പുസ്തകം കടംകൊടുക്കുന്നവന്‍ മണ്ടന്‍... അത് തിരിച്ചുകൊടുക്കുന്നവന്‍ മരമണ്ടന്‍!!!ഇത് മണ്ടന്‍മാരുടെ ലോകം

  • Posted By:
Subscribe to Oneindia Malayalam

അറിവ് ആരുടേയും സ്വകാര്യസ്വത്തല്ല. എന്നാല്‍ അറിവ് പകരുന്ന പുസ്തകങ്ങളോ? പുസ്തകങ്ങളുടെ കാര്യത്തില്‍ സ്വകാര്യ സ്വത്തെന്നും പൊതുസ്വത്തെന്നും ഉള്ള വ്യത്യാസം ശരിക്കും ഉണ്ട്. കാശ് കൊടുത്ത് പുസ്തകം വാങ്ങുന്നവന് തന്നെയാണ് അതിന് മുകളില്‍ അവകാശം.

പുസ്തം കടം കൊടുക്കുന്നവന്‍ മണ്ടനാണ്. ആ പുസ്തകം തിരിച്ചേല്‍പിക്കുന്നവന്‍ മരമണ്ടനും- ഒരു അറബ് പഴമൊഴിയാണിത്. വായനയേയും പുസ്തകങ്ങളേയും സ്‌നേഹിക്കുന്നവര്‍ക്കെല്ലാം ഈ പഴമൊഴി നന്നായി അറിയുന്നുണ്ടാകും. ഒരുപക്ഷേ ഈ പഴമൊഴി പറഞ്ഞുകൊണ്ട് തന്നെ ആയിരിക്കും മറ്റൊരാള്‍ക്ക് പുസ്തകം കൈമാറുന്നത് പോലും.

book1

അങ്ങനെ മണ്ടന്‍മാരും മരമണ്ടന്‍മാരും നിറഞ്ഞ ഒരു ലോകമാണിതെന്ന് നിസംശയം പറയാം. കാരണം പുസ്തകങ്ങള്‍ ഒരിക്കലും കൈമാറ്റം ചെയ്യപ്പെടാതിരിക്കില്ല. ചിലര്‍ മണ്ടന്‍മാരാക്കപ്പെടും, പക്ഷേ മരമണ്ടന്‍മാരുടെ എണ്ണമായിരിക്കും എപ്പോഴും കുറവ്!!!

വലിയ പുസ്തക ശേഖരം കൈവശം ഉള്ള ഒരുപാട് പേരുണ്ട് ഈ ലോകത്ത്. എന്നാല്‍ അവരില്‍ പലരും തങ്ങളുടെ സ്വകാര്യ ശേഖരം പൊതുജനത്തിനായി തുറന്ന് കൊടുക്കാറില്ല. സ്വയം മണ്ടന്‍മാരായി മാറാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അപ്പോള്‍ പിന്നെ എന്താണ് വഴി...?

പൊതു ഗ്രന്ഥാലയങ്ങള്‍ തന്നെയാണ് മുന്നിലുള്ള വഴി. ഒരുപക്ഷേ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തുടങ്ങപ്പെട്ടിട്ടുള്ള ഒരു സംവിധാനമാണത്. നളന്ദ, തക്ഷശില സര്‍വ്വകലാശാലകളിലെ ഗ്രന്ഥശേഖരങ്ങള്‍ അമൂല്യങ്ങളായിരുന്നു. എന്നാല്‍ വൈദേശികാക്രമണങ്ങളില്‍ അവ നശിപ്പിക്കപ്പെട്ടിട്ടും ഉണ്ട്.

നമുടെ നാട്ടിലും അത്തരം ഗ്രന്ഥാലയങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അവയില്‍ പലതും സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ ഒരു പ്രതിസന്ധി പരിഹരിക്കപ്പെട്ടത് ഗ്രാമീണ ഗ്രന്ഥശാലകളിലൂടെ ആയിരുന്നു. അതില്‍ നിര്‍ണായക സ്ഥാനം വഹിച്ചത് പിഎന്‍ പണിക്കരും ഗ്രന്ഥശാല പ്രസ്ഥാനവും ആണ്.

book-1

നാടിന്റെ മുക്കിലും മൂലയിലും വരെ ഗ്രന്ഥാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. അവയെല്ലാം നാട്ടുകാരുടെ തന്നെ നേതൃത്വത്തില്‍ ആയിരുന്നു തുടങ്ങിയത്. പുസ്തകവായനയ്ക്കപ്പുറം കലാ-സാംസ്‌കാരിക കേന്ദ്രങ്ങളായി കൂടി അവ വളര്‍ന്നു. കേരളത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയ പുരോഗതിയുടെ ആണിക്കല്ലുകളായി മാറി അവ.

