കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങനെയീ നാട്ടില്‍ ജീവിക്കും എന്റെ ദൈവങ്ങളേ!

  • By ഷിബു ടി ജോസഫ്‌
Google Oneindia Malayalam News

ബ്ലെസി എന്ന സംവിധായകന്‍ മലയാള സിനിമയില്‍ ഒരുദിവസം കൊണ്ട് പൊട്ടിമുളച്ചുവന്ന ആളല്ല. ഏതെങ്കിലും സൂപ്പര്‍ സംവിധായകനോ സൂപ്പര്‍ താരമോ പൊക്കിക്കൊണ്ടുവന്ന ആളുമല്ല.

Kalimannu

ദീര്‍ഘമായ പതിനാറുവര്‍ഷം ക്യാമറയുടെ പിന്നീല്‍ ലൈറ്റ് ബോയിയുടെ പണിതൊട്ട് സഹസംവിധായകന്റെ വരെ കുപ്പായമിട്ടശേഷമാണ് എല്ലാ അര്‍ത്ഥത്തിലും സംവിധായകന്റെ മാത്രം സിനിമയെന്ന് വിശേഷിപ്പാക്കാവുന്ന 'കാഴ്ച'യുമായി ബ്ലസി തന്റെ ഇരിപ്പിടമുറപ്പിച്ചത്. പത്മരാജന്റെയും ഭരതന്റെയുമൊക്കെ കളരിയില്‍ സിനിമ പഠിച്ച് ലോഹിതദാസ് ഉള്‍പ്പെടെയുള്ള പ്രതിഭാധനരുടെ അംഗീകാരം ഏറ്റുവാങ്ങി ഇരുത്തം വന്നശേഷം സ്വന്തം സിനിമയുമായി എത്തിയ ബ്ലസിയെ ആദ്യ ചിത്രത്തോടെ തന്നെ മലയാളികള്‍ മനസിലേറ്റുകയായിരുന്നു.

മമ്മൂട്ടിയെന്ന സൂപ്പര്‍ താരത്തിന്റെ താരജാടകളെയെല്ലാം പൊളിച്ച് സാധാരണക്കാരനായ ഫിലിം ഓപ്പറേറ്ററുടെ റോളിലേക്കിറക്കി മലയാളത്തിന് എന്നെന്നും ഓര്‍മ്മിക്കാവുന്ന ചിത്രമൊരുക്കിയ ഈ ചെറുപ്പക്കാരനെ സത്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും പേടിച്ചിരുന്നോയെന്ന് തോന്നും. കാരണം ബ്ലസിയൊരുക്കുന്ന കഥാപാത്രങ്ങള്‍ അഭ്രപാളികളിലേക്ക് പകര്‍ത്താന്‍ അത്രയേറെ കഠിനാധ്വാനം ചെയ്യേണ്ടവയാണെന്നും ഇതൊരു നൂല്‍പ്പാലത്തിന്മേലുള്ള നടത്തമാണെന്നും കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവുമൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ബ്ലസിയുടെ എല്ലാ സിനിമകളും അയാള്‍ കണ്ടനുഭവിച്ച ജീവിതപരിസരത്തുനിന്നുണ്ടായവ തന്നെയാണെന്ന് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അയാള്‍ സിനിമക്കാരനായതുതന്നെ സിനിമ കണ്ടുകണ്ട് കൊതിപിടിച്ചിട്ടാണ്. എന്നാല്‍ ഇത്തരത്തില്‍ സിനിമയിലേക്ക് പരവശപ്പെട്ടെത്തുന്നവരുടെ ആക്രാന്തങ്ങള്‍ ബ്ലസിയെന്ന സംവിധായകനിലോ അയാളൊരുക്കുന്ന ചിത്രങ്ങളിലോ നമുക്ക് കാണാനാവില്ല. സിനിമയെന്ന മാധ്യമത്തിന്റെ പ്രത്യേകതമൂലം അല്‍പം അതിഭാവുകത്വം ബ്ലസിയുടെ സിനിമയില്‍ കാണാമെങ്കിലും ഇയാളൊരുക്കിയ ഏത് ചിത്രമാണ് നമുക്ക് മാറ്റിവയ്ക്കാനാവുക.

