കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഡം ക്യൂറി വിടചൊല്ലിയിട്ട് നാളെക്ക് (4-07-18) 84 വര്‍ഷം

  • By Desk
Google Oneindia Malayalam News

ജനനം

റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ അധീനതയിലുള്ള പോളണ്ടിലെ വാഴ്സോ നഗരത്തിലാണു ബ്രോണിസ്ലാവയും മേരിയും ജനിച്ചത്. അധ്യാപക ദമ്പതികളുടെ വ്ളാഡ്സ്ലാവ് സ്‌ക്ലോഡോസ്‌ക്കയുടെയും ബ്രോണിസ്ലാവയുടെയും അഞ്ച് മക്കളില്‍ ചുണകുട്ടികളായിരുന്നു ബ്രോണിസ്ലാവയും മേരിയും. 1867 നവംബര്‍ ഏഴിനായിരുന്നു മേരി ജനിച്ചത്. മന്യ എന്ന ഓമനപ്പേരുള്ള മരിയ സലോമിയ സ്‌ക്ലോഡോസ്‌ക്കയെ കൂട്ടുകാര്‍ അറിയും. മേരി ക്യൂറി(മാഡം ക്യൂറി) എന്ന പേരില്‍ പിന്നീട് പ്രശസ്ത ശാസ്ത്രജ്ഞയായി. പഠിച്ച് ഉയരങ്ങളില്‍ എത്തണമെന്നായിരുന്നു ബ്രോണിസ്ലാവയുടെയും അനുജത്തി മേരിയുടെയും ആഗ്രഹം. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി ഇതിനു തടസമായിരുന്നു. തന്നെയുമല്ല, പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രഗവേഷണത്തിലേക്കു കടന്നുവരുന്നത് പോയിട്ട്, ഉപരിപഠനംപോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലത്താണ് അവര്‍ ജീവിച്ചിരുന്നത്.

എങ്കിലും മേരി അച്ഛനോട് പറഞ്ഞു...എനിക്ക് പഠിക്കണം, ചേച്ചിക്കും പഠിക്കണം.

curie

രണ്ടുപേരെയും പാരീസില്‍വിട്ട് പഠിപ്പിക്കാന്‍ പണമില്ലല്ലോ കുട്ടി- അച്ഛന്‍ ദുഃഖത്തോടെ മറുപടി നല്‍കി. െവെദ്യശാസ്ത്രം പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണു ബ്രോണിസ്ലാവയ്ക്ക്. പണമില്ലാത്തതിനാല്‍ മെഡിസിന്‍ പഠനം വേണ്ടെന്ന് അവള്‍ തീരുമാനിച്ചിരുന്നു. എന്തും സഹിച്ച് ചേച്ചിയുടെ ആഗ്രഹം നിറവേറ്റുമെന്നു മേരിയും. വീട്ടിലുള്ള പണവുമായി ചേച്ചി പാരീസിലേക്ക് പോകൂ. നാല് വര്‍ഷം പഠിക്കാനുള്ള പണം ഞാന്‍ ജോലി ചെയ്ത് അയച്ചുതരാം.- മേരി പ്രഖ്യാപിച്ചു.


ക്ലേശകരമായ ബാല്യവും കൗമാരവും

ദുരിതങ്ങള്‍ നിറഞ്ഞ വിദ്യാഭ്യാസകാലമായിരുന്നു മേരിയുടേത്. അവര്‍ക്ക് 11 വയസുള്ളപ്പോള്‍ ഊര്‍ജതന്ത്രം അധ്യാപികയായിരുന്ന മാതാവും രണ്ട് വര്‍ഷം കഴിഞ്ഞ് മൂത്ത സഹോദരി സോഫിയയും ക്ഷയരോഗം മൂലം മരിച്ചു. പോളണ്ടിലെ റഷ്യന്‍ അധിനിവേശത്തിനെതിരേ പോരാടിയതിന്റെ പേരില്‍ മേരിയുടെ പിതാവിനു ജോലി നഷ്ടമായി.

അമ്മയുടെയും സഹോദരിയുടെയും മരണം കൊച്ചുമേരിയെ സങ്കടക്കടലില്‍ ആഴ്ത്തി. കുടുംബം ജീവിക്കാന്‍ ഏറെ പണിപ്പെട്ടു. അപ്പോഴും അച്ഛന്റെ കണ്ണാടി അലമാരയിലെ പരീക്ഷണ ഉപകരണങ്ങള്‍ അവളെ ഒത്തിരി സ്വാധീനിച്ചു. അച്ഛനൊപ്പം പല രാസപരീക്ഷണങ്ങളിലും അവള്‍ പങ്കാളിയായി. 16-ാമത്തെ വയസില്‍ സ്വര്‍ണമെഡല്‍നേടി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി.

