീനാക്ഷി-സുന്ദരേശൻ കല്യാണം

മീനാക്ഷി-സുന്ദരേശൻ കല്യാണം

കംബത്തടി മണ്ഡപത്തിലെ മറ്റ് പ്രധാന ശില്പങ്ങൾ പ്രഹ്ളാദനെ രക്ഷിക്കുന്ന ശിവനും വിഷ്ണുവിൽ നിന്ന് സ്ത്രീധനം വാങ്ങുന്ന ശിവനും മീനാക്ഷീ സുന്ദരേശ കല്യാണവും മറ്റുമാണ്. സാധാരണയിൽ നിന്ന് വിപരീതമായി സുന്ദരേശന്റെ കൈകൾ മീനാക്ഷിയുടെ കൈയ്യിൽ പിടിച്ചു കൊടുക്കുന്ന വിഗ്രഹം ഒരു അപൂർവ്വതയാണ്. അതേസമയം പിൽക്കാലങ്ങളിൽ വരച്ചതെന്ന് കരുതപ്പെടുന്ന രാജകൊട്ടാരത്തിന്റെ ചിത്രങ്ങളിൽ മീനാക്ഷിയെ കൈപിടിച്ച് കൊടുക്കുന്നതായി വരച്ചതെന്തേ എന്ന് ചോദ്യത്തിന്, ചോദിക്കാൻ മീനാക്ഷിമാരില്ലാതെ പോയിരിക്കാം എന്ന് മണികണ്ഠൻ മറുപടി പറഞ്ഞു. മീനാക്ഷിയുടെ ജനനത്തിന് കാരണമായ പുരാണം പറയുന്ന ശില്പങ്ങളാണ് ഊർത്തണ്ഡേശ്വര പെരുമാളും കാളിയമ്മനും. നാട്യശാസ്ത്രവിരുദ്ധമായി നൃത്തം ചെയ്യുന്ന ശിവനും പിണങ്ങി നിൽക്കുന്ന കാളിയും.

ആയിരം കാൽ മണ്ഡപം

ആയിരം കാൽ മണ്ഡപം

കംബത്തടി മണ്ഡപത്തിൽ നിന്നിറങ്ങിയാൽ ചെല്ലുക ആയിരം കാൽ മണ്ഡപത്തിലേയ്ക്കാണ്. ഒറ്റക്കാലിൽ നിൽക്കുന്ന ഗണപതി, അർദ്ധനാരീശ്വരനായ ശിവൻ, പുരുഷസ്ത്രീസമ്മേളനമായ ബൃഹന്നള എന്നിങ്ങനെ കേട്ടിട്ടുള്ള കഥകൾ മുഴുവൻ കല്ലിൽ കൊത്തിയ ആയിരം കൽത്തൂണുകളുടെ മണ്ഡപം. ആയിരക്കണക്കിന് വർഷം പഴക്കമുള്ള വെങ്കലപ്രതിമകളും ക്ഷേത്രത്തിലെ പഴയകാല ചുവർചിത്രങ്ങളും ഒക്കെ ഇവിടെ പ്രദർശനമൊരുക്കിയിരിക്കുന്നു. ഇവിടുള്ള ശില്പങ്ങളിൽ ഏറ്റവും കൂടുതൽ പൂർണ്ണരൂപ വ്യാളീ ശില്പങ്ങളാണ്. മുതലയുടെ വായും സിംഹത്തിന്റെ തലയും കുതിരയുടെ ഉടലും വ്യാളിയുടെ വാലുമായി ഒരു സാങ്കല്പിക ജീവി.

മൂന്ന് മുലകളുള്ള മീനാക്ഷിയുടെ അപൂർവ്വ പ്രതിമയുടെ ഒരു പഴകിപൊടിഞ്ഞ ചിത്രവും മണികണ്ഠൻ കാട്ടിത്തന്നു, മീനാക്ഷിയെന്ന കൈലാസത്തോളം പോയി യുദ്ധം ചെയ്ത യുവരാജ്ഞിയുടെ കഥ കൂടുതൽ കൂടുതൽ കൗതുകമായി തോന്നി.

