കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Experimenter, പരീക്ഷണങ്ങള്‍ക്കായുള്ള ചില ജീവിതങ്ങള്‍

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

ഇരുപതാം നൂറ്റാണ്ടു കണ്ട പ്രസിദ്ധ സാമൂഹിക മനഃശാസ്‌ത്രജ്ഞനും ബുദ്ധിജീവിയുമായ സ്റ്റാന്‍ലി മില്‍ഗ്രാമിന്റെ കഥയാണ് Michael Almereyda സംവിധാനം ചെയ്ത Experimenter പറയുന്നത്. ഒരു ജീവചരിത്ര സിനിമയായിരിക്കുമ്പോള്‍ തന്നെ അത്തരം സിനിമകള്‍ പുലര്‍ത്തുന്ന സാമ്പ്രദായിക രീതികളില്‍ നിന്നും മാറിയാണ് ഇതിന്റെ സഞ്ചാരം. ഒപ്പം ചിന്തോദ്ദീപകമായ പല വിഷയങ്ങളും ഇത് ഉന്നയിക്കുന്നുമുണ്ട്. ജീവചരിത്ര സിനിമ എന്നതിനേക്കാള്‍ മനുഷ്യ പ്രകൃതിയിലൂടെയുള്ള ഒരു സഞ്ചാരം എന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ശരി.

ചില സിനിമകള്‍ നമ്മെ അതിന്റെ കാഴ്ചയോടൊപ്പം പലതരം ചിന്തകള്‍ക്ക് തിരി കൊളുത്തി വിടുന്നു. 1933-1984 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു മനുഷ്യന്‍ നടത്തിയ ചില സാമൂഹ്യ മനഃശാസ്‌ത്ര പരീക്ഷണങ്ങളെ കുറിച്ചാണ് ഈ സിനിമ പറയുന്നത്. അത് കാണുമ്പോള്‍ കാലമിത്ര കഴിഞ്ഞിട്ടും മനുഷ്യന്റെ സാമൂഹ്യ മനഃശാസ്‌ത്രത്തിനു ഒട്ടുമേ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന് നമുക്ക് ബോധ്യം വരുന്നു. സിനിമ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല എങ്കില്‍ തന്നെയും കാലിക പ്രസക്തമായ ചിന്തകളിലെയ്ക്ക് അത് നമ്മെ നയിക്കുന്നു. അത് തന്നെയാണ് ഇതിന്റെ പ്രസക്തിയും.

1-experimenter

1961 ല്‍ Yale University യില്‍ മില്‍ഗ്രാം നടത്തിയ പരീക്ഷണത്തില്‍ നിന്നുമാണ് സിനിമ തുടങ്ങുന്നത്. പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ തല്പരരായി വന്ന രണ്ടുപേരെ ഒരു നറുക്കെടുപ്പിലൂടെ അദ്ധ്യാപകന്‍ എന്നും വിദ്യാര്‍ത്ഥി എന്നും വേര്‍തിരിക്കുന്നു. അവരെ പരസ്പം കാണാനാകാത്തവണ്ണം അടുത്തടുത്ത രണ്ടു മുറികളില്‍ ഇരുത്തുന്നു. വിദ്യാര്‍ത്ഥിയുടെ ശരീരം ഒരു യന്ത്രത്തോട്‌ ഘടിപ്പിക്കുന്നു. ആ യന്ത്രം നിയന്ത്രിക്കുന്നത് അദ്ധ്യാപകനാണ്.

2-experimenter

തുടര്‍ന്ന് അദ്ധ്യാപകന്‍ എഴുതി വയ്ക്കപ്പെട്ട കുറെ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥിയോട് ചോദിക്കുന്നു ഓരോ തെറ്റായ ഉത്തരം പറയുമ്പോളും അയാള്‍ തന്റെ മുന്‍പിലുള്ള യന്ത്രത്തിലെ സ്വിച്ചില്‍ വിരലമര്‍ത്തുന്നു. അപ്പോള്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ വൈദ്യുതി കടന്നു പോകുന്നു. അതിന്റെ അളവ് ഓരോ തെറ്റായ ഉത്തരത്തിനും കൂടിക്കൊണ്ടേയിരിക്കും. ഒടുവിലൊടുവില്‍ 450 V വൈദ്യതി വരെ കടന്നു പോകുന്ന രീതിയിലാണ് ആ യന്ത്രം രൂപീകരിച്ചിരിക്കുന്നത്. ഈ പരീക്ഷണങ്ങള്‍ ഒരു two way mirror ലൂടെ കണ്ടു കൊണ്ട് ഇരിക്കുന്ന രീതിയിലാണ് മില്‍ഗ്രാം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് തന്നെ.