ചേച്ചി പാരീസില്‍ മെഡിസിന്‍ പഠിക്കാന്‍ പോയി. അനുജത്തി മേരി ആയയായും വീട്ടുജോലിക്കാരിയായും ട്യൂഷന്‍ ടീച്ചറായുമൊക്കെ ജോലി ചെയ്ത് പണം സമ്പാദിച്ചു. കഷ്ടപ്പെട്ട് പണിയെടുത്ത് ചേച്ചിക്കു പണം അയച്ചു.

അതിനിടെ രാഷ്ട്രീയപ്രവര്‍ത്തനവും നടത്തി. അന്നാട്ടില്‍ അന്നു നിരോധിക്കപ്പെട്ടിരുന്ന പോളീഷ് ഭാഷ പ്രചരിപ്പിച്ചു. സ്വാതന്ത്ര്യസമരത്തിനായി ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. അതിനിടെ രഹസ്യമായി നടത്തിയിരുന്നു ഫ്ളയിങ് സര്‍വകലാശാലയില്‍ മേരി പഠനം നടത്തി.

സോര്‍ബോണില്‍ ഉന്നത പഠനം

ചേച്ചി ബ്രോണിസ്ലാവയുടെ പഠനവും വിവാഹവും കഴിഞ്ഞ് 1891 ല്‍ അവരുടെ കൂടെ സഹായത്തോടെ മേരി പാരീസില്‍ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ ബിരുദപഠനത്തിനു ചേര്‍ന്നു. കടുത്ത ദാരിദ്ര്യത്തിനിടയില്‍ കുറച്ച് റൂബിള്‍ മാത്രമേ െകെയിലുണ്ടായിരുന്നുള്ളു. സര്‍വകലാശാലയ്ക്കടുത്തുള്ള വീട്ടിലെ തട്ടിന്‍പുറത്തായിരുന്നു താമസം. വല്ലപ്പോഴും പിതാവ് പണം അയച്ചിരുന്നെങ്കിലും അത് ആഹാരത്തിനുപോലും തികഞ്ഞിരുന്നില്ല. നല്ല ഉടുപ്പുകള്‍ ഉണ്ടായിരുന്നില്ല. തണുപ്പിനെ തടയുന്ന കട്ടിയുള്ള ഉടുപ്പും അവള്‍ക്കില്ലായിരുന്നു. വിശന്നു തളര്‍ന്നാണു പല ദിവസങ്ങളിലും ക്ലാസിലെത്തിയിരുന്നത്. പല ദിവസങ്ങളിലും പഠനത്തിനിടയില്‍ ബോധംകെട്ട് വീണിട്ടുണ്ട്. ജീവിതക്ലേശങ്ങളൊന്നും മേരിയെ തളര്‍ത്തിയിട്ടില്ല. പഠനത്തോടൊപ്പം ഫ്രഞ്ച് ഭാഷയും അനായാസം െകെകാര്യം ചെയ്യാന്‍ പഠിച്ചു. ജീവിത ക്ലേശങ്ങള്‍ക്കിടയിലും ഊര്‍ജതന്ത്രത്തില്‍ ഒന്നാം റാങ്കുകാരിയായി ബിരുദവും ഗണിതത്തില്‍ ബിരുദാനന്തബിരുദവും നേടി.

പിയറിയെ കണ്ടുമുട്ടുന്നു

ബിരുദാനന്തര പഠനത്തിനുശേഷം മേരി തന്റെ കൊച്ചു പരീക്ഷണശാലയില്‍ റേഡിയോ ആക്ടിവിറ്റിയില്‍ പരീക്ഷണങ്ങളുമായി കഴിയവേ പിയറി എന്ന ചെറുപ്പ ക്കാരനായ ഫ്രഞ്ച് ശാസ്ത്രജ്ഞനെ കണ്ടുമുട്ടി. 1895-ല്‍ പിയറിയെ വിവാഹം കഴിച്ചതോടെ മേരിയുടെ ജീവിതം വഴിത്തിരിവിലെത്തി. വിവാഹമോ പ്രസവമോ ഒന്നും മേരിയുടെ ഗവേഷണത്തിന് തടസമായില്ല. െകെക്കുഞ്ഞിനെ എടുത്തുകൊണ്ട് രാപ്പകല്‍ ഗവേഷണം.

ആയിടയ്ക്കാണു ഹെന്റി ബെക്വറല്‍ എന്ന ശാസ്ത്രജ്ഞന്‍ യൂറേനിയത്തിന്റെ അയിരില്‍നിന്ന് അറിയപ്പെടാത്ത കിരണങ്ങള്‍ പുറപ്പെടുന്നുണ്ടെന്നു കണ്ടെത്തിയത്. ക്യൂറിമാര്‍ ഇതിനെ റേഡിയോ ആക്ടിവിറ്റി എന്നു വിളിച്ചു. 1898-ല്‍ മേരി തന്റെ നാടിന്റെ നാമം ചേര്‍ത്ത് പൊളോണിയം എന്ന പുതിയ മൂലകം കണ്ടുപിടിച്ചു.