മധുര മീനാക്ഷി

മധുര മീനാക്ഷി

ഒറ്റമുലച്ചി കണ്ണകി എരിച്ച മധുരയിലെ മൂന്ന് മുലച്ചി റാണി - കഥകളിലെ മീനാക്ഷി വെറും ഒരു രാജകുമാരിയല്ല, മക്കളുണ്ടാകാതിരുന്ന മലയദ്വജനും ഭാര്യ കാഞ്ചനമാലയ്ക്കും ഒരുപാട് യാഗങ്ങൾക്കും പ്രാർത്ഥനകൾക്കും കിട്ടിയത് ഒരു പെൺകുഞ്ഞ്, യാഗത്തീയിൽ നിന്നാണവൾ ജനിച്ചതെന്ന് ഐതീഹ്യം, പെൺകുഞ്ഞാണെന്നതും മൂന്ന് മാറുണ്ടായിരുന്നതും പരമ്പരയില്ലാതിരുന്ന രാജാവിനെ കൂടുതൽ ദുഃഖിതനാക്കി, അദ്ദേഹത്തിനുണ്ടായ സ്വപ്നത്തിൽ മീനാക്ഷി പാർവതീ അവതാരമാണെന്നും ശിവനുമായി കാണുന്നയന്ന് മൂന്നാം മുല ഉൾവലിഞ്ഞ് പൂർവ്വസ്ഥിതിയാവുമെന്നും കേട്ടുവത്ര.

മീനാക്ഷിയുടെ പതിനഞ്ചാം വയസ്സിൽ രാജാവ് മരിച്ചപ്പൊൾ യുവറാണിയായ മീനാക്ഷിയെ ‘ഇമൈ തൂങ്കാ ഇളവരസി‘ എന്നും വാഴ്ത്തിയിരുന്നുവത്രേ, ഊണും ഉറക്കവും ഉപേക്ഷിച്ച് മധുര വാണ റാണി. മധുരയുടെ ഐശ്വര്യവും പെരുമയും കേട്ട് രാജ്യം സ്വന്തമാക്കാനും രാജ്ഞിയെ സ്വന്തമാക്കാനും പലരും ശ്രമിച്ചെങ്കിലും മീനാക്ഷിയുടെ രാജ്യതന്ത്രത്തിനും ധൈര്യത്തിനും മുന്നിൽ പിടിച്ച് നിൽക്കാനാവാതെ അവരൊക്കെ പിന്തിരിഞ്ഞു, ഏറ്റവും അവസാനം വൈഗൈ കടന്നെത്തിയ സുന്ദരപാണ്ഡ്യരും റാണിയും ആദ്യകാഴ്ചയിലെ അനുരക്തരാവുകയും തന്റെ എല്ലാ പ്രതാപങ്ങളും മധുരയോട് ചേർത്ത് മീനാക്ഷിയുടെ കൂടെ വാഴാൻ സുന്ദരപാണ്ഡ്യർ തീരുമാനിക്കയും ചെയ്തു എന്ന് പഴങ്കഥകൾ.

പിന്നീടെപ്പോഴോ ആവാം മീനാക്ഷി പാർവതിയും സുന്ദരപാണ്ഡ്യൻ ശിവനും മാറ് മറയുന്നത് അടയാളവും ഒക്കെയായത്. മധുരമീനാക്ഷീ ക്ഷേത്രം കണ്ടിറങ്ങുമ്പൊൾ ഒരു ക്ഷേത്രം കണ്ടിറങ്ങിയ പോലെയല്ല, മുത്തശ്ശിക്കഥകളുടെ ഒരു അത്ഭുതലോകത്തിൽ നിന്ന് പുറത്ത് വന്ന പോലെയാണ് തോന്നിയത്. ഇനിയെന്നെങ്കിലും വരുമ്പോൾ ‘ആത്ത്ക്ക് വാങ്കെ (വീട്ടിലേയ്ക്ക് വരൂ) എന്ന് പറഞ്ഞ് മണികണ്ഠൻ യാത്ര പറഞ്ഞപ്പോൾ കൈലാസത്തിലേയ്ക്കോ ക്ഷണം എന്ന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. മധുരൈ ഫേമസ് ജിഗർത്തണ്ട ഐസ്ക്രീം വെയിലിന് ചൂട് വച്ചു തുടങ്ങിയിരിക്കുന്നു, നല്ല ജിഗർത്തണ്ട കുടിച്ചിട്ടാവാം ഇനി യാത്ര..

(തുടരും)

അടുത്ത ലക്കം - കന്യക കാക്കുന്ന മുനമ്പിൽ മുഖം കറുപ്പിച്ച് സൂര്യൻ!

English summary
Lidya Joy writes about bangalore-madurai road trip. Part 2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X