പതിയെയാണ് നമുക്ക് മനസ്സിലാകുന്നത്‌ ഇവിടെ പരീക്ഷണവസ്തു വിദ്യാര്‍ത്ഥി അല്ല മറിച്ച് അദ്ധ്യാപകനാണ് എന്ന്. അപ്പുറത്ത് തന്റെ ശരീരത്തിലൂടെ ഓരോ തവണ വൈദ്യുതി കടന്നു പോകുമ്പോളും നിലവിളിക്കുന്ന, കുറേക്കഴിയുമ്പോള്‍ ഒരു ശബ്ദവുമില്ലാതെ ജീവിച്ചോ മരിച്ചോ എന്ന് പോലും അറിയാതെ വിദ്യാര്‍ഥി ഇരിക്കുമ്പോള്‍ അധ്യാപകന്‍ തന്റെ കര്‍ത്തവ്യം തുടരുകയാണ്.

800ഓളം ആളുകളില്‍ മില്‍ഗ്രാം ഈ പരീക്ഷണം നടത്തി. ഏകദേശം 65 ശതമാനം ആളുകളും അവസാന ഘട്ടം വരെ പരീക്ഷണം തുടര്‍ന്നപ്പോള്‍ വെറും 36 ശതമാനം മാത്രമാണ് അവസാനം വരെ എത്തിക്കാതെ തങ്ങളുടെ പരീക്ഷണം അവസാനിപ്പിച്ചത്. എന്തുകൊണ്ടാണ് അപ്പുറമുള്ള ആള്‍ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാത്തപ്പോഴും നിങ്ങള്‍ പരീക്ഷണം തുടര്‍ന്നത് എന്തിന് എന്ന ചോദ്യത്തിന് ഭൂരിഭാഗവും നല്‍കിയ ഉത്തരം ഒന്ന് തന്നെയായിരുന്നു, തങ്ങള്‍ക്കു കിട്ടിയ നിര്‍ദേശം അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത് അതുകൊണ്ട് തന്നെ തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് തങ്ങള്‍ ഉത്തരവാദികളാവില്ല എന്ന്.

"Obedience to Authority" (അധികാരത്തോടുള്ള വിധേയത്വം) എന്ന പേരില്‍ തന്റെ ഈ നിരീക്ഷണങ്ങളെ അവലംബിച്ച് മില്‍ഗ്രാം ഒരു പുസ്തകം പുറത്തിറക്കി. ഒരുപാട് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും അത് വഴിവച്ചു. മനുഷ്യരെ വെറും പരീക്ഷണ വസ്തുക്കളായി ഉപയോഗിച്ച് എന്നതായിരുന്നു മില്‍ഗ്രാമിന് നേരെ ഉയര്‍ന്ന പ്രധാന ആരോപണം. ഇപ്പോളും മനഃശാസ്‌ത്രജ്ഞരുടേയും ബുദ്ധിജീവികളുടെയും ഇടയില്‍ ഒരു ചര്‍ച്ചാ വിഷയമായി ആ പുസ്തകം തുടരുന്നു.

ഈ പരീക്ഷണങ്ങള്‍ മില്‍ഗ്രാമിന്റെ കാഴ്ചയില്‍ നിന്നുമാണ് നാം സിനിമയില്‍ കാണുന്നത്. എവിടെയോ വെച്ച് നാമായിരുന്നു ആ അദ്ധ്യാപന്റെ സ്ഥാനത്തു എങ്കില്‍ എന്താകും ചെയ്തിരിക്കുക എന്ന് അത് നമ്മെ ചിന്തിപ്പിക്കുന്നു.

ഇന്നും അധികാരത്തോട് വിധേയപ്പെട്ടു പ്രത്യേകിച്ച് ചോദ്യങ്ങളോ ഉത്തരവാദിത്തങ്ങളോ ഇല്ലാതെയാണ് നാമുള്‍പ്പെടുന്ന സമൂഹം ജീവിക്കുന്നത്. ചോദ്യങ്ങളുന്നയിക്കുന്ന ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുന്നതില്‍ സമൂഹം ഒറ്റക്കെട്ടുമാണ്. അതുകൊണ്ട് തന്നെ മില്‍ഗ്രാമിന്റെ നിരീക്ഷണങ്ങള്‍ കാലാതിവര്‍ത്തിയായി തുടരുന്നു.