ഒരു വീട്ടില്‍നിന്നു മൂന്ന് നൊബേല്‍ സമ്മാനം

രണ്ട് വ്യത്യസ്ത ശാസ്ത്രവിഷയങ്ങളില്‍ നൊബേല്‍ സമ്മാനം നേടുക. ഈ അപൂര്‍വ ബഹുമതിയും ക്യൂറിയുടെ വീട്ടിലെത്തി. നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യ വനിത എന്ന നേട്ടവും മാഡം ക്യൂറിക്കു സ്വന്തം. റേഡിയോ ആക്ടിവിറ്റി സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക്1903 ലെ ഊര്‍ജതന്ത്ര നൊബേല്‍ ഹെന്റി ബെക്വറലിനൊപ്പം മേരിക്യൂറിയും പിയറി ക്യൂറിയും പങ്കിട്ടെടുത്തു. 1906 ഏപ്രില്‍ 19നു റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തില്‍ പാഞ്ഞുവന്ന കുതിരവണ്ടി പിയറി ക്യൂറിയുടെ ജീവന്‍ കവര്‍ന്നു. അദ്ദേഹത്തിന്റെ മരണശേഷം സര്‍വകലാശാലയിലെ ഊര്‍ജതന്ത്രം പ്രഫസറായി മേരിക്യൂറിയെ നിയമിച്ചു. ദുഃഖം അടക്കി അവര്‍ ഗവേഷണം തുടര്‍ന്നു. റേഡിയത്തിന്റെ കണ്ടുപിടുത്തത്തിനു 1911 ല്‍ രസതന്ത്രം നോബേല്‍ സമ്മാനവും മാഡം ക്യൂറിയെ തേടിയെത്തി. മേരിക്യൂറിയുടെ മകള്‍ ഐറിയന്‍ ജൂലിയറ്റ് ക്യൂറിയും ഭര്‍ത്താവ് ഫ്രെഡറിക്കിനും 1935-ല്‍ രസതന്ത്ര നോബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചതിനായിരുന്നു പുരസ്‌കാരം.


ശാസ്ത്രത്തിനായി സമര്‍പ്പിച്ച ജീവിതങ്ങള്‍

റേഡിയോ ആക്ടിവിറ്റി മുലകങ്ങള്‍ ഉപയോഗിച്ച് അര്‍ബുദരോഗ ചികിത്സ നടത്തുന്നത് സംബന്ധിച്ച് ആദ്യ പരീക്ഷണങ്ങള്‍ നടത്തിയത് മാഡം ക്യൂറിയാണ്. ഒന്നാം ലോക യുദ്ധകാലത്ത് െസെനിക ആവശ്യങ്ങള്‍ക്കുവേണ്ടി റോഡിയോളജി സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സംവിധാനവും ക്യൂറി സജ്ജമാക്കി. പരുക്കേറ്റ ഭടന്മാരെ ശുശ്രൂഷിക്കാനും അവര്‍ രംഗത്തിറങ്ങി. സുരക്ഷാ സംവിധാനങ്ങളിലെല്ലാതെയാണു മാഡം ക്യൂറി നിരന്തരം റേഡിയോ ആക്ടിവ് പദാര്‍ഥങ്ങള്‍ െകെകാര്യം ചെയ്തിരുന്നത്.

റേഡിയോ ആക്ടിവ് വികിരണങ്ങളുമായുള്ള നിരന്തരം സമ്പര്‍ക്കം സമ്മാനിച്ച രക്താര്‍ബുദം 1934 ജൂെലെ നാലിനു മാഡം ക്യൂറിയുടെ ജീവന്‍ കവര്‍ന്നു. മകളായ ഐറിന്‍ ജുലിയറ്റിന്റെയും വിധി മറ്റൊന്നായിരുന്നില്ല. അമ്മയുടെയും അച്ഛന്റെയും പരീക്ഷണശാലയായിരുന്നു അവരുടെ ബാല്യകാലം. 1959 ല്‍ അമ്മയെപ്പോലെ ഐറിന്റെ ജീവനും രക്താര്‍ബുദം കവര്‍ന്നെടുത്തു.ഉറച്ച മനസോടെ എല്ലാ പ്രതിസന്ധികളെയും മറികടന്ന വ്യക്തിയാണു മാഡം ക്യൂറി.

ഒരു സ്ത്രീക്ക് ശാസ്ത്രജ്ഞയാകാന്‍ കഴിയും, പ്രഫസറായി ശോഭിക്കാന്‍ കഴിയും. വലിയ ഗവേഷണ സ്ഥാപനത്തെ വിജയകരമായി നയിക്കാന്‍ കഴിയും. നൊബേല്‍ സമ്മാനം നേടാനാകും എന്നൊക്കെ ലോകത്തിന് കാണിച്ചുകൊടുത്ത മഹതിയാണ് മാഡം ക്യൂറി.

English summary
madam curies death anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X