• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സര്‍ക്കാരേ പ്ലീസ്, പണിമുടക്കൊന്ന് വിജയിപ്പിക്കൂ

  • By സമദ് മേത്തര്‍

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് വന്‍വിജയമാണെന്ന് ദേശാഭിമാനിയും ജനയുഗവും വായിച്ച് കോള്‍മയിര്‍ കൊള്ളുകയാണ് നമ്മുടെ സമരസഖാക്കള്‍. പണിമുടക്ക് വന്‍വിജയം, സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും സ്തംഭിച്ചു, സര്‍ക്കാരിനെതിരെ ജനരോഷമിരമ്പുന്നു തുടങ്ങിയ തലക്കെട്ടുകളുമായി ഈ രണ്ട് പത്രങ്ങള്‍ മാത്രമേ ഇറങ്ങുന്നുള്ളൂ. ബാക്കിയുള്ള എല്ലാ മൂരാച്ചി-ബൂര്‍ഷ്വാ-പിന്തിരിപ്പന്‍ പത്രങ്ങളും പണിമുടക്ക് പൊളിക്കാന്‍ സര്‍ക്കാരിന്റെ ചട്ടുകമാവുകയാണെന്നാണ് സമരക്കാരുടെ വാദം.

പണിമുടക്ക് മൂന്നാംദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലാതെ നടക്കുന്നത് കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ് പണിമുടക്കുകാര്‍. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ പണിമുടക്കുകാരെ മുഴുവന്‍ പിരിച്ചുവിട്ടാല്‍ പോലും സര്‍ക്കാര്‍ ഓഫീസുകള്‍ കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് കാണിച്ചുകൊടുക്കുകയാണ് ഈ പണിമുടക്കുകാര്‍ ചെയ്തിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ വരുന്നത് തടയാന്‍ വേണ്ടി സമരത്തിനിറങ്ങിയ ഇടതുപക്ഷ സര്‍വ്വീസ്-അധ്യാപക സംഘടനകള്‍ മൂന്ന് ദിവസത്തെ സമരം കൊണ്ട് വീട്ടില്‍ നിന്നിറങ്ങുകയും ചെയ്തു, ഓഫീസിലൊട്ട് കയറാനുമാകുന്നില്ല എന്ന അവസ്ഥയിലെത്തി.

പൊതുജനം പണിമുടക്ക് കണ്ട ഭാവമേ നടക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളിലാകട്ടെ എല്ലായിടത്തും അറുപത് ശതമാനത്തിന് മുകളില്‍ ഉദ്യോഗസ്ഥര്‍ ഹാജരാണ്. മാത്രമല്ല, ഓഫീസുകളിലെത്തുന്നവര്‍ കൃത്യം 9.50ന് രാവിലെ കസേരകളില്‍ ഹാജരാകും. വൈകുന്നേരം 5.10ന് മാത്രമേ ഓഫീസ് വിടുകയുള്ളൂ. കാരണം രാവിലെയും വൈകിട്ടും സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ ഓരോ ഓഫീസുകളിലുമെത്തി കണക്കെടുക്കും. അവര്‍ കണക്കെടുപ്പിനെത്തുമ്പോള്‍ കസേരയില്‍ ആളില്ലെങ്കില്‍ കാര്യം പോക്കായി. അനധികൃതമായി ജോലിക്ക് ഹാജരായില്ലെന്ന കുറ്റം ചാര്‍ത്തപ്പെടും.

പിന്നെ സര്‍വ്വീസ് ബ്രേക്ക് എന്ന ഗുലുമാലാണ് ഭാവിയില്‍ കാത്തിരിക്കുന്നത്. അതിനൊപ്പം മേലധികാരികള്‍ ജില്ലാ ഓഫീസുകളില്‍ നിന്ന് കൃത്യം പത്തിന് വിളിച്ച് ആരൊക്കെ ജോലിക്കെത്തിയെന്ന് അന്വേഷിക്കും. ഇതിന് പുറമെ സര്‍ക്കാരിന്റെ പത്രക്കുറിപ്പിറക്കാന്‍ പി ആര്‍ ഡിക്കാരുടെ വക എണ്ണമെടുക്കലും ഉണ്ട്. അതിനാല്‍ സമരവിരുദ്ധര്‍ ഓഫീസുകളില്‍ സേവനസന്നദ്ധരായി രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ റെഡിയാണ്. ഉച്ചയ്ക്ക് ഉണ്ണാന്‍ വെറും പത്തുമിനിറ്റ് മാത്രമായിരിക്കും കസേരയില്‍ നിന്നെഴുന്നേല്‍ക്കുക. എല്ലാ ഓഫീസുകള്‍ക്ക് മുന്നിലും ഈരണ്ട് പൊലീസുകാര്‍ നിയോഗിക്കപ്പെട്ടതിനാല്‍ രാവിലെയും ഉച്ചകഴിഞ്ഞും ഇവരുടെ വക കണക്കെടുപ്പും ഉണ്ടാകും.