മില്‍ഗ്രാമിന്റെ പരീക്ഷണങ്ങളിലൂടെയും വ്യക്തിജീവിതത്തിലൂടെയും കഥ തുടരുമ്പോള്‍ അയാളെ കൂടെ ഒരു പരീക്ഷണ വസ്തുവാക്കി അവതരിപ്പിക്കുകയാണ് സംവിധായകനായ Michael Almereyda.

ഒരു സാധാരണ സിനിമയുടെ തലം വിട്ട് Experimenter ഉയര്‍ന്നു നില്‍ക്കുന്ന ചില കാഴ്ച്ചകളുണ്ട്. പല ഘട്ടത്തിലും സിനിമയുടെ നാലാം ഭിത്തി (fourth wall) പൊളിച്ചു മില്‍ഗ്രാമിന്റെ കഥാപാത്രം ഭാവിയെക്കുറിച്ചും ഭൂതത്തെക്കുറിച്ചും നമ്മോടു സംസാരിക്കുന്നുണ്ട്.

തന്റെ ഓഫീസ് ഇടനാഴിയിലൂടെ നാസി ഹോളോകോസ്റ്റിനെ കുറിച്ച് നമ്മോടു സംസാരിച്ചു കൊണ്ട് നടക്കുമ്പോള്‍ മില്‍ഗ്രാമിനു പിന്നില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു യഥാര്‍ത്ഥ ആനയെ കാണാം. അയാളുടെ അച്ഛന്‍ ഹംഗറിയില്‍ നിന്നും അമ്മ റൊമാനിയയില്‍ നിന്നുമാണ്. ജൂത കുടിയേറ്റക്കാരായി അമേരിക്കയില്‍ വന്നു പെട്ടവരാണവര്‍. നാസി കൂട്ടക്കൊലയുടെ തീവ്രത അറിഞ്ഞ രണ്ടു രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍. അതുകൊണ്ട് തന്നെ നാസി ഹോളോകോസ്റ്റിന്റെ അനന്തര ഫലങ്ങള്‍ അയാളെ പിന്തുടരുന്നു എന്ന് കാണിക്കുകയായിരുന്നു ആ സീന്‍.

അധികാരത്തെയും അധികാര കേന്ദ്രങ്ങളെയും കാണിക്കുന്ന സീനുകളില്‍ പഴയ സിനിമകളിലെ പോലെ വരച്ചു വയ്കപ്പെട്ട പശ്ചാത്തലവും ഫിലിം പ്രൊജക്ഷന്‍ രീതികളുമാണ് നാം കാണുന്നത്. പഴയ സിനിമകള്‍ക്കുള്ള പ്രണാമം എന്നത് പോലെ തന്നെ അത് സൂചിപ്പിക്കുന്ന ശക്തമായ ചില സിംബലുകളുണ്ട്. അധികാരവും അധികാര കേന്ദ്രങ്ങളും യഥാര്‍ത്ഥമല്ല മറിച്ച് സാമൂഹിക അജ്ഞതയുടെ അല്ലെങ്കില്‍ സാമൂഹ്യ മനഃശാസ്‌ത്രത്തിന്റെ മുതലെടുപ്പ് കേന്ദ്രങ്ങള്‍ മാത്രമാണ് എന്ന്.

സംവിധായകനായ അല്‍മേറെയ്ദ, മില്‍ഗ്രാമിന്റെ പുസ്തകങ്ങളെയും പരീക്ഷണങ്ങളെയും കുറിച്ച് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അയാളുടെ പെണ്‍സുഹൃത്താണ് മില്‍ഗ്രാമിനെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ അയാളെ നിര്‍ബന്ധിച്ചത്. കൂടുതല്‍ വായിക്കുന്തോറും മില്‍ഗ്രാമിന്റെ ജീവിതത്തിന്റെ സിനിമാ സാധ്യതകള്‍ അല്‍മേറെയ്ദ കണ്ടെത്തുകയായിരുന്നു.