ഇത്തരത്തില്‍ സിനിമയെ വളരെ ഉത്തരവാദിത്വത്തോടെ സമീപിക്കുന്ന ബ്ലസിയേപ്പോലൊരു സംവിധായകന്‍ കളിമണ്ണ് എന്ന തന്റെ പുതിയ ചിത്രത്തില്‍ ശ്വേതയെന്ന നടിയുടെ പ്രസവത്തെ അപ്പടി പ്രദര്‍ശിപ്പിക്കുമെന്ന് കരുതാന്‍ മാത്രം വിഡ്ഢികളായിപ്പോയല്ലോ നമ്മുടെ പ്രതികരണപ്പുലികള്‍! ശ്വേതയെന്ന നടി പ്രസവസമയത്ത് കനത്തുതടിച്ച കാലുകള്‍ പൊളിച്ചകത്തി, കണ്ണുതുറുപ്പിച്ച്, വേദനയാല്‍ പുളഞ്ഞലറിക്കരഞ്ഞ് തന്റെ കുട്ടിയെ യോനിയിലൂടെ പുറത്തേയ്ക്ക് കൊണ്ടുവരുന്ന ബീഭത്സമെന്ന് തന്നെ പറയാവുന്ന കാഴ്ച ഒരു മെഡിക്കല്‍ ഡോക്യുമെന്ററി പോലെ അപ്പാടെ ബ്ലസി കളിമണ്ണിലൂടെ കാണിക്കുമെന്ന് ധരിച്ചുവശായവരാണ് അട്ടഹാസങ്ങളുമായി എത്തുന്നത്. യഥാര്‍ത്ഥത്തില്‍ ബ്ലസിക്കാണോ അതോ ഈ വിമര്‍ശകര്‍ക്കാണോ മാനസികത്തകരാറ് എന്ന് ചിന്തിക്കുക തന്നെ വേണം.

ശ്വേതയുടെ പ്രസവരംഗം സി ഡി ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ബ്ലെസി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രസവരംഗം സദാസമയവും മനസില്‍ കണ്ട് ഉറക്കം കളയുന്നവരോട് ബുദ്ധഭഗവാന്‍ തന്റെ ശിഷ്യര്‍ക്ക് ഉപദേശിച്ചുകൊടുത്ത ഒരു കഥ ഓര്‍മ്മപ്പെടുത്തുകയാണ്. ഒരിക്കല്‍ ഗുരുവും ശിഷ്യനും ഒരു പുഴ കടക്കാന്‍ തയ്യാറെടുക്കുമ്പോല്‍ ഒരു സ്ത്രീ പരിപൂര്‍ണ നഗ്നയായി പുഴയിലൂടെ ഒഴുകിവരുന്നത് കണ്ടു. ഗുരു വെള്ളത്തില്‍ നിന്ന് അവളെ വലിച്ചെടുത്ത് തന്റെ തോളിലേറ്റി അക്കരെയെത്തിച്ചുവിട്ടു. തുടര്‍ന്ന് ഗുരുവും ശിഷ്യനും തന്റെ യാത്ര തുടര്‍ന്നു. കുറെയധികം ദൂരം മുന്നോട്ടു പോയപ്പോള്‍ ശിഷ്യന്‍ ശങ്കയോടെ ചോദിച്ചു, ''അല്ല ഗുരോ, അങ്ങേയ്ക്ക് പൂര്‍ണനഗ്നയായ ഒരു സ്ത്രീയെ തോളിലേറ്റാന്‍ എങ്ങനെ ധൈര്യം വന്നു'' എന്ന്. അപ്പോള്‍ ഗുരു പറഞ്ഞു. അവള്‍ എത്രയോ മണിക്കൂറുകള്‍ക്ക് മുമ്പ് എന്റെ തോളില്‍ നിന്നിറങ്ങിപ്പോയി, ഇതുവരെ നീ അവളെ നിന്റെ മനസില്‍ നിന്ന് ഇറക്കിവിട്ടില്ലേ, എന്ന്. ഇതാണ് കളിമണ്ണ് എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലും നടക്കുന്നത്. വിവാദകുതുകികളേ, ആ സിനിമ ഒന്ന് തീയേറ്ററില്‍ വന്നോട്ടേ, ബ്ലസിയെ കല്ലെറിയാനും പൂമാലയിടാനുമൊക്കെ അപ്പോള്‍ സമയവും സന്ദര്‍ഭവും കിട്ടുമല്ലോ?