വമ്പന്‍ ലൈബ്രറികളിലെ സംവിധാനങ്ങളൊന്നും ഈ സാധാരണ ഗ്രന്ഥശാലകളില്‍ ഉണ്ടായിരുന്നില്ല. അംഗങ്ങളുടെ ചെറിയ വരിസംഖ്യകൊണ്ട് തുടര്‍ന്ന് പോകാനാകുന്നവയും ആയിരുന്നില്ല അവ. എന്നാല്‍ ഗ്രന്ഥശാല പ്രസ്ഥാനവും സര്‍ക്കാരും കൂടെ നിന്നപ്പോള്‍ ആ ചെറുഗ്രന്ഥാലയങ്ങള്‍ പിടിച്ചുനില്‍ക്കുക തന്നെ ചെയ്തു.

പുസ്തകം കടംകൊടുക്കുന്നന്‍ മണ്ടനാണെങ്കില്‍ ഗ്രന്ഥശാലകളെ നമുക്ക് എന്ത് വിളിക്കാന്‍ പറ്റും? മണ്ടന്‍മാരുടെ ആസ്ഥാനമെന്നോ...? പക്ഷേ കൊടുത്ത പുസ്തകം തിരിച്ചുവാങ്ങാനുള്ള പണിയും കൂടി നോക്കിയിരുന്നു നമ്മുടെ വായനശാലകള്‍. ഒരു നാട്ടില്‍, പരസ്പരം അറിയുന്നവര്‍ മാത്രം ഗ്രന്ഥശാല അംഗങ്ങളായപ്പോള്‍ പുസ്തകങ്ങള്‍ തിരിച്ചുവാങ്ങുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല.

എന്നാല്‍ മരമണ്ടന്‍മാരാകാന്‍ താത്പര്യമില്ലാത്ത ഒരു സംഘം എക്കാലത്തും ഉണ്ടായിരുന്നു. എടുത്ത പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്ക്ക് തിരികെ നല്‍കാതെ അവര്‍ അവരുടെ സ്വകാര്യ ശേഖരത്തില്‍ സൂക്ഷിച്ചു. പല ചെറിയ വായനശാലകളും അകാലചരമം പ്രാപിച്ചത് ഇത്തരം പ്രശ്‌നങ്ങള്‍കൊണ്ട് തന്നെ ആയിരുന്നു എന്ന് പറയാതെ വയ്യ.

പുസ്തകങ്ങളെ കുറിച്ച് ഏറെ പഴമൊഴികളും ഉണ്ട്. ലേഖനത്തിന്റെ തുടക്കത്തില്‍ അത്തരം ഒരു അറബ് പഴമൊഴിയെ കുറിച്ചാണ് പറഞ്ഞത്. അടച്ചുവച്ചിരിക്കുന്ന പുസ്തകം ഒരു ഇഷ്ടിക പോലെയാണെന്ന് ഇംഗ്ലീഷില്‍ ഒരു പഴമൊഴിയുണ്ട്. തുറന്ന് വായിച്ചില്ലെങ്കില്‍ പിന്നെ ആ പുസ്തകത്തിന് എന്ത് ജീവനാണുള്ളത്...

പേപ്പര്‍ കണ്ടുപിടിച്ചത് ചൈനക്കാര്‍ ആണെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെയായിരിക്കും പുസ്തകങ്ങളെ കുറിച്ച് ചൈനീസ് ഭാഷയില്‍ പഴമൊഴികള്‍ ഏറെയുണ്ട്. നിങ്ങള്‍ പുസ്തകങ്ങള്‍ തുറന്ന് വായിച്ചില്ലെങ്കില്‍ നിങ്ങളുടെ പിന്‍തലമുറ അജ്ഞരായിത്തീരും എന്നാണ് ഒരു ചൈനീസ് പഴമൊഴി. ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമേ ഉണ്ടാക്കൂ എന്ന് വേറേയും ഉണ്ട് ഒരു പഴമൊഴി ചൈനീസ് ഭാഷയില്‍.


English summary
Reading Day celebration: Old proverbs about Books and Reading
Please Wait while comments are loading...