3-experimenter

മില്‍ഗ്രാമിന്റെ പരീക്ഷണങ്ങളെ അവലംബിച്ചു Tenth Level എന്ന ടെലിവിഷന്‍ പരിപാടി‍ അയാളുടെ ജീവിത കാലത്ത് തന്നെ വന്നിരുന്നു അതില്‍ അയാള്‍ പ്രേക്ഷകരെ അഭിമുഖീകരിച്ചു സംസാരിക്കുന്ന ചില ഭാഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നാലാം ഭിത്തി പൊളിച്ചു കഥാപാത്രത്തെ കൊണ്ട് ക്യാമറയില്‍ നോക്കി സംസാരിപ്പിക്കാനുള്ള തീരുമാനത്തില്‍ അല്‍മേറെയ്ദ എത്തുന്നത്.

മില്‍ഗ്രാമിന്റെ മറ്റു പല പ്രസിദ്ധമായ പരീക്ഷണങ്ങള്‍ കൂടി സിനിമ നമ്മെ പരിചയപ്പെടുത്തുന്നുണ്ട്. ആദ്യത്തേതിനേക്കാള്‍ സങ്കീര്‍ണ്ണമായവ ആയിരുന്നു അവയില്‍ പലതും. ഈ പരീക്ഷണങ്ങളുടെ പേരില്‍ പല കോണുകളില്‍‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങി അയാള്‍. ‍ എങ്കിലും ഒരു ഒഴിയാ ബാധ പോലെ തന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ തുടരുകയായിരുന്നു അയാള്‍.

Peter Sarsgaard ആണ് മില്‍ഗ്രാമിനെ അവതരിപ്പിച്ചത്. യഥാര്‍ത്ഥ മില്‍ഗ്രാമുമായി രൂപ സാദൃശ്യം ഒന്നുമില്ലെങ്കിലും അയാളുടെ ജീവിതത്തെ, പ്രതിസന്ധികളെ, പല പ്രായത്തിലുള്ള രൂപ മാറ്റങ്ങളെ അതീവ മികവോടെ അഭിനയിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട് അയാള്‍.

4-experimenter

എടുത്തു പറയേണ്ടുന്ന മറ്റൊരാള്‍ Winona Ryder അവതരിപ്പിച്ച മില്‍ഗ്രാമിന്റെ ഭാര്യയുടെ (Sasha Menkin Milgram) വേഷമാണ്. മില്‍ഗ്രാമിന്റെ ആദ്യ ഗവേഷണ കാലത്ത് തികച്ചും യാദൃശ്ചികമായി പരിചയപ്പെട്ടതായിരുന്നു അവര്‍. പിന്നീട് അത് സൌഹൃദമായി വളരുകയും വിവാഹത്തില്‍ ചെന്നെത്തുകയും ചെയ്തു. വെറും ഗവേഷകനായി നാം കണ്ടു തുടങ്ങുന്ന മില്‍ഗ്രാമിന്റെ മാനുഷിക-വൈകാരിക വശങ്ങളെ തുറന്നു കാണിക്കുന്നത് സാഷയുമായുള്ള സീനുകളാണ്.

5-experimenter

മില്‍ഗ്രാമിന്റെ പരീക്ഷണങ്ങളെയും രീതികളെയും അവയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെയും കുറിച്ച് നമുക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ മാനസികവും ശാരീരികവുമായ അടിമത്തം ഒരു അനുഗ്രഹമായി കൊണ്ട് നടക്കുന്ന, അതൊരു ശീലമായി പോയ സമൂഹത്തിലാണ് നാം വസിക്കുന്നത്. ഇത്തരം ചില മനുഷ്യരും അവരെ കഥാപാത്രങ്ങളാക്കിയ കലാ രൂപങ്ങളുമാണ് എത്ര രൂഡമൂലമാണ് ചിന്തകളിലെ ഈ അടിമത്തം എന്ന് നമ്മെ കാണിച്ചു തരുന്നത്.

സിനിമയില്‍ ഒരിടത്ത് ഒരു കഥാപാത്രം പറയുന്ന Soren Kierkegaard ന്റെ വാചകം ഓര്‍മ്മ വരുന്നു: "Life can only be understood backwards; but it must be lived forwards."

Director: Michael Almereyda
Writer: Michael Almereyda
Actors: Taryn Manning, Winona Ryder, Peter Sarsgaard, John Leguizamo
Language: English
Country: USA

ട്രെയിലര്‍ കാണാം:

English summary
Vellithira talking about the movie Experimenter(2015)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X