സാധാരണ മനുഷ്യനും കലാകാരനും തമ്മില്‍ ഒരുപാടൊരുപാട് അന്തരങ്ങളുണ്ട്. സാധാരണക്കാരന്റെ മാനസിക-ചിന്താതലങ്ങളേക്കാള്‍ എത്രയോ ഉയരത്തിലാണ് എഴുത്തുകാരും കലാകാരന്മാരും നിലകൊള്ളുന്നത്. വാന്‍ഗോഗിന്റെ ചിത്രങ്ങള്‍ മനസിലാക്കാന്‍ കഴിയാത്തവര്‍ വാന്‍ഗോഗ് മോശക്കാരനാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം. പേനയെടുക്കുന്നവനെല്ലാം എം ടിയാകാനാകുമോ? കലാകാരനെ അവന്റെ വഴിക്ക് വിടുക, അവന്റെ സൃഷ്ടികളോട് വിയോജിപ്പുള്ളവര്‍ സൃഷ്ടികളോടുള്ള വിയോജിപ്പാണ് രേഖപ്പെടുത്തേണ്ടത്. ബ്ലെസിയുടെ കാര്യത്തിലാണെങ്കില്‍ ആ സൃഷ്ടിയൊന്ന് പുറത്തുവരുന്നതുവരെ ക്ഷമിക്കൂ വിമര്‍ശകപ്രതിഭകളേ!

സമൂഹം ആര്‍ത്തിക്കാരുടെയും അസഹിഷ്ണുക്കളുടെയും കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുകയാണ്. എം ടി വാസുദേവന്‍ നായരുടെ വിഖ്യാതസിനിമയായ നിര്‍മ്മാല്യം പോലെയൊന്ന് ഇക്കാലത്ത് നമുക്ക് ചിന്തിക്കാനാവുമോ? എന്തിനേറെപ്പറയുന്നു, ആള്‍ദൈവത്തിന്റെ കഥപറഞ്ഞ ഏകലവ്യന്‍ എന്ന സുരേഷ്‌ഗോപി തട്ടുപൊളിപ്പന്‍ ചിത്രത്തെപ്പോലും വിവരംകെട്ട ഫണ്ടമെന്റലിസ്റ്റുകള്‍ ഇന്നാണെങ്കില്‍ വെറുതെവിടില്ല. ആള്‍ദൈവങ്ങളെ അപമാനിച്ചുവെന്ന് പറഞ്ഞ് സംവിധായകന്റെ വീട്ടുപടിക്കല്‍ സത്യഗ്രഹമിരുന്നുകളയും ഈ വീരന്മാര്‍.
ഇത്തവണത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തായ്‌ലന്റില്‍ നിന്നെത്തിയ ഒരു ചിത്രത്തില്‍ രണ്ട് പ്രസവരംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ഒരു വയറ്റാട്ടിയുടെ കഥ പറഞ്ഞ സിനിമ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍ നന്നായി ആസ്വദിക്കുകയും ചെയ്തു. ഹിച്ച്‌കോക്കിനും ഐസന്‍സ്റ്റീനും തര്‍ക്കേവിസ്‌കിക്കും ബര്‍ഗ്മാനും കിം കി ഡുക്കിനുമൊക്കെ എന്തുമാകാം. അവര്‍ ചെയ്യുന്നതെല്ലാം നാം വാഴ്ത്തും. പാവം ബ്ലസിയെന്തിനെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ സദാചാരവിരുദ്ധമായി, മനുഷ്യവകാശലംഘനമായി, പച്ചത്തെറിവിളിയായി. എങ്ങനെയീ നാട്ടില്‍ ജീവിക്കും എന്റെ ദൈവങ്ങളേ!

മുന്‍ പേജില്‍

ഇതാണ് യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക ഗുണ്ടായിസംഇതാണ് യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക ഗുണ്ടായിസം

English summary
Shweta Menon seems to be caught up in the midst of a controversy. Shwetha, who allowed her delivery to be captured live for Blessy's upcoming film Kalimannu is being condemned for commercialising the 'most private affair of a woman'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X