പണിയെടുത്തിട്ട് തന്നെ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അപ്പോള്‍ പിന്നെ പണിമുടക്കിനിറങ്ങി ശമ്പളവും കിമ്പളവുമില്ലാതെ, നടപടികള്‍ നേരിട്ട്, സര്‍വ്വീസ് ബ്രേക്ക് വാങ്ങി തലയില്‍ കെട്ടാന്‍ വേറെ ആളെ നോക്കണമെന്നാണ് ഓഫീസില്‍ കൃത്യമായി ജോലിക്കെത്തുന്ന എന്‍ ജി ഒ യൂണിയന്‍കാരടക്കമുള്ളവര്‍ പറയുന്നത്. ഇനി സര്‍വ്വീസില്‍ കയറാനുള്ളവന്റെ പങ്കാളിത്ത പെന്‍ഷന്റെ കാര്യം വേണമെങ്കില്‍ അവന്‍മാര്‍ തന്നെ നോക്കിക്കോളുമെന്നും വേണ്ടാത്ത പുലിവാല് പിടിക്കാന്‍ വേറെ ആളെ നോക്കണമെന്നും ഇടതുപക്ഷ അനുഭാവികളായ ജീവനക്കാര്‍ തന്നെ പറയുമ്പോള്‍ പണിമുടക്കുന്നവര്‍ തന്നെ അന്തംവിട്ടു നില്‍ക്കുകയാണ്.

കാലം മാറിയതും പഴയതുപോലെ ഇങ്ക്വിലാബ് വിളിച്ച് സമരത്തിനിറങ്ങാനും കുഞ്ഞുകുട്ടിപരാധീനക്കാര്‍ക്ക് കഴിയില്ലെന്ന കാര്യം അറിയാതെ പണിമുടക്ക് പ്രഖ്യാപിച്ച നേതാക്കള്‍ വെട്ടിലായെന്ന് പറഞ്ഞാല്‍ മതിയല്ലോ! അരിക്കും ഗ്യാസിനും പെട്രോളിനുമൊക്കെ വിലകൂടിയതിനാല്‍ അതിനെതിരെ വല്ല സമരവും നടത്തിയാല്‍ മുദ്രാവാക്യം വിളിക്കാനിറങ്ങാമെന്നും ഇവര്‍ ആണയിടുന്നു.

അടിയന്തിരാവസ്ഥക്കാലത്തേതിനേക്കാള്‍ ഉഷാറാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍. കിറുകൃത്യമായി പൊതുജനത്തിന് സേവനം ലഭിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷകളില്‍മേലുള്ള തീര്‍പ്പാക്കലുകള്‍, ലൈസന്‍സുകള്‍ എന്നുവേണ്ട എല്ലാം എണ്ണയിട്ട യന്ത്രം പോലെ നടക്കുന്നു. ഈ പരിപാടികള്‍ പണിമുടക്കിന് ശേഷവും തുടര്‍ന്നാല്‍ സംശയമില്ല, നമ്മുടെ നാട് ഒരൊറ്റ വര്‍ഷം കൊണ്ട് അഭിവൃദ്ധി പ്രാപിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാവര്‍ക്കും മാതൃകയാകും. പൊതുജനങ്ങള്‍ക്ക് കിറുകൃത്യമായി സേവനം ലഭിക്കും. ഉദ്യോഗസ്ഥര്‍ അച്ചടക്കമുള്ള നല്ല പൗരന്മാരും പൊതുജനസേവകരുമാകും.

സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ പണിമുടക്കുകാര്‍ വെട്ടിലായി. ഇനി എസ് എഫ് ഐക്കാരെയും ഡി വൈ എഫ് ഐക്കാരെയും സി ഐ ടി യുക്കാരെയും രംഗത്തിറക്കി സമരമൊന്ന് ഉഷാറിലാക്കാനുള്ള ശ്രമത്തിലാണ് സര്‍വ്വീസ് സംഘടനാ നേതാക്കള്‍. ഇതിന് സി പി എം നേതാക്കള്‍ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. ഇനി ഓഫീസുകളിലെത്തുന്നവര്‍ക്ക് നേരെ കരി ഓയില്‍ പ്രയോഗം, തല്ല്, വീട്ടിലെത്തി കൊലവിളി എന്നിവ പ്രതീക്ഷിക്കാം.

സമരക്കാരുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്ത് പണിമുടക്കിയവരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവും എല്‍ ഡി എഫ് നേതാക്കളും അതിശക്തമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു. കാര്യം പിടികിട്ടിയില്ലേ, പണിമുടക്ക് കൈവിട്ടുപോയി. എങ്ങനെയെങ്കിലും ഒരു ചര്‍ച്ച സംഘടിപ്പിച്ച് ഇതൊന്ന് അവസാനിപ്പിച്ചുതരണമേ എന്നാണ് ഈ ആവലാതിക്ക് പിന്നിലുള്ള ചേതോവികാരം.

English summary
The Kerala government had warned of stringent measures against striking employees. if they prevented those who come for work. Security was tightened in all government offices to give protection for those were willing to work.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more